ആഗോള കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകുന്ന ഏറ്റവും ശക്തമായ പ്രതിഭാസങ്ങളാണ് എല്‍ നിനോയും ലാ നിനയും.
എല്‍ നിനോ
ശാന്ത സമുദ്രത്തിലെ ജലത്തിന്റെ താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനവിന്റെ ഫലമായി ആഗോള വ്യാപകമായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് എല്‍ നിനോ. തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ സാധാരണ അഞ്ചുവര്‍ഷ ഇടവേളകളില്‍ മുറ തെറ്റാതെ ആവര്‍ത്തിക്കാറുള്ള ഈ പ്രതിഭാസം ചിലപ്പോള്‍ വളരെ നാടകീയമായി ആഗോള കാലാവസ്ഥയില്‍ സ്വാധീനം ചെലുത്താറുണ്ട്. എല്‍ നിനോ എന്ന വാക്കിന് സ്പാനിഷ് ഭാഷയില്‍ ആണ്‍കുട്ടി എന്നാണര്‍ഥം. പെറുവിയന്‍ മുക്കുവരാണ് ഈ പേര് ആദ്യമായി ഉപയോഗിച്ചത്. എല്‍ നിനോ ഉണ്ടാകാനുള്ള കാരണങ്ങളും ഈ പ്രതിഭാസത്തിന്റെ തീവ്രതയും എത്രകാലം അവ തുടരുമെന്നും കൃത്യമായി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാധാരണയായി എട്ടുമുതല്‍ പത്തുവരെ മാസങ്ങള്‍ ചൂടുപിടിച്ച ഘട്ടമായി (El Nino Episode) തുടരാറുണ്ട്.
ശാന്തസമുദ്രത്തില്‍ കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്കു സഞ്ചരിക്കുന്ന വാണിജ്യ വാതങ്ങള്‍ (Trade Winds) സമുദ്രോപരിതലത്തിലെ ചൂടുപിടിച്ച് സാന്ദ്രത കുറഞ്ഞ ജലത്തെ തെക്കേ അമേരിക്കന്‍ തീരത്തുനിന്ന് ഓസ്ട്രേലിയയുടെയും ഫിലിപ്പൈന്‍സിന്റെയും തീരങ്ങളിലേക്ക് നയിക്കും. ഇങ്ങനെ പ്രവഹിക്കുന്ന ചൂടുകൂടിയ സമുദ്രജലം മത്സ്യങ്ങളുള്‍പ്പെടെയുള്ള ജലജീവികളുടെയും നാശത്തിന് കാരണമാകും. മാത്രവുമല്ല, ജലത്തിന്റ ധാതുഘടനയില്‍ മാറ്റം ഉണ്ടാക്കുകയും പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകും. മത്സ്യസമ്പത്ത് കുറയുന്നതോടെ കടല്‍ പക്ഷികളുടെ പട്ടിണി മരണത്തിനും ഇത് ഇടയാക്കും.
എല്‍ നിനോ ഇഫക്ട് എന്നാണീ പ്രതിഭാസത്തിനു പറയുന്ന പേര്. ആഗോള വ്യാപകമായി കാലാവസ്ഥാ ശൃംഖലയുടെ പാറ്റേണുകള്‍ തകിടം മറിയ്ക്കുന്നതിനും എല്‍ നിനോ ഇഫക്ട് കാരണമാകുന്നുണ്ട്.
1983ല്‍ സംഭവിച്ച എല്‍ നിനോ ഇഫക്ട് ഇന്‍ഡോനേഷ്യയില്‍ കടുത്ത ക്ഷാമത്തിനും ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയ്ക്കു തന്നെയും കാരണമായി. ഓസ്ട്രേലിയയിലെ കാട്ടുതീയും കാലിഫോര്‍ണിയയിലെ കൊടുങ്കാറ്റുകളും പേമാരിയും പെറൂവിയന്‍ തീരങ്ങളിലെ ആന്കെവി മത്സ്യത്തിന്റെ ഉന്മൂല നാശവും എല്‍ നിനോ പ്രതിഭാസത്തിന്റെ അനന്തര ഫലങ്ങളാണ്. 1982–83 കാലയളവിനുള്ളില്‍ എല്‍ നിനോ പ്രതിഭാസംകൊണ്ടുണ്ടായ കാലാവസ്ഥാ വ്യതിയാനം കൊണ്ടുമാത്രം ഭൂമുഖത്താകെ രണ്ടായിരത്തില്പരം ആളുകള്‍ മരിക്കുകയും 1200 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. 1997–98 കാലയളവിലുണ്ടായ എല്‍ നിനോ പ്രതിഭാസം കുറേക്കൂടി ഭീകരമായിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളെയൊന്നാകെ വെള്ളപ്പൊക്കം വിഴുങ്ങി. കൊടുങ്കാറ്റുകള്‍ ചൈനയെ യുദ്ധക്കളമാക്കി. ആസ്ട്രിയ വരണ്ടുണങ്ങി. തെക്കുകിഴക്കന്‍ ഏഷ്യയും ബ്രസീലും കാട്ടുതീയുടെ വന്യത അനുഭവിച്ചു. ഇന്തോനേഷ്യ നാല്പതു വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും തീവ്രമായ വരള്‍ച്ചയും ക്ഷാമവും നേരിട്ടു. മെക്സിക്കന്‍ നഗരങ്ങള്‍ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി മഞ്ഞുമൂടിക്കിടന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മണ്‍സൂണ്‍ കാറ്റുകളുടെ സഞ്ചാരം തടസപ്പെട്ടു. ക്രമം തെറ്റിയ കാലാവസ്ഥയ്ക്കും മേഘസ്ഫോടനത്തെത്തുടര്ന്നുണ്ടാകുന്ന പേമാരിയ്ക്കും അതു കാരണമായി.
എല്‍ നിനോയുടെ ശാസ്ത്രം
ഭൌമോപരിതലത്തിന്റെ നാല്പതു ശതമാനം ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന ശാന്തസമുദ്രത്തിലാണ് ഏറ്റവുമധികം സൂര്യപ്രകാശം ലഭിക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജം താപമായി സമുദ്രജലത്തില്‍ സംഭരിക്കപ്പെടുന്നു. ശാന്തസമുദ്രത്തിലെ വാണിജ്യവാതങ്ങള്‍ പതിവുപോലെ കിഴക്കുനിന്നും പടിഞ്ഞാറേയ്ക്കു വീശുമ്പോള്‍ സമുദ്രോപരിതലത്തിലുള്ള താപനില കൂടിയ ജലത്തെയും പടിഞ്ഞാറേയ്ക്കു നയിക്കുന്നു. ഈ ജലം സമുദ്രോപരിതലത്തില്‍ ഊഷ്മാവ് കൂടിയ ഒരു തടാകം പോലെ രൂപപ്പെടുന്നു. ഇത് ഭൂമധ്യരേഖാ പ്രദേശത്ത് ഒരു പൂര്‍വ–പശ്ചിമ താപവ്യതിയാനത്തിനു കാരണമാകുന്നു. തെര്മോക്ളൈന് ടില്‍റ്റ് എന്നാണീ അവസ്ഥയ്ക്കു പറയുന്ന പേര്. സമുദ്രജലത്തിന്റെ താപനിലയില്‍ ഇങ്ങനെയുണ്ടാവുന്ന തീവ്രമായ വ്യതിയാനങ്ങളാണ് എല്‍ നിനോ പ്രതിഭാസത്തിനു കാരണമാകുന്നത്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എല്‍ നിനോ കാരണമാകുന്നതുപോലെ ആഗോള താപനത്തിനിടയാക്കുന്ന മറ്റു കാരണങ്ങള്‍ എല്‍ നിനോയ്ക്കും കാരണമാകും. ഇവ പരസ്പര പൂരകങ്ങളാണെന്നു പറയാം. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളോടൊപ്പം മലേറിയ, ഡെങ്കിപ്പനി, റിഫ്റ്റ്വാലി ഫിവര്‍ തുടങ്ങിയ മാരകമായ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും ഈ പ്രതിഭാസം കാരണമാകുന്നുണ്ട്.
ലാ നിന
എല്‍ നിനോയെത്തുടര്ന്നുണ്ടാകുന്ന പ്രതിഭാസമാണ് ലാ നിന. കൊച്ചു പെണ്‍കുട്ടി എന്നാണ് ഈ വാക്കിന്റെ അര്‍ഥം. എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടല്‍ ജലത്തിന്റെ താപനിലയിലും എല്‍ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് വിപരീതമായാണ് ലാ നീനയുടെ പ്രവര്‍ത്തനം. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ശൈത്യകാലത്തും ഉഷ്ണകാലത്തെന്നപോലെ ഉയര്‍ന്ന താപവര്‍ധനവിന് ഈ പ്രതിഭാസം കാരണമാകാറുണ്ട്. എല്‍ നിനോപോലെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമല്ല ലാ നിന. അലാസ്കയുടെയും ഉത്തര അമേരിക്കയുടെയും പടിഞ്ഞാറന്‍ തീരങ്ങളില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുന്നതുകൂടാതെ അറ്റ്ലാന്റിക് സമുദ്രത്തിലെ ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് പതിവില്‍ കവിഞ്ഞ തീവ്രത നല്‍കുന്നതും ലാ നിനയുടെ പ്രവര്‍ത്തനങ്ങളാണ്. 2010–11 കാലഘട്ടത്തിലുണ്ടായ ലാ നിനയാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ശക്തം. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങളെ തകര്‍ത്തു കളയാന്‍ മാത്രം ശക്തമായിരുന്നു ഈ പ്രതിഭാസം. സമുദ്രജലത്തിന്റെ താപനിലയിലുണ്ടാകുന്ന നേരിയ വ്യതിയാനംപോലും വലിയ പ്രകൃതി ദുരന്തങ്ങള്‍ക്കും അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശത്തിനു തന്നെയും കാരണമാകുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ക്ക് പലപ്പോഴും ആക്കം കൂട്ടുന്നത് പ്രകൃതിയിലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെല്ലാം മനുഷ്യന്റെ അമിതമായ പ്രകൃതി ചൂഷണവും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ മനുഷ്യവര്‍ഗത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം തന്നെയായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..