07 June Sunday

അന്യഗ്രഹ ജീവികളോ

നവനീത് കൃഷ്ണൻ എസ്Updated: Thursday Feb 27, 2020


1977 ആഗസ്റ്റ് 15. അമേരിക്കയിലെ ഒഹിയോ സർവകലാശാലയുടെ ബിഗ് ഇയർ റേഡിയോ ടെലിസ്കോപ്പിൽ ബഹിരാകാശത്തുനിന്ന് ഒരു സിഗ്നൽ ലഭിച്ചു. 72 സെക്കൻഡോളം നീണ്ടുനിന്ന ഒരു റേഡിയോ സിഗ്നൽ. ധനു രാശിയിൽനിന്നായിരുന്നു ഈ റേഡിയോ സിഗ്നൽ. കുറച്ചുദിവസത്തിനു ശേഷമാണ് ജ്യോതിശാസ്ത്രജ്ഞനായ ജെറി ആർ എയ്മാൻ ഈ സിഗ്നലിനെപ്പറ്റി കൂടുതൽ പഠിച്ചത്. മനുഷ്യരാരും അയക്കാൻ സാധ്യതയില്ലാത്ത തരത്തിലുള്ള ഒരു സിഗ്നൽ. അതിന്റെ കംപ്യൂട്ടർപ്രിന്റൗട്ട് എടുത്ത ജെറി ശരിക്കും അത്ഭുതപ്പെട്ടു. സാധാരണ ബഹിരാകാശത്തുനിന്ന് ലഭിക്കുന്ന  റേഡിയോ സിഗ്നൽപോലെ അല്ല അത്. അല്പം വ്യത്യസ്തമാണ്. ഒരുപക്ഷേ ഭൂമിക്കു പുറത്തുള്ള ഏതെങ്കിലും വികസിതസമൂഹം അയച്ച ഒരു സന്ദേശം ആയിക്കൂടേ... ചിന്തകൾ അങ്ങനെ മുന്നോട്ടു പോയി.    കംപ്യൂട്ടർ പ്രിന്റൗട്ടിന്റെ അരികിൽ അദ്ദേഹം Wow! എന്ന് കൈകൊണ്ട് എഴുതിയിട്ടു.

വൗ...!!!!

അന്യഗ്രഹജീവികളെക്കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം മുന്നിൽ വരുന്ന ഒരു ചിത്രമാണ് Wow! എന്ന് രേഖപ്പെടുത്തിയ ആ കംപ്യൂട്ടർപ്രിന്റൗട്ട്. ഇതുവരെ കൃത്യമായ ഒരു വിശദീകരണം ഈ സിഗ്നലിനെക്കുറിച്ച് ലഭിച്ചിട്ടില്ല. ഭൂമിയിൽനിന്ന് ആരെങ്കിലും അയച്ച സിഗ്നൽ ഏതെങ്കിലും ഉപഗ്രഹഭാഗങ്ങളിൽ തട്ടി തിരിച്ച് ഭൂമിയിലേക്കു വന്നതാകാം എന്നും കരുതുന്നവരുമുണ്ട്‌. എന്തായാലും അത് ഏതെങ്കിലും അന്യഗ്രഹജീവികൾ അയച്ചതാകാൻ സാധ്യത തീരെ കുറവാണ് എന്നാണ് പൊതുവായ നിഗമനം. ഭൂമിക്കു വെളിയിൽ ജീവനുള്ള സാധ്യത ഏറെയുണ്ടെന്നു തന്നെയാണ് കരുതുന്നത്. ഭൂമിയിൽ മാത്രമായി ജീവൻ എന്ന സവിശേഷത ഒതുങ്ങാൻ സാധ്യതയില്ല. കോടാനുകോടി നക്ഷത്രങ്ങളിൽ പലതിലും ഭൂമിക്കു സമാനമായ ഗ്രഹങ്ങൾ ഉണ്ടാകാം. അവയിൽ ചിലതിലെങ്കിലും ഭൂമിയിൽ ജീവൻ ഉടലെടുത്ത അതേ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ ലക്ഷക്കണക്കിനു ഗ്രഹങ്ങളിൽ ഏതെങ്കിലും ഒക്കെ രൂപത്തിലുള്ള ജീവൻ കണ്ടേക്കാം. അവയിൽ ചിലതിലെങ്കിലും മനുഷ്യരോളമോ ഒരുപക്ഷേ അതിൽക്കൂടുതലോ വികാസം പ്രാപിച്ച ജീവിവർഗങ്ങളായാലോ? അത്തരം ജീവിവർഗങ്ങൾ ഉണ്ടെങ്കിൽ അവരും റേഡിയോ തരംഗങ്ങൾ വഴി മറ്റുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടാകണം!  അത്തരം റേഡിയോ സന്ദേശങ്ങളെ  കണ്ടെത്താനുള്ള ശ്രമം ഗവേഷകർ  നടത്താൻ തുടങ്ങിയിട്ട് കുറെക്കാലമായി.

ആ തുടിപ്പ് തേടി ദൂരദർശിനികൾ
1960 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു റേഡിയോ ടെലിസ്കോപ്പ് ഉണ്ട്. പ്യൂർട്ടോറിക്കയിലെ ആരസിബോ റേഡിയോ ടെലിസ്കോപ്പ്. ലോകത്തെ ഏറ്റവും വലിയ ഒറ്റ റേഡിയോ ടെലിസ്കോപ്പിലൊന്നാണിത്. ഇതിലും വലുത് ചൈനയിൽ നിർമാണം പൂർത്തിയായിട്ടുണ്ട്.  ഇത് പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുന്നതേയുള്ളു.  300 മീറ്ററിൽ അധികമാണ് ആരസിബോ ടെലിസ്കോപ്പിന്റെ വ്യാസം. ഭൂമി കറങ്ങുന്നതിന് അനുസരിച്ച് ബഹിരാകാശത്തെ സ്കാൻ ചെയ്യാൻ ഇതിനു കഴിയും. ജ്യോതിശാസ്ത്രസംബന്ധമായ പല കണ്ടെത്തലുകളും നടത്തിയ ഈ ടെലിസ്കോപ്പിന്റെ ഒരു പ്രധാന ദൗത്യം അന്യഗ്രഹജീവനു വേണ്ടിയുള്ള അന്വേഷണമാണ്. മനുഷ്യരേക്കാൾ മികച്ച ജീവസമൂഹം അയക്കാൻ ‘സാധ്യത’യുള്ള സിഗ്നലുകൾക്കായി നിരന്തരം പരതുക! 

1999ൽ SETI@home എന്ന പ്രോജക്ട് തുടങ്ങിയതോടെയാണ് ഈ ടെലിസ്കോപ്പ് സാധാരണക്കാർ  അറിഞ്ഞു തുടങ്ങിയത്.  Search for ExtraTerrestrial Intelligence @ Home എന്നതിന്റെ ചുരുക്കപ്പേരാണ്  SETI@home. റേഡിയോ ടെലിസ്കോപ്പുകളിൽനിന്ന് കിട്ടുന്ന ഡാറ്റയെ ലോകത്തെ വിവിധ  കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ച് വിശകലനം ചെയ്യുക എന്നതാണ് SETI@home ന്റെ ദൗത്യം. 

തെക്ക് പടിഞ്ഞാറൻ ചൈനയിൽ സജ്ജമായിരിക്കുന്ന കൂറ്റൻ  അപ്പർച്ചർ സ്ഫെിറിക്കൽ  റേഡിയോ ടെലിസ്കോപ്പി(എഫ്എഎസ്ടി)ന് 500 മീറ്ററാണ് വ്യാസം.

 പ്യൂർട്ടോറിക്കയിലെ ആരസിബോ റേഡിയോ ടെലിസ്കോപ്പ്

പ്യൂർട്ടോറിക്കയിലെ ആരസിബോ റേഡിയോ ടെലിസ്കോപ്പ്

അന്വേഷണം പലവഴി
അന്യഗ്രഹജീവൻ തേടിയുള്ള  അന്വേഷണം നാമിപ്പാൾ  രണ്ടു രീതികളിലാണ് നടത്തുന്നത്. ഒന്ന് സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളിൽ പേടകങ്ങൾ അയച്ച് നടത്തുന്ന പഠനങ്ങളിലൂടെ. ചൊവ്വയിലും മറ്റും ഓടിനടന്ന് പരീക്ഷണങ്ങൾ നടത്തുന്ന പേടകങ്ങൾ. പണ്ട് അവിടെ ജീവൻ ഉണ്ടായിരുന്നോ, ഇപ്പോഴും ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവയുടെ അന്വേഷണപരിധിയിൽ വരുന്നത്. ഇതുപക്ഷേ മനുഷ്യരോളം ഉയർന്ന അന്യഗ്രഹജീവനുകളെയല്ല അന്വേഷിക്കുന്നത്. ബാക്ടീരിയകളെയോ അല്ലെങ്കിൽ ഏതെങ്കിലും ചെറിയ ഏകകോശജീവികളെയോ ഒക്കെയാണ്. ജലസാന്നിധ്യമുള്ളിടങ്ങളിൽ ഇത്തരം സൂക്ഷ്മ ജീവി സാന്നിധ്യ സാധ്യത കൂടുതലാണെന്നാണ് ശാസ്ത്രലോകത്തിന്റെ  നിഗമനം.

രണ്ടാമത്തെ വഴിയാണ് Search for ExtraTerrestrial Intelligence തുടങ്ങിയ പധതികളിലൂടെ   ചെയ്യുന്നത്. റേഡിയോ ടെലിസ്കോപ്പുകളും  മറ്റും  ഉപയോഗിച്ച് പ്രപഞ്ചത്തെ നിരീക്ഷിക്കുക. വ്യത്യസ്തമായ സിഗ്നലുകളെ വിശകലം ചെയ്യുക. അതിലൂടെ അന്യഗ്രഹജീവികളുടെ സാധ്യതയെക്കുറിച്ച് പഠിക്കുക.

ചൈനയിലെ അപ്പർച്ചർ റേഡിയോ ടെലിസ്കോപ്പ്

ചൈനയിലെ അപ്പർച്ചർ റേഡിയോ ടെലിസ്കോപ്പ്


 

ദൂരെ...ദൂരേക്ക് ആരസിബോ സന്ദേശം
പ്രപഞ്ചത്തിന്റെ വിദൂര  കോണുകളിൽനിന്നു  വരുന്ന സിഗ്നലുകളെ കണ്ടെത്തുക മാത്രമായി നാം  അന്വേഷണത്തെ ചുരുക്കിയിട്ടില്ല. ഇവിടെനിന്ന് ചില സന്ദേശങ്ങൾ നാം മറ്റിടങ്ങളിലേക്കും അയച്ചിട്ടുണ്ട്. അയക്കുന്നുമുണ്ട്. ഇവയിൽ പ്രധാനപ്പെട്ടതാണ് ആരസിബോ സന്ദേശം(Arecibo Message).

1974ൽ ആണ് ഈ ഇന്റർസ്റ്റെല്ലാർ റേഡിയോ മെസേജ്  അയക്കുന്നത്. ആരസിബോ റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ച് ഹെർക്കുലീസ് ഗ്ലോബൽ ക്ലസ്റ്റർ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടത്തിലേക്കാണ് സന്ദേശമയച്ചിട്ടുള്ളത്. ഏതാണ്ട്

25, 000പ്രകാശ വർഷം അകലെയുള്ള നക്ഷത്രക്കൂട്ടം ആണിത്. അത്രയും വർഷങ്ങൾ കഴിഞ്ഞേ ഈ സന്ദേശം അവിടെ എത്തൂ എന്നു ചുരുക്കം. മനുഷ്യകുലത്തിന്റെ അടിസ്ഥാന വിവരങ്ങൾ എല്ലാം ചേരുന്നതാണ് ഈ സന്ദേശം. ഭൂമിയെന്ന ഗ്രഹത്തെപ്പറ്റിയും. 

കൽപിത കഥകളും
പ്രപഞ്ചത്തിന്റെ വിദൂരകോണുകളിൽനിന്ന് ഇടയ്ക്കിടെ ചില സന്ദേശങ്ങൾ നാം പിടിച്ചെടുക്കാറുണ്ട്.  Fast radio bursts എന്നാണ് അവയെ വിളിക്കുക. ഏതാനും മില്ലിസെക്കൻഡുകൾ ഒക്കെയാണ് ഈ സിഗ്നലുകൾ നീണ്ടു നിൽക്കുക. ക്രമരഹിതമായ ഇത്തരത്തിലുള്ള  നൂറു കണക്കിന്  സന്ദേശങ്ങൾ  ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 50 കോടി പ്രകാശ വർഷം അകലെ നിന്ന് പതിനാറ് ദിവസത്തെ ഇടവേളകളിൽ ആവർത്തിക്കുന്ന റേഡിയോ തരംഗവും ഇക്കൂട്ടത്തിൽ പെടും.

അന്യഗ്രഹങ്ങളിൽനിന്നുള്ള സന്ദേശമാവാം ഇതെന്ന് പലരും സംശയിക്കുകയുണ്ടായി. എന്നാൽ ഇനിയും വ്യക്തമാവാത്ത ചില ജ്യോതിശാസ്ത്രപ്രതിഭാസമാവും ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. അതിവേഗം കറങ്ങുന്ന പൾസാർ പോലെയുള്ള നക്ഷത്രങ്ങളിൽനിന്ന് പുറപ്പെടുന്നതാവാം ഇത്തരം വേഗതയേറിയതും ക്ഷണികവുമായ  റേഡിയോ തരംഗങ്ങൾ എന്നതാണ് ഇപ്പോഴത്തെ നിഗമനം.


 

ഏതായാലും ഗവേഷണങ്ങളും നിരീക്ഷണങ്ങളും തുടരുമ്പോഴും അന്യഗ്രഹ ജീവികളെ പറ്റിയുള്ള കൽപിത കഥകൾക്കും  സിനിമകൾക്കും ലോകമെമ്പാടും ആരാധകർ ഏറെയാണ്. ഇത്തരം വെബ്സൈറ്റുകൾക്കും. പറക്കും തളികകളിൽ ഭൂമി ‘സന്ദർശിക്കുന്ന’ അന്യഗ്രഹ ജീവികളെ പറ്റിയുള്ള കഥകൾ കേൾക്കാത്തവർ അപൂർവം !!

എന്തായാലും മനുഷ്യർക്ക് ഇതുവരെ ഏതെങ്കിലും അന്യഗ്രഹജീവനുകളുമായി ഇടപെടേണ്ടി വന്നിട്ടില്ല. പക്ഷേ നമ്മൾ ആ അന്വേഷണം  അവസാനിപ്പിക്കാനൊന്നും പോകുന്നില്ല. ടെലിസ്കോപ്പുകളും നേരിട്ടുള്ള ദൗത്യങ്ങളും ഒക്കെയായി അന്യഗ്രഹ ജീവനു വേണ്ടിയുള്ള അന്വേഷണം നാം തുടർന്നുകൊണ്ടേയിരിക്കും.


പ്രധാന വാർത്തകൾ
 Top