25 April Thursday

അക്വേറിയത്തിലെ രോഗബാധ തടയാൻ

സഹദേവൻ പിUpdated: Thursday May 31, 2018


അക്വേറിയം പരിപാലനം ഹോബി എന്ന നിലയിൽ പ്രചാരത്തിലാകുന്നതിനോടൊപ്പം രോഗങ്ങളും വ്യാപകമാവുകയാണ്. അൽപ്പം ക്ഷമയും ശ്രദ്ധയും വൃത്തിബോധവും ഉണ്ടെങ്കിൽ മിക്ക മത്സ്യരോഗങ്ങളും ഒഴിവാക്കാം. രോഗവിമുക്തമായ മത്സ്യങ്ങളെ വാങ്ങുക, ശുദ്ധിയുള്ള ജലത്തിൽ വളർത്തുക, പോഷകഗുണമുള്ള തീറ്റ യഥാസമയം കൃത്യമായ അളവിൽ നൽകുക എന്നിവയാണ് രോഗങ്ങൾ തടയാനുള്ള പ്രാഥമിക കാര്യങ്ങൾ.

പുതുതായി അക്വേറിയം സജ്ജീകരിച്ചുകഴിഞ്ഞാൽ ഉടനെതന്നെ അതിൽ മത്സ്യങ്ങളെ നിക്ഷേപിക്കരുത്. വെള്ളം നിറച്ച് വാതന സംവിധാനം, ഫിൽറ്ററുകൾ എന്നിവ പ്രവർത്തിപ്പിച്ച് നാലോ അഞ്ചോ ദിവസം കഴിഞ്ഞശേഷം മാത്രമേ ടാങ്കിനുള്ളിൽ മീനുകളെ പ്രവേശിപ്പിക്കാവൂ. അതുപോലെ അന്യോന്യം സമരസപ്പെട്ടുപോകുന്ന മീനുകളെ മാത്രമേ തെരഞ്ഞെടുക്കാവൂ.

ടാങ്കിൽ പരമാവധി എത്ര മത്സ്യങ്ങളെ നിക്ഷേപിക്കാമെന്ന കാര്യത്തിൽ കൃത്യമായ ധാരണ വേണം. ഏറെ മത്സ്യങ്ങൾ തിങ്ങിനിറഞ്ഞ് കഴിയുന്നതുമൂലമുള്ള സമ്മർദം രോഗബാധയ്ക്ക് കാരണമാകും. അക്വേറിയത്തിൽ വളർത്താവുന്ന മത്സ്യങ്ങളുടെ എണ്ണം ടാങ്കിന്റെ ഉപരിതല വിസ്തീർണം, ജലത്തിന്റെ രാസ‐ഭൗതിക ഗുണം, ജലവാതന സംവിധാനത്തിന്റെ ശേഷി, ജല ശുദ്ധീകരണ സംവിധാനത്തിന്റെ ശേഷി, അക്വേറിയം സസ്യങ്ങൾ, മത്സ്യയിനങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചാകും. ഏകദേശ  കണക്കനുസരിച്ച് ശുദ്ധജല അക്വേറിയത്തിൽ ഒരു സെന്റീമീറ്റർ നീളമുള്ള മത്സ്യത്തിന് 30 ചതുരശ്ര സെന്റീമീറ്റർ ഉപരിതല വിസ്തീർണമുള്ള ജലം ആവശ്യമാണ്. അക്വേറിയത്തിന്റെ നീളത്തെ (സെ. മീ.) വീതി (സെ.മീ) കൊണ്ട് ഗുണിച്ചാൽ വിസ്തീർണം (ച. സെ. മീ.) ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഉപരിതല വിസ്തീർണത്തെ 30 കൊണ്ട് ഹരിച്ചാൽ വളർത്താവുന്ന മത്സ്യങ്ങളുടെ ആകെ എണ്ണം ലഭിക്കും. സമുദ്രജല അക്വേറിയത്തിൽ വളർത്താവുന്ന മത്സ്യങ്ങളുടെ എണ്ണം താരതമ്യേന കുറവാകും. ആറ് സെ. മീ.നീളമുള്ള സമുദ്രജല അക്വേറിയം മത്സ്യങ്ങൾക്ക് 22 ലിറ്റർ ജലം ആവശ്യമാണ് എന്നാണ് ഏകദേശ കണക്ക്.

കടകളിൽനിന്ന് മത്സ്യങ്ങളെ വാങ്ങുമ്പോൾ ആരോഗ്യമുള്ളവയെ മാത്രം തെരഞ്ഞെടുക്കുക. രോഗമുള്ള മത്സ്യങ്ങൾ പൊതുവെ അലമ്പരും തീറ്റയോട് താൽപ്പര്യമില്ലാത്തവയുമാകും. സമനിലതെറ്റിയുള്ള നീന്തൽ, ചീയൽ ബാധിച്ച ചിറകുകൾ, ശരീരത്തിൽ വെളുത്തതോ ചുവന്നതോ ആയ പാടുകൾ, ചോര കിനിയുന്ന പൊട്ടുകൾ, വ്രണങ്ങൾ, പടുക്കൾ, വിളർച്ച എന്നിവയെല്ലാം രോഗബാധയെ സൂചിപ്പിക്കുന്നു.

പുതിയ മത്സ്യങ്ങളെ വാങ്ങിയാൽ നേരിട്ട് അക്വേറിയത്തിലേക്ക് ഇടരുത്. ഈ മത്സ്യങ്ങളെ രണ്ടുശതമാനം ഗാഢതയിലുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കി അണുവിമുക്തമാക്കണം. പൊരുത്തപ്പെടുത്തലിനുശേഷം മാത്രമേ ഇവയെ അക്വേറിയത്തിൽ ഇടാവൂ. അക്വേറിയം സസ്യങ്ങളെയും അണുവിമുക്തമാക്കിയ ശേഷമേ ടാങ്കിൽ പ്രവേശിപ്പിക്കാവൂ. പുതിയ മത്സ്യങ്ങളും സസ്യങ്ങളുമാണ് അക്വേറിയത്തിൽ രോഗബാധ എത്തിക്കുന്ന പ്രധാന ഏജന്റുമാർ. മത്സ്യങ്ങളോടൊപ്പം ഒച്ചുകളെ വളർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവയെ മുന്നുനാലു ദിവസം വേറൊരു ടാങ്കിൽ സൂക്ഷിച്ച് ശുചിയാക്കിയശേഷം മാത്രമേ അക്വേറിയത്തിൽ ഇടാവൂ.

ശുദ്ധവും രോഗാണുവിമുക്തവുമായ വെള്ളം മാത്രമേ അക്വേറിയത്തിൽ ഉപയോഗിക്കാവൂ. ക്ലോറിൻ കലർന്ന ടാപ്പ്വെള്ളം നേരിട്ട് ടാങ്കിൽ ഉപയോഗിക്കരുത്് ക്ലോറിൻ മത്സ്യങ്ങൾക്ക് മാരകമാണ്.

ജലത്തിന്റെ ഉഷ്മാവ്, രാസഗുണം, ഓക്സിജന്റെ അളവ് എന്നിവ ഇടയ്ക്കിടെ നോക്കി ആവശ്യമായ തോതിൽ ക്രമീകരിക്കണം. ജലത്തിന്റെ രാസ‐ഭൗതിക ഗുണങ്ങളിലുണ്ടാവുന്ന മാറ്റം ഒരുപരിധിക്കപ്പുറം മത്സ്യങ്ങൾക്ക് താങ്ങാൻപറ്റില്ല.

അലങ്കാരമത്സ്യങ്ങൾക്ക് കൃത്രിമാഹാരമോ ജൈവാഹാരമോ നൽകാം. എന്നാൽ ഏറെ പഴക്കമുള്ള കൃത്രിമാഹാരങ്ങളിൽ ബി, സി തുടങ്ങിയ ജീവകങ്ങൾ പൊതുവെ കുറവാകും. കൃത്രിമാഹാരങ്ങൾ മാത്രം നൽകുന്നത് മത്സ്യങ്ങളുടെ ഊർജസ്വലത, വർണപ്പൊലിമ എന്നിവ കുറയുന്നതിനും ആരോഗ്യം ക്ഷയിക്കുന്നതിനും ഹേതുവാകും. ആഴ്ചയിലൊരിക്കലെങ്കിലും ജൈവാഹാരം നൽകുന്നത് നന്ന്. കൃത്രിമതീറ്റ പോഷകസമൃദ്ധമാകണം. അതുപോലെ ജലസ്ഥിരതയുള്ള കൃത്രിമാഹാരങ്ങൾ മാത്രമേ മത്സ്യങ്ങൾക്ക് നൽകാവൂ. പിണ്ണാക്ക്, തവിട്, നിലക്കടല, ചോറ്, ബിസ്കറ്റ്, റൊട്ടി, ചിപ്സ്, മറ്റു ബേക്കറിസാധനങ്ങൾ എന്നിവ നൽകരുത്.

കൈറിണോമസ് ലാർവ, ട്യൂബിഫ്ളെക്സ് പുഴുക്കൾ എന്നീ വളരെ പ്രചാരത്തിലുള്ള ജൈവാഹാരങ്ങൾ ഒഴുക്കുചാലുകളിൽനിന്നുമാണ് സാധാരണയായി ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ആഹാരപദാർഥങ്ങൾ ഒഴുകുന്ന വെള്ളത്തിൽ ദീർഘനേരം കഴുകി അണുവിമുക്തമായശേഷം മാത്രമേ അക്വേറിയത്തിൽ നിക്ഷേപിക്കാവൂ.

മത്സ്യങ്ങൾക്ക് എല്ലാ ദിവസവും ഒരേസമയം ആഹാരം നൽകുന്നതാണ് ശരിയായ രീതി. ദിവസം രണ്ടുതവണ (രാവിലെയും വൈകുന്നേരവും) ആഹാരം നൽകുന്നതാണ് നല്ലത്. അമിതമായോ കുറഞ്ഞോ ഭക്ഷണം നൽകുന്നത് ഒരുപോലെ ദോഷകരമാണ്. അമിതഭക്ഷണം ജലമലിനീകരണത്തിനും രോഗബാധയ്ക്കും കാരണമാകും. തീറ്റയുടെ അളവ് കുറയുന്നത് പോഷകക്കുറവുമൂലമുള്ള രോഗങ്ങൾക്കും വിളർച്ചയ്ക്കും ഹേതുവാകും. 10 മിനിറ്റിനകം കഴിച്ചുതീർക്കാവുന്ന തീറ്റ മാത്രമേ ഓരോ തവണയും നൽകേണ്ടതുള്ളു.

മത്സ്യത്തീറ്റ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ എപ്പോഴും അടച്ചുവയ്ക്കണം. തുറന്ന പാത്രത്തിൽ തീറ്റ സൂക്ഷിച്ചാൽ പൂപ്പൽബാധയുണ്ടാകാൻ ഇടയുണ്ട്. പൂപ്പൽബാധിച്ച തീറ്റ മത്സ്യങ്ങൾക്ക് ഹാനികരമാണ്. ടാങ്കിൽ ഉണ്ടാകുന്ന മലിനവസ്തുക്കൾ യഥാസമയം നീക്കുകയും ടാങ്ക് വൃത്തിയായി സൂക്ഷിക്കുകയും വേണം. അസാധാരണ സാഹചര്യങ്ങളിലൊഴിച്ച് ടാങ്കിലെ ജലം മുഴുവനായി മാറ്റി പുതുജലം നിറയ്ക്കരുത്. 25 ശതമാനത്തിൽ കൂടുതൽ ജലം ഒരുതവണ മാറ്റരുത്.

കൂർത്ത മുനകളും മൂർച്ചയുമുള്ള വശങ്ങളുള്ള കല്ലുകൾ, മരക്കഷണങ്ങൾ, മറ്റ് അലങ്കാരവസ്തുക്കൾ എന്നിവ ടാങ്കിൽ ഒഴിവാക്കുക. ഇത്തരം വസ്തുക്കളിൽ ഉരസുമ്പോൾ മത്സ്യത്തിന്റെ ശരീരത്തിൽ മുറിവുണ്ടാകാനും അതിൽ രോഗാണുബാധയുണ്ടാകാനും സാധ്യതയുണ്ട്.

രോഗബാധയുള്ള മത്സ്യങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ടാങ്ക് ശുദ്ധീകരിക്കുകയും വേണം. രോഗം മാറിയിട്ടു മാത്രമേ മത്സ്യങ്ങളെ ടാങ്കിൽ വീണ്ടും പ്രവേശിപ്പിക്കാവൂ. രോഗമുള്ള മത്സ്യങ്ങളെ മാറ്റി പ്പാർപ്പിക്കുന്നതിന് പ്രത്യേക ടാങ്കുകളോ സംവിധാനങ്ങളോ ഉണ്ടാകാണ്ടേതില്ല. ആവശ്യത്തിന് വലുപ്പമുള്ള ഒരു ബക്കറ്റിൽ വെള്ളംനിറച്ച് അതിൽ നിക്ഷേപിച്ചാൽ മതിയാകും. ബക്കറ്റിൽ അളവിൽ മരുന്ന് നൽകാം. ഇത്തരം സന്ദർഭങ്ങളിൽ വാതനം നടത്താൻ പ്രത്യേകം ശ്രദ്ധവേണം. രോഗം മൂർച്ചിച്ച മത്സ്യങ്ങളെ നശിപ്പിക്കുന്നതാണ് ഉചിതം. രോഗാണുബാധയുള്ള മത്സ്യങ്ങളെ പിടിക്കാനുപയോഗിക്കുന്ന വലയും മറ്റ് ഉപകരണങ്ങളും രോഗബാധയില്ലാത്ത ടാങ്കിൽ ഉപയോഗിക്കരുത്.

ചെടികൾ നട്ടുവളർത്തി ടാങ്കിൽ മത്സ്യങ്ങൾക്ക് തികച്ചും സ്വാഭാവിക അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണം. ആരോഗ്യമുള്ള അന്തരീക്ഷമാണ് മത്സ്യങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നത്. ടാങ്കിൽ തുടർച്ചയായി വാതനം നടത്തുന്നത് നന്ന്. ഇത് മത്സ്യങ്ങൾക്ക് പ്രാണവായു നൽകുന്നതോടൊപ്പം വിസർജ്യവസ്തുക്കളുടെയും ആഹാരാവശിഷ്ടങ്ങളുടെയും വിഘടനംമൂലമുണ്ടാകുന്ന അമോണിയയുടെ ഓക്സീകരണത്തിന് സഹായിക്കുന്നു. അമോണിയ നേരിയ അളവിൽപ്പോലും മത്സ്യങ്ങൾക്ക് മാരകമാണ്.

രോഗചികിത്സക്ക് ഉപയുക്തമായ നിരവധി ആന്റിബയോട്ടിക്കുകൾ കമ്പോളത്തിൽ ലഭ്യമാണ്. എന്നാൽ ആന്റിബയോട്ടിക്കുകൾ കഴിവതും ഒഴിവാക്കുക. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള സൂക്ഷ്മാണുക്കൾ രൂപംകൊള്ളുന്നതിനു പുറമെ തുടർച്ചയായ ആന്റിബയോട്ടിക് പ്രയോഗം മത്സ്യങ്ങളുടെ ഊർജസ്വലത ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും വളർച്ച മുരടിക്കുന്നതിനും ഹേതുവാകും.

എല്ലാറ്റിനുമുപരി ദിവസവും അഞ്ചുമിനിറ്റെങ്കിലും അക്വേറിയത്തിലെ മത്സ്യങ്ങളെ നിരീക്ഷിക്കാൻ മാറ്റിവയ്ക്കുക. രോഗം യഥാസമയം കണ്ടെത്തുന്നതിനും മുൻകരുതലെടുക്കുന്നതിനും ഇതുമൂലം സാധിക്കും.

പ്രധാന വാർത്തകൾ
 Top