കഴിഞ്ഞവര്‍ഷം പിക്സല്‍ ഫോണുകള്‍ ഇറക്കിയായിരുന്നു ആപ്പിളിന്റെ ഐ ഫോണ്‍ വിപണിയെ തങ്ങള്‍ ലക്ഷ്യംവയ്ക്കുന്നുവെന്ന് ഗൂഗിള്‍ ഉച്ചത്തില്‍ പറഞ്ഞത്. അതുവരെ താരതമ്യേന വിലകുറഞ്ഞ നെക്സസ് ആയിരുന്നു ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയ്ഡ് ബ്രാന്‍ഡ്. എച്ച്ടിസി, എല്‍ജി എന്നിവരൊക്കെയാണ് നെക്സസ് ഫോണുകള്‍ ഗൂഗിളിനുവേണ്ടി ഉണ്ടാക്കിയത്. ഇത്തരത്തില്‍ മറ്റുള്ള ഹാര്ഡ്വെയര് കമ്പനികളുടെ കൈയൊപ്പില്ലാതെയാണ് പിക്സല്‍ ഒന്ന് ഇറങ്ങിയത്. പൂര്‍ണമായും ഒരു ഗൂഗിള്‍ ബ്രാന്‍ഡ് എന്നതിലുപരി ആപ്പിളിന്റെ ഐ ഫോണിന്റെ അടിതെറ്റിക്കാനാണ് പിക്സല്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ഒക്ടോബറില്‍ ഇറങ്ങിയ പിക്സല്‍ ഒന്നിന്റെ രണ്ടാം പതിപ്പ് ഉടന്‍ വരുന്നു എന്നാണ് വിപണിനിരീക്ഷകര്‍ പറയുന്നത്. ആദ്യപതിപ്പിലെപ്പോലെ ഗ്ളാസ്, മെറ്റല്‍ എന്നീ രണ്ടു ഫിനിഷുകളില്തന്നെ ആകുമെങ്കിലും പിക്സല്‍ രണ്ടിന്റെ വലിയ പതിപ്പ് പഴയ പിക്സലിന്റെ വലിയ പതിപ്പിനെക്കാള്‍ വലിയ ഡിസ്പ്ളേയുമായാവും വരിക. ഇതുകൂടാതെ പഴയതിലും മെലിഞ്ഞ രൂപവും. ചെറിയ പിക്സലില്‍ ഹെഡ്ഫോണ് ജാക്ക് ഇല്ലാതെയാകും വരിക എന്നാണ് പറയപ്പെടുന്നത്. ഇതിനുപകരം സ്പീക്കറുകള്‍ സ്റ്റീരിയോ ആകുമത്രെ. എന്തായാലും ഇത് ഇപ്പോള്‍തന്നെ ഗൂഗിള്‍ ഫാനുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ ആണെങ്കിലും മൊത്തത്തില്‍ ഡിസൈനില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.
ക്യാമറയാണ് മെച്ചപ്പെടാന്‍ സാധ്യതയുള്ള ഒരു മേഖല. കുറഞ്ഞ ലൈറ്റില്‍ മെച്ചപ്പെട്ട ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതരത്തിലുള്ള ക്യാമറയാകും പിക്സല്‍ രണ്ടില്‍ ഉണ്ടാവുകയെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ പല പുതിയ മാറ്റങ്ങളും ക്യാമറയില്‍ പ്രതീക്ഷിക്കാമെന്നാണ് അനുമാനിക്കപ്പെടുന്നത്.
പിക്സല്‍ രണ്ടില്‍ ടിമുറൃമഴീി 835 ചിപ്സെറ്റാണെന്ന് പറയപ്പെടുന്നു. ആന്‍ഡ്രോയ്ഡിന്റെ പിതാവായ ആന്റി റൂബിന് ഈയിടെ തുടങ്ങിയ എസന്‍ഷ്യല്‍ ഫോണ്‍, വിപണിയില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഛിലജഹൌ 5, സാംസങ്ങിന്റെ ചില മോഡലുകള്‍ എന്നിവയിലുള്ള ചിപ്പ്സെറ്റാണിത്. 128 ജിബി, 64 ജിബി ആകും പിക്സല്‍ രണ്ടിന്റെ സ്റ്റോറേജ് സ്പേസ് എന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളില്‍നിന്ന് നമുക്ക് അനുമാനിക്കാം. ഒരല്‍പ്പം വെള്ളം താങ്ങാന്‍പറ്റാത്ത ഫോണുകള്‍ ഇന്നില്ല. പിക്സലിന്റെ ആദ്യപതിപ്പ് ഇതില്‍നിന്ന് ഒരല്‍പ്പം മാറിയായിരുന്നു. അത് പുതിയ പതിപ്പില്‍ പരിഹരിക്കപ്പെടുമെന്ന് പറയപ്പെടുന്നു. വാട്ടര്‍ റസിസ്റ്റന്റ് അല്ലാത്തതിന് കുറെയേറെ കളിയാക്കലുകള്‍ പിക്സല്‍ ഒന്ന് സഹിച്ചിരുന്നു.
ഐ ഫോണിനെ വെല്ലാന്‍ ഇറക്കുന്ന ബ്രാന്‍ഡിന് വില കുറയാന്പാടില്ലല്ലോ. അതുകൊണ്ട് 55,000 രൂപയുണ്ടായിരുന്ന പിക്സല്‍ ഒന്നിനെക്കാള്‍ വില എന്തുകൊണ്ടും കൂടുതലാകും പിക്സല്‍ രണ്ടിന്.