18 August Sunday

അത്‌ മറന്നുകൂടായിരുന്നു...

എ എൻ രവീന്ദ്രദാസ്Updated: Thursday Mar 14, 2019

ഫ്രീകിക്ക്

2018 ഏപ്രിൽ ഒന്നിനായിരുന്നു കേരളം കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ബംഗാളിനെ കീഴടക്കി സന്തോഷ്‌ ട്രോഫി ഉയർത്തിയത്‌. സുദീർഘമായ 14 വർഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു ഭാഗ്യനിർഭാഗ്യങ്ങൾ ഇരുഭാഗത്തെയും മാറിമാറി ആശ്ലേഷിച്ച ആ ഫൈനലിൽ ഷൂട്ടൗട്ടിന്റെ വിധിനിർണയത്തിലൂടെ കേരളം ആറാംവട്ടം ദേശീയ മേധാവിത്വത്തെ പുൽകിയത്‌. കേരളം പ്രതാപത്തോടെ വാണിരുന്ന ദേശീയ ഫുട്‌ബോളിലേക്കുള്ള മടങ്ങിവരവ്‌ സാധ്യമാക്കിയ യുവനിരയിലൂടെ തുടർക്കഥയെഴുതാമെന്ന പ്രതീക്ഷയും പ്രത്യാശയുമാണ്‌ ആ വിജയം നമുക്ക്‌ നൽകിയത്‌.

എന്നാൽ, അതെല്ലാം ക്ഷണികമായിരുന്നു. ഒരുവർഷംപോലും വേണ്ടിവന്നില്ല. 73–-ാമത്‌ സന്തോഷ്‌ ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാവഴിയിൽത്തന്നെ ചാമ്പ്യൻമാരായ കേരളം വീണുപോയി. ദേശീയ ചാമ്പ്യൻഷിപ്പിൽ 14–-ാമത്‌ ഫൈനൽ കളിച്ച്‌ ആറാം കിരീടത്തിലെത്തിയ കേരളം ഫുട്‌ബോൾ സംസ്ഥാനമെന്ന അതിന്റെ ഖ്യാതിക്ക്‌ ഊനം തട്ടിയിട്ടില്ലെന്നും ഈ ജനകീയ കളി ഇവിടെ വീണ്ടെടുപ്പിലാന്നെും വിളംബരം ചെയ്യുകയായിരുന്നു. എന്നാൽ ഇതാ, നെയ്‌വേലിയിൽ നടന്ന ദക്ഷിണമേഖലാ യോഗ്യതാ ടൂർണമെന്റിൽ പാട്ടുംപാടി ജയിക്കാമായിരുന്ന കേരളത്തിന്റെ യുവനിര ഒറ്റഗോൾപോലും അടിക്കാതെ നാണക്കേടിന്റെ ഭാരവും പേറി തലതാഴ്‌ത്തിനിൽക്കുന്നു.

സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്‌ എന്താണ‌് സംഭവിച്ചത്‌. എവിടെയാണ്‌ പിഴച്ചത്‌. കഴിഞ്ഞതവണ സതീവൻബാലൻ പരിശീലിപ്പിച്ച രാഹുൽരാജിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ കളിയോടുള്ള സമീപനവും ആക്രമണാത്‌മക ഗെയിമും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. വമ്പൻ താരനിരയില്ലാതെയും സന്തോഷ്‌ട്രോഫി ചാമ്പ്യൻമാരാകാമെന്ന്‌ സതീവൻ ബാലന്റെ കുട്ടികൾ തെളിയിച്ചുവെന്നതു മാത്രമല്ല, കുറഞ്ഞപക്ഷം അടുത്ത അഞ്ചുവർഷത്തേക്കുള്ള ടീമാണതെന്നും പ്രവചനങ്ങളുമുണ്ടായി.

അതുകൊണ്ടുതന്നെ ചാമ്പ്യൻമാരുടെ കേരളം ഇത്തവണ നെയ്‌വേലിയിൽ യോഗ്യതാ റൗണ്ടിൽ കാലിടറിവീണത്‌ അമ്പരപ്പോടെയും അതിശയത്തോടെയുമാണ്‌ ഫുട്‌ബോൾ പ്രേമികൾ കാണുന്നത്‌. ഈ ടീം കഴിഞ്ഞവർഷത്തെ ചാമ്പ്യൻ ടീമിന്റെ നിഴൽപോലുമായില്ലെന്നതാണ്‌ വാസ്‌തവം. ടീം തെരഞ്ഞെടുപ്പുമുതൽ അന്തിമ ഇലവന്റെ കാര്യത്തിൽവരെ പ്രശ്‌നഭരിതമായിരുന്ന കേരളത്തിന്‌ കളത്തിൽ പരസ്‌പരധാരണയോ ആശയഭദ്രതയോ ഗെയിം പ്ലാനിങ്ങിൽ വ്യക്തതയോ ഉണ്ടായില്ല.

പരിശീലകനായ വി പി ഷാജിയുടെ തലയിൽ തോൽവിയുടെ ഭാരം കെട്ടിവച്ച്‌ കെഎഫ്‌എയും സെലക്‌ഷൻ കമ്മിറ്റിയുമെല്ലാം കൈകഴുകുമെന്നു കരുതുന്നതിൽ തെറ്റില്ല. ഒട്ടും പരിചയസമ്പന്നരല്ലാത്ത കളിക്കാരെ കുത്തിനിറച്ച്‌ മത്സരിക്കാൻപോയ സെലക്ടർമാർക്കും പരിശീലകനും കെഎഫ്‌എക്കും എന്ത്‌ ന്യായമാണ്‌ പറയാനുള്ളത്‌ എന്നറിയാൻ പാവം കളിപ്രേമികൾക്ക്‌ അവകാശമുണ്ട്‌. എന്നാൽ, ഇവർ ഒരു ന്യായവും പറയാൻ പോകുന്നില്ല. ഈ വീഴ്‌ചയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കില്ല. ആർക്കാണ്‌ ഇതെല്ലാമറിയാത്തത്‌.
എങ്കിലും പറയാതെവയ്യ. കേരളത്തിന്റെ ഫുട്‌ബോൾനിധി സമ്പന്നമാണ്‌. വാസനാസമ്പന്നരായ കഴിവുറ്റ ഒട്ടേറെ കളിക്കാർ ഇവിടെയുണ്ട്‌. അവരിൽനിന്ന്‌ ഏറ്റവും മികച്ചവരെ ദേശീയ ചാമ്പ്യൻഷിപ്പിനായി കണ്ടെത്താൻ കേരള ഫുട്‌ബോൾ അസോസിയേഷന്‌ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌. അസോസിയേഷനും സെലക്‌ഷൻ, ടെക്‌നിക്കൽ കമ്മിറ്റികളുമെല്ലാം ടീം തെരഞ്ഞെടുപ്പിൽ എന്തു റോളാണ്‌ നിർവഹിച്ചത്‌. ഇത്രയും പരാജയപ്പെട്ട ഒരു മുന്നേറ്റനിരയെ കേരളം ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

അടുത്ത റൗണ്ടിലേക്ക്‌ കടക്കാനായില്ലെന്നതു മാത്രമല്ല, നമ്മുടെ യുവസംഘത്തിന്‌ മൂന്നു മത്സരം കളിച്ചിട്ടും ഒറ്റ ഗോൾപോലും അടിക്കാനായില്ലെന്നത്‌ ആശ്‌ചര്യകരമായി തോന്നുന്നു. ഒട്ടേറെ അവസരങ്ങൾ സൃഷ്‌ടിച്ചുവത്രെ. മുന്നേറ്റങ്ങൾ എങ്ങനെ സംഘടിപ്പിക്കണമെന്നും ആക്രമണത്തിന്റെ തിരതള്ളലിൽ എങ്ങനെ വിസ്‌ഫോടനശേഷി പ്രകടിപ്പിക്കുമെന്നും അറിയാതെ പകച്ചുപോയ ഈ ടീം വാസ്‌തവത്തിൽ സഹതാപമർഹിക്കുന്നു. തെലങ്കാനയോടും പോണ്ടിച്ചേരിയോടും ഗോൾരഹിതമായി പിരിഞ്ഞ കേരളം നിർണായക മത്സരത്തിൽ സർവീസസിനു വിജയഗോൾ അടിക്കാൻവേണ്ട പ്രതിരോധ പിഴവുവരുത്തുകയും ചെയ്‌തു. എസ്‌ബിടി താരം എസ്‌ സീസൺ നയിച്ച ടീമിൽ ഒമ്പതുപേർ പുതുമുഖങ്ങളായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ ഉൾപ്പെടെ ചില ക്ലബ്ബുകളും ഡിപ്പാർട്ടുമെന്റുകളും മികച്ച കളിക്കാതെ വിട്ടുനൽകിയില്ല. അതുകൊണ്ടാകാം കഴിഞ്ഞവർഷത്തെ ഗോളടിക്കാരായ വി കെ അബ്‌ദുലും എം എസ്‌ ജിതിനും ടീമിലെത്തിയില്ല.

നമ്മുടെ ഫുട്‌ബോൾ ഭരണക്കാർ ഒന്നോർത്താൽ നന്ന്‌. അഞ്ചുവർഷക്കാലം ദേശീയ ലീഗിൽ കേരള ടീമിന്റെ സ്‌പർശമില്ലാതിരുന്നിട്ടും മറ്റു പേരുകേട്ട ടൂർണമെന്റുകളിൽ നമ്മുടെ ടീമുകൾ ശ്രദ്ധപിടിച്ചുപറ്റാതെപോയിട്ടും ഇവിടത്തെ ഫുട്‌ബോൾ കളിക്കാർക്കും കളിപ്രേമികൾക്കും ജീവവായു ആയത്‌ സന്തോഷ‌് ട്രോഫിയുമായുള്ള ഈ നാടിന്റെ വൈകാരികബന്ധമാണ്‌. അത്‌ മറന്നുകൂടായിരുന്നു..

 


പ്രധാന വാർത്തകൾ
 Top