23 February Saturday

തിരിച്ചുവന്നേക്കും വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ ; പ്രതീക്ഷയായി പുതിയ മുന്നേറ്റം

സീമ ശ്രീലയംUpdated: Thursday Jul 12, 2018

സമീപഭാവിയിൽതന്നെ വംശനാശം സംഭവിച്ചേക്കുമെന്ന് ലോകം ആശങ്കപ്പെടുന്ന വടക്കൻ വെള്ളകാണ്ടാമൃഗങ്ങളുടെ    രക്ഷയ്ക്കായുള്ള ഗവേഷണങ്ങൾ പ്രതീക്ഷയുടെ നിറവിലാണിപ്പോൾ. ഈ  ജീവിവർഗത്തിലെ അവസാന ആൺതരിയായ സുഡാൻ ഈ മാർച്ചിൽ വിടപറഞ്ഞതോടെ കുറ്റിയറ്റുപോകലിന്റെ വക്കിലെത്തി  നിൽക്കുകയായിരുന്നു ഇവ. ഐവിഎഫ് മാർഗത്തിലൂടെ വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ ഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചുകഴിഞ്ഞു ഗവേഷകർ. ബർലിനിലെ ലീബ്‌നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൂ ആൻഡ്‌   വൈൽഡ് ലൈഫ് റിസർച്ചിലെ ഗവേഷകനായ പ്രൊഫ. തോമസ് ഹിൽഡെബ്രാന്റിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ഗവേഷക സംഘമാണ് കടുത്ത വംശനാശഭീഷണി നേരിടുന്ന ജീവികളെ കൃത്രിമ മാർഗങ്ങളിലൂടെ സൃഷ്ടിച്ച് അവയുടെ വംശം നിലനിർത്താനുള്ള ഗവേഷണങ്ങളിൽ നിർണായക വഴിത്തിരിവുണ്ടാക്കിയത്. ഇതോടെ ഇന്നു ലോകത്ത് ഏറ്റവും കടുത്ത വംശനാശഭീഷണി നേരിടുന്ന  സസ്തനി എന്നു വിശേഷിപ്പിക്കപ്പെടുന്ന, (ശാസ്ത്രനാമം ഇലൃമീവേലൃശൌാ ശാൌാെ രീീിശ) എന്ന   വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ ചരിത്രംതന്നെ തിരുത്തിയെഴുതിപ്പെടുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

സുഡാന്റെ മരണത്തോടെ ഈ സ്പീഷിസിൽ ഇപ്പോൾ ബാക്കിയുള്ളത് രണ്ട്‌ പെൺ കാണ്ടാമൃഗങ്ങൾ മാത്രമാണ്. സുഡാന്റെ മകളായ നാജിനും നാജിന്റെ മകളായ ഫാട്ടുവുമാണത്. കെനിയയിലെ ഓൾ പെജറ്റാ  സംരക്ഷണകേന്ദ്രത്തിലാണ് ഇപ്പോൾ ഇവ കഴിയുന്നത്.  ഇവയ്ക്കാണെങ്കിൽ സ്വാഭാവിക പ്രജനനത്തിന്റെ പ്രായം കഴിയുകയും ചെയ്തു. ഒപ്പം പല ആരോഗ്യപ്രശ്നങ്ങളും  അലട്ടിക്കൊണ്ടിരിക്കുന്നതിനാൽ  മറ്റു  മാർഗങ്ങളിലൂടെയുള്ള പ്രത്യുല്പാദനം നാജിനിലും ഫാട്ടുവിലും പരീക്ഷിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. അതുകൊണ്ടുതന്നെ  അവയുടെ വംശം നിലനിർത്താൻ സങ്കീർണമായ മറ്റു സാധ്യതകൾ തേടുകയായിരുന്നു ഗവേഷകർ.  നേരത്തെതന്നെ വടക്കൻ ആൺ വെള്ള കാണ്ടാമൃഗങ്ങളിൽനിന്നും ബീജങ്ങൾ ശേഖരിച്ചു സൂക്ഷിച്ചുവച്ചിരുന്നു. ഈ സ്പീഷിസിനോട് ജനിതകപരമായി സാമ്യമുള്ള തെക്കൻ പെൺ വെള്ള കാണ്ടാമൃഗങ്ങളിൽനിന്നും  ലഭ്യമാക്കിയ അണ്ഡങ്ങളാണ് പരീക്ഷണത്തിന്‌ ഉപയോഗിച്ചത്. ആഫ്രിക്കയുടെ  തെക്കൻഭാഗങ്ങളിൽ ഏതാണ്ട് ഇരുപതിനായിരത്തോളം തെക്കൻ വെള്ള കാണ്ടാമൃഗങ്ങൾ ഇപ്പോഴും  അവശേഷിക്കുന്നുണ്ട്. അസിസ്റ്റഡ് റീപ്രൊഡക്ഷൻ ടെക്നിക്കിലൂടെ (അഞഠ) അങ്ങനെ ടെസ്റ്റ് ട്യൂബിൽ സങ്കര
കാണ്ടാമൃഗ ഭ്രൂണങ്ങൾ പിറവിയെടുത്തു. ടെസ്റ്റ് ട്യൂബിൽ  വികസിപ്പിച്ചെടുക്കുന്ന ലോകത്തെ ആദ്യത്തെ കാണ്ടാമൃഗ ഭ്രൂണമാണിത്.  

കന്നുകാലികളിലും കുതിരകളിലുമൊക്കെ ഈ രീതി പരീക്ഷിക്കുന്നത്   സാധാരണമാണെങ്കിലും കാണ്ടാമൃഗങ്ങളുടെ കാര്യത്തിൽ ഇതൊട്ടും   എളുപ്പമായിരുന്നില്ലെന്ന് ഗവേഷകർ പറയുന്നു. അത്ര ശ്രമകരമാണ് പെൺ  കാണ്ടാമൃഗങ്ങളിൽനിന്ന് അണ്ഡകോശങ്ങൾ ശേഖരിക്കുന്ന പരീക്ഷണം.

യൂറോപ്പിലെ മൃഗശാലകളിലുള്ള തെക്കൻ പെൺ വെള്ള  കാണ്ടാമൃഗങ്ങളിൽനിന്നു ശേഖരിച്ച അണ്ഡകോശങ്ങൾ അസിസ്റ്റഡ്  റീപ്രൊഡക്ഷൻ സങ്കേതത്തിനു പേരുകേട്ട ഇറ്റാലിയൻ  ബയോടെക്നോളജി സ്ഥാപനമായ അവാന്റിയയിലേക്ക് അയച്ചുകൊടുത്തു.  ഇവിടെ സിസേർ ഗാല്ലിയുടെ നേതൃത്വത്തിലുള്ള ഗവേഷകർ ഇൻട്രാ  സൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ എന്ന മാർഗത്തിലൂടെ തെക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ 13 അണ്ഡകോശങ്ങൾ വടക്കൻ  വെള്ള കാണ്ടാമൃഗങ്ങളുടെ ബീജവുമായി സംയോജിപ്പിച്ചു. ഇതിൽ  നാലെണ്ണം ഭ്രൂണമായി വികസിച്ചു. അങ്ങനെ ആദ്യത്തെ സങ്കര കാണ്ടാമൃഗ  ബ്ലാസ്റ്റോസിസ്റ്റ് (ഭ്രൂണവളർച്ചയുടെ ആദ്യഘട്ടം) ടെസ്റ്റ് ട്യൂബിൽ രൂപംകൊണ്ടു. ഈ ഭ്രൂണങ്ങൾ തുടർ   പരീക്ഷണങ്ങൾക്കായി ശീതീകരിച്ചു സൂക്ഷിച്ചുവച്ചിരിക്കുകയാണിപ്പോൾ (ക്രയോ പ്രിസർവേഷൻ ). ഇവയെ  തെക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ വാടകഗർഭപാത്രത്തിൽ  നിക്ഷേപിച്ചു വളർത്തിയെടുക്കുക എന്നതാണ് അടുത്ത പടി. ഇതോടൊപ്പം  17 അണ്ഡകോശങ്ങൾ തെക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെതന്നെ ബീജവുമായി സംയോജിപ്പിച്ച് ബ്ലാസ്റ്റോസിസ്റ്റ് ആയി  വളർത്തിയെടുക്കാനും ഗവേഷകർക്കു സാധിച്ചു. ഇവയുടെ ഗുണനിലവാരം പരിശോധിക്കാനായി ഭ്രൂണങ്ങളിൽനിന്ന്‌ വിത്തുകോശ  നിര സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞു. തുടർപരിശോധനയിൽ ഇവ  ആരോഗ്യമുള്ള ഭ്രൂണ വിത്തുകോശങ്ങളുടെ എല്ലാ ലക്ഷണങ്ങളും  കാണിക്കുകയും ചെയ്തു.  കൃത്രിമ പ്രത്യുല്പാദന സങ്കേതങ്ങളുടെ സഹായത്തോടെ ഇപ്പോൾ  വികസിപ്പിച്ചെടുത്ത സങ്കര ഭ്രൂണങ്ങൾ വളർന്നുണ്ടാകുന്ന  കാണ്ടാമൃഗക്കുഞ്ഞുങ്ങളിൽ പകുതി ജീൻ വടക്കൻ വെള്ള  കാണ്ടാമൃഗങ്ങളുടേതാകും. ഈ രീതിയിൽ അവയുടെ ജീൻ പൂൾ നഷ്ടമാകാതെ സംരക്ഷിക്കാൻ കഴിയുമെങ്കിലും പൂർണമായും വടക്കൻ  വെള്ള കാണ്ടാമൃഗങ്ങളെത്തന്നെ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ  ലക്ഷ്യമെന്ന് ഹിൽഡെബ്രാന്റ് പറയുന്നു.

അതിനായി കെനിയയിലെ ഓൾ പെജെറ്റാ സംരക്ഷണകേന്ദ്രത്തിലുള്ള  രണ്ട് വടക്കൻ പെൺ വെള്ള  കാണ്ടാമൃഗങ്ങളിൽനിന്ന്‌ അണ്ഡകോശങ്ങൾ ശേഖരിക്കുക എന്ന  ശ്രമകരമായ ദൗത്യമാണ് ഇപ്പോൾ ഗവേഷകർക്കു മുന്നിലുള്ളത്. ഈ  അണ്ഡകോശങ്ങളും നേരത്തെ ശേഖരിച്ചുവച്ച ബീജകോശങ്ങളും  ഉപയോഗിച്ച്‌ കൃത്രിമ മാർഗങ്ങളിലൂടെ വികസിപ്പിച്ചെടുക്കുന്ന ഭ്രൂണങ്ങൾ പൂർണമായും വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ ജീൻ മാത്രം അടങ്ങുന്നതാകും. ഇവയെ വാടകഗർഭപാത്രത്തിൽ നിക്ഷേപിച്ചു  വളർത്തിയെടുത്ത് വടക്കൻ വെള്ള കാണ്ടാമൃഗങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതൊരു വിസ്മയനേട്ടംതന്നെയാകും.  വടക്കൻ വെള്ള കാണ്ടാമൃഗങ്ങളിൽ അവശേഷിക്കുന്നത് രണ്ട് പെൺ കാണ്ടാമൃഗങ്ങൾ മാത്രമാണ് എന്നതുകൊണ്ടും ഏതാനും ആൺ  കാണ്ടാമൃഗങ്ങളിൽനിന്നുള്ള ബീജം മാത്രമാണ് ലഭ്യമായതെന്നതു  കൊണ്ടും അസ്സിസ്റ്റഡ് റീപ്രൊഡക്ഷൻ, ഐ‌വിഎഫ് മാർഗങ്ങളിലൂടെ  മാത്രം ഈ സ്പീഷിസിന്റെ ജനിതക വൈവിധ്യവും സ്വാഭാവിക  ആവാസവ്യവസ്ഥയിൽ അവയുടെ സുസ്ഥിരതയും സാധ്യമാകില്ല  എന്നാണ് പല ഗവേഷകരുടെയും അഭിപ്രായം.  

അതിനാൽ അസിസ്റ്റഡ് റീപ്രൊഡക്ഷൻ ടെക്നിക്കും വിത്തുകോശ ഗവേഷണവും കൈകോർത്ത്‌  വംശനാശഭീഷണി നേരിടുന്ന ജീവികളെ കൃത്രിമമാർഗങ്ങളിലൂടെ സൃഷ്ടിക്കാനുള്ള ടെക്നോളജിയുടെ ബ്ലൂ പ്രിന്റ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സിസേർ ഗാല്ലിയുടെ നേതൃത്വത്തിലുള്ള  ഗവേഷകർ. ഇതിന്റെ ഭാഗമായി ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന  വിവിധ വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ ശരീരകോശങ്ങളെ  ഇൻഡ്യൂസ്‌ഡ് പ്ലൂറിപൊട്ടന്റ് വിത്തുകോശങ്ങളാക്കി മാറ്റും. ഇവയ്ക്ക് അണ്ഡകോശങ്ങളും ബീജകോശങ്ങളുമായി മാറാനുള്ള കഴിവുണ്ട്. 2011ൽ  സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകയായ ലോറിങ്ങിന്റെ  നേതൃത്വത്തിലുള്ള ഗവേഷകർ ഫാട്ടുവിന്റെ ചർമകോശങ്ങളിൽനിന്ന്‌ ഇൻഡ്യൂസ്‌ഡ് പ്ലൂറിപൊട്ടന്റ് വിത്തുകോശങ്ങൾ   വികസിപ്പിച്ചെടുത്തിരുന്നു. ക്ലോണിങ്ങിലൂടെ വടക്കൻ വെള്ള  കാണ്ടാമൃഗങ്ങളുടെ വംശം നിലനിർത്താനുള്ള സാധ്യതയും  പരിശോധിക്കുന്നുണ്ട് ഗവേഷകർ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ വടക്കൻ വെള്ള കാണ്ടാമൃഗങ്ങളുടെ  പിറവി സാധ്യമാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ  അവകാശപ്പെടുന്നത്. അനിയന്ത്രിത വേട്ടയാടലും ആവാസവ്യവസ്ഥാ നാശവുമൊക്കെയാണ് വടക്കൻ വെള്ള കാണ്ടാമൃഗങ്ങളെ തുടച്ചുനീക്കിയത്. മനുഷ്യന്റെ ക്രൂരതയുടെ ഫലമായി കുറ്റിയറ്റുപോകലിന്റെ വക്കിലെത്തിനിൽക്കുന്ന ഈ ജീവിവർഗത്തെ  തിരിച്ചുകൊണ്ടുവന്നു  നിലനിർത്താനായാൽ ഇതേ ഭീഷണി നേരിടുന്ന നിരവധി സ്പീഷീസുകളുടെ തിരിച്ചുവരവിനും അതിജീവനത്തിനും ഉള്ള  വഴികൂടിയാണ് തെളിയുക.


 

seemasreelayam@gmail.com

പ്രധാന വാർത്തകൾ
 Top