25 April Thursday

വൈകിയെത്തുന്ന കെർബർ വിജയഗാഥ

എ എൻ രവീന്ദ്രദാസ്Updated: Thursday Aug 9, 2018


ഇതിഹാസമായിമാറിയ സെറീനവില്യംസിന്റെ കരിയറിലേക്ക് ഒരു കിന്നരികൂടി ചേർക്കാൻ ടെന്നീസ് ലോകം കാത്തിരിക്കെ ആഞ്ചലിക് കെർബർ എന്ന ജർമൻകാരി ആ തിരക്കഥ തിരുത്തിക്കുറിച്ചു. അതാകട്ടെ മുപ്പതുകാരിയായ കെർബർക്ക് മൂന്നാം ഗ്രാൻസ്ലാം കിരീടമെന്ന സാക്ഷാത്കാരവുമായി. ഓൾ ഇംഗ്ലണ്ട് ക്ലബിലെ ഫൈനലിൽ 36‐ാം വയസിൽതന്റെ 24‐ാം ഗ്രാൻസ്ലാം കിരീടമെന്ന ലക്ഷ്യത്തോടെ റാക്കറ്റ്വീശിയ സെറിനയുടെ റിട്ടേൺ നെറ്റിൽ പതിക്കുമ്പോൾ കെർബറിന് സ്വന്തം കണ്ണുകളെ നിയന്ത്രിക്കാനായില്ല. കൈകളിൽ മുഖംപൊത്തി ഗ്രൗണ്ടിലേക്ക് വീണുകൊണ്ടായിരുന്നു കെർബർ തന്റെ മൂന്നാം ഗ്രാൻസ്ലാം വിജയമാഘോഷിച്ചത്.

കുഞ്ഞിനു ജന്മം നൽകാൻ വിട്ടുവിന്ന ഇടവേളയൊഴിച്ചാൽ സെറീനവില്യംസിന്റെ വിജയഭേരികളിൽ ഞെരുങ്ങിപ്പോയ വനിതാടെന്നീസിൽഏറെക്കുറെ അപ്രതീക്ഷിതമായ ഒരു വീണ്ടെടുപ്പാണ് വിലോഭനീയമായ വിംബിൾഡൺ കിരീടത്തിലൂടെ കെർബർ കൈവരിച്ചത്.

ഒരു സ്വപ്നം യാഥാർഥ്യമായി.സെറീനക്കെതിരെ തന്റെ ഏറ്റവും മികച്ച കളി കാഴ്ചവെച്ചേ മതിയാവൂ എന്നറിയാമായിരുന്നു. എന്നാൽ വ്യക്തിയെന്ന നിലയിലും ചാമ്പ്യനെന്ന നിലയിലുംസെറീനയുടെ മഹത്വവും അവരുടെ സാന്നിധ്യവും എല്ലാവർക്കും പ്രചോദനമാണെന്ന് വിജയമുഹൂർത്തത്തിൽ കെർബർ  പറയുകയുണ്ടായി. അതേസമയം തനിക്ക് ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഇവിടെയെത്തിയ എല്ലാ അമ്മമാർക്കുംവേണ്ടിയാണ് തന്റെ ഈ പ്രകടനമെന്നുമായിരുന്നു സെറീനയുടെ പ്രതികരണം.

ആഞ്ചലിക് കെർബറുടെ ആദ്യ വിംബിൾഡൺ കിരീടമാണിത്. 2016 ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സെറിനയെ കീഴടക്കി കെർബർ തന്റെ ആദ്യ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടപ്പോൾ ടെന്നീസ് പണ്ഡിറ്റുകൾക്ക് അതത്ര പിടിച്ചില്ല. ഇനി ഇതിന്റെ ആവർത്തനം തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞുവെച്ചു.

തൊട്ടുപിന്നാലെ കെർബർ വിംബിൾഡൺ ഫൈനലിൽസെറീനയോട് തോറ്റു. റിയോ ഒളിമ്പിക്സിൽ വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു. പക്ഷേ അപ്പോഴേക്കും വനിതാ ടെന്നീസിൽ മുൻനിരക്കാരിലൊരാളായി കെർബർ തന്റെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞുവെന്ന യാഥാർഥ്യം പോലും കാണാൻ ടെന്നീസ് വിശാദൻമാർ തയ്യാറായില്ല.

പക്ഷേ പോയവർഷവും ഈ വർഷത്തിന്റെ ആദ്യ പകുതിയും ആഞ്ചലിക് കെർബർക്ക് നല്ല കാലമായിരുന്നില്ല. പ്രായം മുപ്പതിലെത്തിയ അവരുടെ തിരിച്ചുവരവും ആരും പ്രവചിച്ചിരുന്നുമില്ല. എന്നാൽ തന്റെ പുതിയ പരിശീലകൻ വിം ഫിസേറ്റിയുടെ വിദഗ്ധ നിരീക്ഷണത്തിൽ തന്റെ കളിയും കായികക്ഷമതയും വീണ്ടെടുത്ത കെർബർ ആക്രമണാത്മക ഗെയിമും തന്ത്രജ്ഞതയും കൊണ്ട് സെറീനയെ നേരിട്ടുള്ള സെറ്റുകളിൽ (6‐3, 6‐3) കീഴടക്കുന്നതാണ് നാം കണ്ടത്. ലോക ടെന്നീസ് കെർബറുടെ കളിയെ വിലയിരുത്തുന്നത് മികച്ച പ്രതിരോധക്കളിയുടെ ഉടമ എന്ന നിലയിലാണുതാനും.

ജർമനിയുടെ മാത്രമല്ല, വനിതാ ടെന്നീസ് കണ്ട എക്കാലത്തേയും മികച്ച താരമാണ് സ്റ്റെഫിഗ്രാഫ്. ഒന്നരപ്പതിറാണ്ടിലേറെ നീണ്ട സ്റ്റെഫി ഗ്രാഫിന്റെ ദ്വിഗ്വിജയത്തിനുശേഷം ശൂന്യതയുടെ നീണ്ട ഇടവേളകടന്നാണ് രണ്ടുവർഷംമുമ്പ് ആഞ്ചലിക് കെർബറിലൂടെ വീണ്ടുമൊരു ജർമൻ മുന്നേറ്റം സാധ്യമാവുന്നത്.

സ്റ്റെഫിഗ്രാഫിനുശേഷം കിടയറ്റ താരങ്ങളുടെ അഭാവത്തിൽ ഏതാണ്ട് വനിതാ ടെന്നീസിൽ നിന്നു കുടിയിറക്കപ്പെട്ട നിലയിലായ ജർമനിക്ക് വീണ്ടുമൊരു സുവർണകാലം സമ്മാനിക്കാൻ പോന്നവിധം ഏറെ വൈകി ഗ്രാൻസ്ലാം നേട്ടത്തിലെത്തുകയും അതിനു തുടർക്കഥയെഴുതുകയും ചെയ്തിരക്കയാണ് കെർബർ.

മൂന്നാം വയസിലാണ് കെർബർ റാക്കറ്റേന്തുന്നത്. ജൂനിയർതലത്തിൽ ആദ്യ കിരീടം ചൂടാൻ പതിനഞ്ചു വയസുവരെ കാത്തിരിക്കേണ്ടിവന്നു. പ്രൊഫഷണൽ ടെന്നീസിൽ പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു. പ്രൊഫഷണൽ ടെന്നീസിലെ ആദ്യ കിരീടം നേടിയത് ഇരുപത്തോഴാം വയസിൽ. എങ്കിലും കരിയറിന്റെ സായാഹ്നത്തോടടുക്കുമ്പോഴും കഠിനാദ്വാനത്തിനും നിശ്ചയദാർഢ്യത്തിനും കളിമികവിനും പുതിയ വിതാനങ്ങൾ നൽകുന്ന കെർബർ വിജയഗാഥക്ക് വിശ്വടെന്നീസ് നൽകുന്ന വിലപ്പെട്ട സമ്മാനമാണ് ഈ വിംബിൾഡൺ ട്രോഫി.
 

പ്രധാന വാർത്തകൾ
 Top