14 November Thursday

വരുമോ രോഗമില്ലാത്ത കാലം

സീമ ശ്രീലയംUpdated: Thursday Jul 18, 2019


ഈ നൂറ്റാണ്ടിലെ വിസ്മയനേട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൂതന ജീൻ എഡിറ്റിങ് സങ്കേതമായ ക്രിസ്പറിന്റെ സാധ്യതകൾ അതിവേഗം വിശാലമായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായി ക്രിസ്പർ കാസ്- 9 എൻസൈമിന്റെ ജീൻ എഡിറ്റിങ് പ്രവർത്തനത്തിന്റെ വ്യക്തമായ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ശാസ്ത്രലോകം.

ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പി (ക്രയോ ഇഎം) എന്ന സങ്കേതം ഉപയോഗിച്ചാണ് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ ഗവേഷകർ ക്രിസ്പർ കാസ്- 9 ജീൻ എഡിറ്റിങ്ങിന്റെ വിസ്മയ ദൃശ്യങ്ങൾ പകർത്തിയത്. ഇന്ത്യൻ വംശജനായ ഡോ. ശ്രീരാം സുബ്രമണ്യം ആണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്. ജൈവതന്മാത്രകളെ ജലത്തിൽ ലയിപ്പിച്ച് അതിശീത താപനിലയിലേക്ക് തണുപ്പിച്ച് അവയെ തനതു രൂപത്തിൽ പകർത്താൻ സഹായിക്കുന്ന വിദ്യയാണ് ക്രയോ ഇഎം. ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് ജാക് ഡുബോഷെ, ജോക്കിം ഫ്രാങ്ക്, റിച്ചാർഡ് ഹെൻഡേർസൺ എന്നീ ശാസ്ത്രജ്ഞർക്ക് 2017 ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത്. ജീവന്റെ ചുരുളുകൾ എന്ന വിശേഷണമുള്ള ഡിഎൻഎയുടെ തന്തുക്കളിൽ ക്രിസ്പർ കാസ് 9 നടത്തുന്ന മുറിക്കലും എഡിറ്റിങ്ങും ഇതാദ്യമായാണ് ഇത്രയ്ക്ക് സൂക്ഷ്മമായി വീക്ഷിക്കാൻ സാധിച്ചത് എന്ന് ഗവേഷകർ അവകാശപ്പെടുന്നു. എൻസൈം പ്രവർത്തനത്തിന്റെ അതിസൂക്ഷ്മ തലങ്ങളിലേക്കാണ് ഈ നേട്ടം വെളിച്ചം വീശുന്നത്. നേച്ചർ സ്ട്രക്ചറൽ ആന്റ് മോളിക്കുലാർ ബയോളജി ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ക്ലസ്റ്റേഡ് റഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പാലിൻഡ്രോമിക് റിപ്പീറ്റ്സ് എന്നാണ് ക്രിസ്പറിന്റെ (C RISPR) പൂർണ്ണരൂപം. ഈ സങ്കേതം ഉപയോഗിച്ച് ഡിഎൻഎ തന്തുക്കൾ നിശ്ചിത സ്ഥാനത്ത് കൃത്യമായി മുറിക്കാം, ജീൻ നീക്കം ചെയ്യാം, ജീനുകളിൽ അറ്റകുറ്റപ്പണികൾ നടത്താം, പുതിയ ജീൻ സന്നിവേശിപ്പിക്കുകയും ചെയ്യാം.  ഡിഎൻഎ അനുക്രമം തന്നെ മാറ്റാം. ക്രിസ്പർ ജീൻ എഡിറ്റിങ്ങിൽ കാസ്-9 എൻസൈം ആണ് തന്മാത്രാ കത്രിക പോലെ പ്രവർത്തിച്ച് ഡിഎൻഎ ഇഴകൾ മുറിക്കുന്നത്.ഈ എൻസൈമിനെ നിശ്ചിത സ്ഥാനത്ത് എത്തിക്കാനുള്ള വഴികാട്ടിയായി ഒരു ഗൈഡ് ആർഎൻഎ യും ഉപയോഗിക്കുന്നു. ബാക്റ്റീരിയകളെ വൈറസ് ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വിദ്യ മനസ്സിലാക്കി അതിൽ ചില പരിഷ്ക്കാരങ്ങൾ വരുത്തിയതിൽ നിന്നാണ് ക്രിസ്പർ ജീൻ എഡിറ്റിങ് സങ്കേതത്തിന്റെ പിറവി.ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലൂടെ ഇതിനു മുമ്പും വിസ്മയങ്ങൾ വിരിയിച്ചിട്ടുണ്ട് ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലാ ഗവേഷകർ.

പ്രോട്ടീനുകളുടെയും പ്രോട്ടീൻ ബൗണ്ട് ഔഷധങ്ങളുടെയും അറ്റോമിക തലത്തിലുള്ള ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിൽ ഇവർ നേരത്തെ തന്നെ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉപാപചയ എൻസൈമുകൾ, ഡിഎൻഎ-പ്രോട്ടീൻ കോംപ്ലക്സുകൾ തുടങ്ങിയവയുടെയൊക്കെ അതിസൂക്ഷ്മ തലങ്ങൾ ദൃശ്യവൽക്കരിക്കാൻ ഈ ഗവേഷകർക്കു സാധിച്ചിട്ടുണ്ട്. ഇതു കൂടാതെ അർബ്ബുദത്തിനെതിരായ നൂതന ഔഷധങ്ങളുടെ ഡിസൈനിങ്ങിലും ന്യൂറോ സയൻസിലുമൊക്കെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്നുണ്ട് ബ്രിട്ടീഷ് കൊളംബിയ ഗവേഷക സംഘം.

 

ഭ്രൂണാവസ്ഥയിൽ വരുത്തുന്ന ജനിതക മാറ്റം
ചൈനീസ് ശാസ്ത്രജ്ഞനായ ഹി ജിയാൻകുയി മനുഷ്യഭ്രൂണങ്ങളിൽ നടത്തിയ ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ എച്ച് ഐ വി ബാധയെ ചെറുക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചുവെന്ന വാർത്ത വൻ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ്  തിരികൊളുത്തിയത്. ഭ്രൂണാവസ്ഥയിൽ വരുത്തുന്ന ജനിതക മാറ്റം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. അഭിലഷണീയമായ ഗുണങ്ങളുള്ള ഡിസൈനർ ശിശുക്കളുടെ പിറവിക്ക് ഇത്തരം ഗവേഷണങ്ങൾ വഴിയൊരുക്കിയേക്കാം എന്നതാണ് പ്രധാന ആശങ്ക. എന്നാൽ ചികിൽസയില്ലാത്ത ജനിതകരോഗങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലയിൽ ക്രിസ്പർ പ്രതീക്ഷയുടെ തുരുത്തു തന്നെയാണ്. ക്രിസ്പർ ജീൻ എഡിറ്റിങ് മെക്കാനിസത്തിന്റെ ഓരോ ഘട്ടത്തിന്റെയും ദൃശ്യങ്ങൾ കൂടി ലഭ്യമായതോടെ സാധ്യതകൾക്കും പുതിയ ചിറകുകൾ  മുളയ്ക്കുകയാണ്.
 


പ്രധാന വാർത്തകൾ
 Top