12 November Tuesday

വീണ്ടും ചന്ദ്രനിലേക്ക്

ഡോ. എൻ. ഷാജിUpdated: Thursday Jun 20, 2019


ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാനിന്റെ രണ്ടാം ഘട്ടം വിക്ഷേപണത്തിന് തയ്യാറാവുകയാണ്. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനിൽ പേടകമിറക്കി ശാസ്ത്രീയ പഠനങ്ങൾ നടത്തുകയാണ് ലക്ഷ്യം. സോവിയറ്റ് യൂണിയനും അമേരിക്കക്കും ചൈനക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമതു രാജ്യമായിരിക്കും ഇന്ത്യ. ഒന്നാം യു പി എ  സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ച ചന്ദ്രയാൻ പദ്ധതിയുടെ  ഭാഗമാണിത്. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിനു പുറമേ ചന്ദ്രനിലിറങ്ങാനായി വിക്രം എന്ന ഒരു ലാൻഡറും അതിനു ചുറ്റും ഓടിനടന്ന് പരീക്ഷണങ്ങളിൽ സഹായിക്കാൻ പ്രഗ്യാൻ എന്നൊരു ചെറിയ വാഹനവും തയ്യാറായിട്ടുണ്ട്. നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിക്ക് തുടക്കമിട്ട പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ ഓർമക്കായാണ് ലാൻഡറിന് വിക്രം എന്ന പേരു നൽകിയതു്. വിവേകം എന്നർഥമുള്ള സംസ്കൃത പദത്തിൽ നിന്നാണ് പ്രഗ്യാന് ആ പേരു കിട്ടിയത്.

നമ്മുടെ റോക്കറ്റായ ജിഎസ്എൽവി മാർക്ക് മൂന്നിന്റെ കരുത്തിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇത്‌ ആകാശത്തേക്കു കുതിക്കും. ഇതിനു നിശ്ചയിച്ച തീയതി ജൂലൈ 15 ആണ്. അന്ന് വിക്ഷേപിച്ചാൽ സെപ്റ്റംബർ ആറോടെ വിക്രം പേടകത്തെ ചന്ദ്രനിൽ ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അവിടുത്തെ ദക്ഷിണ ധ്രുവപ്രദേശത്ത് രണ്ടു ഗർത്തങ്ങളുടെ ഇടയിലുള്ള സമതലത്തിലാണ് ലാൻഡർ ഇറങ്ങുക.

എല്ലാം നമ്മുടെ പദ്ധതിയനുസരിച്ച് നടക്കുകയാണെങ്കിൽ ഓർബിറ്റർ ഒരു വർഷവും വിക്രമും പ്രഗ്യാനും 14 ദിവസവും കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ  ദിവസം എന്നു പറയുന്നത്‌ ഭൂമിയിലെ ദിവസങ്ങളാണ്. ഇവിടുത്തെ 14 ദിവസങ്ങൾ എന്നു പറയുന്നത് ചന്ദ്രനിലെ ഒരു പകലാണ്. സൂര്യനെ അപേക്ഷിച്ച് ഒന്നു തിരിഞ്ഞു വരാൻ ചന്ദ്രൻ 27 ദിവസമെടുക്കും. ചന്ദ്രയാനുമായി ബന്ധപ്പെട്ടതെല്ലാം രൂപകല്പന ചെയ്തതും ഉണ്ടാക്കിയെടുത്തതും ഇന്ത്യയിലാണെന്നത് അഭിമാനിക്കത്തക്കതായ കാര്യമാണ്. ഏതാണ്ട് ആയിരം കോടി രൂപയാണ് ഈ ദൗത്യത്തിന്റെ ആകെ ചെലവ്.

ഗഗൻയാൻ
മനുഷ്യരെ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത്,  ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യൻ പദ്ധതിയാണ് ഗഗൻയാൻ. 35 വർഷം മുമ്പ് 1984 ഏപ്രിൽ രണ്ടിന് ഇന്ത്യക്കാരനായ വിംഗ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. പക്ഷേ അന്നത് സോവിയറ്റ് യൂണിയന്റെ റോക്കറ്റിൽ അവരുടെ സഹകരണത്തോടെയായിരുന്നു. എന്നാൽ ഇന്ത്യൻ വാഹനത്തിൽ നമ്മുടെ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഇതു സാധ്യമാക്കാമെന്ന തോന്നലുണ്ടായതു് ഇന്ത്യ ജിഎസ്എൽവി (ജിയോ സ്റ്റേഷനറി സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) വികസിപ്പിച്ചെടുത്തതോടെയാണ്. അതിന്റെ മാർക്ക് - മൂന്ന്‌ മോഡലിൽ ശക്തിയേറിയ ക്രയോജനിക് എൻജിൻ ഉപയോഗിക്കുന്നതിനാൽ നാല്‌ ടണ്ണോളം വരുന്ന പേലോഡിനെ ബഹിരാകാശത്തെത്തിക്കുവാൻ കഴിയും.

ഗഗൻയാൻ പദ്ധതിക്ക് തുടക്കമിടുന്നതും ആദ്യ ഫണ്ടിങ്‌ ലഭ്യമാക്കുന്നതും 2004‐-09 കാലഘട്ടത്തിൽ ഭരണത്തിലിരുന്ന ഒന്നാം യുപിഎ സർക്കാരാണ്. പതിനായിരം കോടി രൂപയോളം ചെലവു പ്രതീക്ഷിച്ചതിനാലും ഇതിനായി നിരവധി സങ്കീർണ സാങ്കേതികവിദ്യകൾ സ്വായത്തമാക്കേണ്ടിയിരുന്നതിനാലും പദ്ധതി നീണ്ടു പോയി. ഇതിനിടയിൽ അടിയന്തര ഘട്ടങ്ങളിൽ യാത്രികരെ രക്ഷപ്പെടുത്തുന്നതിനുള്ള രീതികൾ നമ്മൾ വിജയകരമായി പരീക്ഷിച്ചു. കൂടാതെ ബഹിരാകാശ യാത്രികരെ അന്തരീക്ഷത്തിലെ ഘർഷണം കൊണ്ടുണ്ടാകുന്ന താപത്തെ പ്രതിരോധിച്ച് ഭൗമോപരിതലത്തിൽ തിരിച്ചിറക്കാനുള്ള സംവിധാനങ്ങളും തയ്യാറായി. ഇതോടെ ഗഗൻയാൻ യാഥാർഥ്യത്തോടടുത്തു. 2022- ഓടെ ഇന്ത്യൻ യാത്രികരെ ബഹിരാകാശത്തെത്തിച്ച് ഒരാഴ്ചത്തെ പഠന ഗവേഷണ പരിപാടികൾക്കു ശേഷം തിരികെയെത്തിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘമായ ഐഎസ്ആർഒ അതിനു വേണ്ട പൈലറ്റുമാരെ തിരഞ്ഞെടുക്കുന്നത്‌ ഇന്ത്യൻ വ്യോമസേനയായിരിക്കും. അവരെ റഷ്യയിലോ അമേരിക്കയിലോ അയച്ച് പരിശീലനം ലഭ്യമാക്കാനാണ് സാധ്യത. ഇന്ത്യയിൽ ഇതിനുള്ള സംവിധാനം ഒരുക്കാൻ കാലതാമസമുണ്ടാകുമെന്നതിനാലാണിത്.  മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതോടെ അതിനു ശേഷിയുള്ള നാലാമത്തെ രാജ്യമായിരിക്കും നമ്മുടേത്. റഷ്യ (സോവിയറ്റ് യൂണിയൻ), യുഎസ്എ, ചൈന എന്നീ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കിയവരാണ്.
ഇതു വിജയകരമായതിനുശേഷം ഒരു ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള പദ്ധതിയും ഐഎസ്ആർഒ രൂപപ്പെടുത്തുന്നുണ്ട്.

ആകാശത്തൊരു ഇന്ത്യൻ താവളം
ഇന്ത്യയിൽനിന്ന് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ആദ്യ ശ്രമമായ ഗഗൻയാന്റെ തുടർച്ചയായാണ് ബഹിരാകാശ നിലയദൗത്യം പ്രഖ്യാപിച്ചത്. ഗഗൻയാൻ 2022ഓടെ പൂർത്തീകരിച്ച്  2030ന് ഉള്ളിൽ നിലയം സ്ഥാപിക്കാനാവും എന്നാണ് പ്രതീക്ഷ. അത് സാധ്യമായാൽ 1971ൽ തുടങ്ങിയ റഷ്യൻ (സോവിയറ്റ് യൂണിയൻ) സല്യൂട്ട് മുതൽ യൂഎസ്, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ബഹിരാകാശത്തു സ്ഥാനം നേടും. ഇപ്പോൾ സുപ്രധാനമായത്  വിവിധ ലോകരാജ്യങ്ങളുടെ സഹായത്തോടെ നിർമിച്ച നാസയുടെ ഐഎസ്എസ് അഥവാ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനാണ്. ഭൂമിയുടെ ഉപരിതലത്തിൽ ഏതാണ്ട് നാനൂറ് കിലോമീറ്റർ ഉയരെയാണ് ഐഎസ്എസിന്റെ സ്ഥാനം. ഓരോ 92 മിനിറ്റിലും ഇത് ഭൂമിയെ വലയം വയ്ക്കുന്നു. ഐഎസ്എസിന്റെ അതേ ഉയരത്തിൽ തന്നെയാണ് ഇന്ത്യയും തങ്ങളുടെ നിലയം സ്ഥാപിക്കാൻ ഒരുങ്ങുക. ഐഎസ്എസിന്റെ തൂക്കത്തിന്റെ ഇരുപത്തിയൊന്നിൽ ഒരു ഭാഗം മാത്രമാവും ഈ പേടകത്തിന്റെ ഭാരം.
മറ്റു രാജ്യങ്ങളിൽനിന്ന് സഹായമില്ലാതെ സ്വതന്ത്രമായ ദൗത്യനിർവഹണമാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. വിക്ഷേപണം പൂർത്തിയാക്കിയാൽ വിദേശ ഗവേഷകർക്കും ഇവിടെ പരീക്ഷണങ്ങൾ നടത്താമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികൾക്ക് ഇരുപത് ദിവസങ്ങളോളം ഇവിടെ തങ്ങാനും അവസരമുണ്ടാകും. ഇത് വിദേശിയർ  ഉൾപ്പടെയുള്ള സഞ്ചാരികൾക്ക് പ്രയോജനം ചെയ്യും.

 

ജിഎസ്എൽവി  (മാർക് 3)
640 ടൺ ഭാരവും 43.4 മീറ്റർ ഉയരവുമുള്ള ഈ കൂറ്റൻ റോക്കറ്റിന് നാല്‌ ടൺ ഭാരത്തെ ഉയർന്ന ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുണ്ട്. ഇന്ത്യയുടെ റോക്കറ്റുകളിൽ ഏറ്റവും ശക്തി കൂടിയതാണിത്. ഇതിന്റെ മൂന്നാം സ്റ്റേജിൽ ദ്രാവക രൂപത്തിലുള്ള ഹൈഡ്രജനും ഓക്സിജനും ഉപയോഗിക്കുന്ന സങ്കീർണമായ ക്രയോജനിക് എൻജിൻ ഉപയോഗിക്കുന്നു. ഇതിനു മുമ്പ് നാല്‌ തവണ ഈ റോക്കറ്റ് ഉപയോഗിച്ചിരുന്നു. എല്ലാ തവണയും വിക്ഷേപണം വിജയിക്കുകയും ചെയ്തു.

വിക്രം (ലാൻഡർ)
ചന്ദ്രന്റെ ഉപരിതലത്തിൽ ഭദ്രമായി ഇറങ്ങാനായി വേഗത കുറക്കാനുള്ള റോക്കറ്റുകൾ ഉൾപ്പടെയുള്ള നിരവധി സംവിധാനങ്ങളുള്ള പേടകമാണ് വിക്രം. 1471 കിലോഗ്രാം മാസ്സുള്ള ഈ  ലാൻഡറിന് വൈദ്യുതി നൽകാൻ 650 വാട്ട് പവറുള്ള സോളാർ പാനലുകൾ ഉണ്ട്. ബംഗളൂരുവിനടുത്തുള്ള കൺട്രോൾ സ്റ്റേഷനുമായി വാർത്താവിനിമയം നടത്താനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. അതു കൂടാതെ ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററുമായും ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ എന്ന റോവറുമായും ഇത് റേഡിയോ ബന്ധം നിലനിർത്തും.

ഓർബിറ്റർ
ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾക്കു മുകളിലൂടെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹമായിരിക്കും റോവർ . ഇതിന്റെ മാസ്സ് 2379 കിലോഗ്രാമാണ്. സോളാർ സെല്ലുകളുടെ ശേഷിയാകട്ടെ ഒരു കിലോവാട്ടും. ഉയർന്ന സംവേദനക്ഷമതയുള്ള ക്യാമറ, സ്പെക്ട്രോമീറ്ററുകൾ, ആന്റിനകൾ, റഡാർ തുടങ്ങിയ ഉപകരണങ്ങളൊക്കെ ഇതിന്റെ ഭാഗമാണ്.

പ്രഗ്യാൻ
ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രം എന്ന ലാൻഡറിൽ നിന്ന് 500 മീറ്റർ ദൂരം വരെ യാത്ര ചെയ്യാവുന്ന ചെറിയ വാഹനമാണ് പ്രഗ്യാൻ. 50 വാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള സൗരോർജ പാനലാണ് ഇതിന് ഊർജം നൽകുക. ചന്ദ്രനിൽ പകലായിരിക്കുമ്പോൾ മാത്രമാണ് ഇതു പ്രവർത്തിക്കുക. അതിന് വിക്രമുമായി വാർത്താവിനിമയ ബന്ധം ഉണ്ടാകും. എന്നാൽ അതിന് ഭൂമിയിലേക്ക് നേരിട്ട് സിഗ്നലുകളയക്കാനുള്ള ശേഷി ഉണ്ടാവില്ല. 27 കിലോഗ്രാം മാസുള്ള ഇതിന് ആറ് ചക്രങ്ങളുണ്ട്. ഓരോ ചക്രത്തേയും കറക്കാൻ പ്രത്യേകം വൈദ്യുത മോട്ടോറുകൾ ഉണ്ട്. ഈ കുഞ്ഞൻ വാഹനത്തിൽ ഒരു ചെറിയ ലബോറട്ടറി തന്നെ ഐഎസ്ആർഒ തയ്യാറാക്കിയിട്ടുണ്ട്. അതിൽ നിന്നുള്ള ലേസർ അവിടുത്തെ മണ്ണിൽ അടിച്ച് ഉയർന്ന താപനിലയുള്ള പ്ലാസ് മയെ സൃഷ്ടിച്ച് അതിനെ വിശകലനം ചെയത് അതിന്റെ രാസഘടന പഠിക്കാനുള്ള ഉപകരണങ്ങളും ഇതിൽപ്പെടും.

 

രാകേഷ് ശർമ്മ
ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഭാരതീയനാണ് രാകേഷ് ശർമ്മ. 1984ൽ സൊയൂസ് ടി11 എന്ന സോവിയറ്റ് പേടകത്തിലേറിയാണ് അദ്ദേഹം ഈ നേട്ടത്തിനർഹനായത്. അദ്ദേഹവും സൊയൂസിന്റെ കമാൻഡർ യൂറി മാലിഷേവും ഫ്ലൈറ്റ് എൻജിനിയറായ ഗെന്നാഡി സ്ട്രേകാലോവും അടങ്ങുന്ന ഇന്തോ‐-റഷ്യൻ പര്യവേക്ഷകസംഘം സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ ഏഴ്‌ ദിവസവും 21 മണിക്കൂറും ചെലവഴിച്ചു. ഈ കാലയളവിൽ അദ്ദേഹം ഭാരതത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹിരാകാശനിരീക്ഷണവും,ബയോമെഡിസിൻ, റിമോട്ട്‌ സെൻസിങ്‌ എന്നീ മേഖലകളിൽ അനേകം പരീക്ഷണങ്ങളും നടത്തി. ഈ നേട്ടങ്ങൾക്ക് രാജ്യം അശോകചക്രം നൽകി അദ്ദേഹത്തെ ആദരിച്ചു.
 

കൽപന ചൗള
ശൂന്യാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ. 5 സഹഗവേഷകർക്കൊപ്പം 1997ലാണ് നാസയുടെ എസ് ടി എസ്- 87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി കൽപന ആദ്യമായി ബഹിരാകാശത്തെത്തിയത്. ആ യാത്രയിൽ 15 ദിവസവും 12 മണിക്കൂറും ബഹിരാകാശത്ത് ചെലവഴിച്ചു. സ്പാർട്ടൻ 204 എന്ന ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ദൗത്യം നിർവഹിക്കാൻ പരാജയപ്പെട്ടതിന് കൽപനയ്ക്ക് പഴി കേൾക്കേണ്ടിവന്നെങ്കിലും പിന്നീട് നാസ നടത്തിയ അന്വേഷണത്തിൽ അത് സോഫ്റ്റ്‌‌വെയറിന്റെ പിശകായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. അതിന്റെ ഫലമായി ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ നാസ നടത്തിയ എസ് ടി എസ്-107 എന്ന 2003ലെ ദൗത്യത്തിലും അവർ അംഗമായി. 17 ദിവസങ്ങളോളം നീണ്ടുനിന്ന യാത്രയിൽ കൽപനയടക്കമുള്ള ഏഴു ഗവേഷകർ എൺപതോളം പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കൊളംബിയ ബഹിരാകാശ വാഹനം പൊട്ടിത്തെറിച്ച്‌ അതിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ഹരിയാനയിലെ കർണാലിലാണ് ജനിച്ചതെങ്കിലും അമേരിക്കൻ പൗരത്വം നേടി, അമേരിക്കയെ പ്രതിനിധീകരിച്ചാണ് അവർ ചരിത്രത്തിന്റെ ഭാഗമായത്.

സുനിത വില്യംസ്
കല്പനയെ പോലെ തന്നെ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ സുനിത വില്യംസ് നാസയുടെ എസ് ടി എസ്-116 എന്ന ദൗത്യത്തിന്റെ ഭാഗമായി 2006ൽ ഡിസ്കവറി എന്ന ഉപഗ്രഹത്തിലേറിയാണ് ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലോട്ടുള്ള പതിനാലാമത് പര്യവേക്ഷണസംഘത്തിന്റെ ഫ്ലൈറ്റ് എൻജിനിയറായ തോമസ് റെയിറ്ററിനു പകരമായി സ്ഥാനമേറ്റ അവർ പിന്നീട് പതിനഞ്ചാം സംഘത്തിന്റെയും ഭാഗമായി. 2012ൽ മുപ്പത്തിരണ്ടാമത് സംഘത്തിന്റെ ഫ്ലൈറ്റ് എൻജിനിയറായി ഒരിക്കൽക്കൂടി ബഹിരാകാശയാത്ര നടത്തിയ അവർ മുപ്പത്തിമൂന്നാം സംഘത്തിന്റെ കമാൻഡറായും സേവനമനുഷ്ഠിച്ചു. രണ്ട് യാത്രയും കൂടി ഉൾപ്പെടെ 322 ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിതകളിൽ രണ്ടാം സ്ഥാനത്താണ് സുനിത. അമേരിക്കൻ സഞ്ചാരിയായ പെഗ്ഗി വിറ്റ്സൺ ആണ് ഒന്നാമത്. കൂടാതെ ഒരു വനിതയുടെ ഏറ്റവും കൂടുതൽ ബഹിരാകാശനടത്തങ്ങൾ (7), ബഹിരാകാശനടത്തത്തിന് ചെലവഴിച്ച ഏറ്റവും കൂടുതൽ സമയം (50 മണിക്കൂർ 40 മിനിറ്റ്) എന്നീ പദവികളിലും സുനിത വില്യംസ് വിറ്റ്സണിനു  തൊട്ടുപിന്നിലാണ്.
 

 


പ്രധാന വാർത്തകൾ
 Top