12 November Tuesday

വനിതാ ടെന്നീസിന്റെ പുതുപ്പിറവികൾ

എ എൻ രവീന്ദ്രദാസ്Updated: Thursday Jun 20, 2019

ആഷ്‌ലി ബാർട്ടി


ഇത്തവണ ഫ്രഞ്ച്‌ ഓപ്പൺ കിരീടമുയർത്തിയ ഇരുപത്തിമൂന്നുകാരി ആഷ്‌ലി ബാർട്ടി ഓസ്‌ട്രേലിയയുടെ 46 വർഷമെത്തിയ ഗ്രാൻസ്‌ലാം സ്വപ്‌നമാണ്‌  സാക്ഷാത്‌ക്കരിച്ചത്‌. 1973ൽ മാർഗരറ്റ്‌ കോർട്ടിനുശേഷം ഫ്രഞ്ച്‌ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരിയായി നിറചിരിയോടെ ബാർട്ടി നിൽക്കുമ്പോൾ ആ രണ്ടാഴ്‌ചക്കുള്ളിൽ റൊളാങ്‌ ഗാരോസിലെ കളിമണ്ണിൽ ആരുടെയൊക്കെ കിരീട പ്രതീക്ഷകളാണ്‌ തകർന്നുപോയത്‌.

23 ഗ്രാൻസ്‌ലാം കിരീടങ്ങളുടെ സൂക്ഷിപ്പുകാരിയായ സെറീന വില്യംസ്‌, ജസ്‌റ്റിൻ ഹെനിനും മരിയ ഷരപ്പോവയ്‌ക്കും ശേഷം തുടർച്ചയായ മൂന്നാം ഗ്രാൻസ്‌ലാം ൈഫനൽ ലക്ഷ്യമിട്ട റുമാനിയക്കാരി സിമോെണ ഹാലെപ്‌, സെറീനയ്‌ക്കുശേഷം നിരനിരയായി മുന്ന്‌ ഗ്രാൻസ്‌ലാം നേടുന്ന ആദ്യ വനിതയാകാൻ  കൊതിച്ച ജപ്പാന്റെ നവോമി ഒസാക, 2017ൽ പാരീസിൽ സെമിയിലിലെത്തിയ ചെക്ക്‌ റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ, മാഡ്രിഡ്‌ഓപ്പണിൽ വന്പത്തിമാരെയെല്ലാം തുരത്തി കിരീടത്തിലെത്തിയ ഡച്ചുകാരി കിറ്റി ബർട്ടൻസ്‌, ഈ വർഷം നാല്‌ ടൂർണമെന്റിൽ ഫൈനൽ കളിച്ച്‌ രണ്ട്‌ കിരീടം നേടിയ ചെക്കുകാരി പെട്ര ക്വിറ്റോവ എന്നിവർക്ക്‌ മാത്രമല്ല, ഗാർബൈൻ മുഗുരുസ, ആഞ്ചെലിക്‌ കെർബർ, എലിന സ്വിറ്റോലിന, ജൊഹാന്ന കോണ്ട, സ്വെറ്റ്‌ലാന കുസനത്‌സോവ തുടങ്ങിയ പരിചയ സന്പന്നർക്കും പാരീസിന്റെ പരിലാളനമുണ്ടായില്ല.

 

വനിതാ ടെന്നീസ്‌  അങ്ങനെയാണിപ്പോൾ, അവിടെ നിനച്ചിരിക്കാതെ താരങ്ങൾ അവതരിക്കുകയും അപ്രതീക്ഷിത നേട്ടങ്ങളിലൂടെ വിസ്‌മയം സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഒസ്‌റ്റാപെൻകൊയും സ്ലോയേൻ സ്‌റ്റീഫൻസും ഒസാകയുമെല്ലാം ആ നവവസന്തത്തിന്റെ കണ്ണികളാണ്‌. പുരുഷ  ടെന്നീസാകട്ടെ വർഷങ്ങളായി ഒരു നാൽവർ സംഘത്തിന്റെയോ അല്ലെങ്കിൽ മൂവർ സംഘത്തിന്റെയോ പടയോട്ടത്തിലാണ്‌. പുതു നാന്പുകൾ കിളിർക്കുമെങ്കിലും തളിർത്തു പന്തലിക്കാറില്ല.

വനിതാ ടെന്നീസിൽ സാധ്യതകളുടെ വിശാലമായ ചക്രവാളമാണ്‌ തുറന്നുകിടക്കുന്നത്‌. ആർക്കും അനിഷേധ്യമായ ആധിപത്യം സമകാലിക വനിതാ കളത്തിലില്ല. ഉണ്ടായിരുന്നു അങ്ങനെയൊരുകാലം. ക്രിസ്‌ എവർട്ടും മർതീന നവരത്തിലോവയും സ്‌റ്റെഫിഗ്രാഫും മോണിക്ക സെലഷും ഒടുവിൽ വില്യംസ്‌ സഹോദരിമാരിൽ സെറീനയും വാണ നാളുകൾ. 2017ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയശേഷം കുഞ്ഞിന്‌ ജന്മംനൽകി കോർട്ടിൽ തിരിച്ചെത്തിയ സെറീനയ്‌ക്ക്‌ കഴിഞ്ഞ എട്ട്‌ ഗ്രാൻസ്‌ലാമുകളിൽ ഒന്നുപോലും നേടാനായില്ല. 2002നുശേഷം സെറീന വില്യംസ്‌ ഗ്രാൻസ്‌ലാമിൽ മുദ്രപതിപ്പിക്കാത്ത ഇത്ര ദീർഘമായ ഒരു ഇടവേളയുണ്ടായിട്ടില്ല. വിശ്വ ടെന്നീസിൽ കറുപ്പിന്റെ അഴകും അതിജീവനവും കൊണ്ട്‌ തന്റേതായ കാലഘട്ടവും ചരിത്രവുമെഴുതിയ സെറീന ഇനി പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചെത്താനും സാധ്യത കുറവാണെന്ന്‌ നിരീക്ഷകർ കരുതുന്നു. ഏതാണ്ട്‌ ഒരേ പ്രാഗൽഭ്യത്തോടെ കളിക്കളം വാഴുന്ന നിരവധി മങ്കമാരുടെ മേധാവിത്വത്തിനുവേണ്ടിയുള്ള ആഘോഷപൂർണ്ണമായ ഒരു അരങ്ങാണ്‌ ഇന്ന്‌ വനിതാ ടെന്നീസ്‌. അവിടെ ആരും വീഴാം. പഴയതുപോലെ  ഏകാധിപതികളായ ചാന്പ്യൻമാരുടെ കാലമല്ല. ലോക  ഒന്നാംറാങ്കായ നവോമി ഒസാക ഈ ഫ്രഞ്ച്‌  ഓപ്പണിൽ വീണത്‌ അത്രയൊന്നും അറിയപ്പെടാത്ത ചെക്കുകാരി കത്രീന സിനിയക്കോവയുടെ കൈകളിലാണെന്നു കാണുക.

കിരീടസാധ്യതയിൽ മുന്നിലുള്ളവരെയും മുന്തിയ സീഡുകളെയും ഒന്നൊന്നായി കൈവിട്ട റൊളാങ്‌ഗാരോസാണ്‌ അന്തിമപ്പോരാട്ടത്തിനായി ആഷ്‌ലിബാർട്ടിയെയും കഴിഞ്ഞ പത്ത്‌ വർഷമായി ഒരു ഗ്രാൻസ്‌ലാം ഫൈനലിലെത്തുന്ന ആദ്യ കൗമാരതാരമായ ചെക്കുകാരി മാർകേറ്റ വോൺഡ്രസോവയെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്‌. ബാർട്ടിയ്‌ക്കോ ഫൈനലിൽ തോറ്റ വോൺഡ്രസോവയ്‌ക്കോ തുടർന്നും മുൻനിരയിൽ തുടരാനാവുമെന്ന്‌ തറപ്പിച്ചു പറയാനാവില്ല. ഈ യുവതാരങ്ങളേക്കാൾ അവരുടെ മാധ്യമ ബിംബങ്ങൾക്ക്‌ പ്രസക്തി കൈവന്നേക്കാം. എന്നാൽ അവർ അതിൽ വീണുപോകരുത്‌. വീനസ്‌, സെറീനമാരെപ്പോലെ ഫാഷനും ഗ്ലാമറിനുമൊപ്പം സ്വന്തം കളിയെ നവീകരിക്കാനും പുതിയ സങ്കേതങ്ങളും കൈവഴികളും കണ്ടെത്തി സ്ഥിരതയോടെ നിലനിൽക്കാനും  ഇവർക്ക്‌ കഴിയണം. ബാർട്ടിയും വോൺഡ്രസോവയുമുൾപ്പെടുന്ന യുവനിരയ്‌ക്ക്‌ ചേച്ചിമാരുടെ ഈ നല്ല മാതൃക വഴിവിളക്കാകട്ടെ.
 


പ്രധാന വാർത്തകൾ
 Top