25 April Thursday

റോണോയെ വേണ്ട; ലൂകാക്കുവിനെ വാഴിച്ച് മൊറീന്യോ...

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017

റൊമേലു ലൂകാക്കു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലുള്ള സൂപ്പര്‍താരങ്ങളെ കൂട്ടിലെത്തിക്കുകയെന്ന 'അസാധ്യമായ ദൌത്യം'ഏറ്റെടുക്കാനോ അതിനായി സമയം പാഴാക്കാനോ താനില്ലെന്നു പറഞ്ഞ പരിശീലകരിലെ ചാണക്യനായ ഹൊസെ മൊറീന്യോ ഗര്‍വിഷ്ടനും അധികപ്രസംഗിയുമാണെന്ന് കരുതുന്നവരുണ്ടാവും. പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ പര്യടനം നടത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോസ് ഏയ്ഞ്ചല്‍സ് ഗ്യാലക്സിയെ 5-2ന് കീഴടക്കിയ മത്സരത്തിനുശേഷമായിരുന്നു മൊറീന്യോ അസാധ്യമായ ദൌത്യത്തെക്കുറിച്ച് പ്രതികരിച്ചത്. റയല്‍മാഡ്രിഡില്‍നിന്ന് ക്രിസ്റ്റ്യാനോ തന്നെ ആദ്യമായി സൂപ്പര്‍താരപദവിയിലേക്കെത്തിച്ച പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോഡിലേക്ക് തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് മൊറീന്യോ ആ വാതില്‍ കൊട്ടിയടച്ചത്.

പക്ഷേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ പ്രതിഭാശേഷിയും നേതൃപാടവവുമുള്ള ഒരു കളിക്കാരനെ വേണ്ടെന്നുപറയാന്‍ മൊറീന്യോയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാകാം. സമകാലിക ഫുട്ബോളില്‍ ഏത് ടീമെന്നല്ല, ആരാണ് പരിശീലകന്‍ എന്ന ചോദ്യത്തെ മറ്റെല്ലാ ചോദ്യത്തെക്കാളും ഉയരത്തില്‍ നിര്‍ത്തുന്നതില്‍ ഏറ്റവുമധികം വിജയിച്ചവനാണ് മൊറീന്യോ എന്ന കാര്യത്തില്‍ ആരും എതിര്‍വാദം ഉയര്‍ത്തില്ല. ടീമുകള്‍ ഇടയ്ക്കിടെ മാറുന്നവനാണെങ്കിലും കളിക്കാര്‍ക്കിടയിലും പരിശീലകര്‍ക്കിടയിലും അദ്ദേഹത്തോടുള്ള ബഹുമാനത്തിന് കുറവുണ്ടായിട്ടില്ല. എതിര്‍ ടീമിന്റെ കോച്ച് മൊറീന്യോയാണെങ്കില്‍ ഏതു ടീമും ഭയക്കുന്ന അവസ്ഥ. എതിരാളികളുടെ ശക്തിദൌര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് തന്റെ കളിക്കാരുടെ കഴിവുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താവുന്ന കേളീതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിലും കാഴ്ചവയ്ക്കുന്ന മിടുക്കാണ് ഹൊസെ മൊറീന്യോ എന്ന പോര്‍ച്ചുഗീസുകാരനെ മറ്റ് പരിശീലകരില്‍നിന്നു വ്യത്യസ്തനാക്കുന്നത്.

ക്രിസ്റ്റ്യാനോയെപ്പോലെ ഉന്നതനായ ഒരു കളിക്കാരനെ തന്റെ ടീംഘടനയിലേക്ക് വേണ്ടെന്നു പറഞ്ഞ മൊറീന്യോ പക്ഷേ വെറുതെയിരിക്കുകയായിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണമിടപാടിലൂടെ എവര്‍ടണിന്റെ സ്ട്രൈക്കറായ ബല്‍ജിയംകാരന്‍ റൊമേലു ലൂകാക്കുവിനെ 9.7 കോടി ഡോളറിന്റെ (ഏകദേശം 625 കോടി രൂപ) കരാറില്‍ ഓര്‍ഡ്ട്രോഫോഡിലേക്കെത്തിക്കാന്‍ മൊറീന്യോക്കായി. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ വാങ്ങാന്‍ യുണൈറ്റഡ് മുടക്കിയത് റെക്കോഡ് തുകയായിരുന്നു.

ലോസ് എയ്ഞ്ചല്‍സ് ഗ്യാലക്സിക്കെതിരെ രണ്ടാംപകുതിയില്‍ മാഞ്ചസ്റ്ററിന്റെ കുപ്പായത്തില്‍ അരങ്ങേറ്റംകുറിച്ച ലൂകാക്കുവിന് അന്ന് ഗോളടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ടീംഘടനയില്‍ അതിവേഗം ഇഴുകിച്ചേര്‍ന്ന ലൂകാക്കുവിന്റെ നീക്കങ്ങള്‍ മികച്ച വിജയത്തിന് നിദാനമായെന്ന് മൊറീന്യോ പറയുകയുണ്ടായി. ഈ മാസം 19ന് സാള്‍ട്ട്ലേക്ക് സിറ്റിയില്‍ റയല്‍സാള്‍ട്ട് ലേക്കിനെ 2-1ന് കീഴടക്കിയ മാഞ്ചസ്റ്ററിനുവേണ്ടി തന്റെ ആദ്യ ഗോള്‍ കുറിച്ച മുന്‍ ചെല്‍സിതാരംകൂടിയ ലൂകാക്കു ഹൂസ്റ്റണില്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും ഗോള്‍ നേടി. ഗോള്‍ നേടിയാലും ഇല്ലെങ്കിലും എതിര്‍നിരയിലേക്ക് നുഴഞ്ഞുകയറാനും ചടുലനീക്കങ്ങളിലൂടെകൂട്ടുകാര്‍ക്ക് പന്തെത്തിക്കാനും കഠിനാധ്വാനംചെയ്യുന്ന ലൂകാക്കു എല്ലായ്പ്പോഴും ആക്രമണത്തിന്റെ ഉറവയായി വര്‍ത്തിക്കുകയും വിസ്ഫോടനശേഷി പ്രകടിപ്പിക്കുകയുംചെയ്യുന്ന ഉന്നതനിലവാരമുള്ള സ്ട്രൈക്കറാണെന്ന് മൊറീന്യോ നിരീക്ഷിക്കുന്നു.

അതേസമയം, ലൂകാക്കുവിനെ ടീമിലെത്തിച്ചതിനൊപ്പം മൊറീന്യോക്ക് വെയിന്റൂണിയെ തന്റെ ആദ്യ ക്ളബ്ബായ എവര്‍ടണിലേക്ക് പറഞ്ഞയക്കാനും കഴിഞ്ഞുവെന്നത് നിരീക്ഷകര്‍ കൌതുകത്തോടെയാണ് കാണുന്നത്. ടീമില്‍ തന്റെ പ്രാധാന്യം അംഗീകരിച്ചുകിട്ടാത്തതിന്റെ അമര്‍ഷവും നീരസവും ഉള്ളിലൊതുക്കി മിക്കപ്പോഴും റിസര്‍വ് ബെഞ്ചില്‍ ഇരിക്കേണ്ടിവരുന്ന റൂണിയെ ഒഴിവാക്കേണ്ടതിനെക്കുറിച്ച് തലപുകച്ചുകൊണ്ടിരുന്ന മൊറീന്യോക്ക് ലൂകാക്കുവിന്റെ വരവ് അനുഗ്രഹമായി. ടീമില്‍ അപ്രമാദിത്വം നേടി ശ്രദ്ധാകേന്ദ്രമായി നിലനില്‍ക്കാനുള്ള റൂണിയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട മൊറീന്യോ ഇംഗ്ളണ്ടിന്റെ നായകനും സ്ട്രൈക്കറുമായ താരത്തിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള 13 വര്‍ഷത്തെ ബന്ധമാണ് മുറിച്ചത്.

ഇംഗ്ളണ്ടിലും പോര്‍ച്ചുഗലിലും സ്പെയ്നിലുമെല്ലാം പരിശീലകനായി  തിളങ്ങിയ ഹൊസെ മൊറീന്യോയുടെ വിദഗ്ധനിരീക്ഷണത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. റോണെയെ വേണ്ടെന്നുപറഞ്ഞ്, റൂണിയെ കൈവിട്ട് ഉറാമേലു ലൂകാക്കുവിനെ ചേര്‍ത്തുപിടിക്കുന്ന മൊറീന്യോയുടെ കീഴില്‍ പ്രതാപം വീണ്ടെടുക്കാന്‍ മാഞ്ചസ്റ്ററിനു കഴിയുമോയെന്ന് കാത്തിരുന്നു കാണുക.

പ്രധാന വാർത്തകൾ
 Top