23 January Wednesday

ഇനി ബ്രിട്ടോ ഇല്ലാത്ത ‘കയം’

അഞ‌്ജുനാഥ‌്Updated: Wednesday Jan 2, 2019

കൊച്ചി
വടുതല  പുഴയോരവഴിയിൽ ‘കയം’ എന്ന വീട‌് ഉയർന്നത‌് ഒന്നരപ്പതിറ്റാണ്ടുമുമ്പാണ‌്. താൻ പലതരത്തിലുള്ള കയങ്ങളിൽ പെട്ടതുകൊണ്ടാണ‌് വീടിന‌് ഇങ്ങനെ പേരിട്ടതെന്ന‌് ബ്രിട്ടോ തമാശയായി പറയുമായിരുന്നു. രാഷ‌്ട്രീയനേതാക്കളും എഴുത്തുകാരും കലാകാരന്മാരുമൊക്കെ നിത്യസന്ദർശകരായിരുന്ന  ‘കയ’ത്തിന്റെ പൂമുഖം ബ്രിട്ടോയുടെ സ്പന്ദമകന്നതോടെ വിജനമായിരുന്നു. 

പ്രിയസഖാവിന്റെ വിയോഗമറിഞ്ഞ‌് എത്തിയവർ വീടിനുമുന്നിലും സമീപത്തുമായി നിന്നു. നാലുചുറ്റും വിശാലമായ വരാന്തയോടുകൂടിയ വസതി ചക്രക്കസേരയിൽ ബ്രിട്ടോയ‌്ക്ക‌് എവിടെയും പോകാവുന്ന രീതിയിലാണ‌് നിർമിച്ചത‌്. ശക്തി അവാർഡ‌്, പാട്യം ഗോപാലൻ അവാർഡ‌്, ഭൂമിമിത്ര പുരസ‌്കാരം തുടങ്ങിയവ ഉൾപ്പെടെ ബ്രിട്ടോയ‌്ക്ക‌് ലഭിച്ച പുരസ‌്കാരങ്ങൾ വീടിന്റെ ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്നു. എഴുത്തിനെയും വായനയെയും സ‌്നേഹിച്ച ബ്രിട്ടോയ‌്ക്ക‌് പുസ‌്തകങ്ങളായിരുന്നു എന്നും പ്രിയപ്പെട്ട കൂട്ടുകാർ. ‘കയ’ത്തിലെ സ്വീകരണമുറിയിലും കിടപ്പുമുറിയിലും നിറയെ പുസ‌്തകങ്ങളാണ‌്.

കിടപ്പുമുറിയിൽ കട്ടിലിനുമുകളിലായി മേൽക്കൂരയിൽനിന്നു കയറിൽ തൂക്കിയിട്ട രണ്ട‌് വളയങ്ങൾ; കെഎസ‌്‌യു നേതാവ‌് ജിയോ മാത്യുവിന്റെ കത്തിമുനയിൽ പാതി നിശ‌്‌ചലമായ ശരീരത്തിന്റെ സഹായി. ബ്രിട്ടോയ‌്ക്ക‌് പിടിച്ചെഴുന്നേൽക്കാൻ.

ബന്ധുക്കളും സുഹൃത്തുക്കളും സഖാക്കളുമൊക്കെയായിരുന്നു ബ്രിട്ടോയെ സഹായിച്ചിരുന്നത‌്. ആറുവർഷംമുമ്പ‌് ബിഹാർ സ്വദേശിയായ അർജുൻദാസ‌് സഹായിയായി എത്തി. വീട്ടിലുള്ള ദിവസങ്ങളിൽ വടുതല വളവിലേക്ക‌് അർജുൻദാസിന്റെ സഹായത്തോടെ ബ്രിട്ടോയ‌്ക്ക‌് സായാഹ്നസവാരി പതിവായിരുന്നു. ഏതാണ്ട‌് ആറുമാസംമുമ്പാണ‌് യന്ത്രം ഘടിപ്പിച്ച ചക്രക്കസേര ലഭിച്ചത‌്. മറ്റൊരാളുടെ സഹായമില്ലാതെ ചലിക്കാൻ കഴിയുന്ന  കസേര ലഭിച്ചതിൽ ബ്രിട്ടോ ഏറെ സന്തോഷവാനായിരുന്നു. പിന്നീടുള്ള സവാരികൾ ഇത‌് സ്വയം പ്രവർത്തിപ്പിച്ചായിരുന്നു. കരുതലായി അർജുൻദാസിന്റെ അകമ്പടി ഉണ്ടായിരുന്നുവെന്നുമാത്രം.

കുറച്ചുകാലം മുമ്പ‌് ‘കയ’ത്തിലേക്ക‌് ബ്രിട്ടോയെ എഴുത്തിൽ സഹായിക്കാനായി ഒരാളെത്തി. കരൾ നിറയെ സ‌്നേഹവുമായി പച്ചക്കറിലോറിയിൽ കിഴക്കൻമലയിറങ്ങി വന്നൊരു വട്ടവടക്കാരൻ. കേരളം മുഴുവൻ, സ്വന്തം മകനായി ഏറ്റെടുത്ത അഭിമന്യു.  വീട്ടിലെത്തിക്കഴിഞ്ഞാൽ പറയുന്നത‌് കേട്ടെഴുതുന്നതുകൂടാതെ ബ്രിട്ടോയ‌്ക്ക‌് ഫിസിയോതെറാപ്പി ചെയ‌്തുകൊടുക്കുന്നതും  കിടക്കയിൽ ഉയർത്തിയിരുത്തുന്നതുമൊക്കെ അഭിമന്യുവായിരുന്നു. ഊഷ്മളമായ ബന്ധമായിരുന്നു ബ്രിട്ടോയും അഭിമന്യുവും തമ്മിലുണ്ടായിരുന്നത‌്. എസ‌്ഡിപിഐ–-ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകരുടെ കൊലക്കത്തി അഭിമന്യുവിന്റെ ജീവനെടുത്തത‌് ബ്രിട്ടോയെ മാനസികമായി തളർത്തി. തന്റെ പകുതി ജീവനാണ‌് അവരുടെ കത്തിമുനയിൽ ഒടുങ്ങിയത‌് എന്നാണ‌് ബ്രിട്ടോ അന്ന‌ു പറഞ്ഞത‌്.

ഇനി ബ്രിട്ടോ ഇല്ലാത്ത ‘കയം’. എതിരാളിയുടെ കത്തിമുനയ‌്ക്കുമുന്നിൽ പതറാതെ ജീവിതം പോരാട്ടമാക്കി ലോകത്തെ വിസ‌്മയിപ്പിച്ച ധീരനായ കമ്യൂണിസ‌്റ്റ‌്, പ്രിയസഖാക്കളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി യാത്രയാകുമ്പോൾ ആ ജീവിതം തലമുറകളെ നയിക്കുന്ന  ഊർജപ്രവാഹമായി മലയാളിമനസ്സിൽ എന്നും തിളങ്ങിനിൽക്കും.


പ്രധാന വാർത്തകൾ
 Top