11 December Wednesday

സിയാലിന്‌ വഴിതുറന്ന പിതാവ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


കൊച്ചി
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വികസനത്തിന്‌ വഴിതുറന്നത്‌ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ. നെടുമ്പാശേരിയിൽ വിമാനത്താവളത്തിന്‌ കണ്ടെത്തിയ പ്രദേശത്തെ താമസക്കാരിൽ അധികവും യാക്കോബായ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. കാൽനൂറ്റാണ്ടുമുമ്പ്‌, അവിടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വരാൻപോകുന്നു എന്ന വാർത്ത പരന്നപ്പോൾത്തന്നെ നാട്ടുകാരുടെ മനസ്സിൽ കൊള്ളിയാൻ മിന്നി. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലായി അവർ. വിമാനത്താവളഭൂമിയുടെ തൊട്ടടുത്താണ്‌ അതിപുരാതനമായ അകപ്പറമ്പ്‌ മോർ സാബോർ അഫ്രോത്ത്‌ യാക്കോബായ കത്തീഡ്രൽ. ഈ ഇടവകക്കാരുടേതായിരുന്നു വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിൽ അധികവും. വീടും ജീവിതസൗകര്യവും നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമായി, പദ്ധതിക്കുമേൽ കരിനിഴൽ വീഴുമ്പോഴാണ്‌ വെളിച്ചമായി തിരുമേനി രംഗത്തെത്തുന്നത്‌.

പദ്ധതി മുടങ്ങുമെന്ന സാഹചര്യത്തിൽ തിരുമേനിയുടെ വസതിയിലേക്ക്‌, അന്നത്തെ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ കെ കരുണാകരൻ പാഞ്ഞെത്തി. കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിലെ ചികിത്സയ്‌ക്കുശേഷം, തുരുത്തിശേരി സിംഹാസന പള്ളിയിൽ വിശ്രമിക്കുകയായിരുന്നു തിരുമേനി. നാടിന്റെ സമഗ്രവികസനത്തിന്‌ വഴിതെളിക്കുന്ന പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോൾ സിയാൽ എന്ന പൊതു–- സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിന്റെ ആദ്യ ഓഹരി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായി.

ഇതോടെ പദ്ധതിയുടെ ധനസമാഹരണം വേഗത്തിലാക്കാനും പദ്ധതിയുടെ ആവശ്യകതയിലേക്ക്‌ ജനങ്ങളെ ഉണർത്താനും കഴിഞ്ഞെന്ന്‌ അന്നത്തെ കലക്ടറായിരുന്ന വി ജെ കുര്യൻ ഇന്നും ഓർക്കുന്നു. വിമാനത്താവളപദ്ധതിയുടെ പ്രതിസന്ധികളും ബാലാരിഷ്ടതകളും മറികടക്കാൻ പിതാവിന്റെ തുടർച്ചയായുള്ള ഇടപെടലിലൂടെ കഴിഞ്ഞു.

വിമാനത്താവളത്തിനുവേണ്ടി 1253 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടിവന്നത്‌. 822 കുടുംബങ്ങൾക്ക്‌ കിടപ്പാടം ഒഴിയേണ്ടിവന്നു. ഇതിൽ 400 പേർ യാക്കോബായക്കാരും 150 പേർ കത്തോലിക്കരുമായിരുന്നു. ഇവർ ഉൾപ്പെടെ നാടാകെ അതിവൈകാരികമായാണ്‌ ഈ പ്രശ്‌നം ഉയർത്തിയത്‌. സ്വാഭാവികമായി ഉയരുന്ന പ്രതിഷേധത്തിനെതിരെ നിഷേധാത്മകനിലപാട്‌ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ഈ വിഷയത്തിൽ ബാവയുടെ അനുരഞ്ജനനിലപാട്‌ അനിവാര്യമായിരിക്കെയാണ്‌ അദ്ദേഹംതന്നെ അതിന്‌ തയ്യാറായതും പ്രശ്‌നത്തിന്‌ പരിഹാരം കാണാനായതും. വിമാനത്താവളത്തിന്റെ കല്ലിടൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകളിലെല്ലാം അദ്ദേഹം നേരിട്ട്‌ എത്തുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top