17 January Sunday

കൊറോണ ആശങ്ക പരത്തുമ്പോൾ...

ഡോ. ഷീജ ശ്രീനിവാസ്‌ ഇടമനUpdated: Thursday Jan 30, 2020

വൈറസ്‌ എന്ത്‌, എങ്ങനെ പടരുന്നു
കൊറോണ വൈറസ് ആശങ്കപടർത്തുകയാണ്‌ . ചൈനയിൽനിന്ന് തുടങ്ങിയ  കൊറോണ ഭീതി സൗദി അറേബ്യ, നേപ്പാൾ,  ശ്രീലങ്ക, കംബോഡിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വിദേശസഞ്ചാരമുള്ള കേരളവും കടുത്ത ജാഗ്രതയിലാണ്‌. മനുഷ്യൻ ഉൾപ്പെടെ സസ്തനികളുടെ ശ്വാസകോശങ്ങളെയാണ് കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത്. ഇവ ജലദോഷംമുതൽ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നിവയ്‌ക്കുവരെ കാരണമാകുന്നു. ഇതിനുപുറമെ കുടലുകളെയും ബാധിക്കാം. മനുഷ്യന് ഉണ്ടാകുന്ന 15-–-30 ശതമാനം ജലദോഷത്തിനും ഇവയാണ് കാരണമെന്നറിയുക. എലി, പട്ടി, പൂച്ച, ടർക്കികോഴികൾ, കുതിര, ഒട്ടകം, പന്നി, കന്നുകാലികൾ തുടങ്ങിയവയെയും കൊറോണ വൈറസ് ബാധിക്കുന്നു.

‘കിരീട’  വൈറസ്

കൊറോണ വൈറിഡെ കുടുംബത്തിൽപ്പെട്ട കൊറോണ വൈറിനെ എന്ന ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ആവരണമുള്ള വൈറസുകളാണ് കൊറോണ വൈറസുകൾ. ആറുതരം കൊറോണ വൈറസാണ് മനുഷ്യരിൽ അണുബാധ ഉണ്ടാക്കുന്നത്. കൊറോണ വൈറസിന്റെ പ്രതലത്തിലെ കിരീടംപോലുള്ള പ്രൊജക്‌ഷനുകളാണ് അവയ്ക്ക് ആ പേര് കിട്ടാൻ കാരണമായത്. ലാറ്റിൻ ഭാഷയിൽ ‘കൊറോണ’ എന്ന വാക്കിന് ‘കിരീടം’ എന്നാണ് അർഥം.

ശീതകാലത്തും വസന്തകാലത്തുമാണ് പ്രധാനമായും മനുഷ്യരിൽ ഈ അണുബാധ ഉണ്ടാകുന്നത്. കൊറോണ വൈറസ് ആന്റിബോഡികൾ ശരീരത്തിൽ അധികകാലം നിലനിൽക്കില്ല എന്നതിനാൽ ഒരിക്കൽ അണുബാധ വന്നാലും അധികം താമസിയാതെ വീണ്ടും വരാൻ സാധ്യതയുണ്ട്. മ്യൂട്ടേഷൻ അഥവാ ജനിതകവ്യതിയാന സാധ്യത വളരെക്കൂടുതൽ ആണെന്നത് ഈ വൈറസിന്റെ ദോഷഫലം വർധിപ്പിക്കുന്നു.  ഒരുതരം വൈറസിന്റെ ആന്റിബോഡി മറ്റുള്ളതരം വൈറസിനെതിരെ പ്രയോജനം ചെയ്യില്ല.


 

ഇപ്പോൾ ചൈനയിൽ കണ്ടെത്തിയത്‌ ഈ ശ്രേണിയിലെ  പുതിയ ഇനം വൈറസായ  2019 നോവൽ കൊറോണ വൈറസ് (2019 nCoV) എന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്‌. അപ്രതീക്ഷിതമായി കഴിഞ്ഞ മാസംമുതലാണ്‌ വൈറസ്‌ ബാധ കണ്ടുതുടങ്ങിയത്‌. പുതിയ വൈറസ്‌ ആയതുകൊണ്ടുതന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങൾ പഠനവിധേയമാക്കിയാകും പുതിയ വാക്‌സിൻ കണ്ടെത്തുക.

2012ൽ സൗദി അറേബ്യയിലും ഈ വൈറസ് രോഗം പടർത്തിയിരുന്നു.  മെഴ്‌സ്‌കോവ്‌ (MERS-Cov) എന്ന കൊറോണ വൈറസായിരുന്നു അന്ന്‌ കാരണം.  പിന്നീട് പശ്‌ചിമ ഏഷ്യയിലെ മറ്റുരാജ്യങ്ങളിലും ആഫ്രിക്ക, ഏഷ്യ, യൂറോപ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും ഇത്‌ പടർന്നു. 2002ൽ ചൈനയിലും സമീപരാജ്യങ്ങളിലും കണ്ടെത്തിയ സാർസി (സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം–-സാർസ്‌ )നും കാരണം  കൊറോണ വൈറസായിരുന്നു.

ലക്ഷണങ്ങൾ

ജലദോഷം, തുമ്മൽ, ക്ഷീണം, ചുമ, തൊണ്ടവേദന, പനി, ശരീരവേദന, ശ്വാസംമുട്ടൽ  തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തിൽ ഉണ്ടാകുക. ചിലതരം കൊറോണ വൈറസുകൾ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമിനും കാരണമാകും. ഇത്തരം അവസരങ്ങളിൽ ശ്വാസംമുട്ടൽ, വിറയൽ, വയറിളക്കം തുടങ്ങിയവയുണ്ടാകും. ഗുരുതരഘട്ടങ്ങളിൽ ശ്വാസകോശം, ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനം നിലയ്‌ക്കാം.  മരണത്തിനുംവരെ കാരണമാകാം.

പകരുന്നതെങ്ങനെ
പക്ഷി മൃഗാദികളിലാണ്‌ ഈ വൈറസ്‌ ആദ്യം രോഗമുണ്ടാക്കുന്നത്‌.  ഇവയുമായോ രോഗം ബാധിച്ച ആളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാം.  രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം 10 ദിവസത്തിനുള്ളിൽ വരാം. ശ്വാസകോശ ദ്രവങ്ങളിലൂടെയാണ് വൈറസ് ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് പകരുന്നത്. മൂക്കും വായും മറയ്‌ക്കാതെ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ ശ്വാസകോശ ദ്രവങ്ങൾ വായുവിൽ കലരാനും മറ്റുള്ളവർക്ക് പകരാനും കാരണമാകും. വായുവിൽക്കൂടെയും സമ്പർക്കത്തിലൂടെയും പകരാം.


 


ചികിത്സ
മറ്റ്‌ വൈറൽ അണുബാധപോലെതന്നെ ഇവയ്ക്കും പ്രത്യേകം മരുന്നില്ല. ഓരോ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. അധ്വാനം ഒഴിവാക്കി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക, പനി, ജലദോഷം, ചുമ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ഉപയോഗിക്കുക എന്നുള്ളതാണ് ചികിത്സാ രീതി.

പരിശോധന
ശ്വാസകോശ ദ്രവങ്ങൾ, രക്തം മുതലായവയിൽനിന്ന്‌ വൈറസിനെ കണ്ടെത്താം. ഗുരുതരമായ അണുബാധയുണ്ടെങ്കിൽ മാത്രമേ ഇതിന് പ്രാധാന്യമുള്ളൂ.  രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗനിർണയം നടത്തുക. പിസിആർ, എൻഎഎടി എന്നിവയാണ്പ്രധാന പരിശോധനകൾ.

പ്രതിരോധം
രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽത്തന്നെ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും വേണം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പാൾ തൂവാലകൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കാൻ ശ്രദ്ധിക്കണം. രോഗികളുടെ സമ്പർക്കം വരുന്ന പ്രതലങ്ങളും വസ്തുക്കളും അണുവിമുക്തമാക്കണം. ശ്വാസകോശ ദ്രവങ്ങൾ ഉള്ള വസ്തുക്കളും നശിപ്പിക്കണം.  ശുചിത്വം പരമപ്രധാനം. കൈകൾ സോപ്പ്  ഉപയോഗിച്ച് ശുചിയാക്കുകയും രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം.
 

കരുതലോടെ ശാസ്‌ത്രലോകവും ആരോഗ്യവിദഗ്‌ധരും
ചൈനയിൽ മരണ സംഖ്യ 130 കഴിഞ്ഞു. ആറായിരത്തിലധികം പേർക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ തുടങ്ങി പതിനഞ്ചിലധികം രാജ്യങ്ങളിലേക്ക്‌ പടർന്ന കൊറോണെയെ നേരിടാൻ  ശാസ്‌ത്രലോകവും ആരോഗ്യവിദഗ്‌ധരും തീവ്ര ശ്രമമാണ്‌ നടത്തുന്നത്‌.  പ്രതിരോധ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമം  ചൈനയിലേതടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു .  ഇതിനായി ഗവേഷകരുടെ പ്രത്യേക സംഘത്തെ ചൈന  നിയോഗിച്ചതായാണ്‌ റിപ്പോർട്ട്‌. അമേരിക്കയിലെ വിവിധ  സ്ഥാപനങ്ങളിലും ഇതു സംബന്ധിച്ച ഗവേഷണങ്ങൾക്ക്‌ തുടക്കമിട്ടു.വൈറസിന്റെ ഉറവിടം, പടരാനുള്ള കാരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച ആശയക്കുഴപ്പം നീക്കാനുള്ള  ഗവേഷണവും ഒപ്പം നടക്കുന്നു.


(സംസ്ഥാന ഹെൽത്ത്‌ സർവീസിൽ മെഡിക്കൽ ഓഫീസറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top