15 July Wednesday

പ്രകൃതിയോടിണങ്ങാം; ആരോഗ്യം ഭദ്രമാക്കാം

ഡോ. പി വി പ്രീതUpdated: Thursday Oct 31, 2019

കേരളത്തിൽ ഒക്ടോബർ 25 മുതൽ 31 വരെ നാഷണൽ ആയുഷ് മിഷൻ ആയുർവ്വേദവാരമായി ആചരിച്ചു. ‘ദീർഘായുസ്സിന് ആയുർവ്വേദം’ എന്നതാണ് ഈ വർഷത്തെ ആയുർവേദദിന സന്ദേശം.

ആരോഗ്യ മേഖലയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന കേരളം ഇന്ന് നേരിടുന്ന വലിയൊരു വെല്ലുവിളി വർധിച്ചു വരുന്ന ആയുർദൈർഘ്യത്തോടൊപ്പം വർധിക്കുന്ന രോഗാതുരതയാണ്. സമഗ്രവും അതോടൊപ്പം പ്രകൃതിയോട് കൂടുതൽ ഇണങ്ങിനിൽക്കുന്നതുമായ ജീവിതചര്യകൾ തെരഞ്ഞെടുക്കുന്നതിലൂടെ ഒരു പരിധിവരെ ആരോഗ്യപൂർണമായ ദീർഘായുസ്  എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാം. ആയുർവ്വേദം ഇത്തരത്തിൽ അനേകം പ്രായോഗിക നിർദേശങ്ങൾ രോഗപ്രതിരോധത്തിനും രോഗചികിത്സക്കും മുന്നോട്ട് വയ്ക്കുന്നു. കേവലമായ ശാരീരികസൗഖ്യത്തിനപ്പുറം ആത്മേന്ദ്രിയ മനസ്സുകളുടെ പ്രസന്നത കൂടിയാണ് ആരോഗ്യമെന്ന് ആയുർവേദം നിർവചിക്കുമ്പോൾ ഒരു ചികിത്സാശാസ്ത്രം എന്നതിലുപരിയായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആരോഗ്യതലങ്ങളെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ഈ വർഷത്തെ ആയുർവേദദിനം നൽകുന്ന സന്ദേശം.


 

നല്ല ഭക്ഷണശീലങ്ങൾ ശരീരത്തിനും മനസ്സിനും
ആഹാര ശീലങ്ങൾ വ്യക്തിയുടെ ശാരീരികആരോഗ്യം നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. അമിതവണ്ണവും പ്രമേഹവും തൊട്ട് കാൻസർ പോലെയുള്ള മാരകരോഗങ്ങൾ വരെ തെറ്റായ ഭക്ഷണരീതിയുടെ സംഭാവനയാണ്. രുചികരവും എളുപ്പത്തിൽ ദഹിക്കുന്നതും പോഷകസമ്പുഷ്ടവും  അതേസമയം പ്രകൃതിദത്തവുമായ തനത് ഭക്ഷണസംസ്കാരം നിലനിന്നിടത്ത് കൃത്രിമഭക്ഷ്യവസ്തുക്കളുടെ കടന്നുകയറ്റം വലിയൊരളവുവരെ മലയാളിയുടെ രോഗാതുരതയുടെ കാരണമാണ്. ശരീരപ്രകൃതിക്കും കാലാവസ്ഥക്കും പ്രായത്തിനും അനുഗുണമായ ആഹാരദ്രവ്യങ്ങൾ ആയുർവ്വേദം നിർദേശിക്കുന്നു. രോഗാവസ്ഥകളിൽ പഥ്യവും അപഥ്യവുമായ ഭക്ഷണക്രമങ്ങൾ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. രോഗശമനത്തിനും ആരോഗ്യം വീണ്ടെടുക്കാനും  ഇത് ഏറെ സഹായകമാണ്. മാനസിക ആരോഗ്യത്തെയും വൈകാരിക സന്തുലനത്തെയും സ്വാധീനിക്കാനും ഭക്ഷണത്തിന് കഴിവുണ്ട്. തീക്ഷ്ണരസങ്ങളായ ഉപ്പ്, എരിവ്, പുളി ഇവയുടെ അമിതോപയോഗം, ചുവന്ന മുളക്, മസാലകൾ, ഉപ്പിലിട്ടവ, ഉണക്കമത്സ്യം, പ്രിസർവേറ്റീവുകൾ ചേർത്തവ ഇവയൊക്കെ ഇത്തരത്തിൽ ഒഴിവാക്കേണ്ടവയാണ്.

വ്യായാമവും മാനസികാരോഗ്യവും ശ്രദ്ധിക്കുക
കൃത്യമായ വ്യായാമത്തിലൂടെ ശാരീരികോർജം മിതമായും ഫലപ്രദമായും ചെലവഴിക്കുന്നതിലൂടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്താം. നടത്തം, യോഗ, നീന്തൽ, ഇങ്ങനെ ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമമുറകൾ ഏതെങ്കിലും ശീലിക്കാം. അമിതമായും തെറ്റായ രീതിയിലും പരിശീലിക്കുന്ന വ്യായാമം ശാരീരികക്ഷീണവും രോഗങ്ങളും വരുത്താം.

നിഷേധാത്മക ചിന്തകളെ നിയന്ത്രിക്കാനും പ്രസാദാത്മകമായ കാഴ്ചപ്പാട് വളർത്തിയെടുക്കാനും അനേകം മാർഗങ്ങൾ സദ്‌വൃത്തം എന്ന പേരിൽ ആയുർവേദത്തിൽ നിർദേശിച്ചിട്ടുണ്ട്. വിവേചനബുദ്ധിയോടെ പ്രശ്നങ്ങളെ സമീപിക്കാനുള്ള മാനസികാവസ്ഥ, സമചിത്തത, സ്വന്തം പരിമിതികളെയും കഴിവുകളെയും യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാനുള്ള മനഃസ്ഥിതി എന്നീ മൂന്ന് കാര്യങ്ങൾ ആണ് ഏത് മാനസിക സമ്മർദ്ദത്തെയും അതിജീവിക്കാനുള്ള പരമമായ 'ഔഷധമായി ' നിർദേശിച്ചിട്ടുള്ളത്. മാനസികസമ്മർദ്ദം മൂലമുണ്ടാകുന്ന ശാരീരിക -മാനസിക പ്രശ്‌നങ്ങൾ ക്രമേണ ജീവിതശൈലീരോഗങ്ങൾ ആയി പരിണമിക്കാറുണ്ട് എന്നതിനാൽ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള മാർഗങ്ങൾ യഥാസമയം സ്വീകരിക്കുക.

ആയുർവ്വേദചികിത്സ ജനങ്ങളിലേക്ക്
വൈവിധ്യവും ജനോപകാര പ്രദവുമായ അനേകം  പ്രോജക്ടുകൾ കേരളസർക്കാർ സംസ്ഥാനത്തുടനീളമുള്ള ഗവണ്മെന്റ് സ്ഥാപനങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളിൽ സ്‌പെഷലൈസ് ചെയ്ത ഡോക്ടർമാരുടെ സേവനം ഭാരതീയചികിത്സാവകുപ്പ്, ആയുർവ്വേദ കോളേജുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. രോഗപ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതശൈലികൾക്കും പ്രാധാന്യം നൽകുന്ന സ്വസ്ഥവൃത്ത വിഭാഗം ആയുർവേദത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ശരീരഘടനക്കും അനുസരിച്ചുള്ള ആരോഗ്യപരിപാലന നിർദ്ദേശങ്ങൾ സ്വസ്ഥവൃത്തം മുന്നോട്ട് വയ്ക്കുന്നു.

സ്കൂൾകുട്ടികൾക്കും കൗമാരപ്രായക്കാർക്കും ഗർഭിണികൾക്കുമുള്ള പ്രത്യേക പ്രൊജക്ടുകൾ, മാനസികരോഗങ്ങൾ, നേത്രരോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, ബാലചികിത്സ, സ്ത്രീ രോഗചികിത്സ തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളിലൂടെ സർക്കാർ മേഖലയിൽ ശ്രദ്ധേയമായ ചികിത്സാസൗകര്യങ്ങൾ ഭാരതീയചികിത്സാ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. 

ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ തലങ്ങളിൽ ഓരോ വ്യക്തിയും പൂർണ്ണസൗഖ്യം നേടട്ടെ.... രോഗപീഡകളില്ലാത്ത ദീർഘായുസ് ഓരോ മനുഷ്യന്റെയും അവകാശമായിത്തീരട്ടെ... അതിന് ആയുർവേദചികിത്സാസൗകര്യങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തട്ടെ ...

 

ഡോ. പി വി പ്രീത
മെഡിക്കൽ ഓഫീസർ , ഗവ. ആയുർവേദ ഡിസ്‌പെൻസറി , ചെങ്ങളായി, കണ്ണൂർ.


പ്രധാന വാർത്തകൾ
 Top