25 August Sunday

മന്ത്രിസഭയിൽ സവർണാധിപത്യം

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

ന്യൂഡൽഹി
ഓരോ സംസ്ഥാനത്തെയും ജാതിസമവാക്യങ്ങൾ കൃത്യമായി കണക്കാക്കിയാണ‌് നരേന്ദ്ര മോഡിയും അമിത‌് ഷായും മന്ത്രിസഭയ‌്ക്ക‌് രൂപംനൽകിയത‌്. 58 മന്ത്രിമാരിൽ സവർണർക്ക‌് തന്നെയാണ‌് മുൻതൂക്കം. സവർണ വിഭാഗത്തിൽ നിന്ന്‌ 32 പേർ മന്ത്രിമാരായി. പിന്നോക്ക വിഭാഗത്തിൽനിന്ന‌് 13 പേർ മാത്രം. പട്ടികജാതി വിഭാഗത്തിൽനിന്ന‌് ആറു പേരും പട്ടികവർഗ വിഭാഗത്തിൽനിന്ന‌് നാലുപേരുമുണ്ട‌്. അകാലിദൾ നേതാവ‌് ഹർസിമ്രത‌് കൗറും ബിജെപി നേതാവ‌് ഹർദീപ‌് പുരിയുമാണ‌് മന്ത്രിസഭയിലെ സിഖ‌് വംശജർ. മുക്താർ അബ്ബാസ‌് നഖ‌്‌വിയാണ‌് ഏക മുസ്ലിം  പ്രതിനിധി.

25 അംഗ കേന്ദ്ര കാബിനറ്റിൽ റോഡുഗതാഗത മന്ത്രി നിതിൻ ഗഡ‌്ക്കരിയടക്കം ഒമ്പതുപേർ ബ്രാഹ‌്മണരാണ‌്. രാജ‌്നാഥ‌് സിങ‌്, ഗജേന്ദ്ര സിങ‌് ശെഖാവത്ത‌്, നരേന്ദ്ര സിങ‌് തോമർ എന്നീ കാബിനറ്റ‌് മന്ത്രിമാർ സവർണ രജപുത്ര വിഭാഗക്കാർ. ജാർഖണ്ഡിൽ ഈവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ടാണ‌് ആദിവാസി വിഭാഗക്കാരനായ അർജുൻ മുണ്ടെയെ കാബിനറ്റിൽ ഉൾപ്പെടുത്തിയത‌്.

നിലവിലെ ജാർഖണ്ഡ‌് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ‌് ആദിവാസി വിഭാഗത്തിൽ നിന്നല്ല. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആദിവാസി സ്വാധീന മേഖലകളിലടക്കം ബിജെപി ജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ആദിവാസി വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ‌് മുണ്ടെയ‌്ക്ക‌് നൽകിയ സ്ഥാനക്കയറ്റം.

ഉത്തർപ്രദേശിൽ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ ഇടഞ്ഞുനിൽക്കുന്ന ബ്രാഹ‌്മണ വോട്ടർമാരെ തണുപ്പിക്കുന്നതിനാണ‌് മഹേന്ദ്രനാഥ‌് പാണ്ഡെയെ കാബിനറ്റിൽ ഉൾപ്പെടുത്തിയത‌്. സംസ്ഥാനത്ത‌് ബിജെപിയുടെ അറിയപ്പെടുന്ന ബ്രാഹ‌്മണ മുഖമാണ‌് പാണ്ഡെ. രാജസ്ഥാനിൽ നിന്നുള്ള ഗജേന്ദ്രസിങ‌് ശെഖാവത്ത‌് കാബിനറ്റിൽ എത്തിയതും ജാതിസമവാക്യങ്ങളുടെ ഭാഗമായാണ‌്. വസുന്ധരരാജെ സിന്ധ്യക്ക‌് ശേഷം രാജസ്ഥാനിൽ ബിജെപി ഉയർത്തികൊണ്ടു വരുന്ന സവർണ രജപുത്ര മുഖമാണ‌് ശെഖാവത്തിന്റേത‌്.

കഴിഞ്ഞ മന്ത്രിസഭയിൽ മോശമില്ലാതെ പ്രവർത്തിച്ച രാജ്യവർധൻസിങ‌് റാത്തോഡിനെയും മറ്റും തഴഞ്ഞാണ‌് ശെഖാവത്തിനെ കാബിനറ്റിൽ ഉൾപ്പെടുത്തിയത‌്.
കർണാടകത്തിൽ വൊക്കലിംഗ വിഭാഗക്കാരെ ഉറപ്പിച്ചുനിർത്തുകയെന്ന ലക്ഷ്യത്തോടെയാന‌് സദാനന്ദ ഗൗഡയെ കാബിനറ്റിൽ നിലനിർത്തിയത‌്. കഴിഞ്ഞ സർക്കാരിലും മന്ത്രിയായിരുന്ന ഗൗഡയുടെ പ്രകടനം ഏറെ വിമർശിക്കപ്പെട്ടു.


പ്രധാന വാർത്തകൾ
 Top