17 October Thursday

ചിത്രയ്‌ക്ക്‌ ലോകമീറ്റ്‌ ഇനിയും സ്വപ്‌നം മാത്രമോ.....

എ എൻ രവീന്ദ്രദാസ്Updated: Thursday Jun 27, 2019

ഈ വരുന്ന സെപ്‌തംബറിൽ ദോഹയിലെ ഖലീഫ സ്‌റ്റേഡിയം ലോക അത്‌ലറ്റിക്‌സിലെ ഉത്തമാംശങ്ങളെ വരവേൽക്കുകയാണ്‌. 2020ലെ ഒളിമ്പിക്‌സിന്റെ മുന്നോടിയായി അവിടെ അരങ്ങേറുന്ന ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്‌ക്കുകയെന്ന ഇന്ത്യയുടെ അഭിമാനമായ പാലക്കാട്‌ മുണ്ടൂരുകാരി പി യു ചിത്രയുടെ സ്വപ്‌നം യാഥാർഥ്യമാകുമോ.

രണ്ട്‌വർഷം മുമ്പ്‌ ഭുവനേശ്വറിൽ ഏഷ്യൻ അത്‌ലറ്റിക്‌ മീറ്റിൽ 1500 മീറ്ററിൽ ചാമ്പ്യനായിട്ടും അത്തവണത്തെ ലണ്ടൻ ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന്‌ ചിത്രയെ ഒഴിവാക്കിയ കടുത്ത അവഗണനയുടെയും നീതികേടിന്റെയും കഥകൾ മറക്കാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ്‌ ഇക്കഴിഞ്ഞ ഏപ്രിലിൽ ദോഹയിൽ നടന്ന 23‐ാമത്‌ ഏഷ്യൻ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിലും കിരീടം നിലനിർത്തി ചരിത്രനേട്ടത്തെ പുൽകിയ ഈ താരത്തിനുമുന്നിൽ ഒരിക്കൽകൂടി ലോക മീറ്റിനുള്ള ടിക്കറ്റ്‌ നിഷേധിക്കപ്പെടുമോ എന്ന ചോദ്യവും ആശങ്കയും കായിക പ്രേമികൾ ഉയർത്തുന്നത്‌.

അവഗണനയ്‌ക്ക്‌ മറുപടി നൽകാനും തനിക്ക്‌ അർഹതപ്പെട്ട യോഗ്യത ഉറപ്പുവരുത്താനും സർവ്വതും മറന്നോടുന്ന ചിത്രയെയാണ്‌ നാം ഈയിടെ കണ്ടുകൊണ്ടിരിക്കുന്നത്‌. ഒടുവിൽ ഈ ജൂൺ മാസത്തിൽ തന്നെ യൂറോപ്പിലെ രണ്ട്‌ മീറ്റുകളിൽ ശക്തരായ എതിരാളികളെ പിന്തള്ളി ചിത്ര സ്വർണത്തിലേക്ക്‌ ഫിനിഷ്‌ ചെയ്‌തു. നെതർലൻഡ്‌സിലെ നിമേജനിൽ പുതുതലമുറ അത്‌ലറ്റിക്‌സിൽ ഈ മാസം 13ന്‌ 4:13.52നും നാല്‌ ദിവസത്തിനകം സ്വീഡനിൽ സോളൻട്യുന ഫോക്‌സാം ഗ്രാൻപ്രീ മീറ്റിൽ  4:12.65നും ഒന്നാമതെത്തിയതിനൊപ്പം തന്റെ സമയം 0.00.87 സെക്കൻഡ്‌ മെച്ചപ്പെടുത്താനും ഈ ഇരുപത്തിമൂന്നുകാരിക്കായി. ഫോക്‌സാമിൽ ചിത്ര തോൽപ്പിച്ചതാകട്ടെ കെനിയയുടെ മേഴ്‌സി ചെറോണയെയും.

 

ഇക്കുറിയും ലോകമീറ്റിനുള്ള ചിത്രയുടെ യോഗ്യതയ്‌ക്കുനേരെ കണ്ണടച്ചിരിക്കാൻ അധികൃതർക്കാവുമോ, ഏഷ്യൻ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സ്വർണം നിലനിർത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടമാണ്‌ ചിത്ര ദോഹയിൽ കുറിച്ചത്‌. സ്വർണം നിലനിർത്തിയെങ്കിലും കടുപ്പമേറിയ യോഗ്യതാ മാർക്കിലെത്താത്തതിനാൽ കഴിഞ്ഞ തവണത്തെ ദുരനുഭവം ആവർത്തിക്കപ്പെട്ടേക്കാമെന്ന സംശയം ചിത്രയും പങ്കുവയ്‌ക്കുന്നു. 2017ലെ ലോകമീറ്റിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടപ്പോൾ ഈ താരത്തിന്റെ ആവശ്യത്തിന്‌ സമൂഹ മാധ്യമങ്ങൾ മുതൽ സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും വരെ പിന്തുണയുണ്ടായിരുന്നു. ചിത്ര ടീമിലുൾപ്പെടുമെന്ന്‌ ദേശീയ അത്‌ലറ്റിക്‌ ഫെഡറേഷൻ ഉറപ്പുപറയണമെന്നുവരെ കോടതി നിർദേശിച്ചു. എല്ലാ ഇടപെടലുകൾക്കൊടുവിലും ചിത്രയുടെ സ്വപ്‌നം യാഥാർഥ്യമായില്ല.

2017 ഏഷ്യൻ മീറ്റിൽ 4:17.92, അഷ്‌ഗബട്ട്‌ ഏഷ്യൻ  ഇൻഡോർ ഗെയിംസിൽ 4:27.77, 2018 ജക്കർത്ത ഏഷ്യൻ ഇൻവിറ്റേഷൻ മീറ്റിൽ  4:18.74, പാട്യാല ഫെഡറേഷൻ കപ്പിൽ  4:15.25, 2019 ദോഹ ഏഷ്യൻ മീറ്റിൽ 4:14.56, ഒടുവിൽ സ്വീഡനിൽ 14:12.65. വർഷങ്ങളിലൂടെ സമയത്തിന്റെയും മത്സര വീര്യത്തിന്റെയും പുതിയ വിതാനങ്ങൾ സൃഷ്ടിച്ച്‌ ട്രാക്ക്‌ കീഴടക്കുന്ന ചിത്രയുടെ പ്രകടനങ്ങളിലെ ചില മികച്ച സമയ രേഖകൾ മാത്രമാണിത്‌. നിലവിലെ യോഗ്യതാ മാർക്ക്‌ നേടുക, വൈൽഡ്‌ കാർഡ്‌ എൻട്രി,  യോഗ്യതാ ചാമ്പ്യൻഷിപ്പായ മേഖലാ മത്സരങ്ങളിലെ വിജയം, മികച്ച റാങ്കിങ്‌ എന്നീ നാല്‌ മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്ന്‌ അടിസ്ഥാനമാക്കിയാൽ ചിത്രയെ ലോക മീറ്റിൽനിന്ന്‌ മാറ്റിനിർത്താനാവില്ല.

ഭൂഖണ്‌ഡ ചാമ്പ്യനെന്ന നിലയിൽ ചിത്രയ്‌ക്ക്‌ തീർച്ചയായും ലോക മീറ്റിനുള്ള ടീമിൽ സ്ഥാനമുണ്ടാകണം. മറിച്ച്‌ എന്തിന്‌ ചിന്തിക്കണമെന്നാണ്‌ അത്‌ലറ്റിക്‌ ഫെഡറേഷന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി എസ്‌ രൺധാവ ചോദിക്കുന്നത്‌. അദ്ദേഹം ഇപ്പോൾ ചിത്രയെ പിന്തുണക്കുന്നു എന്നത്‌ ശരിതന്നെ. പക്ഷെ രണ്ട്‌വർഷം മുമ്പ‌് ഫെഡറേഷനിലെ ചില മേലാളന്മാരോ, അവർ നേതൃത്വം നൽകുന്ന ലോബിയോ അല്ലേ ചിത്രയുടെ ലോക മീറ്റിന്‌ തുരങ്കംവച്ചത്‌. ഇത്തവണ ചിത്ര ലോക മീറ്റിനുണ്ടാവുമെന്നുതന്നെ കരുതാം. മറിച്ചായാൽ ഇന്ത്യയുടെ മികച്ച ഓട്ടക്കാരികളിലൊരാളായ ഈ മലയാളി താരത്തോടുകാട്ടുന്ന കടുത്ത അനീതിയായി തന്നെ അത്‌ ചരിത്രം രേഖപ്പെടുത്തേണ്ടിവരും.


പ്രധാന വാർത്തകൾ
 Top