11 December Wednesday

‘മലങ്കരയുടെ യാക്കോബ്‌ ബുർദാന’ ; ഹൃദയബന്ധം കാത്തുസൂക്ഷിച്ച വിശ്വപൗരൻ

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024


കൊച്ചി
ധീരമായ പോരാട്ടങ്ങൾ നയിച്ച ശ്രേഷ്ഠ ബാവയെ പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ്‌ ബാവ മലങ്കരയുടെ യാക്കോബ്‌ ബുർദാനയെന്ന്‌ വിളിച്ച്‌ ആദരിച്ചിരുന്നു. എതിരാളികൾ സഭയെ നശിപ്പിക്കാൻ ശ്രമിച്ച കാലത്ത്‌ സത്യവിശ്വാസം കാത്ത കർമയോഗിയും പോരാളിയും വിശുദ്ധനുമാണ്‌ എഡി 505–578ൽ ജീവിച്ച മോർ യാക്കോബ്‌ ബുർദാന.

പൗലോസ്‌ ശ്ലീഹ സുവിശേഷം എത്തിച്ച 69 ദേശങ്ങളിൽ 67ഉം ബാവ സന്ദർശിച്ചിട്ടുണ്ട്‌. ദമാസ്കസിലേക്ക്‌ 75 സന്ദർശനം. ജറുശലേമിലേക്ക്‌ ഒമ്പതുതവണ. റോമിൽവച്ച്‌ ജോൺ പോൾ രണ്ടാമൻ, ഫ്രാൻസിസ്‌ മാർപാപ്പമാരുമായി കൂടിക്കാഴ്ച നടത്തി.സഹോദര സഭകളുമായി സമഭാവനയുടെ മഹദ്‌സന്ദേശംപോലെ ക്രിസോസ്റ്റം വലിയ തിരുമേനി, കർദിനാൾ ജോർജ്‌ ആലഞ്ചേരി, ജോസഫ്‌ മാർത്തോമ്മ മെത്രാപോലീത്ത, കർദിനാൾ ബസേലിയോസ്‌ ക്ലീമിസ്‌ ബാവ തുടങ്ങിയവരുമായി സുദൃഢമായ ഹൃദയബന്ധവും ശ്രേഷ്ഠ ബാവ കാത്തുസൂക്ഷിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ്‌ അച്യുതാനന്ദൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി, പി പി തങ്കച്ചൻ, ടി എച്ച്‌ മുസ്തഫ, എ പി കുര്യൻ, വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലെ വിവിധ നേതാക്കളുമായി ബാവ ആഴത്തിലുള്ള അടുപ്പം നിലനിർത്തി. സഭായോജിപ്പും സഭാസമാധാനവും രണ്ടാണെന്നും സഭാപ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നുമായിരുന്നു ബാവയുടെ നിലപാട്‌. സമാധാനം കീഴടങ്ങലല്ലെന്ന്‌ പ്രഖ്യാപിച്ചു.

മൂന്നുപതിറ്റാണ്ടുമുമ്പ്‌ മൂന്ന്‌ മെത്രാപോലീത്തമാരും ഏതാനും പുരോഹിതരും മാത്രമുണ്ടായിരുന്ന സഭയെ, കഠിനാധ്വാനവും കർമശേഷിയുംകൊണ്ട്‌ ശ്രേഷ്ഠ ബാവ മുപ്പതിലേറെ മെത്രാപോലീത്തമാരും നൂറുകണക്കിന്‌ പള്ളികളും വിദ്യാലയങ്ങളും മികച്ച ആസ്ഥാനമന്ദിരവും വൈദികസെമിനാരിയും അസംഖ്യം ആത്മീയസ്ഥാപനങ്ങളുമൊക്കെയുള്ള സുസംഘടിത ശക്തിയാക്കി വളർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top