11 August Thursday

വിക്കിപീഡിയ@15

വിശ്വപ്രഭUpdated: Thursday Jan 21, 2016

291 ‘ഭാഷകളിലായി നാലു കോടിയോളം വിജ്ഞാനലേഖനങ്ങള്‍, മൂന്നു കോടിയിലധികം ചിത്രങ്ങള്‍, ഒന്നേകാല്‍ലക്ഷത്തോളം സജീവ എഡിറ്റര്‍മാര്‍,
വല്ലപ്പോഴും തിരുത്തുന്ന രണ്ടേമുക്കാല്‍ കോടി മറ്റുപയോക്താക്കള്‍, 50 കോടി ഇന്റര്‍നെറ്റ് സന്ദര്‍ശകര്‍.ഇന്റര്‍നെറ്റിലെ ഈ വിജ്ഞാനകോശം വിക്കിപീഡിയ
ആരംഭിച്ചിട്ട് 15 വര്‍ഷം


എന്തിനെക്കുറിച്ചു ചോദിച്ചാലും ഏതാണ്ടൊക്കെ കൃത്യമായ ഉത്തരം . ഉത്തരം അറിയില്ലെങ്കില്‍ആ ഉത്തരം വേറെ എവിടെനിന്നു ലഭിക്കുമെന്ന് ചൂണ്ടിക്കാണിച്ചു തരികയെങ്കിലും ചെയ്യും. അതും ചോദിക്കുന്ന ആള്‍ക്ക് അറിയുന്ന അതേ ‘ഭാഷയില്‍ത്തന്നെ. ഇനി അഥവാ ആ ഉത്തരത്തില്‍ തെറ്റുണ്ടെന്നോ അതിലും നല്ല ഉത്തരം നമുക്ക് അറിയാമെന്നോ ഇരിക്കട്ടെ. നമുക്കുതന്നെ കൂടുതല്‍ മെച്ചപ്പെട്ട ആ ഉത്തരം അങ്ങോട്ടു പറഞ്ഞുകൊടുക്കുകയും ചെയ്യാം. അതു കേട്ട് ക്ഷമയോടെ ആ വിവരംകൂടി ഇനിവരുന്ന ചോദ്യക്കാര്‍ക്കുവേണ്ടി സ്വന്തം ഉത്തരക്കലവറയില്‍ ചേര്‍ത്തുവച്ചോളും.

ഇന്റര്‍നെറ്റിലെ  ഏറ്റവും പ്രചാരമുള്ള വിജ്ഞാനസ്രോതസ്സായ വിക്കിപീഡിയ എന്ന വെബ്‌സൈറ്റാണ് ഈ സര്‍വജ്ഞാനി.

മുന്നൂറോളം ഭാഷകളില്‍ വായനക്കാരുമായി ഇടപെടാന്‍കഴിവുള്ള ഈ വിജ്ഞാനിക്ക് ഇക്കഴിഞ്ഞ ജനുവരി 15ന് 15 വയസ്സായി. വയസ്സ് പതിനഞ്ചേ ആയുള്ളൂവെങ്കിലും അറിവിന്റെ കാര്യത്തില്‍  ഇതിനകംതന്നെ  ജ്ഞാനവൃദ്ധനായിക്കഴിഞ്ഞു. 291 ഭാഷകളിലായി എല്ലാതരം മേഖലകളിലും വിഷയങ്ങളിലുമായി നാലുകോടിയോളം വിജ്ഞാനലേഖനങ്ങള്‍, അവ എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്ന മൂന്നുകോടിയിലധികം ചിത്രങ്ങള്‍, ഓരോ ലേഖനങ്ങള്‍ക്കുമൊപ്പം അവയിലെ വസ്തുതകളുടെ ആധികാരികത ചൂണ്ടിക്കാണിക്കുന്ന അവലംബസൂചിക, അതും കൂടാതെ, ആ ലേഖനത്തിലെ പോരായ്മകളും പിശകുകളും ചര്‍ച്ചചെയ്യാന്‍ ഓരോരോ സംവാദത്താളുകള്‍, നിമിഷംതോറും മാറിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്കനുസരിച്ച് ഓരോ ലേഖനവും പരമാവധി കൃത്യമാക്കാന്‍ സദാ ഉള്ളടക്കം പുതുക്കിക്കൊണ്ടിരിക്കുന്ന ഒന്നേകാല്‍ലക്ഷത്തോളം സജീവ എഡിറ്റര്‍മാര്‍. അവര്‍ക്കുപുറമെ, വല്ലപ്പോഴുമെങ്കിലും തിരുത്തലുകളില്‍ സഹായിക്കുന്ന രണ്ടേമുക്കാല്‍ കോടി മറ്റ് ഉപയോക്താക്കള്‍, ദിവസേന ഒരിക്കലെങ്കിലും ആ ലേഖനങ്ങള്‍ ഉപയോഗിക്കുന്ന 50 കോടി ഇന്റര്‍നെറ്റ് സന്ദര്‍ശകര്‍. 15 വര്‍ഷത്തിനുള്ളില്‍ ഇത്രയും വിപുലമായരീതിയില്‍ സ്വരൂപിക്കപ്പെട്ട മറ്റൊരു വിജ്ഞാനകോശവും വിശ്വമാനവചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല.

പ്രതീക്ഷയ്ക്കുമപ്പുറം

2001 ജനുവരി 15ന് ജിമ്മി വെയില്‍സ്, ലാറി സാഞ്ചെര്‍ എന്നിവര്‍ ചേര്‍ന്ന് wikipedia.org എന്ന വെബ്‌സൈറ്റ് തുടങ്ങുമ്പോള്‍ അവര്‍ക്കുപോലും ഇത്രയൊന്നും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.  ദേശ–വംശ–ലിംഗ ഭേദങ്ങളില്ലാതെ ലോകത്തിലെ ഏതൊരു മനുഷ്യജീവിക്കും എഴുതിച്ചേര്‍ക്കാനാവുന്ന ഒരു അറിവിടം എന്നു മാത്രമാണ് അവര്‍ ആ പുതിയ സംരംഭത്തെക്കുറിച്ച് വിഭാവനം ചെയ്തത്. എന്നാല്‍, ഏറെ താമസിയാതെ വിക്കിപീഡിയ വന്‍തോതില്‍ത്തന്നെ ജനപ്രിയമായിത്തുടങ്ങി. പണ്ഡിത, പാമര വ്യത്യാസമില്ലാതെ, ഇന്റര്‍നെറ്റ് പതിവായി ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ അവിടെ പുതിയ താളുകള്‍ നിര്‍മിക്കാനും നിലവിലുള്ളവ കൂടുതല്‍ വിപുലമാക്കാനും മുന്നോട്ടുവന്നു. തങ്ങള്‍ക്കറിയാവുന്ന ഗഹനമായ വിഷയങ്ങളില്‍  കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അവരില്‍ മിക്കവരുടെയും പങ്കാളിത്തം. മറ്റു ചിലരാകട്ടെ, വിക്കിപീഡിയയുടെ സാങ്കേതിക നടത്തിപ്പും ഉപയോഗവും സുഗമമാക്കാനുള്ള ദൌത്യങ്ങളില്‍ ഏര്‍പ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഇന്റര്‍നെറ്റിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇടങ്ങളിലൊന്നായി വിക്കിപീഡിയ തനതായ സ്ഥാനം നേടിയെടുത്തു. ഇന്ന് പ്രെെമറി സ്കൂള്‍വിദ്യാര്‍ഥികള്‍മുതല്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞര്‍വരെ, തങ്ങള്‍ക്കാവശ്യമുള്ള അടിസ്ഥാനവിവരങ്ങള്‍ പെട്ടെന്നു വായിച്ചറിയാന്‍ ആശ്രയിക്കുന്നത് വിക്കിപീഡിയയെയാണ്.

കൂട്ടായ്മയുടെ വിജയം

പതിനഞ്ചുവര്‍ഷംകൊണ്ട് വിക്കിപീഡിയ ഒരു പുതിയ വിശ്വസംസ്കാരംതന്നെ നിര്‍മിച്ചെടുത്തു. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കുപോലും പ്രസക്തിയില്ലാത്ത ഒരു കൂട്ടായ്മയാണ് ഇന്ന് വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും. കടപ്പാട് രേഖപ്പെടുത്തിയാല്‍ വിക്കിമീഡിയ പദ്ധതികളിലെ ഏത് ഉള്ളടക്കവും ആര്‍ക്കും പകര്‍പ്പവകാശഭീതിയില്ലാതെ, വ്യാപാരാവശ്യത്തിനുപോലും  സ്വതന്ത്രമായി പുനരുപയോഗിക്കാം.  ലോകത്തിലെ എല്ലാ പൌരന്മാര്‍ക്കും അനന്തകാലത്തേക്കും ഉടമാവകാശമുള്ളതാണ് വിക്കിമീഡിയയില്‍ ലഭ്യമായ അറിവുകളെല്ലാം. വിക്കിമീഡിയ എന്ന പ്രസ്ഥാനംതന്നെ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രമായി ഉടമാവകാശമുള്ളതല്ല. ഈ പദ്ധതികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായി തെരഞ്ഞെടുത്ത, വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്നറിയപ്പെടുന്ന ഒരു നിര്‍ദേശകസമിതിയാണ് ഔദ്യോഗികമായി വിക്കിപീഡിയയുടെയും മറ്റും ഉടമസ്ഥന്‍.  സ്ഥാപകരിലൊരാളായ ജിമ്മി വെയില്‍സിനുപോലും വളരെ പരിമിതമായ അധികാരമേ വിക്കിപീഡിയയില്‍ ഉള്ളൂ.

ഇക്കഴിഞ്ഞ ജനുവരി 15ന് ലോകത്തിലെ നൂറുകണക്കിനു നഗരങ്ങളില്‍ വിക്കിപീഡിയയുടെ 15–ാം പിറന്നാള്‍  ആഘോഷിച്ചു.  മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് കേസരി ഓഡിറ്റോറിയത്തിലായിരുന്നു ഈ ആഘോഷത്തിന് ഒത്തുകൂടിയത്.

വിവരങ്ങളുടെ വിശ്വാസ്യത

ആര്‍ക്കും തിരുത്താവുന്ന വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ആധികാരികതയും വിശ്വസനീയതയും എങ്ങിനെ ഉറപ്പാക്കാം?  വിക്കിപീഡിയ പ്രവര്‍ത്തകര്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നതാണ് ഈ ചോദ്യം. പരിപൂര്‍ണമായും ആധികാരികതയുള്ള ഒരു വിജ്ഞാനസ്രോതസ്സുപോലും ഇല്ലെന്നുള്ളതാണ് വാസ്തവം. വിക്കിപീഡിയപോലും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. എങ്കിലും, വിക്കിപീഡിയയിലെ തിരുത്തലുകള്‍ ചില നിബന്ധനകള്‍ക്കു വിധേയമാണ്. കഴിയാവുന്നത്ര ആധികാരികത ഉറപ്പിക്കാന്‍വേണ്ടി മാത്രം കാര്യനിര്‍വഹകരും സഹകാരികളുമായി അനേകം പേര്‍ നിരന്തരം ലേഖനങ്ങള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ, ലേഖനങ്ങളിലെ വസ്തുതകള്‍ക്ക് കൃത്യമായ അവലംബസൂചികകള്‍ ഉണ്ടാകണമെന്നും വ്യവസ്ഥയുണ്ട്. യഥാവിധി അവലംബം ചൂണ്ടിക്കാണിക്കാത്ത ഇടങ്ങളില്‍ അവയുടെ വിശ്വസനീയത ചോദ്യംചെയ്യാനും ഏതൊരു വായനക്കാരനും അവകാശമുണ്ട്.

വിക്കിനിഘണ്ടുമുതല്‍ ഗ്രന്ഥശാലവരെ

തുറന്ന അറിവ് ലേഖനങ്ങളിലൂടെ മാത്രം പ്രകാശിപ്പിക്കേണ്ടതല്ലെന്നും ചിത്രങ്ങളും ശബ്ദങ്ങളും ഗ്രന്ഥങ്ങളും പഴമൊഴികളും നിഘണ്ടുവുംകൂടി അതിന്റെ ‘ഭാഗമാണെന്നും വിക്കിപീഡിയയിലെ കൂട്ടാളികള്‍ ഏറെതാമസിയാതെ തിരിച്ചറിഞ്ഞു. അതിനനുസരിച്ച് അവയ്ക്കെല്ലാം വെവ്വേറെ സംവിധാനങ്ങള്‍ നിലവില്‍വന്നു. വിക്കിഗ്രന്ഥശാല (http://wikisource.org), വിക്കിനിഘണ്ടു (http://wiktionary.org), വിക്കിചൊല്ലുകള്‍ (http://wikiquotes.org) തുടങ്ങിയ പദ്ധതികള്‍ രൂപംകൊണ്ടത് അങ്ങിനെയാണ്. വിക്കിമീഡിയാ പദ്ധതികള്‍ എന്നാണ് ഇവയെല്ലാം ചേര്‍ത്ത് ഒറ്റവാക്കില്‍ അറിയപ്പെടുന്നത്.  ഇവയില്‍ ഓരോ പദ്ധതികള്‍ ക്കും ഓരോ ‘ഭാഷകളിലും സ്വന്തമായ ശാഖയുണ്ട്. ഉദാ: മലയാളം വിക്കിപീഡിയ http://ml.wikipedia.org എന്ന ഹൈപ്പര്‍ലിങ്കില്‍ കാണാം. അതുപോലെ, http://ml.wiktionary.org ആണ് മലയാളം വിക്കിനിഘണ്ടുവിന്റെ ലിങ്ക്.

മലയാളം വിക്കിപീഡിയ

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സാധാരണ മലയാളികള്‍ക്കുപോലും വിക്കിപീഡിയ എന്ന വിജ്ഞാനസ്രോതസ്സിനെക്കുറിച്ച് വ്യാപകമായ ധാരണയുണ്ടെങ്കിലും  മലയാളത്തിലും വിക്കിപീഡിയ ലഭ്യമാണെന്ന് അവരില്‍ ‘ഭൂരിപക്ഷത്തിനും ഇപ്പോഴും അറിയില്ല. http://ml.wikipedia.org എന്ന ലിങ്കില്‍ മലയാളത്തില്‍ത്തന്നെ വിക്കിപീഡിയ വായിക്കാം. 41,300ലധികം ലേഖനങ്ങള്‍ ഇപ്പോള്‍ മലയാളം വിക്കിപീഡിയയിലുണ്ട്. ഏകദേശം 350 ഉപയോക്താക്കളാണ് ഇത്രയും ലേഖനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. മൂന്നരക്കോടി മലയാളികളില്‍ ആയിരത്തില്‍ ഒരാള്‍വച്ചെങ്കിലും വിക്കിപീഡിയയുടെ വികാസത്തില്‍ പങ്കെടുത്താല്‍തന്നെ എണ്ണത്തിലും ഗുണത്തിലും ഇപ്പോഴുള്ളതിന്റെ നൂറിരട്ടി ലേഖനങ്ങള്‍ സൃഷ്ടിക്കാം.

വിക്കിപീഡിയയില്‍ ലേഖനമെഴുതാനും തിരുത്താനും ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി വിക്കിപീഡിയ വളന്റിയര്‍മാര്‍ പതിവായി സൌജന്യ പഠനശിബിരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. നിങ്ങളുടെ പ്രദേശത്തോ സ്ഥാപനത്തിലോ അത്തരം പഠനശിബിരങ്ങള്‍ നടത്താവുന്നതാണ്. വിവരങ്ങള്‍ക്ക് freewikiclass@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

(വിക്കിപീഡിയ പ്രവര്‍ത്തകനാണ് ലേഖകന്‍ viswaprabha@gmail.com)-
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top