23 March Saturday

താപനം: ധാന്യങ്ങളെയും ബാധിക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

ഡോ. ഗോപകുമാർ ചോലയിൽ

അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് സാന്ദ്രത ഉയർന്നുകൊണ്ടേയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷപോലെ സാമൂഹിക പ്രാധാന്യമുള്ള മേഖലകളിൽ പരോക്ഷമായെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കാൻ അന്തരീക്ഷത്തിലെ വർധിത കാർബൺഡയോക്സൈഡ് സാന്ദ്രതയ്ക്കാകും. ഭാവിയിൽ ഇത് ആഗോള ജനസമൂഹങ്ങൾക്ക് സുസ്ഥിര ഭക്ഷ്യലഭ്യത ഉറപ്പാക്കാനാവാത്ത അവസ്ഥയിൽ ചെന്നെത്തിയേക്കാം. ഒരു ബില്ല്യൺ ജനങ്ങളോളം ഭക്ഷ്യ അരക്ഷിതത്വം അഭിമുഖീകരിക്കുന്നവരാകും. ഹരിതഗൃഹവാതകമായ കാർബൺ ഡയോക്സൈഡിന്റെ അന്തരീക്ഷത്തിലെ വർധിതസാന്നിധ്യം താപനില ഉയരാൻ കാരണമാകുന്നു.

ഉയർന്ന താപനില പൊതുവെ ധാന്യവിളകൾക്ക് ഹാനികരമാണ്. 2100‐ാം ആണ്ടോടെ അന്തരീക്ഷ കാർബൺ സാന്ദ്രത ഉദ്ദേശം 550 പിപിഎം ആയി ഉയരാൻ ഇന്നത്തെ നിലയിൽ സാധ്യതകളും നിലനിൽക്കുന്നു. അനുമാനിത പഠനങ്ങൾ പ്രകാരം ഈ അവസ്ഥയിൽ ഏകദേശം 40 ന്റെ താപവർധനവ് പ്രതീക്ഷിക്കാവുന്നതാണ്. ഉഷ്ണമേഖല, ഉപോഷ്ണമേഖലാ പ്രദേശങ്ങളിലെ അന്തരീക്ഷതാപനില ഉയരുന്നതിന്റെ ഫലമായി അരി, ഗോതമ്പ് മുതലായ ധാന്യങ്ങളുടെ ഉൽപാദനത്തിൽ 20 മുതൽ 40 ശതമാനം വരെ ഇടിവുണ്ടാകാം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അധിക സാന്നിധ്യം സൃഷ്ടിക്കുന്ന മറ്റൊരു പരിണിത ഫലമാണ് പോഷക ഗുണം കുറഞ്ഞ അരി. ചിലയിനം വിളകൾ പെട്ടെന്ന് വളർച്ച പ്രാപിക്കുന്നതിനും കാർബൺ ഡയോക്സൈഡിന്റെ വർധിത സാന്നിധ്യം കാരണമാകുന്നു.

ഏതെങ്കിലും ഒരു ധാന്യത്തെ പ്രമുഖ ദൈനംദിന ഭക്ഷണം എന്ന നിലയിൽ ആശ്രയിക്കുന്ന രണ്ട് ബില്യൺ ജനങ്ങൾ ആഗോളതപാനംമൂലം ഭക്ഷ്യപ്രതിസന്ധിയിൽ അകപ്പെട്ടേക്കാം. പ്രത്യേകിച്ച്, അരി പ്രധാന ആഹാരമായിട്ടുള്ളവരിലാണ് പ്രശ്നം രൂക്ഷമാകാനിടയുള്ളത്. കാർബൺഡയോക്സൈഡിന്റെ അധിക സാന്ദ്രതയുള്ള അന്തരീക്ഷത്തിൽ വളരുന്ന നെൽച്ചെടിയിൽനിന്ന് ലഭിക്കുന്ന അരിയിൽ പോഷകമൂല്യം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ അളവിലാണെങ്കിലും ശാരീരിക ആരോഗ്യത്തിന് അനിവാര്യമായ ഇരുമ്പ്, സിങ്ക് മുതലായ മൂലകങ്ങൾ, മാംസ്യം, ജീവകം‐ ബി എന്നിവ ഈ സാഹചര്യത്തിൽ വളരുന്ന നെൽച്ചെടികളിൽ നിന്ന് ലഭിക്കുന്ന അരിയിൽ കുറവായിരിക്കും.

പത്തോളം രാഷ്ട്രങ്ങൾ തങ്ങളുടെ പ്രമുഖ ഭക്ഷണമെന്ന നിലയിൽ അരിയെ സ്വീകരിച്ചിരിക്കുന്നു. സ്വാഭാവികമായും അരിയിൽനിന്ന് ലഭിക്കേണ്ട പോഷകങ്ങളുടെ ശോഷണം അത് ഭക്ഷിക്കുന്ന ജനങ്ങളെ നിരീക്ഷിച്ചാൽ അറിയാവുന്നതാണ്. വികലമായ ബുദ്ധിവികാസം, ദുർബലമായ പ്രതിരോധശേഷി, പൊണ്ണത്തടി, പ്രമേഹം എന്നിവ ലക്ഷണങ്ങളിൽ ചിലതാണ്. ദൈനംദിന ഭക്ഷണത്തിൽ പകുതിയോ അതിലേറെയോ പങ്ക് അരി ഉൾപ്പെടുന്ന ഭക്ഷ്യശീലമുള്ളവരാണ് ഇത്തരം സാഹചര്യങ്ങൾക്ക് കൂടുതൽ അടിപ്പെടുന്നത്.

കാർബൺഡയോക്സൈഡ് കൂടുതലായി അടങ്ങിയ പരീക്ഷണ സാഹചര്യത്തിൽ വളർത്തിയ നെല്ലിൽനിന്ന് ലഭിച്ച അരിയിൽ മാംസ്യം 10 ശതമാനം, ഇരുമ്പ് 8 ശതമാനം, സിങ്ക് 5.1 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി കാണപ്പെട്ടു. ഏകദേശം ഒരു ബില്യൺ ജനങ്ങൾ 'ഭക്ഷ്യ അരക്ഷിതർ' എന്ന വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവരുടെ പ്രധാന ആഹാരമായ ഉരുളക്കിഴങ്ങ്, ചോളം മറ്റ് ധാന്യങ്ങൾ എന്നിവയിലെ മാംസ്യത്തിന്റെ അളവിനെ കാർബൺ ഡയോക്സൈഡിന്റെ ഉയർന്ന അന്തരീക്ഷ സാന്ദ്രത എപ്രകാരം ബാധിക്കുമെന്നത് ഉൽക്കണ്ഠയുളവാക്കുന്നു.

ഏതു സാഹചര്യത്തിലായാലും കാർബൺ ഡയോക്സൈഡിന്റെയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും ഉയർന്ന അന്തരീക്ഷത്തോത് ധാന്യങ്ങളുടെ വിലയിൽ ഇടിവുണ്ടാക്കുമെന്നത് യാഥാർഥ്യമാണ്. ഇതൊരുപക്ഷേ ഇപ്പോൾ മുൻപത്തേതിനേക്കാൾ കൂടുതലായി അനുഭവപ്പെടുന്ന അന്തരീക്ഷ താപം, മഴ, ശക്തിയേറിയ കാറ്റ് എന്നിവമൂലമാകാം. ഇപ്രകാരമുണ്ടാകുന്ന ഇടിവ് 20 മുതൽ 40 ശതമാനംവരെയാകാം. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന് ധാന്യങ്ങളിലെ പോഷക ഗുണങ്ങളിൽ ഉളവാക്കാനാവുന്ന സ്വാധീനത്തെപ്പറ്റി വളരെ കുറച്ച് ഗവേഷണങ്ങളേ നടന്നിടുള്ളു. അരി മുഖ്യാഹാരമാക്കിയ ജനതയെ സംബന്ധിച്ചിടത്തോളം അരിയിൽ ഉണ്ടാവുന്ന കാർബൺ ഡയോക്സൈഡ് പ്രേരിത പോഷക മൂല്യവ്യതിയാനം തീർച്ചയായും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രകൃതിയെ ഹനിക്കുന്ന വിധത്തിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകളും പ്രവർത്തനങ്ങളുമാണ് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് ഇത്രകണ്ട് ഉയരാനും അത് അരി മുതലായ ധാന്യങ്ങളുടെ പോഷക സമ്പന്നതയെ പ്രതികൂലമായി ബാധിക്കുവാനും ഇടയാക്കുന്നത്.

വിറ്റാമിൻ ബി1 (അയഡിൻ) 10 ശതമാനം, വിറ്റാമിൻ ബി2. 16 ശതമാനം  വിറ്റാമിൻ ബി 5 (പാന്റോതെറിക് ആസിഡ്) 12 ശതമാനം, വിറ്റാമിൻ ബി9 (ഫോളിക് ആസിഡ്) 30 ശതമാനം എന്ന പ്രകാരമാണ് ശോഷണം സംഭവിക്കുന്നത്. ജീവകം ബി1, ബി2, ബി5, ബി9 എന്നിവ ഭക്ഷണത്തെ ഊർജമാക്കി മാറ്റുവാൻ ശരീരത്തെ സഹായിക്കുന്ന ജീവകങ്ങളാണ്. എന്നാൽ, ജീവകം ബി 6ന്റെ അളവിൽ വ്യതിയാനം വരുന്നില്ല. മാത്രമല്ല, മിക്കവാറും നെല്ലിനങ്ങളിൽ ജീവകം ഇയുടെ അളവ് വർധിക്കുന്നു. അന്തരീക്ഷ കാർബൺഡയോക്സൈഡ് സാന്ദ്രത കൂടുന്ന സാഹചര്യങ്ങളിൽ ജീവകങ്ങൾക്ക് പുറമേ  മാംസ്യം, ഇരുമ്പ്, സിങ്ക് എന്നിവയുടെ അളവിലും വ്യതിയാനം ഉണ്ടാകുന്നു. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവയുടെ അളവിൽ സാധാരണ കാർബൺഡയോക്സൈഡ്  നിലവാരത്തിൽ വളരുന്ന നെല്ലിനങ്ങളെ അപേക്ഷിച്ച് യഥാക്രമം 10.3 ശതമാനം, 8 ശതമാനം, 5.1 ശതമാനം എന്നിങ്ങനെ കുറവുണ്ടാകുന്നു. ഏകദേശം 600 ദശലക്ഷം ജനങ്ങൾക്ക് പ്രതിദിന ഊർജ ആവശ്യകതയുടെയും, മാംസ്യത്തിന്റെയും പകുതിയിലേറെ ലഭിക്കുന്നത് അരി ഭക്ഷണത്തിൽനിന്നാണ്. എന്നാൽ, അരിയിൽ കാർബൺഡയോക്സൈഡ് പ്രേരിതമായ പോഷകവ്യതിയാനമാണ് അരി മുഖ്യാഹാരമായി ഭക്ഷിക്കുന്ന ഒട്ടുമിക്ക പോഷക വൈകല്യങ്ങൾക്കും കാരണമാകുന്നത്. അത്തരത്തിൽപ്പെട്ടവരുടെ ശൈശവാവസ്ഥയിലുള്ള വളർച്ചാ ഘട്ടങ്ങളെയും പോഷക വൈകല്യം പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, മലേറിയ, അതിസാരം എന്നിവ പോലെയുള്ള അസുഖങ്ങളും പോഷഹാകാരക്കുറവ്മൂലം ഗുരുതരമാകുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം വഴി വലിയതോതിൽ കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ഇത്തരത്തിൽ പുറന്തള്ളപ്പെടുന്ന അധിക കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യപ്പെടണമെങ്കിൽ വനങ്ങളുടെ സാന്നിധ്യം വളരെ ആവശ്യമാണ്. എന്നാൽ വർധിച്ചുവരുന്ന വനനശീകരണ പ്രവർത്തനങ്ങൾ ഈ സാധ്യത ഇല്ലാതാക്കുന്നു.

കാർബൺഡയോക്സൈഡിന്റെ ഉയർന്ന അന്തരീക്ഷ സാന്ദ്രതയിൽ അന്നജം, ഗ്ലൂക്കോസ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകളുടെ ഉൽപ്പാദനം വർധിക്കുമെങ്കിലും മാംസ്യം, ധാതുക്കൾ തുടങ്ങിയവയുടെ അളവ് കുറഞ്ഞുവരുന്നു. കാർബൺഡയോക്സൈഡിന്റെ വർധിതസാന്ദ്രതയുള്ള അന്തരീക്ഷത്തിൽ സസ്യങ്ങളിലെ നൈട്രജന്റെ അളവ് കുറയുന്നതാണ് ജീവകം 'ബി'യുടെ അളവിലുണ്ടാകുന്ന വ്യതിയാനത്തിന് കാരണം. ഇത്തരം സാഹചര്യങ്ങളെ കണക്കിലെടുത്ത്, പരമ്പരാഗത മാർഗങ്ങളിലൂടെയോ അഥവാ ജനിതക വ്യതിയാനം വഴിയോ മെച്ചപ്പെട്ട പോഷണമൂല്യമുള്ള അരി ഉൽപ്പാദിപ്പിക്കാനാവുമോയെന്ന ദിശയിലുള്ള ഗവേഷണങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ധാതുലവണങ്ങൾ അടങ്ങിയ വളങ്ങളുടെ പ്രയോഗം വഴി അരിയിലെ ധാതുസംഘടനയും മെച്ചപ്പെടുത്താനാവുമോയെന്നും പരീക്ഷിക്കേണ്ടതുണ്ട്.

വെള്ളപ്പൊക്കം, വരൾച്ച, അത്യുഷ്ണം, അതിശൈത്യം തുടങ്ങിയ കാലവസ്ഥാ ജന്യ പ്രതിഭാസങ്ങളിൽ ധാന്യവിളകളുടെ ഉൽപ്പാദനത്തോതിനെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് വരൾച്ച, അത്യുഷ്ണം എന്നിവയാണെന്ന് കണ്ടെത്താനായിട്ടുണ്ട്. ധാന്യവിളകുടെ ശരാശരി ഉൽപ്പാദനത്തോതിൽ 9‐10 ശതമാനംവരെ കുറവാണ് ഇവ സൃഷ്ടിക്കുന്നത്. വരൾച്ച വിളവിനും, കൃഷിയിടങ്ങൾക്കും ഒരുപോലെ നാശം വരുത്തി വയ്ക്കുമ്പോൾ അത്യുഷ്ണം വിളവിനെയാണ് പ്രധാനമായും ബാധിക്കുന്നത്. മേൽകാലാവസ്ഥാ പ്രതിഭാസങ്ങൾ അനുഭവവേദ്യമാകുന്ന കാലപരിധിയിലുള്ള ദൈർഘ്യവ്യത്യാസമാണ് ഇതിന് കാരണം. വരൾച്ച വർഷങ്ങളോളം നീണ്ട് നിൽക്കുമ്പോൾ ഉഷ്ണതരംഗം, അത്യുഷ്ണം തുടങ്ങിയവ ഏതാനും ദിവസങ്ങൾവിട്ട് നീളാറില്ല. എന്നാൽ, ധാന്യവിളകളുടെ ആഗോള ഉൽപ്പാദനത്തിൽ കാലാവസ്ഥാജന്യ പ്രതിഭാസങ്ങൾ എത്രമാത്രം ഇടിവുണ്ടാക്കുമെന്ന് ഇപ്പോഴും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.

മുൻകാലങ്ങളിൽ അനുഭവപ്പെട്ട വരൾച്ചയേക്കാൾ കൂടുതലായി അടുത്ത കാലത്തായി അനുവഭപ്പെടുന്ന വരൾച്ചാവേളകളാണ്  ധാന്യോൽപ്പാദനത്തിൽ കൂടുതൽ ഇടിവ് വരുത്തുന്നതായി കണ്ടുവരുന്നത്. ഈ പ്രവണത വർധിച്ചുവരുന്നതായിട്ടാണ് കാണപ്പെടുന്നത്.

ലേഖകൻ, കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമിയിലെ സയന്റിഫിക് ഓഫീസറാണ്
                     

പ്രധാന വാർത്തകൾ
 Top