22 April Monday

ഫേസ്‌ബുക്കില്‍ കുറിപ്പിട്ട് ആത്മഹത്യ ചെയ്യാമെന്ന് ഓര്‍ത്താല്‍ ഇനി നടക്കില്ല; ജീവന്‍ രക്ഷിക്കാന്‍ ഫെയ്‌സ്‌ബുക്ക്

നിഖില്‍ നാരായണന്‍Updated: Thursday Nov 30, 2017

ഫെയ്‌സ്‌ബുക്കില്‍ ആത്മഹത്യാകുറിപ്പുകള്‍ എഴുതിയിട്ട് ജീവിതം അവസാനിപ്പിക്കുന്ന സംഭവങ്ങള്‍പോലും അടുത്തകാലത്ത്നമ്മള്‍ വായിച്ചറിഞ്ഞുകാണുമല്ലോ. ഇത്തരക്കാരെ നേരത്തെ തിരിച്ചറിഞ്ഞ് അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ഫെയ്സ്ബുക്കിന്റെ പുതിയ ശ്രമം. കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഫെയ്സ്ബുക്ക് ഇത്തരക്കാരുടെ മനസ്സ് വായിക്കുന്നത്. 

പോസ്റ്റുകളുടെ ഉള്ളടക്കം മനസ്സിലാക്കി, ആത്മഹത്യയിലേക്കു പോകാന്‍ ഇടയുണ്ടെന്ന് ഫെയ്സ്ബുക്കിന് തോന്നിയാല്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള വ്യക്തികളുടെയും ലേഖനങ്ങളുടെയും വിവരങ്ങള്‍ ഫെയ്സ്ബുക്ക് ഇത്തരക്കാരുടെ മുന്നിലെത്തിക്കും. ഇതുകൂടാതെ ഇത്തരക്കാരുടെ സുഹൃത്തുക്കള്‍ക്കും ഈ വിവരങ്ങള്‍ കൈമാറും. ഒരുപക്ഷെ നിങ്ങളുടെ ഫെയ്സ്ബുക്ക് സുഹൃത്തക്കള്‍ക്ക് മനസ്സിലാവുന്നതിനു മുമ്പേ ഫെയ്സ്ബുക്കിന് നിങ്ങളുടെ പോക്ക് മനസ്സിലാകുമെന്ന് ചുരുക്കം. ചങ്ങാതിയുണ്ടായാല്‍ കണ്ണാടി വേണ്ട എന്നത് ഒന്ന് മാറ്റി ഫെയ്സ്ബുക്ക് ഉണ്ടായാല്‍ ചങ്ങാതി വേണ്ട എന്നാക്കേണ്ടിവരുമോ?

അമേരിക്കയില്‍ പരീക്ഷിച്ച ഈ സേവനം ഫെയ്സ്ബുക്ക് യൂറോപ്യന്‍ യൂണിയന്‍ ഒഴികെയുള്ള നാടുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ സ്വകാര്യത സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായതുകൊണ്ട് ഇത്തരം വിവരങ്ങള്‍ സ്വരൂപിച്ച് അപഗ്രഥിക്കാനൊന്നും നിയമപരമായി സാധ്യമല്ല. ഇതുകൂടാതെ ഒരാളുടെ പോസ്റ്റ് പന്തിയല്ലെന്നു തോന്നി എന്നിരിക്കുക. മറ്റാരെങ്കിലും അത് റിപ്പോട്ട്ചെയ്തു എന്നു വയ്ക്കുക. അത് വായിച്ച് മനസ്സിലാക്കാന്‍ ഇന്ന് മനുഷ്യരെയാണ് നിയമിച്ചിരിക്കുന്നത്. ഇനി ഇത്തരം കൃത്രിമബുദ്ധിയുള്ള സോഫ്റ്റ് വെയറുകള്‍ അത്തരം റിപ്പോട്ടുകള്‍ വായിച്ചു മനസ്സിലാക്കി വേണ്ട നടപടിയെടുക്കും. എന്നിട്ട് അത് മോഡറേറ്റര്‍മാര്‍ക്ക് (മനുഷ്യരാണിവര്‍) അയക്കും. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനും ബോട്ടുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്. ലോകത്തെ പല ഭാഷകളും മനസ്സിലാക്കാനുള്ള നിലയിലേക്കും മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ നീങ്ങുന്നുണ്ട്. ഇംഗ്ളീഷ് മാത്രമല്ലല്ലോ നമ്മള്‍ സങ്കടം വരുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ. പോസ്റ്റ് കൂടാതെ കമന്റുകളും ഫെയ്സ്ബുക്കിലെ ഈ ബുദ്ധിയുള്ള ബോട്ടുകള്‍ വായിച്ച് വേണ്ടരീതിയില്‍ നടപടിയെടുക്കും.

ഭാവിയില്‍ ആത്മഹത്യാപ്രവണത എന്നതില്‍നിന്നു മാറി വിദ്വേഷം, വര്‍ഗീയത, മതസ്പര്‍ധ എന്നിവ വളര്‍ത്തുന്ന പോസ്റ്റുകളെയും പെട്ടെന്ന് തിരിച്ചറിയാന്‍ ഫെയ്സ്ബുക്കിന്റെ ഈ കൃത്രിമ ബുദ്ധിയുള്ള സംവിധാനത്തിന് സാധിക്കുമെന്നാണ് അവര്‍ പറയുന്നത്. ഇതില്‍നിന്ന് ഒഴിവാകാന്‍ നിവൃത്തിയില്ലാ കേട്ടോ. എന്നാല്‍ പിന്നെ ആത്മഹത്യാ പോസ്റ്റ് ഇടുന്നവര്‍ ഓപ്റ്റ്് ഔട്ട് ഉപയോഗിച്ച് പുറത്തുകടന്ന് ഫെയ്സ്ബുക്കിനെ പോസ്റ്റ്  വായിക്കാന്‍ സമ്മതിക്കാതിരുന്നാലോ? അതാണ് ഈ സംവിധാനത്തില്‍നിന്ന് ഒഴിവാകാന്‍ അനുവദിക്കാത്തത്.

സാങ്കേതികവിദ്യയും മനുഷ്യരും ഒക്കെക്കൂടി ഇത്തരം പ്രവണതകളെ നേരത്തെ തിരിച്ചറിഞ്ഞു സഹായഹസ്തവുമായി എത്തുമെന്നുള്ളത് സമൂഹമാധ്യമം എന്നതില്‍നിന്ന് ഫെയ്സ്ബുക്ക് നമൂഹനന്മയ്ക്കുള്ള ഒരു പ്രസ്ഥാനം എന്നതിലേക്ക് വളരുന്നു എന്നതിന്റെ സൂചനയാകാം. ഇതുകൂടാതെ ലൈവായി ആത്മഹത്യ സംപ്രേഷണംചെയ്യുന്നവരുടെ വീഡിയോ ഫ്ളാഗ്ചെയ്ത് മോഡറേറ്റര്‍മാരെ അറിയിക്കാനും ഈ പുതിയ സാങ്കേതിക വിദ്യക്ക് സാധിക്കും.

അപ്പോള്‍ ഇതൊക്കെ എങ്ങനെ ഫെയ്സ്ബുക്കിന്റെ കൃത്രിമ ബുദ്ധിക്ക് മനസ്സിലാകുമെന്നാണോ? നിരവധിപേര്‍ ഇത്തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും കാലാകാലങ്ങളായി ഇട്ടതുകൊണ്ട് അതൊക്കെ അപഗ്രഥിച്ച് ആത്മഹത്യാ സംബന്ധമായ സിഗ്നലുകള്‍ മനസ്സിലാക്കാന്‍ ഫെയ്സ്ബുക്ക് സംവിധാനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു.

ഏതെങ്കിലും സിനിമയില്‍നിന്നുള്ള വില്ലനെ നിഷ്പ്രഭമാക്കുന്ന അടിപൊളി ഡയലോഗ് ഒക്കെ ഫെയ്സ്ബുക്കില്‍ ഇനി സ്റ്റാറ്റസായി ഇട്ടാല്‍ ചിലപ്പോള്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. നിങ്ങള്‍ അക്രമസ്വഭാവം ഉള്ളയാളാണെന്നു പറഞ്ഞ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഒരു സന്ദേശം പോയാലോ? അല്ലേ. 
 

പ്രധാന വാർത്തകൾ
 Top