13 August Saturday

ശാസ്‌ത്രചിന്ത, എഴുത്ത്‌, വായന

ഡോ എ രാജഗോപാൽ കമ്മത്ത്‌Updated: Sunday Jun 19, 2022


മാനവരാശിയുടെ ഏറ്റവും വലിയ നേട്ടങ്ങളാണ്‌ ശാസ്ത്രീയ ചിന്താപദ്ധതിയും അതിൽനിന്ന്‌ ഉരുത്തിരിയുന്ന സങ്കൽപ്പനങ്ങളും സങ്കേതങ്ങളും. മനുഷ്യൻ ചുറ്റുപാടുകളെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കുകയും പ്രതിഭാസങ്ങളെക്കുറിച്ചുള്ള തൃപ്തികരമായ വിശദീകരണം നൽകാൻ ശ്രമിക്കുകയും ചെയ്യാൻ തുടങ്ങിയതിന്‌ കാലങ്ങളുടെ പഴക്കമുണ്ട്‌. ജ്യോതിർഗോളങ്ങളുടെ ചലനത്തെക്കുറിച്ച് നിരീക്ഷണങ്ങളിലൂടെ  കണ്ടെത്തിയ മാതൃകകൾ അവയുടെ ഭാവിസ്ഥാനങ്ങളെ പ്രവചിക്കാൻ സഹായകമായി.

ശാസ്‌ത്രകൃതികൾ
നിക്കോളാസ് കോപ്പർനിക്കസിന്റെ ആശയങ്ങളിൽ തുടങ്ങി ഗലീലിയോ ഗലീലിയുടെ നിരീക്ഷണങ്ങളിലൂടെ ഐസക് ന്യൂട്ടനിൽ എത്തുകയും ശാസ്ത്രത്തിനൊരു ഉറപ്പുള്ള അടിസ്ഥാനം ഇടാൻ  സാധിക്കുകയും ചെയ്തു. പിന്നങ്ങോട്ട് ഒരു കുതിച്ചുചാട്ടമായിരുന്നു. ശാസ്ത്രവിപ്ലവത്തിനു ചുക്കാൻപിടിച്ചവരുടെ സങ്കൽപ്പനങ്ങൾ ഇന്നും നിലനിൽക്കുന്നു. ഏറെ പ്രയാസപ്പെട്ടു നടത്തിയ നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും തെളിഞ്ഞ വസ്തുതകൾ ശാസ്ത്രത്തെ പരിപോഷിപ്പിച്ചു. ഇത്തരം കണ്ടെത്തലുകൾ പൊതുജനത്തിനു മുന്നിൽ അവതരിപ്പിക്കാനും അതിന്റെ ഉപജ്ഞാതാക്കൾ ശ്രമിച്ചു. ന്യൂട്ടന്റെ ‘പ്രിൻസിപ്പിയ’യും  ചാൾസ് ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന കൃതിയും എക്കാലത്തെയും മികച്ച

ശാസ്ത്രകൃതികളാണ്‌.ലോകഭാഷകളിൽഇവയ്‌ക്കുണ്ടായ പതിപ്പുകളും പരിഭാഷകളും നിരവധിയാണ്‌. ന്യൂട്ടന്‌ എന്തുകൊണ്ടോ തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിൽ ആദ്യകാലത്ത്‌ വൈമുഖ്യമുണ്ടായിരുന്നു. എന്നാൽ, ലെബിനീസ് എന്ന ഗണിതശാസ്ത്രജ്ഞൻ കാൽക്കുലസ് കണ്ടെത്തിയെന്ന് അവകാശപ്പെട്ടപ്പോൾ സ്വതന്ത്രമായി അതു നേരത്തേ കണ്ടെത്തിയ ന്യൂട്ടന്‌ തന്റെ ഒന്നാംസ്ഥാനം ‘ഉറപ്പിക്കാൻ’ പെട്ടെന്നുതന്നെ തന്റെ പഠനവിവരങ്ങൾ അവതരിപ്പിക്കേണ്ടിവന്നു. ശാസ്ത്രവും ശാസ്ത്രനേട്ടങ്ങളും മാനവരാശിക്ക്‌ മൊത്തം അവകാശപ്പെട്ടതാണ്‌. ഈ നേട്ടങ്ങളെപ്പറ്റിയുള്ള അറിവ്‌ സമൂഹത്തിൽ എത്താൻ ശാസ്‌ത്രകൃതികൾ അനിവാര്യവും. സാമൂത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും ശാസ്‌ത്രകൃതികൾ നൽകുന്ന സംഭാവന ചെറുതല്ല.

ശാസ്‌ത്ര വസ്‌തുതകൾ ഊഹങ്ങളല്ല

വ്യക്തികൾ നടത്തുന്ന പുതിയ ശാസ്‌ത്ര കണ്ടുപിടിത്തങ്ങൾക്ക്‌ അടിസ്ഥാനം അതിനുമുമ്പ്‌ മറ്റുള്ളവർ നടത്തിയിട്ടുള്ള കണ്ടെത്തലുകളാണ്‌. അതികായരുടെ ചുമലിൽനിന്നു കൊണ്ടാണ്‌ ആധുനിക കാലത്തെ മുന്നേറ്റമെല്ലാം സ്വായത്തമായത്. ഓരോ ആശയത്തിനു പിന്നിലും സിദ്ധാന്തങ്ങൾക്കും പിന്നിലും അനേകരുടെ വിയർപ്പുണ്ട്‌. എന്നാൽ, ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള ന്യൂട്ടന്റെ കണ്ടെത്തലുകളും ഐൻസ്റ്റൈൻ മുന്നോട്ടുവച്ച സാമാന്യ ആപേക്ഷികതയിലെ  സങ്കൽപ്പനങ്ങളും ഒറ്റയ്ക്ക് നേടിയെടുത്തവയാണ്‌. അതിനാൽ ശാസ്ത്രത്തിലെ അതികായർ എന്ന്‌ ഇവരെ വിശേഷിപ്പിക്കുന്നു. ശാസ്ത്രീയ വസ്തുതകൾ എന്നു വിളിക്കുന്നവ വെറും ഊഹങ്ങളെ അടിസ്ഥാനമാക്കിയല്ല രൂപപ്പെടുത്തിയിരിക്കുന്നത്.ശാസ്ത്രീയ രീതിയെന്നത്‌ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുംവഴി പ്രതിഭാസങ്ങളെക്കുറിച്ചുള്ള തൃപ്തികരമായ വിശദീകരണം നൽകുക എന്നതാണ്‌.
 
ജനപ്രിയ ശാസ്ത്രസാഹിത്യം
ശാസ്ത്ര ആശയങ്ങൾ അക്കാദമിക സദസ്സുകളിൽമാത്രം ചർച്ച ചെയ്താൽ പോര. ആദ്യഘട്ടത്തിൽ അക്കാദമികതലത്തിൽപ്പോലും ഐൻസ്റ്റൈന്റെ ആശയങ്ങൾ മനസ്സിലാക്കിയവർ വിരളമായിരുന്നു.പിന്നെ ഐൻസ്റ്റൈൻ തന്റെ ആശയങ്ങൾ ലഘൂകരിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെറുകുറിപ്പുകൾ എഴുതുകയും ചെയ്തു. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങളും ആശയങ്ങളും പാഠപുസ്‌തകങ്ങളിൽനിന്ന്‌ പരീക്ഷയ്‌ക്കുവേണ്ടി  പഠിച്ചതുകൊണ്ടുമാത്രം ശാസ്‌ത്രാവബോധം ഉണ്ടാകില്ല. പാഠപുസ്‌തകത്തിലോ വിദ്യാലങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്നതുമല്ല ശാസ്ത്രം.

ഇവിടെയാണ്‌ ജനപ്രിയ ശാസ്ത്രസാഹിത്യത്തിന്റെ പ്രസക്തി. ശാസ്ത്രവിദ്യാർഥികളെ കൂടാതെ സാധാരണക്കാരും ശാസ്ത്രസങ്കൽപ്പനങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാകേണ്ടതുണ്ട്‌.  ജനപ്രിയ ശാസ്ത്രപുസ്തകങ്ങൾ പാഠപുസ്‌തകങ്ങൾ പോലെയാകരുത്‌. കൂടുതൽ സാങ്കേതികതയും സങ്കീർണതയും വായനക്കാരെ  വായനയിൽനിന്ന്‌ അകറ്റും. ശാസ്ത്രചിന്തയുടെ അഭാവം തെറ്റായ വഴിയിലേക്ക്‌  സമൂഹത്തെ നയിക്കും. അന്ധവിശ്വാസങ്ങൾ ശാസ്‌ത്രമാണെന്ന്‌ തെറ്റിധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും നടക്കുന്നുണ്ട്‌. ശാസ്‌ത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവർക്കെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്‌.

ഏറ്റവും മികച്ച ശാസ്ത്രസംഭാവനകൾ നല്കുന്ന റഷ്യ, ചൈന, ജപ്പാൻ  ജർമ്മനി, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽ   ശാസ്ത്ര പഠനം അവരുടെ മാതൃഭാഷയിലാണ്‌. മാതൃഭാഷയിലുള്ള   ശാസ്‌ത്ര ഗ്രന്ഥങ്ങൾക്കും  പ്രസിദ്ധീകരണങ്ങൾക്കും അവർ മുന്തിയ  പരിഗണന നൽകുന്നു. ശാസ്‌ത്ര സാങ്കേതിക വിഷയ പഠനത്തിന്‌ മാതൃഭാഷ ഉപയോഗിക്കുന്നതാണ്‌ സങ്കല്പനങ്ങൾ ഗ്രഹിക്കാൻ ഏറെ സഹായകമാകുന്നത്എന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. സുപ്രധാന ശാസ്ത്രകൃതികൾ കുറെയൊക്കെ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ രംഗത്ത്‌ ഇനിയും  മുന്നേറാനുണ്ട്‌.  ജനപ്രിയ ശാസ്ത്രകൃതികളും മലയാളത്തിൽ ധാരാളമായി വേണ്ടതുണ്ട്. കടുകട്ടിയായ ശാസ്‌ത്ര ആശയങ്ങൾ ലളിതമാക്കി മലയാളത്തിൽ അവതരിപ്പിക്കുക എന്നത് ശരിക്കുമൊരു വെല്ലുവിളിതന്നെ. ഇതിനെ അതിജീവിക്കാൻ ഭാഷാവിദഗ്‌ധരും അക്കാദമിക്‌ സമൂഹവും എഴുത്തുകാരും ഒന്നിക്കണം.  വിജ്‌ഞാന സമ്പദ്‌ വ്യവസ്ഥയിലേക്കുള്ള പ്രയാണത്തിന്‌ ശാസ്‌ത്രാവബോധം അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top