19 April Friday

ആഗോള താപനം ഭക്ഷ്യശീലങ്ങളെ സ്വാധീനിക്കുന്നുവോ?

ഡോ. ഗോപകുമാര്‍ ചോലയില്‍Updated: Thursday Sep 28, 2017

2050ാം ആണ്ടോടെ ഉഷ്ണതരംഗങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച, കൊടുങ്കാറ്റുകള്‍ തുടങ്ങി കാലാവസ്ഥാ വ്യതിയാന പ്രഭാവങ്ങള്‍ മാത്രമല്ല ജനങ്ങളെ അലോസരപ്പെടുത്താന്‍ പോകുന്നത്. അതിലുപരി ജനങ്ങളുടെ പരമ്പരാഗത ഭക്ഷ്യശീലങ്ങളെവരെ ആഗോള താപന പ്രഭാവം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉയര്‍ന്ന നിലമൂലം ഗോതമ്പ്, അരി, ഉരുളന്‍കിഴങ്ങ്, ചോളം തുടങ്ങി ജനങ്ങളുടെ മുഖ്യാഹാര വിളകളിലെല്ലാം മാംസ്യത്തിന്റെ (പ്രോട്ടീന്‍) അളവ് വളരെ കുറവാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

തല്‍ഫലമായി 2050 ഓടെ 47 രാഷ്ട്രങ്ങളിലെ 150 മില്യണ്‍ ജനങ്ങള്‍കൂടി പോഷകാഹാരക്കുറവുമൂലമുള്ള ദുരിതങ്ങള്‍ അനുഭവിക്കാന്‍ ഇടയാകും. ലോകജനസംഖ്യയുട 80 ശതമാനത്തോളവും ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയെയാണ് പ്രോട്ടീന്‍ സ്രോതസ്സുകളെന്ന നിലയില്‍ ആശ്രയിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണപ്രകാരം ഇപ്പോള്‍തന്നെ ഏകദേശം മൂന്നു ദശലക്ഷം ശിശുമരണങ്ങളും പോഷണവൈകല്യംകൊണ്ട് ഉണ്ടാകുന്നവയാണ്.

പ്രോട്ടീന്‍സംഭരണശേഷി കുറയുന്നു

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉയര്‍ന്ന തോത് ധാന്യങ്ങളുടെ പ്രോട്ടീന്‍ സംഭരണശേഷിയില്‍ അഞ്ചു ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്ന് പരീക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുഖ്യ ഭക്ഷ്യവസ്തുക്കളിലെ പോഷണമൂല്യം കുറയുന്നതിന്റെ ഫലമായി ലോകത്തെ പല ജനവിഭാഗങ്ങളിലും പോഷണക്കുറവുമൂലമുള്ള വൈകല്യങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. മാനുഷിക വ്യാപാരംവഴിയുള്ള കാര്‍ബണ്‍ ഡയോക്സൈഡ് ഉല്‍സര്‍ജനം അടിയന്തരമായി കുറയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ആഗോള ജനസംഖ്യയുടെ 80 ശതമാനത്തോളവും സസ്യങ്ങളെയാണ് പ്രോട്ടീന്‍സ്രോതസ്സുകളെന്ന നിലയില്‍ ആശ്രയിക്കുന്നതെന്ന് സൂചിപ്പിച്ചല്ലോ. കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉയര്‍ന്നതോതിലുള്ള സാന്നിധ്യം അരി, ഗോതമ്പ്, ബാര്‍ലി, ഉരുളന്‍കിഴങ്ങ് എന്നിവയിലെ പ്രോട്ടീന്‍ തോത് യഥാക്രമം 7.6 ശതമാനം, 7.8 ശതമാനം, 14.1 ശതമാനം, 6.1 ശതമാനം എന്നീ അളവില്‍ കുറയാനിടയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

അരി, ഗോതമ്പ് എന്നിവ പ്രധാന ആഹാരമായി ഉപയോഗിക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍, ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ പോഷണസംബന്ധമായി വെല്ലുവിളികള്‍ ഉയര്‍ത്താനാവുമെന്ന് ഇത്തരം കണ്ടെത്തലുകള്‍ ഊന്നിപ്പറയുന്നുണ്ട്. ഇന്ത്യക്കാരുടെ സാധാരണ ഭക്ഷണത്തില്‍നിന്ന് പ്രോട്ടീനിന്റെ 5.3 ശതമാനത്തോളം കുറവുണ്ടാകുമെന്നും അതുവഴി 53 ദശലക്ഷം ജനങ്ങള്‍ പ്രോട്ടീന്‍ പോരായ്മകൊണ്ടുള്ള ദുരിതങ്ങള്‍ക്ക് അടിമപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല, കാര്‍ബണ്‍ഡയോക്സൈഡിന്റ അന്തരീക്ഷ തോതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മുഖ്യാഹാരത്തില്‍ ഇരുമ്പിന്റ അംശത്തിലും കുറവുണ്ടാകുമെന്ന് കാണപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നുവെന്നുള്ളത് ഇപ്പോള്‍ ആഗോളതലത്തില്‍തന്നെ ഒരു പ്രധാന പ്രശ്നമാണ്.

അനീമിയ കൂടുന്നു

അഞ്ചുവയസ്സില്‍ താഴെയുള്ള 354 ദശലക്ഷം കുട്ടികളും 1.5 ബില്യണോളം (150 കോടി) യുവതികളും, പ്രധാനമായും ദക്ഷിണേന്ത്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളില്‍ ജീവിക്കുന്നവര്‍, ഇപ്പോള്‍തന്നെ ഉയര്‍ന്നതോതില്‍ അനീമിയ ബാധിച്ചവരാണ്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉയര്‍ന്ന പ്രാഭാവംമൂലം ഭക്ഷണത്തില്‍നിന്ന് വീണ്ടും 3.8 ശതമാനത്തോളം ഇരുമ്പ് നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഉല്‍സര്‍ജനം സിങ്കിന്റെ അഭാവത്തിനും കാരണമാകുമെന്നും വിലയിരുത്തുന്നു. കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉയര്‍ന്നതോതിലുള്ള ഉത്സര്‍ജനം ഏറ്റവും കൂടുതല്‍ ബാധിക്കാനിടവരുന്ന രാജ്യങ്ങളെയും ജനസമൂഹങ്ങളെയും തിരിച്ചറിഞ്ഞ് അവിടേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക, പോഷണവൈകല്യം കുറഞ്ഞതോതിലുണ്ടാകാന്‍തക്കവണ്ണത്തിലുള്ള ബോധവല്‍കരണം അവര്‍ക്കിടയില്‍ നടത്തുക, പോഷകവൈകല്യം മറികടക്കാനാവശ്യമായ വൈവിധ്യപൂര്‍ണവും പോഷകസമൃദ്ധവുമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക, മുഖ്യ ഭക്ഷ്യവിളകളുടെ പോഷകാവശ്യം മെച്ചപ്പെടുത്തുക, കാര്‍ബണ്‍ ഡയോക്സൈഡ് പ്രഭാവത്തിനോട് കുറഞ്ഞ സംവേദനശേഷി മാത്രം പ്രകടിപ്പിക്കുന്ന വിളകള്‍ വികസിപ്പിച്ചെടുക്കുക, ആഗോളതലത്തില്‍തന്നെ എത്രയും പെട്ടെന്ന് കാര്‍ബണ്‍ ഉത്സര്‍ജനം കുറയ്ക്കാന്‍ സഹായിക്കുന്ന ശ്രമങ്ങളെ പരിപോഷിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ പ്രശ്നത്തെ അതിജീവിക്കാന്‍ അനുവര്‍ത്തിക്കാവുന്നതാണ്.

എന്നാല്‍ എപ്രകാരമാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉയര്‍ന്ന തോത് സസ്യങ്ങളിലെ പ്രോട്ടീന്‍ സംശ്ളേഷണത്തെ പിന്നോട്ടടിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കാര്‍ണ്‍ ഡയോക്സൈഡ് സാന്ദ്രതകൂടുന്ന സാഹചര്യങ്ങളില്‍ സ്വാഭാവികമായ പ്രകാശ സംശ്ളേഷണ പ്രക്രിയക്ക് ആക്കംകൂട്ടുന്നു. തല്‍ഫലമായി കൂടുതല്‍ കാര്‍ബോഹൈഡ്രറ്റ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ അളവ് കുറയുന്നതായാണ് കാണിക്കുന്നത്.

പോഷകാഹാരക്കുറവ്; ശിശുമരണം

അഞ്ചുവയസ്സില്‍ താഴെയുള്ള ശിശുക്കളുടെ മരണം ഏകദേശം പകുതിയോളവും സംഭവിക്കുന്നത് പോഷകാഹാരക്കുറവുമൂലമാണ്. അതായത് പ്രതിവര്‍ഷം എകദേശം മൂന്നു ദശലക്ഷം കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ മരിക്കുന്നത്. സാധാരണ അണുബാധമൂലമുള്ള മരണത്തെ അതിജീവിക്കാന്‍പോലും പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് സാധിക്കുന്നില്ല. മാത്രമല്ല അത്തരം ബാധകളുടെ വ്യാപ്തിയും തീവ്രതയും ഏറുകയും രോഗവിമുക്തി താമസിപ്പിക്കുകയോ അസാധ്യമാക്കുകയോ ചെയ്യുകയും ചെയ്യുന്നു. പോഷകവൈകല്യവും അണുബാധയും ഒത്തുചേരുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. (കാര്‍ഷിക സര്‍വകലാശാലയില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top