18 February Tuesday

ഹിമ കുതിക്കുന്നു ഇന്ത്യൻ സ്വപ്‌നത്തിലേക്ക്‌

എ എൻ രവീന്ദ്രദാസ്Updated: Thursday Jul 25, 2019

കഴിഞ്ഞവർഷം ഫിൻലൻഡിൽ അണ്ടർ 20 ലോക അത്‌ലറ്റിക്‌ ചാന്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണത്തിലേക്ക്‌ മിന്നൽകുതിപ്പു നടത്തി ചരിത്രം കോറിയിട്ട ഹിമക്കാറ്റ്‌ യൂറോപ്പിലെ ട്രാക്കുകളിൽ വീണ്ടും വീശിയടിക്കുന്നു. പ്രായത്തിലും കരുത്തിലും തന്നേക്കാൾ പ്രബലരായ പ്രതിയോഗികളെയടക്കം അന്പരപ്പിച്ചുകൊണ്ട്‌ അസമിലെ കുഗ്രാമത്തിൽനിന്നുള്ള ഹിമദാസ്‌ എന്ന കൗമാരക്കാരി നേടിയ ആ ലോകവിജയം യാദൃശ്‌ചികമായിരുന്നില്ല.

ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ നോവ്‌ മെസ്‌റ്റോ ഗ്രാൻപ്രീ മീറ്റിൽ, 400 മീറ്ററിൽ 52.09 സെക്കൻഡിൽ ഫിനിഷുചെയ്‌ത ഹിമദാസ്‌ അതിനുമുന്പ്‌ യൂറോപ്പിലെ നാല്‌ മീറ്റുകളിൽ 200 മീറ്ററിൽ തുടർച്ചയായി സ്വർണംതൊട്ടു. ദോഹയിൽ നടന്ന ഇത്തവണത്തെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ മത്സരത്തിന്റെ പാതിവഴിയിൽവെച്ച്‌ പിൻമാറിയശേഷം തന്റെ ഇഷ്ടഇനമായ 400 മീറ്ററിലെ ആദ്യപോരാട്ടത്തിൽതന്നെ ഹിമയ്‌ക്ക്‌ ആധിപത്യം നേടാനായി എന്നത്‌ ശ്രദ്ധേയമാണ്‌. പ്രമുഖ താരങ്ങളുടെ അഭാവം യൂറോപ്പിലെ മത്സരങ്ങളുടെ നിലവാരം ചോർത്തിയെന്ന ആക്ഷേപമുണ്ടെങ്കിലും ഇന്ത്യൻ താരങ്ങളുടെ ആധിപത്യം ഈ ട്രാക്കുകളിലെല്ലാം പ്രകടമായിരുന്നു. ചില ഇനങ്ങളിൽ പ്രത്യേകിച്ച്‌ പുരുഷൻമാരുടെയും വനിതകളുടെയും 400 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഹർഡിൽസ്‌ എന്നിവയിൽ പോരാട്ടം മിക്കപ്പോഴും ഇന്ത്യാക്കാർ തമ്മിലായിരുന്നു. പ്രാഗിൽ ഹിമദാസിനു പിന്നിൽ മലയാളിതാരം വി കെ വിസ്‌മയ വെള്ളി നേടിയപ്പോൾ അടുത്ത മൂന്നു സ്ഥാനങ്ങൾ നേടിയതും ഇന്ത്യൻ താരങ്ങൾ തന്നെയാണ്‌.

തൊട്ടുമുന്പ്‌ ചെക്ക്‌ റിപ്പബ്ലിക്കിലെ ടബോർഗ്രാൻ പ്രീ അത്‌ലറ്റിക്‌സിൽ 200 മീറ്റർ പന്തയത്തിൽ സീസണിലെ തങ്ങളുടെ മികച്ച സമയം കുറിച്ചുകൊണ്ടായിരുന്നു ഹിമദാസും(23.25) വിസ്‌മയയും(23.43) വിജയപീഠത്തിന്റെ ആദ്യ രണ്ട്‌ പടികൾ പങ്കിട്ടത്‌. അതിനുമുന്പ്‌ പോളണ്ടിലെ പൊസ്‌നാനിൽ ഹിമയുടെ സമയം 23.65 സെക്കൻഡാണ്‌. എങ്കിലും ഈ ദൂരത്തിൽ തന്റെ മികച്ച സമയമായ 23.10 സെക്കൻഡിനെ മറികടക്കുകയാണ്‌ ഹിമയുടെ ലക്ഷ്യം.

പത്തൊന്പതുകാരി ഹിമദാസ്‌ ട്രാക്കിലെത്തിയിട്ട്‌ രണ്ടര വർഷമേ ആയുള്ളു. അസമിലെ നഗോൺ ജില്ലയിലെ ധിങ്‌ ഗ്രാമത്തിൽ കാന്ധുലിമാരിയാണ്‌ സ്വദേശം. അച്ഛൻ നെൽകർഷകനായ രഞ്‌ജിത്‌ദാസ്‌. അമ്മ ജൊനാലി. അഞ്ച്‌ മക്കളിൽ ഇളയവൾ. തുച്ഛമായ വരുമാനംകൊണ്ട്‌ കുടുംബം പുലർത്തിയിരുന്ന ആ അച്ഛന്‌ മക്കളിലെ കായികപ്രതിഭയെ കണ്ടെത്തി പരിശീലനത്തിനും മറ്റും അയക്കാൻ ശേഷിയുണ്ടായിരുന്നില്ല. എന്നാൽ ചെറുപ്പം മുതൽതന്നെ ഹിമ മാനസികമായും ശാരീരികമായും കരുത്തുള്ളവളായിരുന്നു.

ആൺകുട്ടികൾക്കൊപ്പം നെൽപ്പാടങ്ങളിൽ ഫുട്‌ബോൾ തട്ടിക്കളിച്ചു വളർന്ന ഹിമയിലെ കായികപ്രതിഭയെ ആദ്യം കണ്ടെത്തിയത്‌ ഷൈമസുൾ  എന്ന കായികാധ്യാപകനാണ്‌. ഹിമയുടെ അതിവേഗത്തിലുള്ള ഓട്ടം ശ്രദ്ധയിൽപെട്ട്‌ അത്‌ലറ്റിക്‌സിലേക്ക്‌ വഴിതിരിച്ചുവിട്ടത്‌ അദ്ദേഹമാണ്‌. പിന്നീട്‌ 2016ൽ ശിവസാഗറിൽ നടന്ന അന്തർജില്ല അത്‌ലറ്റിക്‌മീറ്റിൽ 100,200 മീറ്ററുകളിൽ പ്രായത്തിൽ കവിഞ്ഞ വേഗത്തിലോടി സ്വർണം നേടിയ ഹിമ സ്‌പോർട്‌സ്‌ യുവജനക്ഷേമ ഡയറക്ടറേറ്റിലെ യുവകോച്ചായ നിപ്പൺദാസിന്റെ ശ്രദ്ധയിൽപെട്ടു. അത്‌ അത്‌ലറ്റിക്‌സിൽ ഹിമയുടെ പ്രയാണത്തിൽ നിർണായക വഴിത്തിരിവാകുകയും ലോകവേദികളിലേക്ക്‌ കുതിച്ചെത്താൻ അടിസ്ഥാനമാവുകയുംചെയ്‌തു. അതിന്റെ ഫലശ്രുതിയാണ്‌ ഇന്ത്യൻ അത്‌ലറ്റിക്‌സിൽ ഇപ്പോൾ ദൃശ്യമാകുന്നത്‌.

ആദ്യം 100 മീറ്ററിലും തുടർന്ന്‌ 200ലും ഓടിയ ഹിമയെ 400 മീറ്ററിലേക്ക്‌ വഴിതിരിച്ചുവിട്ടത്‌ ദേശീയടീമിന്റെ റഷ്യൻ പരിശീലക ഗലിന ബുഖറിയാണ്‌. അങ്ങനെ ആദ്യമായി ഫെഡറേഷൻ കപ്പ്‌ സീനിയർ മീറ്റിൽ അരങ്ങേറിയ ഹിമ പട്യാലയിലെ ട്രാക്കിൽനിന്നു തിരിച്ചുകയറിയത്‌ കോമൺവെൽത്ത്‌ യോഗ്യതാടിക്കറ്റുമായാണ്‌. മൂന്ന്‌ മാസത്തിനകം ഒറ്റലാപ്പിലെ അത്‌ഭുതമായി മാറി ഈ പെൺകുട്ടി. ഒടുവിൽ പ്രാഗിലെ ഗ്രാൻപ്രീമീറ്റിലും  ആ വിജയക്കുതിപ്പ്‌ തുടരുന്നതാണ്‌ നാം കാണുന്നത്‌. അതേ, ലോകവേദികളിൽ ഇനിയുമേറെക്കാലം ഇന്ത്യയുടെ നിറസാന്നിധ്യമാകാൻ ഈ ഓട്ടക്കാരിക്കാവും. ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ സുവർണരേഖയിലാണ്‌ അവർ എത്തിനിൽക്കുന്നത്‌. നിരവധി കുട്ടികൾക്ക്‌ അത്‌ലറ്റിക്‌സിലേക്ക്‌ കടന്നുവരാനും പ്രോത്സാഹനമേകാനും ഹിമയുടെ സ്വർണക്കുതിപ്പിനു കഴിയും.


പ്രധാന വാർത്തകൾ
 Top