10 August Monday

സാഹോദര്യത്തിന്റെ മണിമുഴക്കി ശ്രീദുർഗാ മന്ദിർ

എം പ്രശാന്ത‌്Updated: Friday Feb 28, 2020

ശ്രീദുർഗാ ക്ഷേത്രത്തിലെ പൂജാരി ഓം പ്രകാശിനൊപ്പം മിർഷാദ്‌

ചാന്ദ്‌ബാഗ്‌
ശ്രീദുർഗാ മന്ദിറിൽ വീണ്ടും മണികൾ മുഴങ്ങി. നിത്യപൂജയും ആരംഭിച്ചു. ചാന്ദ്‌ബാഗിലെ സി ബ്ലോക്കിൽ രണ്ടാം നമ്പർ ഗലിയിലാണ്‌ ശ്രീദുർഗാ ക്ഷേത്രം. ന്യൂനപക്ഷങ്ങൾ തിങ്ങിവസിക്കുന്ന മേഖല. ക്ഷേത്രത്തിൽനിന്ന്‌ 10 മീറ്റർ മാത്രം മാറിയുള്ള കരാവൽനഗർ റോഡ്‌ മൂന്നു ദിവസമായി യുദ്ധസമാനമായിരുന്നു. വെടിവയ്‌പും കല്ലേറും കൊള്ളിവയ്‌പും പെട്രോൾ ബോംബേറുമെല്ലാമുണ്ടായി. എന്നാൽ, ക്ഷേത്രത്തിന്‌ ഒരു പോറൽ പോലും ഏൽക്കാതെ ന്യൂനപക്ഷ ജനത സംരക്ഷിച്ചു. ചാന്ദ്‌ബാഗിലെ ഒന്നും രണ്ടും ഗലികളിൽ കഴിയുന്ന ഹിന്ദുകുടുംബങ്ങളും സുരക്ഷിതർ.

ടൈൽസ്‌ വ്യാപാരിയായ അബ്‌ദുൾ റഫർ മാലിക്കാണ്‌ ദുർഗാ മന്ദിറിലേക്ക്‌ വഴികാട്ടിയത്‌. ഗോകുൽപുരിയിലും അശോക്‌നഗറിലും ശിവ്‌നഗറിലും മറ്റുമായി നിരവധി പള്ളികൾ തകർത്തതിനെ കുറിച്ച്‌ സംസാരിച്ചപ്പോഴാണ്‌ തന്റെ ഗലിയിലെ ക്ഷേത്രത്തിന്‌ ഒരു പോറൽ പോലുമേൽക്കാതെ  സംരക്ഷിച്ചത്‌ മാലിക്ക്‌ ചൂണ്ടിക്കാട്ടിയത്‌. മാലിക്കിനൊപ്പം ക്ഷേത്രത്തിന്‌ സമീപമെത്തിയപ്പോൾ പൂജാരി പണ്ഡിറ്റ്‌ ഓംപ്രകാശ്‌ ഒരു ടിവി ചാനലുമായി സംസാരിക്കുകയാണ്‌. സ്ഥലവാസികളായ നിരവധി യുവാക്കൾ ഓംപ്രകാശിന്‌ ചുറ്റും ഒത്തുകൂടിയിട്ടുണ്ട്‌. ക്ഷേത്രത്തിന്റെ മുൻവാതിൽ അടഞ്ഞുകിടക്കുന്നു. വലതുഭാഗത്തുള്ള ചെറിയ വാതിലിലൂടെ ക്ഷേത്രം കണ്ടു. ദുർഗാ വിഗ്രഹം കൂടാതെ ഉപദൈവങ്ങളുമുണ്ട്‌. അകത്തളം വൃത്തിയായി പരിപാലിച്ച നിലയിൽ.

ചാനൽ റിപ്പോർട്ടർ മടങ്ങിയപ്പോൾ ഓംപ്രകാശ്‌ സംസാരിച്ചു. ക്ഷേത്രത്തിന്‌ 40 വർഷത്തെ പഴക്കമുണ്ട്‌. ഏഴുവർഷമായി പ്രധാന പൂജാരിയാണ്‌. കലാപസമയത്ത്‌ പ്രശ്‌നങ്ങളുണ്ടായില്ല. അക്രമികൾ അകത്തുകടക്കാതെ സ്ഥലവാസികളായ മുസ്ലിം യുവാക്കൾ സംരക്ഷിച്ചു. തൊട്ടപ്പുറത്ത്‌ വെടിവയ്‌പും കല്ലേറുമെല്ലാം നടക്കുമ്പോഴും ക്ഷേത്രം സുരക്ഷിതമായി നിലകൊണ്ടു. രണ്ടുദിവസത്തിനകം ക്ഷേത്രം തുറക്കും. പഴയപോലെ പൂജകൾ ആരംഭിക്കും–- ഓംപ്രകാശ്‌ പറഞ്ഞു.

എന്തിനാണ്‌ രണ്ടുദിവസം കാക്കുന്നതെന്നായി സ്ഥലവാസികൾ. ഇപ്പോൾ തന്നെ തുറക്കാൻ മുഹമദ്‌ മിർഷാദ്‌ അടക്കമുള്ളവർ ഓംപ്രകാശിനെ പ്രോത്സാഹിപ്പിച്ചു. പൂജാരി പിന്നെ മടിച്ചില്ല. ക്ഷേത്രത്തിന്റെ പ്രധാന വാതിൽ തുറന്നു. പൂജകളും ആരംഭിച്ചു. സന്തോഷത്തോടെ മിർഷാദും കൂട്ടരും. ഒന്നാം നമ്പർ ഗലിയിലുള്ള മറ്റൊരു ചെറിയ ക്ഷേത്രവും മിർഷാദ്‌ കാട്ടിത്തന്നു. ഒരു പോറൽ പോലുമേൽക്കാതെ ചെറിയ ശിവക്ഷേത്രം. ഗലിയിൽനിന്ന്‌ പുറത്തേക്ക്‌ കടക്കുമ്പോൾ പരമശിവന്റെ പേരോടു കൂടിയ ചെറിയൊരു ചായക്കട.  വർഗീയതയുടെ കെട്ടകാലത്തും ചാന്ദ്‌ബാഗിലെ ഗലികൾ മാനവികതയുടെ സൗരഭ്യം പരത്തുകയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top