06 December Tuesday

തോൽക്കാത്ത 
 പള്ളിക്കൂടം

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2022

image credit www.pallikoodam.org

സ്വത്തവകാശത്തിനായി നടത്തിയ നിയമയുദ്ധങ്ങളല്ല, കോട്ടയത്തെ കളത്തിപ്പടിയിലെ പള്ളിക്കൂടം സ്കൂളാണ് തന്റെ മേൽവിലാസമാവേണ്ടതെന്ന് മേരി റോയ് ആഗ്രഹിച്ചു. ബാല്യത്തിൽ പിതാവിന്റെയും പിന്നീട് ഭർത്താവിന്റെയും സംരക്ഷണയില്ലാതെ ജീവിച്ചപ്പോൾ ഉറപ്പിച്ചതാണ് സ്വന്തം കാലിൽനിൽക്കുമെന്ന്. ഭർത്താവുമായി പിരിഞ്ഞ്, രണ്ട് മക്കളെയുമെടുത്ത് ഇറങ്ങുമ്പോൾ ജീവിതം വലിയ ചോദ്യമായി.

അധ്യാപനത്തോടുണ്ടായ താൽപര്യം വ്യത്യസ്ത പഠനരീതികളെക്കുറിച്ചുളള ധാരണയുമായി ബന്ധപ്പെട്ടു കൂടിയായിരുന്നു. അങ്ങനെ സ്കൂൾ തുടങ്ങി. കോട്ടയം  മൗണ്ട് കാർമെൽ ട്രെയിനിങ് കോളേജിൽനിന്ന് ബി എഡ് പാസായ ശേഷം സ്കൂൾ തുടങ്ങാൻ സ്ഥലം അന്വേഷിച്ച് മേരി പത്ര പരസ്യം നൽകി. ആദ്യം പ്രതികരിച്ചത് എഴുത്തുകാരി കമലദാസ്. പുന്നയൂർകുളത്തെ തറവാട് വീടിനോട് ചേർന്ന് ധാരാളം സ്ഥലമുണ്ടെന്നും ഇഷ്ടംപോലെ എടുക്കാമെന്നും കാണിച്ച് കത്തെഴുതി. പക്ഷേ, മേരി  കോട്ടയത്ത് സ്ഥലം കണ്ടെത്തി സ്കൂൾ സ്ഥാപിച്ചു. 1967ൽ കോർപസ് ക്രിസ്റ്റി എന്ന പേരിൽ തുടങ്ങിയ അതിന്റെ രൂപകൽപന ലാറി ബേക്കർ. മക്കളായ ലളിതും അരുന്ധതിയും ബേക്കറുടെ മക്കളും ഉൾപ്പെടെ ഏഴ് പേരാണ് ക്ലാസിലുണ്ടായത്.

സ്കൂൾ ക്രമേണ വളർന്ന് പള്ളിക്കൂടം എന്ന പേരിൽ പ്രസിദ്ധമായി. പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപങ്ങളെ തള്ളിയാണ് അത്‌  പ്രവർത്തിച്ചത്. പഠനത്തെക്കാൾ  പ്രധാനം കളി. ആൺ ‐പെൺ വേർതിരിവില്ല. ടെക്സ്റ്റ്, നോട്ട്, പരീക്ഷ വേണ്ട. കഥകളി, ഭരതനാട്യം, കരാട്ടെ. മലയാളവും പഠിപ്പിച്ചു. മതനിയമങ്ങളെ വെല്ലുവിളിച്ച് സ്ത്രീകൾക്ക് സ്വത്തവകാശം സ്ഥാപിച്ചെടുക്കുകയും പൗരോഹിത്യത്തെ നിരാകരിക്കുകയും ചെയ്തതിന്റെ വിരോധം മേരിയുടെ സ്കൂളിനെയും വെറുതെവിട്ടില്ല. 1990ൽ സ്കൂൾ വാർഷികത്തിന്‌  "ജീസസ് ക്രൈസ്റ്റ്, ദ സൂപ്പർ സ്റ്റാർ' നാടകം കളിക്കുന്നതുമായി ബന്ധപ്പെട്ട്്  വിവാദമുയർന്നു.

യേശുവും മഗ്ദലന മറിയവും കഥാപാത്രങ്ങളായ നാടകം അവതരിപ്പിക്കുന്നതിനെതിരെ പുരോഹിതന്മാരും മുതലാളിമാരും കൂടെ ജ്യേഷ്ഠനും  രംഗത്തുവന്നു. സ്കൂളിനെ തകർക്കുമെന്നും മുദ്രാവാക്യം. നാടകം തുടങ്ങാൻ നാല് മിനുട്ട് ബാക്കിനിൽക്കെ കലക്ടർ  അനുമതി നിഷേധിച്ചു. 1991ൽ ഡിവിഷൻ ബഞ്ച് നിരോധനം ശരിവച്ചു. കാലങ്ങൾക്കുശേഷമാണ് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ച് നാടകം കളിച്ചത്്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top