18 February Tuesday

വീണ്ടും കിമേറ ; സാധ്യതകളും ആശങ്കകളും-

സീമ ശ്രീലയംUpdated: Thursday Aug 15, 2019


മനുഷ്യന്റെയും കുരങ്ങിന്റെയും കോശങ്ങളടങ്ങിയ സങ്കരഭ്രൂണം പരീക്ഷണശാലയിൽ സൃഷ്ടിച്ചു വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് സ്പാനിഷ്, യുഎസ് ശാസ്ത്രജ്ഞരടങ്ങുന്ന ഗവേഷക സംഘം. കലിഫോർണിയയിലെ സാക് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനായിരുന്ന ജുവാൻ കാർലോസ് ഇസ്പിസുവാ ബെൽമോണ്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം  ചൈനയിലാണ് ഈ കിമേറ ഭ്രൂണത്തെ സൃഷ്ടിച്ച് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ജനിതക എൻജിനീയറിങും നൂതന ജീൻ എഡിറ്റിങ് സങ്കേതമായ ക്രിസ്പറുമൊക്കെ കൈകോർക്കുമ്പോൾ ഭിന്നജീവി സങ്കരങ്ങളുടെ സൃഷ്ടി ഇന്നൊരു സയൻസ് ഫിക്‌ഷനേയല്ല. എന്നാൽ മനുഷ്യനുൾപ്പെടുന്ന പ്രൈമേറ്റ് വിഭാഗത്തിലെ കുരങ്ങുകളിലാണ് പുതിയ പരീക്ഷണം എന്നത് പല ശാസ്ത്രജ്ഞരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

കിമേറ എന്നു കേൾക്കുമ്പോൾ ഗ്രീക്ക് പുരാണങ്ങളിലെ സിംഹത്തലയും ആടിന്റെ ശരീരവും വ്യാളിയുടെ വാലുമുള്ള വിചിത്ര ജീവിയുടെ ചിത്രമാവും പലർക്കും ഓർമ്മ വരിക. എന്നാൽ വ്യത്യസ്ത ജനിതക പാരമ്പര്യമുള്ള ജീവികളിൽ നിന്നുള്ള കോശങ്ങളടങ്ങിയ ജീവിയെയാണ് കിമേറ എന്നു വിളിക്കുന്നത്. ശാസ്ത്രകല്പിത കഥകളെപ്പോലും വെല്ലുന്ന സാദ്ധ്യതകളിലേക്കും ഒപ്പം അറ്റമില്ലാത്ത ആശങ്കകളിലേക്കും വാതിൽ തുറക്കുന്ന ഗവേഷണമാണിത്.

മൃഗങ്ങളിൽ മനുഷ്യന്റെ കരളും വൃക്കയും ഹൃദയവും പാൻക്രിയാസുമൊക്കെ വളർത്തിയെടുത്ത് അവയവമാറ്റത്തിന് ഉപയോഗപ്പെടുത്തുകയാണ്  തങ്ങളുടെ ലക്ഷ്യം എന്നാണ് ഈ രംഗത്തെ ഗവേഷകർ അവകാശപ്പെടുന്നത്. ഒരു ജീവിയുടെ ഏതാനും ദിവസം മാത്രം വളർച്ചയുള്ള ഭ്രൂണത്തിലേക്ക് മനുഷ്യന്റെ വിത്തുകോശങ്ങൾ സന്നിവേശിപ്പിച്ചാണ് കിമേറ ഭ്രൂണത്തെ സൃഷ്ടിക്കുന്നത്. ഏതാനും ദിവസം മാത്രം വളർച്ചയുള്ള കുരങ്ങു ഭ്രൂണത്തിൽ ജീൻ എഡിറ്റിങ് നടത്തി അതിലെ അവയവ വളർച്ചയ്ക്കു നിദാനമായ ജീനുകളെ പ്രവർത്തനരഹിതമാക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ആദ്യ പടി. അതിനുശേഷം ആ ഭ്രൂണത്തിലേക്ക് മനുഷ്യ വിത്തുകോശങ്ങൾ ഇൻജക്റ്റ് ചെയ്തു. എന്നാൽ ഈ കിമേറ ഭ്രൂണങ്ങളെ കുരങ്ങിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് പൂർണ്ണവളർച്ചയെത്താൻ അനുവദിച്ചില്ല.

ഭാവിയിൽ മനുഷ്യന് ആവശ്യമായ അവയവങ്ങളുടെ സ്രോതസ്സായി മനുഷ്യ-മൃഗ സങ്കരങ്ങളായ കിമേറകളെ  ഉപയോഗപ്പെടുത്താം എന്നതാണ് തങ്ങളുടെ പ്രതീക്ഷയെന്നാണ് ഈ ഗവേഷകരുടെ അവകാശവാദം. മനുഷ്യ അവയവങ്ങൾ വളർത്താനുള്ള അവയവ ഫാക്ടറികൾ എന്ന നിലയിലേക്ക് മറ്റു ജീവികളെ മാറ്റാൻ കഴിഞ്ഞാൽ ഓരോ രോഗിക്കും ജനിതകപരമായി യോജിക്കുന്ന,  ശരീരം തിരസ്‌കരിക്കാത്ത അവയവങ്ങൾ ലഭ്യമാവും.  അവയവമാറ്റ രംഗം വൻ ‌കുതിച്ചുചാട്ടങ്ങൾക്കു സാക്ഷ്യം വഹിക്കും. മനുഷ്യനെ ബാധിക്കുന്ന പല രോഗങ്ങളുടെയും ജനിതക തലങ്ങൾ അതിസൂക്ഷ്മമായി പഠിക്കാനുള്ള ബയോമെഡിക്കൽ മോഡലുകളായി കിമേറകളെ ഉപയോഗപ്പെടുത്താം എന്നതാണ് മറ്റൊരു സാധ്യത. നൂതന ഔഷധങ്ങളുടെ രംഗപ്രവേശത്തിനും ഇത് വഴിയൊരുക്കും. ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിൽ രണ്ടു ജീവികളിൽ നിന്നുള്ള കോശങ്ങൾ എങ്ങനെ കൂടിക്കലരുന്നു എന്നു വ്യക്തമായി മനസ്സിലാക്കാനും സാധിക്കും. മനുഷ്യ കോശങ്ങളും കലകളും അവയവങ്ങളുമൊക്കെ പരീക്ഷണശാലയിൽ മറ്റു ജീവികളിൽ നിന്നു ലഭ്യമാവുന്നതോടെ റിജനറേറ്റീവ് മെഡിസിനിലും പുതിയ വഴിത്തിരിവുകളുണ്ടാവും. 

പന്നിയുടെയും ചെമ്മരിയാടിന്റെയുമൊക്കെ ഭ്രൂണത്തിൽ മനുഷ്യകോശങ്ങൾ സന്നിവേശിപ്പിക്കാൻ ബെൽമോണ്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ഇതിനു മുമ്പേ ശ്രമിച്ചിരുന്നു. ഏതാണ്ട് രണ്ട് വർഷം മുമ്പാണ് ഏതാനും ദിവസം മാത്രം വളർച്ചയുള്ള പന്നിയുടെ ഭ്രൂണങ്ങളിൽ മനുഷ്യന്റെ ഇൻഡ്യൂസ്‌ഡ് പ്ലൂറിപൊട്ടന്റ് സ്റ്റെം സെല്ലുകൾ സന്നിവേശിപ്പിച്ച് അവ പന്നിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് 28 ദിവസത്തോളം വളരാൻ അനുവദിച്ചത്. എന്നാൽ ജനിതകപരമായി  മനുഷ്യനുമായി വലിയ അന്തരമുള്ള ജീവിയുടെ ഭ്രൂണങ്ങളിൽ മനുഷ്യകോശങ്ങൾ പ്രതീക്ഷിച്ചവിധം വളർന്നില്ല.  ഭ്രൂണവളർച്ചയിൽ ഒരു ലക്ഷം പന്നിയുടെ ശരീരകോശങ്ങൾക്ക് ഒരു മനുഷ്യകോശം എന്ന നിലയിലേ കാണപ്പെട്ടുള്ളൂ. ഇതൊക്കെ കണക്കിലെടുത്താണ്  പരിണാമ വഴിയിൽ മനുഷ്യനോട് ഏറെക്കുറെ അടുത്തുനിൽക്കുന്ന, ജനിതകപരമായി സാദൃശ്യമുള്ള കുരങ്ങുകളിലേക്ക് ശ്രദ്ധ തിരിച്ചത്. എന്നാൽ കുരങ്ങുകൾ മനുഷ്യനെ അപേക്ഷിച്ച് ചെറുതായതിനാൽ അവയിൽ നിന്ന് മനുഷ്യാവയവങ്ങൾ ലഭ്യമാക്കാനുള്ള പരീക്ഷണം വിജയിക്കുമോ എന്നും ചില ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

യുഎസിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മനുഷ്യ-കുരങ്ങു സങ്കര ഭ്രൂണ പരീക്ഷണം കർശനമായി നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങൾ ചൈനയിലേക്ക് പോയി പരീക്ഷണം നടത്തിയത് എന്നാണ് ഗവേഷകർ പറയുന്നത്. ചൈനയിൽ ഹി ജിയാൻകുയി എന്ന ശാസ്ത്രജ്ഞൻ ഭ്രൂണാവസ്ഥയിലുള്ള ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ ജനിതക മാറ്റം വരുത്തിയ ഇരട്ടപ്പെൺകുഞ്ഞുങ്ങളെ സൃഷ്ടിച്ചതിന്റെ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ജപ്പാനിൽ ഹിരോമിസു നകോച്ചി എന്ന ശാസ്ത്രജ്ഞൻ എലിയുടെയും മനുഷ്യന്റെയും കോശങ്ങളടങ്ങുന്ന കിമേറ ഭ്രൂണം സൃഷ്ടിക്കാനുള്ള അനുമതി നേടിക്കഴിഞ്ഞു.

ഭിന്നജീവി സങ്കരങ്ങളുടെ സൃഷ്ടി സ്പീഷിസ് അതിരുകൾ മറികടക്കുന്നതായതു കൊണ്ട് പ്രകൃതിനിയമങ്ങളോടുള്ള വെല്ലുവിളിയാണ് എന്നതാണ് കിമേറ പരീക്ഷണങ്ങളെ എതിർക്കുന്നവരുടെ പ്രധാന വാദം. ഇത്തരം വിഭ്രമാത്മക  പരീക്ഷണങ്ങൾ പരിണാമ വഴിയിൽ മനുഷ്യനോട് ഏറെ അടുത്തു നിൽക്കുന്ന ആൾക്കുരങ്ങുകളിൽ നടത്തുന്നത് അപകടകരമായിരിക്കുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഭ്രൂണാവസ്ഥയിൽ വരുത്തുന്ന ജനിതക മാറ്റങ്ങൾ അടുത്ത തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെടും. കിമേറ ഭ്രൂണത്തിൽ നമുക്കാവശ്യമുള്ള അവയവങ്ങളായി മാത്രം മനുഷ്യകോശങ്ങളെ മാറ്റിയെടുക്കാൻ സാധിക്കില്ല. എന്നാൽ ജീൻ എഡിറ്റിങ്ങിലൂടെ ജീനുകളെ നിശ്ശബ്ദമാക്കിയും ഒഴിവാക്കിയുമൊക്കെ കിമേറകളുടെ മസ്തിഷ്‌ക വികാസത്തിൽ മനുഷ്യകോശങ്ങളുടെ പങ്ക് തടയാൻ കഴിയും എന്നാണ് കിമേറ ഗവേഷണത്തെ അനുകൂലിക്കുന്ന ഗവേഷകരുടെ വാദം.


പ്രധാന വാർത്തകൾ
 Top