16 February Saturday

ജലസംരക്ഷണത്തിന് നൂതന മാർഗങ്ങൾ

മലപ്പട്ടം പ്രഭാകരൻUpdated: Thursday Jul 26, 2018


മണ്ണ് ‐ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ സമയത്ത് തെങ്ങിൻ തോപ്പുകളിലെ മണ്ണ്‐ ജല സംരക്ഷണപ്രവർത്തനം വഴി വലിയതോതിൽ നേട്ടമുണ്ടാക്കാനാകും. കാസർകോട്  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം തെങ്ങിൻതോപ്പുകളിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമാർഗം കണ്ടെത്തി ശുപാർശ ചെയ്യുന്നുണ്ട്. ഇത് ‐ മണ്ണ് ജലസംരക്ഷണത്തോടൊപ്പംതന്നെ വിള ഉൽപ്പാദനവർധനവിനും പഴവർഗ വിളകൃഷിക്കുംകൂടി പര്യാപ്തമായതാണ്. കർഷകർക്ക് ശാസ്ത്രീയമായ ഈ മാർഗം സ്വീകരിക്കാവുന്നതാണ്. 16% വരെ ചരിവുള്ള ഭാഗങ്ങളിൽ ഇനിപറയുംപ്രകാരം പ്രവൃത്തി ചെയ്യാം.

തെങ്ങിൻതടവും കൈതകൃഷിയും
കുന്നിൻചരിവിൽ നട്ടിരിക്കുന്ന തെങ്ങിനാണ് ഈ രീതി അഭികാമ്യം. തെങ്ങിനുചുറ്റും നാല് മീറ്റർ വ്യാസത്തിൽ ഒരു തടമെടുക്കുക. മുകൾഭാഗത്തുനിന്നു കിട്ടുന്ന മണ്ണ് ചരിവിന്റെ താഴ്ഭാഗത്ത് അർധവൃത്താകൃതിയിൽ വരമ്പുപോലെയിടുക. വരമ്പിന് 50 സെ. മീ. വീതിയും ഉയരവുമുണ്ടാകണം. ഈ വരമ്പിനുമുകളിൽരണ്ടു വരിയായി കൈത (പൈനാപ്പിൾ) യുടെ ചെടി നട്ടുപിടിപ്പിക്കുക. മുകളിൽ നിന്നും ഒലിച്ചുവരുന്ന വെള്ളം തടത്തിൽ നിറയുകയും കൈതയടക്കമുള്ള ബലമുള്ള വരമ്പുകൾ അവയെ തടഞ്ഞുനിർത്തുകയും മണ്ണിൽ ജലസംഗ്രഹണശേഷി ഉണ്ടാക്കുകയും ചെയ്യുന്നു. കൈതയുടെ വേരും ഇലയും മണ്ണൊലിപ്പു തടയുന്നു. കൂടാതെ കൈതച്ചക്കയിലൂടെ നല്ല ആദായമുണ്ടാക്കാനും സാധിക്കുന്നു. ഇടവിളകൾ ഇല്ലാത്ത തെങ്ങിൻ തോപ്പുകളാണ് ഈ രീതിക്ക് യോജിച്ചത്.

തെങ്ങിൻതോപ്പിൽ മഴക്കുഴി
ഇടവിളകൃഷിചെയ്ത ഇടങ്ങളിൽ മഴക്കുഴി നിർമിക്കാം. നാല്  തെങ്ങുകൾക്കിടയിൽരണ്ടു കുഴി എടുക്കാം. ഇടവിള നോക്കി സൗകര്യമുള്ളതരത്തിൽ സ്ഥാനം നിർണയിക്കാം. നാല്  തെങ്ങുകൾക്കിടയിൽ പെയ്യുന്ന മഴവെള്ളത്തെ ഒലിച്ചുപുറത്തു നഷ്ടപ്പെടാത്ത വിധം ഈ കുഴിയിൽനിറയ്ക്കുക. കുഴിയുടെ വലുപ്പം ഒരു മീ. സമചതുരവും ആഴവുമുള്ളതോ, ചരിവ് കൂടുതലുണ്ടെങ്കിൽ 1.5 മീറ്റർ നീളവും 50 സെ. മീ. വീതം ആഴം, വീതിയുള്ളതുമായ കുഴിയെടുത്ത് മൂന്നുവശവും വരമ്പിടുക. ഈ വരമ്പിൽ രണ്ടു വരി കൈതച്ചക്കച്ചെടി നടാവുന്നതാണ്.

തീറ്റപ്പുൽകൃഷി
കുന്നിചരിവിലെ തെങ്ങിൻതോപ്പിലാണ് കൂടുതൽ അഭികാമ്യം, നിരപ്പായ സ്ഥലത്ത് പ്രത്യേക ഇടങ്ങൾ സൗകര്യപ്പെടുത്തിയും നടാം. ഇ03 എന്ന ഇനമാണ് ഉത്തമം. കന്നുകാലികൾക്ക് ഇഷ്ടാഹാരമാണ്. ചരിവിനു കുറുകെവരമ്പെടുത്ത് അതിനു മുകളിൽ ചെടികൾ തമ്മിൽ 50 സെ. മീ 40 സെ. മീ. അകലത്തിൽ പുല്ലുനടാം. ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കരുത്. ഓരോവിളവെടുപ്പിനുശേഷവും ഒരേക്കറിന് 30 കി.ഗ്രാം യൂറിയ ചേർക്കുന്നത് നല്ലതാണ്.

തൊണ്ട് (ചകിരി) നിറച്ച ചാലുകൾ
നാല്  തെങ്ങുകൾക്കിടയിൽ നാല്  മീറ്റർ നീളവും, 50 സെ. മീ. വീതം വീതിയും  ആഴവുമുള്ള കുഴികൾ എടുത്ത് ഇതിൽ പൊതിച്ചെടുത്ത തേങ്ങത്തൊണ്ട് നിറയ്ക്കുക (ചകിരി) താഴത്തെനിരയിൽ തൊണ്ട്മലർത്തിയും ഏറ്റവും മുകളിൽ കമിഴ്ത്തിയും തൊണ്ട് അടുക്കണം. കുഴിയുടെ മണ്ണ് താഴെഭാഗത്ത് വരമ്പായി നിർത്തിയാൽ ഇതിലും കൈത കൃഷിചെയ്യാം. ഇത്തരം ശാസ്ത്രീയ മാർഗം സ്വീകരിക്കുന്നത് വലിയതോതിൽ മണ്ണ് ജലസംരക്ഷണത്തെയും ഉൽപ്പാദന വർധനവിനും ഇടനൽകും.

പ്രധാന വാർത്തകൾ
 Top