26 June Wednesday

ദൗത്യം ബാക്കിവച്ച‌് മറെ ഹംസഗാനം ചൊല്ലുമ്പോൾ...

എ എൻ രവീന്ദ്രദാസ്Updated: Thursday Jan 31, 2019

അഞ്ചരക്കൊല്ലംമുമ്പ‌് ടെന്നീസിന്റെ വിശുദ്ധ അൾത്താരയായ വിംബിൾഡണിൽ ഒരു ജനതയുടെയാകെ സ്വപ‌്നങ്ങൾക്ക‌് യാഥാർഥ്യത്തിന്റെ നിറമേകിക്കൊണ്ടായിരുന്നു ആൻഡി മറെ എന്ന സ‌്കോട്ട‌്‌ലൻഡുകാരൻ ബ്രിട്ടന്റെ മാനത്ത‌് ഉദിച്ചത‌്. 77 വർഷങ്ങൾ, 15 പ്രധാനമന്ത്രിമാർ, മൂന്ന‌ു രാജാക്കന്മാർ. അങ്ങനെ സുദീർഘമായ വാസരങ്ങളുടെ കാത്തിരിപ്പിനാണ‌് ഒടുവിൽ 2013 ജൂലൈ ഏഴിന‌് വിംബിൾഡൺ സെന്റർകോർട്ടിൽ ആൻഡി മറെ അന്ത്യംകുറിച്ചത‌്.

അതുൾപ്പെടെ രണ്ട‌് വിംബിൾഡൺ കിരീടവും 2012ൽ യുഎസ‌് ഓപ്പണും അതേവർഷവും പിന്നീട‌് 2016ലും ഒളിമ്പിക‌് സ്വർണവും 2015ൽ ബ്രിട്ടനുവേണ്ടി ഡേവിസ‌്കപ്പും വെട്ടിപ്പിടിച്ച ആൻഡി മറെ ഒരുനൂറ്റാണ്ടിനിടെ ആ നാട‌് ടെന്നീസിനു നൽകിയ ഏറ്റവും വലിയ നിധിയാണ‌്. മറെ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ടെന്നീസ‌്താരമല്ലായിരിക്കാം. എന്നാൽ, താൻ വിരാജിച്ച ടെന്നീസ‌് കാലവും അതിലൂടെ ഒരു ജനതയിലാകെ ചെലുത്തിയ സ്വാധീനവും കണക്കിലെടുക്കുമ്പോൾ എല്ലാ അർഥത്തിലും വേറിട്ടുനിൽക്കുന്ന കളിക്കാരനും വ്യക്തിയുമാണ‌് ആൻഡി മറെ.

പുരുഷ ടെന്നീസിലെ ‘ബിഗ‌്ഫോർ’ വേറിട്ടൊരു സാമ്രാജ്യമാണ‌്. ഏതെങ്കിലുമൊരു കളിയിൽ ഒരു നാൽവർസംഘം ഇത്ര ദീർഘമായ ഒരുകാലം ആധിപത്യം പുലർത്തിയ ചരിത്രം വേറെയില്ല. റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക‌് ദ്യോകോവിച്ച‌്, ആൻഡി മറെ–- ഇവരാണ‌് വിശ്വടെന്നീസിലെ ഫാബുലസ‌് ഫോർ. 2015 മുതൽ 2016 വരെ നടന്ന 48 ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ 46ലും ഇവരിൽ ഒരാളെങ്കിലും ഫൈനലിലുണ്ടായിരുന്നു. 30 എണ്ണത്തിൽ ഇവരിൽ രണ്ടുപേർ ഫൈനലിലുണ്ടായിരുന്നു. 42 ഗ്രാൻസ്ലാമുകളിൽ ഈ നാലുപേരല്ലാതെ മറ്റാരും കിരീടം നേടിയിട്ടില്ല. ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും ഉത്തമമാതൃകയായി കളംനിറഞ്ഞുകൊണ്ടായിരുന്നു ആൻഡി മറെ, ഫെഡറർ–- നദാൽ–- ദ്യോകോവിച്ച‌് ത്രിമൂർത്തികൾക്കൊപ്പം ഇത്രയുംകാലം തലയെടുപ്പോടെ നിന്നത‌്.
ഈ നിരയിൽ മറെയും ദ്യോകോവിച്ചും തമ്മിലുള്ള പോരാട്ടങ്ങൾതന്നെ ടെന്നീസ‌് ചരിത്രത്തിലെ മഹത്തായ ഏടുകളാണ‌്. ബോറിസ‌് ബെക്കർ–- ഗൊറാൻ ഇവാനിസേവിച്ച‌്, ജിം കുറിയർ–- പീറ്റ‌് സാമ്പ്രസ‌്, ആന്ദ്രെ അഗാസി–- പീറ്റ‌് സാമ്പ്രസ‌്, ഫെഡറർ–- നദാൽ എന്നിങ്ങനെ ടെന്നീസ‌് ലോകം അടക്കിവാണ അങ്കങ്ങൾക്കൊപ്പം ചേർത്തുവയ‌്ക്കുന്നതാണ‌് ആൻഡി മറെ–- നൊവാക‌് ദ്യോകോവിച്ച‌് ദ്വന്ദവും.

അതേ, ഒരുപക്ഷേ ടെന്നീസ‌് ചരിത്രത്തിലെ യാദൃച്ഛികതയാകാം. വിശ്വം ഭരിച്ച ബിഗ‌്ഫോറിലേക്ക‌് അവസാനമായെത്തിയ മറെ ആദ്യം കളിക്കളം വിടണമെന്നത‌്. ഇടുപ്പിനേറ്റ പരിക്കുമൂലം ഏറെക്കാലമായി വലയുന്ന താരം അടുത്ത വിംബിൾഡൺകൂടി കളിച്ച‌് വിടവാങ്ങണമെന്ന ആഗ്രഹം രണ്ടാഴ‌്ചമുമ്പായിരുന്നു കണ്ണീരോടെ വ്യക്തമാക്കിയത‌്. എന്നാൽ, അത്രയുംകൂടി കാത്തിരിക്കാൻ വിധി അനുവദിച്ചില്ല. ഇത്തവണത്തെ ഓസ‌്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽത്തന്നെ ഹംസഗാനം ചൊല്ലാൻ ഈ മുപ്പത്തൊന്നുകാരൻ നിർബന്ധിതനായി. അഞ്ച‌ുസെറ്റ‌് നീണ്ട ആവേശകരവും വൈകാരികവുമായ പോരാട്ടത്തിൽ സ‌്പെയിനിന്റെ റോബർട്ടോ ബൗറ്റിസ‌്റ്റ അഗട്ടിനോട‌് തോറ്റതോടെ മുൻ ലോക ഒന്നാംനമ്പർ താരമായ ആൻഡി മറെയുടെ രാജ്യാന്തര കരിയറിന‌് ഫലത്തിൽ ഷട്ടർ വീഴുകയായിരുന്നു. ഇടുപ്പെല്ലിന്റെ ശസ‌്ത്രക്രിയ കഴിഞ്ഞാലും തിരിച്ചുവരാമെന്ന ഉറപ്പില്ലാത്തതാണ‌് മറെയെയും ടെന്നീസ‌് പ്രേമികളെയും ഒരുപോലെ സങ്കടപ്പെടുത്തുന്നത‌്.

പരിക്കുകൾ വേട്ടയാടുകയും വഴിമുടക്കിയുമില്ലായിരുന്നെങ്കിൽ മറെയ‌്ക്ക‌് ആറ‌ുമുതൽ പത്ത‌ുവരെ ഗ്രാൻസ്ലാം കിരീടങ്ങൾ നേടാമെന്ന‌് വിദഗ‌്ധർ പ്രവചിച്ചിരുന്നു. മറെയെ തടയാൻ ദ്യോകോവിച്ചിനുമാത്രമേ കഴിയൂ എന്ന‌് മാറ്റസ‌് വിലാൻഡറെപ്പോലെയുള്ള മുൻ താരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നിനെയും കൂസാത്ത പ്രകൃതം, തീപാറുന്ന കണ്ണുകൾ, തോൽക്കാൻ മനസ്സില്ലാത്തവൻ, ടെന്നീസിൽ ലിംഗനീതിക്കുവേണ്ടി ശബ‌്ദമുയർത്തിയവനെന്ന നിലയിൽ ആദർശധീരതയുടെ പേരിലും ഓർമിക്കപ്പെടുന്നവനാണ‌് 2017ൽ സർ പദവി നൽകി ആദരിക്കപ്പെട്ട ഈ സ‌്കോട്ടിഷുകാരൻ. അന്യോന്യം കടിച്ചുകീറാൻ നിൽക്കുന്ന സ‌്കോട്ടിഷുകാരുടെയും ഇംഗ്ലീഷുകാരുടെയും മനസ്സുകളിലൂടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പാലം പണിയാൻ മറെയുടെ ടെന്നീസ‌് നേട്ടങ്ങൾക്കു കഴിഞ്ഞത‌്, തങ്ങൾക്കിടയിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായി കാണുന്ന ഇരു ജനതയും ഈ താരത്തെ ഹൃദയത്തോട‌് ചേർത്തുപിടിക്കുന്നു.


പ്രധാന വാർത്തകൾ
 Top