24 February Sunday

പച്ചക്കറിയിലെ വേരുബന്ധ നിമവിരകളെ കരുതിയിരിക്കുക

മലപ്പട്ടം പ്രഭാകരൻUpdated: Thursday Mar 29, 2018

   
പച്ചക്കറി കൃഷിയുടെ ഒരു പ്രധാന ശത്രുവായി 'വേരുബന്ധ നിമാവിരകൾ'എന്ന മണ്ണിലെ സൂക്ഷ്മകീടം മാറിയിരിക്കുകയാണ്. സൂക്ഷ്മ ദർശിനിയിലൂടെ മാത്രം കാണാൻ പറ്റുന്ന നേർത്ത നൂൽരൂപത്തിലുള്ള ജീവിയായതിനാലാണ് നിമവിര എന്നു പറയുന്നത്.പച്ചക്കറിച്ചെടിയുടെ വേരുമായി ബന്ധപ്പെട്ടാണ് ഇവ ഉപദ്രവം ചെയ്യുക. തൈകൾ മുരടിക്കുക, മഞ്ഞളിപ്പ്, വേരുവളർച്ച ഇല്ലാതാവുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം. വളക്കുറവും മറ്റു രോഗങ്ങളുമാണെന്ന് ധരിച്ച് പ്രതിവിധികൾ തേടും.  ഫലം ചെയ്യാതെ വരികയും ചെയ്യും. ഈ ലക്ഷണം കൃഷിയിടത്തിൽ പല ഭാഗത്തായി കാണുന്നുവെങ്കിൽ നിമാവിരയാണെന്ന് കൂടുതൽ ബലപ്പെടുത്താം. വേര് പരിശോധിച്ചാൽ ഏറെക്കുറെ നമുക്കു തിരിച്ചറിയാം. വേരു പടലങ്ങളിൽ അനേക മുഴകൾ (പയർവർഗ്ഗമൊഴികെ) കാണുന്നതാണ് ഒരു ലക്ഷണം. വേരുബന്ധ നിമവിരകൾ ചെടിയുടെ വേരു തുരന്ന് ഉള്ളിൽ കയറി മുട്ടയിടും. ഇവിടെ മുഴ രൂപപ്പെടും. തുടർന്ന് അങ്ങോട്ട് വേരുകൾക്ക് ഭക്ഷണം വലിച്ചെടുത്ത് ചെടികൾക്ക് നൽകാനാവില്ല. ഇതാണ് മുരടിപ്പിനും മഞ്ഞളിപ്പിനും കാരണം. ഇവയെ കണ്ടെത്താൻ വേരും, മണ്ണും ലബോറട്ടറികളിൽ പരിശോധിക്കുന്ന രീതിയും നിലവിലുണ്ട്. മൂന്നുമുതൽ അഞ്ചു ആഴ്ചക്കാലമാണ് ഇവയുടെ ജീവിതചക്രം ഇതിനകം അനേകം മുട്ടകൾ നിക്ഷേപിച്ച് വേരുകളെ തളർത്തും.

നിയന്ത്രണം
തുടർച്ചയായി ഒരിടത്തിൽ തന്നെ പച്ചക്കറി കൃഷി ചെയ്യുന്നത് പരമാവധി ഒഴിവാക്കുക, വിളകൾ മാറിമാറി കൃഷിചെയ്യുക, നിലം കൊത്തിയിട്ട് നല്ലപോലെ സൂര്യതാപം ഏൽപ്പിക്കുക, കൂടുതൽ ലക്ഷണം കാണുന്ന കൃഷിയിടങ്ങളിൽ അടുത്ത വിളവിറക്കും മുമ്പെ മണ്ണിൽ തീയിട്ടുകരിക്കുന്നത് നല്ലതാണ്. കൃഷിക്കുപയോഗിക്കുന്ന ഉപകരണങ്ങൾ വഴി വ്യാപിക്കാറുണ്ട്. ഉപകരണങ്ങൾ വൃത്തിയായി കഴുകി വെയിലത്തുണക്കിയും തിളച്ചവെള്ളത്തിൽ അഞ്ച് മിനിറ്റ് മുക്കിയ ശേഷവും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വേപ്പിൻ പിണ്ണാക്കുകൾ തുടർച്ചയായി ഉപയോഗിക്കുകയാണ് മറ്റൊരു പോംവഴി. ഒരു ച.മീറ്ററിന് 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ചേർക്കുക. ചില പച്ചിലവളങ്ങൾ നിമവിരയെ നശിപ്പിക്കും. ശീമക്കൊന്ന, വേപ്പില, കമ്മ്യൂണിസ്റ്റ് പച്ച, കാട്ടുസൂര്യകാന്തി, കിലുക്കിച്ചെടി  തുടങ്ങിയവയെല്ലാം ഇതിന് പറ്റിയതാണ്. ഇവയാലെതെങ്കിലും ലഭ്യമായ ഒന്ന് ഒരു ച.മീറ്ററിന് അഞ്ച് കി.ഗ്രാം എന്ന തോതിൽ മണ്ണിൽ ചേർത്തു കൊടുക്കുക.

"പെസിലോമൈസിൻ' എന്ന മിത്രകുമിൾ നിമവിരകളെ നശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. 5‐10 ഗ്രാം പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി  ചെടിനട്ടശേഷം മണ്ണിൽ തളിക്കുക. അപ്പോൾ മണ്ണിൽ ഈർപ്പമുണ്ടായിരിക്കണം. ഈ സമയം വേപ്പിൽ പിണ്ണാക്കു കൂടി ചേർക്കുന്നത് ഉചിതമാണ്. 

കൂടാതെ 'ബാസിലസ് മാസറൻസ്' എന്ന ബാക്ടീരിയ ഉൾപ്പെട്ട ജീവാണു വളവും ഉപയോഗിക്കാം. ഇത് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തൈകളുടെ ചുവട്ടിൽ ഒഴിക്കാം. മിത്രകുമിൾ, ബാക്ടീരിയ ലായനി പ്രയോഗിക്കുമ്പോൾ 10 ദിവസത്തിനു മുമ്പേ രാസകീട, കുമിൾ നാശിനികൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
 

പ്രധാന വാർത്തകൾ
 Top