15 July Wednesday

സ്‌നേഹ സാന്ത്വനമേകാം

ഡോ. പി വി പ്രീതUpdated: Thursday Oct 10, 2019


ലോകാരോഗ്യസംഘടനയുടെ മെന്റൽ ഹെൽത്ത്‌ ആക്ഷൻ പ്ലാൻ 2013--‐2020 ലക്ഷ്യമിടുന്നത് ആഗോളതലത്തിൽ ആത്മഹത്യാനിരക്ക് 2020 ആകുമ്പോഴേക്കും പത്തുശതമാനത്തോളം കുറയ്‌ക്കുവാനാണ്

പലപ്പോഴും ഇനിയങ്ങോട്ട് പ്രതീക്ഷകൾ ബാക്കിയില്ല എന്ന തീർത്തും അശുഭകരമായ ചിന്തകളിൽ നിന്നാണ് ഒരു നിമിഷത്തെ തീരുമാനം പലരും കൈക്കൊള്ളുന്നത്. ചെറുതെങ്കിലും ഒരു സാന്ത്വനം... ആശ്വാസവാക്ക് ഇതൊക്ക മാത്രം  മതിയാവും വിലയേറിയ മനുഷ്യജീവൻ പൊലിഞ്ഞുപോകാതിരിക്കാൻ. മുൻവിധികളില്ലാതെ മറ്റുള്ളവരെ കേൾക്കാനും ഉൾക്കൊള്ളാനും ഓരോരുത്തരും തയ്യാറാവുമ്പോൾ ഏതു തളർച്ചയിലും  ഉയിർത്തെഴുന്നേൽക്കാനുള്ള മനസ്സ് കൈവരുന്നു. ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ തുടക്കം ഓരോ മനസ്സിലും അപരന് വേണ്ടി കൂടി ഓരോ കൈത്തിരി കത്തിച്ചുകൊണ്ടാവട്ടെ... സ്നേഹത്തിന്റെ... പരിഗണനയുടെ... ഉപാധികളും മുൻവിധികളുമില്ലാത്ത കരുതലിന്റെ കൈത്തിരി....

ലോകാരോഗ്യസംഘടനയുടെ മെന്റൽ ഹെൽത്ത്‌ ആക്ഷൻ പ്ലാൻ 2013--‐2020 ലക്ഷ്യമിടുന്നത് ആഗോളതലത്തിൽ ആത്മഹത്യാനിരക്ക് 2020 ആകുമ്പോഴേക്കും പത്തുശതമാനത്തോളം കുറയ്‌ക്കുവാനാണ്. സെപ്തംബർ 10 ആത്മഹത്യാപ്രതിരോധദിനമായും ഇത്തരം ലക്ഷ്യങ്ങൾ മുൻനിർത്തി ആചരിച്ചുവരുന്നു.

 

മാനസികാരോഗ്യ പരിപാലനം
ശാരീരികാരോഗ്യത്തെ സംബന്ധിക്കുന്ന മിക്ക സൂചകങ്ങളിലും വളരെ മുന്നിട്ടു നിൽക്കുന്ന  കേരളം മാനസികാരോഗ്യപരിപാലന രംഗത്ത് ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. മാനസികാരോഗ്യപ്രശ്നങ്ങൾ യഥാസമയം കണ്ടെത്തുവാനും ചികിത്സിക്കുവാനും ഉള്ള വിഘാതങ്ങൾ സാമൂഹ്യപരമായ കാരണങ്ങളാൽ കേരളത്തിൽ വളരെ ശക്തമാണ്. ഇത് ആത്മഹത്യപോലുള്ള പ്രശ്നങ്ങൾ ഒന്നുകൂടി സങ്കീർണമാക്കുന്നു. അതുകൊണ്ടുതന്നെ കേവലം ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. മാനസികാരോഗ്യത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുക, കാലങ്ങളായി നിലനിൽക്കുന്ന തെറ്റിധാരണകൾ മാറ്റിയെടുക്കുക, മനോരോഗങ്ങൾക്ക് ലഭ്യമായ ചികിത്സാസൗകര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ദിനാചരണത്തിന്റെ ഭാഗമായി തുടക്കമിടാം    .

മനോരോഗങ്ങളിൽ ആത്മഹത്യാപ്രവണത മുഖ്യലക്ഷണമായി കണ്ടുവരുന്നത്‌ വിഷാദരോഗത്തിലാണ്. അശുഭചിന്തകൾ, ആത്മവിശ്വാസക്കുറവ്, നിരാശാബോധം, നിസ്സഹായത. ദൈനംദിനകാര്യങ്ങളിൽ താൽപര്യക്കുറവ് മുതലായ ലക്ഷണങ്ങളോടൊപ്പം തീവ്രമായ ആത്മഹത്യാപ്രവണതയും ഇത്തരക്കാരിൽ സാധാരണമാണ്. 80 ശതമാനത്തോളമാണ് ചികിത്സ ലഭിക്കാത്ത വിഷാദരോഗികളിൽ ആത്മഹത്യാ നിരക്ക് എന്നത് പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണ്.  എത്രയും നേരത്തെ തിരിച്ചറിഞ്ഞു കൃത്യമായ ചികിത്സയിലൂടെ രോഗനിയന്ത്രണം സാധ്യമാവും. സ്‌കിസോഫ്രീനിയ പോലുള്ള മറ്റു  തീവ്രമനോരോഗങ്ങളിലും ആത്മഹത്യ സാധാരണമാണ്. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കടിമപ്പെട്ടവരിലും പല ഘട്ടങ്ങളിലും ആത്മഹത്യാ സാധ്യത വളരെ കൂടുതലാണ്. വ്യക്തിത്വവൈകല്യരോഗവും ആത്മഹത്യയ്ക്ക് കാരണമായി മാറാറുണ്ട്.

സാമ്പത്തികബാധ്യത, പ്രിയപ്പെട്ടവരുടെ മരണം, വിവാഹമോചനങ്ങൾ, തൊഴിലില്ലായ്മ, ലൈംഗികാതിക്രമങ്ങൾ, ഗാർഹികപീഡനങ്ങൾ, പ്രണയനൈരാശ്യം, പഠനം -പരീക്ഷ ഇവയുമായി ബന്ധപ്പെട്ട  സമ്മർദ്ദങ്ങൾ, ജോലിയിലെ സമ്മർദ്ദങ്ങൾ ഇങ്ങനെ ജീവിതത്തിലെ പ്രതികൂലഘടകങ്ങൾ ഏതും ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രശ്നങ്ങളായി തിരിച്ചറിയപ്പെടേണ്ടതാണ്. ഇത്തരം ജീവിതസാഹചര്യങ്ങൾക്കൊപ്പം ഒറ്റപ്പെട്ട ജീവിതരീതിയും കുടുംബം, സൗഹൃദങ്ങൾ, സാമൂഹ്യബന്ധങ്ങൾ ഇവയിൽ നിന്നുള്ള അകൽച്ചയും ആത്മഹത്യാ സാധ്യത വർധിപ്പിക്കുന്നു.

കൗമാരക്കാരെ പരിഗണിക്കുക
കൗമാരപ്രായക്കാരുടെ മാനസികാരോഗ്യപ്രശ്നങ്ങൾ മാനസികവികാസ ചക്രത്തിലെ നിർണായകഘട്ടമെന്ന നിലയിൽ നന്നായി പരിഗണിക്കപ്പെടേണ്ടതാണ്. ശാരീരികവും ബുദ്ധിപരവുമായ മാറ്റങ്ങൾക്കൊപ്പം വൈകാരിക തലത്തിലുള്ള വ്യതിയാനങ്ങളെ കുറിച്ച് മാതാപിതാക്കളും അധ്യാപകരും ജാഗരൂകരാവേണ്ടതാണ്. നല്ല വൈകാരികപിന്തുണ ലഭിക്കുന്നത് ഈ പ്രായത്തിലെ പല എടുത്തുചാട്ടങ്ങളെയും നിയന്ത്രിക്കും. ഈ പ്രായക്കാരിലെ സ്വഭാവവ്യതിയാനങ്ങളെക്കുറിച്ച് നല്ല നിരീക്ഷകരായ അധ്യാപകർക്ക് ധാരാളം വിവരങ്ങൾ നൽകാനാവും. കൗമാരക്കാരിലെ ആത്മഹത്യ ഈയടുത്തകാലത്തായി കേരളം നേരിടുന്ന ഒരു മാനസികാരോഗ്യ -സാമൂഹ്യ പ്രശ്നമായി മാറിയിട്ടുണ്ട്. 

വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ, നിരാശാബോധം, ശാരീരികരോഗങ്ങൾ, സാമ്പത്തിക അരക്ഷിതത്വം ഒക്കെ ഈ പ്രായക്കാരിൽ ആത്മഹത്യാനിരക്ക് വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ആവശ്യമായ ശ്രദ്ധ, അംഗീകാരം, ആരോഗ്യസംരക്ഷണം, വൈകാരിക സുരക്ഷ ഇതൊക്കെ  ആത്മഹത്യാപ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിക്കേണ്ടതാണ്.

ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനം
മാനസികാരോഗ്യസംരക്ഷണത്തിലൂന്നിയ ആത്മഹത്യാപ്രതിരോധം ആണ് ഈ വർഷത്തെ മാനസികാരോഗ്യദിനസന്ദേശം. ഓരോ 40 സെക്കന്റിലും ഒരാൾ വീതം ആത്മഹത്യയിൽ അഭയം തേടുന്നു. ആഗോളതലത്തിൽ 15നും 29നും ഇടയിൽ പ്രായമുള്ളവരുടെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ആത്മഹത്യ. ഒന്നിന് 25 എന്ന തോതിൽ ആത്മഹത്യാ ശ്രമങ്ങളും നടന്നുവരുന്നു. സ്ഥിതിവിവര കണക്കുകൾക്കും മാനസിക ആരോഗ്യപ്രശ്നങ്ങൾക്കുമപ്പുറം സാമൂഹികമായ ഒട്ടേറെ ഘടകങ്ങൾ ആത്മഹത്യാകാരണങ്ങൾക്ക് പുറകിലുണ്ട്. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണകൾ അകറ്റുന്നതിനും പൊതുജനാരോഗ്യ പ്രശ്നമെന്ന നിലയിൽ ഉയർത്തികൊണ്ടുവന്ന് ആത്മഹത്യാപ്രതിരോധപ്രവർത്തനങ്ങളിൽ  സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയെന്നതും ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
 

 


പ്രധാന വാർത്തകൾ
 Top