27 May Wednesday

ഒന്നാംവിള നെൽക്കൃഷിക്ക്‌ പാടത്തിറങ്ങുമ്പോൾ

മലപ്പട്ടം പ്രഭാകരൻUpdated: Thursday May 16, 2019


ഒന്നാംവിള  നെൽക്കൃഷിക്ക്‌ (വിരിപ്പുകൃഷി) പാടത്തിറങ്ങുന്ന സമയമാണിത്‌. വിരിപ്പുകൃഷി വിജയകരമാകണമെങ്കിൽ മണ്ണൊരുക്കുന്നതുമുതൽ ശ്രദ്ധവേണം. ശാസ്ത്രീയമായ സമീപനം ഉണ്ടാകണം. അതിങ്ങനെയാകാം.

നിലം തയ്യാറാക്കൽ
വേനലിൽ ചൂടുപിടിച്ച മണ്ണിനെ, ട്രാക്‌ടർകൊണ്ടോ ടില്ലർകൊണ്ടോ മൂന്നുതവണയെങ്കിലും ഉഴുത്‌ കട്ട ഉടച്ച്‌ പരുവപ്പെടുത്തി എടുക്കണം. ആറിഞ്ച്‌ ആഴത്തിൽ മണ്ണ്‌ കിളച്ചെടുക്കണം. ആഴം കൂടിയാലും കുറഞ്ഞാലും ഗുണം കുറയും. വരമ്പുകൾ ചെത്തി, കളയും കാടും മാറ്റണം. പൊട്ടിയ വരമ്പുകൾ മണ്ണിട്ട്‌ ബലപ്പെടുത്തണം. മഴക്കാലമായതിനാൽ ജലനിർഗമനച്ചാലുകൾ വൃത്തിയാക്കണം. അധികജലം ഒഴുകിപ്പോകാനുള്ള സംവിധാനം വേണം.

ഒറ്റവിളക്കണ്ടങ്ങളും ഇരുവിളക്കണ്ടങ്ങളുമുണ്ട്‌. വെള്ളം താമസിച്ചുകിട്ടുന്ന കരപ്പാടങ്ങളുണ്ട്‌. ഒറ്റമഴയ‌്ക്കുതന്നെ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളുമുണ്ട്‌. ഈ വ്യത്യാസം മനസ്സിലാക്കി വെള്ളത്തിന്റെ ലഭ്യത നോക്കിവേണം വിത്ത്‌ വിതയ‌്ക്കാൻ. മണ്ണ്‌ ഉഴുകുന്ന സമയം (ഏറ്റവും ഒടുവിൽ ഉഴുകും മുമ്പേ) ഇടമഴ കിട്ടി ഈർപ്പം മണ്ണിലുണ്ടെങ്കിൽ ഒരു സെന്റിൽ രണ്ടു കി.ഗ്രാം തോതിൽ കുമ്മായം വിതറി മണ്ണിൽ ഉഴുതുചേർക്കുന്നത്‌ ആവശ്യമാണ്‌.

പച്ചിലവളം ഉണ്ടാക്കൽ
വേനൽമഴ ലഭിച്ച്‌ മണ്ണിൽ ഈർപ്പം കിട്ടുമ്പോൾ ഞാറ്റടിക്ക്‌ നീക്കിവച്ച സ്ഥലം ഒഴികെയുള്ള പാടങ്ങളിൽ പച്ചിലവളം ലക്ഷ്യമാക്കി വൻപയർ വിത്തോ കൊഴിച്ചിൽ, ചണമ്പ്‌ തുടങ്ങിയ 40‐45 ദിവസംകൊണ്ട്‌ മണ്ണിൽ ഉഴുതുചേർക്കാവുന്ന പച്ചിലവള വിത്തോ വിതച്ചാൽ, നടീലിന്‌ നിലം ഒരുക്കുമ്പോൾ മണ്ണിൽ ഉഴുതുചേർക്കാം‐ പച്ചിലവളം ധാരാളം കിട്ടും.

ഞാറടി ഒരുക്കൽ: സ്ഥലത്തിന്റെ ജലസാധ്യത നോക്കി വിത്ത്‌ വിതയ‌്ക്കാം. വിരിപ്പിന്‌ പൊടിയിൽ വിതച്ച ഞാറ്റടിയാണ്‌ കൂടുതൽ. കരപ്പാടത്ത്‌ നുരിയിടൽ രീതിയിയും പറിച്ചുനടാത്തവിധം വിതയ‌്ക്കുകയും പതിവുണ്ട്‌. പറിച്ചുനടുന്നതാണ്‌ ഭൂരിഭാഗവും. ഇതിനുള്ള ശാസ്‌ത്രീയമായ ഞാറ്റടി തയ്യാറാക്കൽ ഇങ്ങനെ.

പതിനഞ്ച‌് സെ. മീ. ഉയരത്തിലും 1.5 മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും തവാരണ (തറ) എടുക്കുക. ഇതിൽ വിത്ത്‌ വിതയ‌്ക്കാം. ഒരേക്കറിൽ പറിച്ചുനടാൻ പത്തുസെന്റിൽ ഞാറ്റടി എന്നാണ്‌ കണക്ക്‌. ഞാറ്റടി തറയിൽ ഒരുസെന്റിന്‌ രണ്ടു കി.ഗ്രാം കുമ്മായവും ചതുരശ്ര മീറ്ററിൽ രണ്ടു കി.ഗ്രാം. ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ചേർത്ത്‌ മണ്ണിളക്കണം. വിത്ത്‌ വിതച്ചശേഷം മുകളിൽ നേരിയതോതിൽ പൊടിമണ്ണിട്ട്‌ വിത്ത്‌ മൂടണം‐ പക്ഷികളുടെ ഉപദ്രവം ശ്രദ്ധിക്കണം.

വിത്ത്‌ ഏത്‌ ഉപയോഗിക്കാം
90‐110 ദിവസം മൂപ്പുള്ള ധാരാളം മൂപ്പുകുറഞ്ഞവയും, ഇടത്തരം മൂപ്പുള്ള 110‐125 ദിവസം ഇനങ്ങളുമുണ്ട്‌. ചുവന്ന അരി, വെളുത്ത അരി ഇവയുമുണ്ട്‌.
ചിലത‌് പറയാം:

കുറഞ്ഞ മൂപ്പ്‌: അന്നപൂർണ ജ്യോതി, ത്രിവേണി, കാഞ്ചന

ഇടത്തരം മൂപ്പ്‌: ഉമ, ജയ, പവിഴം, ആതിര, ശബരി തുടങ്ങി ധാരാളം.

പള്ളിയാൽ നിലങ്ങളിൽ: മഷൂറി, ഐശ്വര്യ‐ ആതിര തുടങ്ങിയവ നന്ന‌്.

പൊക്കാളിപ്രദേശത്ത്‌: വൈറ്റില 1 മുതൽ 5 വരെ.

വെള്ളക്കെട്ടുള്ള ഇടം: മഷൂറി, പങ്കജ്‌, H4, ജഗനാഥ്‌

വയനാട്‌: അശ്വതി, ജയ, ആതിര, ഭദ്ര, ദീപ്‌തി തുടങ്ങിയവ

കരപ്പാടം: സുവർണ മോടൻ, രോഹിണി, PTB 29, 30, സ്വർണപ്രഭ

പറിച്ചുനടൽ: മൂപ്പുകുറഞ്ഞ ഇനങ്ങൾ 18‐20 ദിവസത്തിനകവും ഇത്തരം ഇനങ്ങൾ 20‐25 ദിവസത്തിനിടയിലും, മൂപ്പുകൂടിയവ 30 ദിവസത്തിനകവും പറിച്ചുനടണം.
പ്രധാന നിലം: നിശ്‌ചിത അളവിൽ വെള്ളം നിർത്തി ഉഴുതുമറിക്കണം. മേലെയുള്ള വളമണ്ണ്‌ ഒലിച്ച‌് നഷ്ടപ്പെടരുത്‌. വരമ്പ്‌ ബലപ്പെടുത്തണം. ഞാറ്‌ പറിക്കുമ്പോൾ വേരുപൊട്ടാതെ പിഴുതെടുക്കണം. ഏക്കറിൽ 2000 കി.ഗ്രാം കാലിവളം ചേർത്ത്‌ മണ്ണ്‌ ഉഴുകണം‐ ഞാറ്‌ നടുമ്പോൾ അകലം ക്രമീകരിക്കണം. മൂപ്പ്‌ കുറഞ്ഞ ഇനം 15 x 10 സെ. മീറ്ററും ഇടത്തരം മൂപ്പുള്ളവ 20 x 20 സെന്റീമീറ്ററും അകലത്തിൽ നടണം. ഒരുനുരിയിൽ രണ്ട്‌ ഞാറ്‌ മതി. നാല‌് സെ. മീറ്ററിൽ കൂടുതൽ താഴ്‌ത്തി നടരുത്‌. അടിവളമായി രാസവളം നടുന്ന സമയത്ത്‌ ചേർക്കാം. നേർവളങ്ങളോ നിശ്‌ചിത അനുപാതത്തിൽ കോംപ്ലക്‌സ്‌ വളമോ ചേർക്കാം. ശക്തിയായ മഴയും വെള്ളക്കെട്ടുമുള്ള സമയം പറിച്ചുനടരുത്‌.


പ്രധാന വാർത്തകൾ
 Top