13 July Monday

കോവിഡും ഓമനമൃഗങ്ങളും; തെറ്റിദ്ധാരണ വേണ്ട; ജാഗ്രത മതി

ഡോ. എ ഗംഗാധരൻനായർUpdated: Wednesday May 27, 2020

കോവിഡ്–-19 എന്ന മഹാമാരി ലോകമെമ്പാടും പടരുമ്പോൾ സ്വന്തം   ആരോ​ഗ്യത്തിൽ മാത്രമല്ല, തങ്ങളുടെ ഓമനമൃ​ഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തിൽ ആശങ്കയിലാണ് സമൂഹം. എന്നാൽ, ആശങ്കയല്ല ജാഗ്രതയാണ്‌ വേണ്ടതെന്ന്‌  ലോകാരോ​ഗ്യ സംഘടനയും ലോക മൃ​ഗാരോ​ഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്‌. 

ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ
തെരുവിൽ അലഞ്ഞുതിരിയുന്ന നായകൾ, പക്ഷികൾ, പൂച്ചകൾ, മറ്റ്‌ മൃഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കം ഒഴിവാക്കണം,  കൈയുറ, മാസ്ക് എന്നിവ നിർബന്ധമായും ഉപയോ​ഗിക്കണം. വളർത്തുമൃ​ഗങ്ങളെ അലക്ഷ്യമായി വീടിനുപുറത്ത് വിടരുത്‌. രോ​ഗം ബാധിച്ചവരും രോ​ഗിയുമായി ബന്ധപ്പെട്ട്‌ നിരീക്ഷണത്തിൽ കഴിയുന്നവരും അവരുടെ ഓമനമൃ​ഗങ്ങളുമായി ഇടപഴകുന്നത് പൂർണമായും ഒഴിവാക്കണം. ഇവയുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏൽപ്പിക്കണം. മൃഗശാലകളിൽ കൂടുതൽ ജാഗ്രത വേണം.

മൃ​ഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തിശുചിത്വം പാലിക്കണം. വളർത്തുമൃ​ഗങ്ങളുമായും അവയുടെ തീറ്റ വസ്തുക്കൾ, മറ്റ്‌ ഉപകരണങ്ങൾ എന്നിവയും ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടാകുന്നതിന് മുമ്പും ശേഷവും കൈകൾ 20 സെക്കൻഡെങ്കിലും നന്നായി സോപ്പിട്ട് കഴുകണം. തീറ്റ പാത്രങ്ങൾ, വെള്ള പാത്രങ്ങൾ എന്നിവയും സോപ്പിട്ട് കഴുകണം.

നിരീക്ഷണത്തിലുള്ളവരുടെ മുറിയിലേക്ക് ഓമനമൃ​ഗങ്ങളെ കടത്തിവിടരുത്. പൂച്ചകളെ പറ്റുമെങ്കിൽ പരമാവധി ഒരു മുറിയിൽ  പാർപ്പിക്കണം. രോ​ഗകാരണമുണ്ടെന്ന് സംശയിക്കുന്ന ഓമനമൃ​ഗത്തിന് ഒരു കാരണവശാലും "മാസ്ക്' ഇട്ടുകൊടുക്കരുത്. ഇത്‌ ശ്വാസതടസ്സം ഉണ്ടാക്കും.മൃ​ഗങ്ങളെ സ്പർശിച്ചതിനുശേഷം വൃത്തിയാക്കുന്നതിനുമുമ്പ് കൈകൊണ്ട് കണ്ണിലോ മൂക്കിലോ തൊടരുത്‌.വളർത്തുമൃ​ഗങ്ങളെ ചുംബിക്കുക, അവയ്ക്ക് ഹസ്തദാനം നൽകുക, അവയെ നമ്മുടെ ശരീരത്തിൽ  സ്പർശിക്കാൻ അനുവദിക്കുക, ആഹാരം പങ്കുവയ്‌ക്കുക എന്നീ ശീലങ്ങൾ ഒഴിവാക്കണം.


 

രോ​ഗമുള്ളതും ചത്തതുമായ മൃ​ഗങ്ങളെയും കേടായ ജന്തുജന്യ ഉൽപ്പന്നങ്ങളെയും മതിയായ സുരക്ഷാ മുൻകരുതലുകൾ കൂടാതെ തൊടരുത്.മൃ​ഗങ്ങളുടെ അരികിലാണെങ്കിലും തുമ്മുമ്പോഴും ചുമയ്ക്കമ്പോഴും തൂവാല ഉപയോ​ഗിക്കണം. പനി, -- ജലദോഷം എന്നീ ലക്ഷണങ്ങൾ ഉള്ളവർ മൃ​ഗങ്ങളോട് അടുത്ത് പെരുമാറരുത്‌. വീടും പരിസരവും മൃ​ഗങ്ങളുടെ പാർപ്പിട ഇടങ്ങളും അണുനാശിനി ഉപയോ​ഗിച്ച് വൃത്തിയാക്കണം. മാംസം, മുട്ട, പാൽ എന്നിവ നന്നായി പാകംചെയ്ത് നൽകണം. മൃഗങ്ങളെ കൂട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമുമ്പ് നന്നായി കുളിപ്പിക്കണം, കൂടും വൃത്തിയായി സൂക്ഷിക്കണം.

പരിസരശുചീകരണം--
പരിസരം വൃത്തിയാക്കുമ്പോൾ പലരും ബ്ലീച്ചിങ്‌ പൗഡർ നിലത്ത് വിതറുന്നത് കാണാം. ഇതുകൊണ്ട് കൃത്യമായി അണുവിമുക്തമാകില്ല. ഒരു ശതമാനം  ക്ലോറിൻ ലായനി തയ്യാറാക്കാൻ ആറ്‌ ടീസ്പൂൺ ബ്ലീച്ചിങ്‌ പൗഡർ കുഴമ്പ് രൂപത്തിൽ ആക്കാം. അതിനുശേഷം ഒരു ലിറ്റർ വെള്ളം ചേർക്കുക. 10 മിനിറ്റ്‌ ഇങ്ങനെ വയ്‌ക്കുക. ഇതിന്റെ തെളി എടുത്തിട്ടുവേണം നിലം തുടയ്‌ക്കാനും പരിസരത്ത് ഒഴിക്കാനും. ഇത് 20 -- 30 മിനിറ്റ്‌ നിലവുമായി സമ്പർക്കം ലഭിക്കണം.

തെറ്റിദ്ധാരണ വേണ്ട; ജാഗ്രത മതി
ഓമനമൃ​ഗങ്ങളിൽ പനി, മൂക്കൊലിപ്പ്, ചുമ, വയറിളക്കം, ഛർദി, ഭക്ഷണം കഴിക്കാതിരിക്കുക, ശ്വാസം മുട്ടൽ, ക്ഷീണിച്ചുകിടക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഇവയ്ക്ക് കൊറോണ വൈറസ് ബാധയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇടയ്ക്കിടെ നിരീക്ഷണവും വൈദ്യചികിൽസയും നൽകണം. ഇതുവരെയുള്ള നിരീക്ഷണത്തിൽ പൂച്ചകൾക്കാണ് രോ​ഗബാധയേൽക്കാൻ കൂടുതൽ സാധ്യത കണ്ടെത്തിയിട്ടുള്ളത്. ഭയമല്ല ജാഗ്രതയാണ്‌ വേണ്ടത്‌.

(മൃഗസംരക്ഷണ വകുപ്പ്‌  മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top