08 August Saturday

കൊറോണയ്ക്കെതിരെ വാക്‌സിൻ സങ്കീർണതകളേറെ

എൻ എസ്‌ അരുൺകുമാർUpdated: Thursday Jun 18, 2020


2003ൽ,  സാർസ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ട സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം പകർച്ചവ്യാധിയാണ് കൊറോണ എന്ന വൈറസിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ശ്വാസകോശരോഗത്തിന് കാരണമാകുന്ന സാർസ്‌ വൈറസിനെ SARSCoV-1   എന്ന പേരിൽ ശാസ്ത്രലോകം അടയാളപ്പെടുത്തി. കോവിഡ് രോഗത്തിന് കാരണമാകുന്നത്  SARSCoV-2  ആണ്. അതായത്, സാർസ് രോഗത്തിന് കാരണമാകുന്ന വൈറസിന്റെ ഒരു വകഭേദം. 

ലോകമെങ്ങും കോവിഡ് രോഗത്തിനെതിരായുള്ള വാക്സിൻ കണ്ടെത്തുന്നതിനായി നടക്കുന്ന പ്രവർത്തനം കുറെക്കൂടി വേഗത്തിലാകാൻ സാർസ് വൈറസുമായുള്ള പരിചയം ഗവേഷകരെ സഹായിച്ചു. SARSCoV-1 ,  SARSCoV-2  എന്നിവ തമ്മിൽ ജനിതകപരമായ സാമ്യത ഏറെയാണ്. ഇവ രണ്ടും ശരീരകോശവുമായി സമ്പർക്കത്തിലെത്താൻ ഇടയായാൽ അവ ബന്ധപ്പെടാൻ ശ്രമിക്കുന്നതും ഒരേതരം സ്വീകരണ തന്മാത്രയെയാണ്. എസിഇ2 എന്ന തന്മാത്ര.  ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം എന്നതാണ് ഇതിന്റെ പൂർണരൂപം. 

ഈ തന്മാത്രയെ കൊറോണവൈറസിനെ ‘സ്വീകരിച്ചാനയിക്കുന്ന’തിൽനിന്ന്‌ തടയാനായാൽ കോവിഡ് രോഗബാധയെ ചെറുക്കാനാകുമെന്ന്‌ ശാസ്‌ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. കുരങ്ങുകളിൽ ഈ മാതൃകയിലുള്ള പരീക്ഷണം വിജയിച്ചിട്ടുണ്ട്‌. എങ്കിലും  കോവിഡ്‌–- 19നെ പ്രതിരോധിക്കാൻ കഴിയുന്ന ഫലപ്രദമായ വാക്സിനുകൾ പൂർണതലത്തിൽ വികസിപ്പിച്ച്‌ വിപണിയിലെത്തിക്കാനായിട്ടില്ല. ഇതിന് കാരണങ്ങൾ പലതാണ്. പലതരം വാക്സിനുകൾ കണ്ടെത്തിയെങ്കിലും അവ മനുഷ്യരിലേതടക്കമുള്ള പരീക്ഷണങ്ങളെ വേണ്ടവിധം അതിജീവിക്കാൻ പര്യാപ്തമായില്ല എന്നതാണ് വസ്തുത.


 

വാക്സിനുകൾ മൂന്നുതരം
കോവിഡ് രോഗത്തിനെതിരായി വികസിപ്പിച്ച അഥവാ വികസനഘട്ടത്തിലിരിക്കുന്ന  വാക്‌സിനുകളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളാക്കി തിരിക്കാം. വൈറസ് ഘടനയെ മൊത്തമായി പരിഗണിച്ച്‌ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സമഗ്രഘടനാവാക്സിനുകൾ (Whole Virus Vaccines),  വൈറസിന്റെ ഘടനാഭാഗങ്ങളിൽ രൂപമാറ്റം വരുത്തി അതിനെ പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുന്ന പരിഷ്‌കൃത ഘടനാധിഷ്‌ഠിത വാക്സിനുകൾ (Recombinant Protein Subunit Vaccines), വൈറസിന്റെ ജനിതകവ്യവസ്ഥയെ തകരാറിലാക്കി അതിനെ നിലംപരിശാക്കാൻ ശ്രമിക്കുന്ന ജനിതക തന്മാത്രാധിഷ്‌ഠിത വാക്സിനുകൾ (Nucleic Acid Vaccines) എന്നിവയാണവ.

സമഗ്രഘടനാവാക്സിനുകൾ
വൈറസ്  രോഗങ്ങൾക്കെതിരെ പരമ്പരാഗതമായി അനുവർത്തിച്ചുവരുന്ന തരത്തിലുള്ള വാക്സിനുകളാണിവ. വൈറസിനെ മുൻകൂറായി ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അതുവഴി  രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കമിട്ടു വയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനടിസ്ഥാനം. സജീവമല്ലാത്ത വൈറസ്‌ രൂപത്തെ ഉപയോഗിച്ചാണ് ഈ തയ്യാറെടുപ്പുകൾ നടത്തുന്നത്. എന്നാൽ, ചുരുക്കം ചില  കമ്പനികൾമാത്രമേ ഇത്തരിത്തുലുള്ള വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിൽ ഇപ്പോൾ ഏർപ്പെട്ടിട്ടുള്ളൂ.

പരിഷ്‌കൃത ഘടനാധിഷ്‌ഠിത വാക്സിനുകൾ
എസിഇ2 എന്ന സ്വീകരണതന്മാത്രയാണ് കൊറോണ വൈറസിനെ ശരീരകോശത്തിനുള്ളിലേക്ക് സ്വീകരിച്ചാനയിക്കുന്നത് എന്ന് പറഞ്ഞല്ലോ. ഇത് ചെയ്യാനായി സ്വീകരണതന്മാത്രയെ പ്രേരിപ്പിക്കുന്നതിനായി കൊറോണ വൈറസ് ഒരു  ‘തിരിച്ചറിയൽ കാർഡ്’ കരുതിയിരിക്കും. എന്നാൽ, ഇത് ‘വ്യാജ’മാണെന്നും അത് കണക്കിലെടുത്ത് വൈറസിനെ അകത്തേക്ക് കടത്തുന്നത് അപകടമായിരിക്കുമെന്നും മുൻകൂട്ടിയറിയാൻ എസിഇ2 സ്വീകരണതന്മാത്രയ്ക്ക് കഴിയില്ല. ഇതിനായി അവയെ ‘പരിശീലി’പ്പിക്കുകയാണ് പരിഷ്‌കൃത ഘടനാധിഷ്‌ഠിത വാക്സിനുകൾ ചെയ്യുന്നത്. കൊറോണവൈറസിന്റെ മാംസ്യനിർമിതമായ ബാഹ്യകവചത്തിനു പുറത്ത് മുള്ളുകൾപോലെ കാണുന്ന  സ്പൈക് പ്രോട്ടീനുകളുടെ മാതൃകകളെ പരിചയപ്പെടുത്തുകയാണ് ഇത്തരം വാക്സിനുകൾ ചെയ്യുന്നത്. കൊറോണാവാക്സിനായുള്ള രാജ്യാന്തരഗവേഷക കൂട്ടായ്മയുടെ ധനസഹായത്തോടെ, ക്വീൻസ്ലാന്റ് സർവകലാശാല ഇത്തരം ഉപരിതല പ്രോട്ടീനുകളെ സമന്വയിപ്പിച്ച് നിർമിച്ച വാക്സിനുകൾ  പരീക്ഷണഘട്ടത്തിലാണ്‌.

ജനിതകതന്മാത്രാധിഷ്‌ഠിത വാക്സിനുകൾ
ഒറ്റ ഇഴയുള്ള ജനിതകതന്മാത്രയാണ് കൊറോണ വൈറസിൽ കാണുന്നത്. അതായത്, റൈബോ ന്യൂക്ലിക് ആസിഡ് എന്നറിയപ്പെടുന്ന ആർഎൻഎ മാത്രം. ഈ ജനിതകതന്മാത്രയെത്തന്നെ നേരിട്ട് ഡിഎൻഎ എന്ന ഇരട്ട ഇഴയുള്ള ജനിതക ആജ്ഞാകേന്ദ്രമായി പ്രയോഗതലത്തിലെത്തിക്കാൻ കൊറോണ വൈറസിന്‌ കഴിയും. ജീവപരിണാമത്തിന്റെ ഉയർന്ന പടികളിൽ നിൽക്കുന്ന ജീവികൾക്ക് ഇത് അസാധ്യമാണ്. അവയിൽ കാണുന്ന ആർഎൻഎ ഏറെക്കുറെ ഡിഎൻഎക്ക്‌ വിധേയമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ, കൊറോണ വൈറസിനെ ജനിതകതലത്തിൽ നിയന്ത്രിക്കുക അത്ര എളുപ്പമല്ല. ശരീരകോശത്തിനുള്ളിലേക്ക് കടന്നെത്തിയിരിക്കുന്ന ആർഎൻഎ നമ്മുടെ ‘സ്വന്തക്കാരനോ  സുഹൃത്തോ’അല്ല എന്ന് ശരീരത്തിന്റെ ജനിതകവ്യവസ്ഥയെ ബോധ്യപ്പെടുത്തുകയാണ് ജനിതികാധിഷ്‌ഠിത വാക്സിനുകൾ ചെയ്യുക. 

വ്യാജമായ തിരിച്ചറിയൽ പ്രോട്ടീനുകളെ കണ്ടെത്താനും അതനുസരിച്ച് വൈറസിനാവശ്യമായ പ്രോട്ടീനുകളെ നിർമിച്ചുകൊടുക്കാതിരിക്കാനും ശരീരത്തിന്റെ തനത്‌ ജനിതകവ്യവസ്ഥയെ പാകപ്പെടുത്തുകയാണ് ഈ വാക്സിനുകൾ ചെയ്യുക.


 

വാക്സിൻ ശാശ്വതപരിഹാരമോ?
അരഡസനോളം വാക്സിനുകൾ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്. രാജ്യാന്തരമായ ഗവേഷണകൂട്ടായ്മകൾ നിർമിക്കുന്നവയും ഇവയ്ക്കിടയിലുണ്ട്. അവകാശവാദങ്ങളും ഏറെ. എന്തായാലും വിദേശ നിർമിതമായ ഒരു കൊറോണവാക്സിൻ തദ്ദേശീയമായി  പ്രയോഗിക്കുന്നതിനുമുമ്പ് ദേശീയ വാക്സിൻ റെഗുലേറ്ററി അതോറിറ്റികളുടെ അനുമതി നിർബന്ധമായും തേടേണ്ടതുണ്ട്.  ആദ്യം സുരക്ഷയും രോഗപ്രതിരോധശേഷിയും ഫലപ്രാപ്തിയും അറിയാനുള്ള ക്ലിനിക്കൽപരീക്ഷണങ്ങൾ മൂന്ന് ഘട്ടങ്ങളായിത്തന്നെ നടത്തണം.

എന്തായാലും പ്രതിരോധ വാക്സിൻ അടിയന്തരമായ ആവശ്യമാണ്. ഈ  നൂറ്റാണ്ടിലെ ഓരോ ദശകത്തിലും ഒരു പുതിയ പ്രധാന കൊറോണ വൈറസ് പകർച്ചവ്യാധി ഉണ്ടായിട്ടുണ്ടെന്നും ഉണ്ടാകാമെന്നും തിരിച്ചറിഞ്ഞുകഴിഞ്ഞു.  2000 മുതൽ  സാർസ്‌,  മേഴ്‌സ്‌, ഇപ്പോൾ കോവിഡ്‌–- 19  എന്നിവയെല്ലാം ഒരു തുടർച്ചയാണ്.  അതുകൊണ്ടുതന്നെ ഫലപ്രദമായ പ്രതിരോധ വാക്‌സിനും പ്രതിരോധ മരുന്നും കണ്ടെത്തുക എന്നത്‌ മാനവരാശിയുടെ നിലനിൽപ്പിന്‌ അനിവാര്യമാണ്‌. ഈ കാര്യത്തിൽ ശാസ്‌ത്രലോകം ലക്ഷ്യത്തിലേക്ക്‌ അടുക്കുകയാണ്‌. കാത്തിരിക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top