20 October Tuesday

അജൻഡ അധികാരമോഹം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 25, 2020


ന്യൂഡൽഹി
രാഷ്ട്രീയനിലപാടുകളേക്കാൾ അധികാരമോഹമാണ്‌ കോൺഗ്രസിന്റെ അജൻഡയെന്ന്‌ കൂടുതൽ വ്യക്തമാക്കുന്നതാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ജനാധിപത്യപരമായ സംവാദങ്ങളോട്‌ ഹൈക്കമാൻഡ്‌ അസഹിഷ്‌ണുത പുലർത്തുകയാണ്‌.

രാജ്യത്തെ യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതെ വിമർശം ശത്രുതാപരമായി കാണുകയാണ്‌ നേതൃത്വത്തെ ചുറ്റിപ്പറ്റി നിൽക്കുന്നവർ. നിലവിലെ പ്രതിസന്ധിയോട്‌ കെപിസിസി നേതൃത്വത്തിന്റെ പ്രതികരണം ഇതിന്‌ ഉദാഹരണമാണ്‌.

ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, പൗരത്വ നിയമഭേദഗതി, രാമക്ഷേത്ര നിർമാണം മോഡിസർക്കാർ ഏറ്റെടുത്തത്‌ എന്നീ വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം  മൃദുഹിന്ദുത്വ സമീപനമാണ്‌ സ്വീകരിച്ചത്‌. ഇതിനെതിരായ വികാരപ്രകടനംകൂടിയാണ്‌ ഗുലാം നബി ആസാദും കപിൽ സിബലും മറ്റും നടത്തിയത്‌. എന്നാൽ, ഇവർ ബിജെപിയുമായി രഹസ്യബന്ധമുള്ളവരാണെന്ന ആക്ഷേപമാണ്‌ ഔദ്യോഗികപക്ഷം ഉയർത്തിയത്‌. രാഹുൽഗാന്ധിതന്നെ ഇങ്ങനെ പറഞ്ഞതായി വാർത്ത വന്നു. ഇതിനോട്‌ കപിൽ സിബൽ പ്രതികരിക്കുകയും ചെയ്‌തു. എന്നാൽ, രാഹുൽ തന്നെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ അറിഞ്ഞതിനാൽ ട്വീറ്റ്‌ പിൻവലിക്കുന്നതായി കപിൽ സിബൽ വ്യക്തമാക്കി.

ബിജെപിയെ പരസ്യമായി എതിർക്കാൻ മടികാണിക്കുന്ന നേതാക്കളാണ്‌ ഇപ്പോൾ നെഹ്‌റുകുടുംബത്തിന്റെ വക്താക്കളായി രംഗത്തുവന്നത്‌. കോൺഗ്രസിന്റെ മൂന്ന്‌ മുഖ്യമന്ത്രിമാരും ഇവർക്കൊപ്പമാണ്‌. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളിയാകട്ടെ രാഹുൽ ഗാന്ധി ഉടൻ കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നുപോലും പറഞ്ഞു.

ബിജെപിയെ നേരിടുന്നതിനെക്കുറിച്ച്‌ നേതാക്കൾക്ക്‌ ചർച്ചയില്ല. തങ്ങൾ‌ തുടങ്ങിവച്ച സാമ്പത്തികനയങ്ങളാണ്‌ ജനങ്ങളിൽനിന്ന്‌  ഒറ്റപ്പെടുത്തിയതെന്നത്‌ പരിശോധിക്കാനും തയ്യാറാകുന്നില്ല. എങ്ങനെയും അധികാരം  പിടിക്കാൻ എന്താണ്‌ വഴിയെന്നാണ്‌‌ ആലോചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top