16 July Tuesday

പ്രക്ഷുബ്ധമായ പ്രപഞ്ചത്തെ പ്രത്യക്ഷമാക്കി ഗുരുത്വതരംഗങ്ങൾ

ഡോ.എൻ.ഷാജിUpdated: Thursday May 9, 2019


പ്രപഞ്ചത്തിന്റെ വിദൂര കോണുകളിൽ നടക്കുന്ന വൻ സംഭവങ്ങൾ പുറത്തുവിടുന്ന ഗുരുത്വതരംഗങ്ങൾ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങൾ വൻ വിജയത്തിലേക്ക്. കഴിഞ്ഞ 10 ദിവസത്തിനിടയിൽ മൂന്നുവട്ടമാണ് ഈ സംരംഭം വാർത്തകളിൽ ഇടംപിടിക്കുന്നത‌്. അമേരിക്കയിലും യൂറോപ്പിലുമായി പ്രവർത്തിക്കുന്ന മൂന്ന് ഗുരുത്വതരംഗ നിരീക്ഷണ നിലയങ്ങളും പുതുക്കിയശേഷം ഒന്നിനുപിന്നാലെ മറ്റൊന്നായി കണ്ടെത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തേത് മേയ് മൂന്നിലേതാണ് (ഇന്ത്യൻ സമയം നാലാം തീയതി രാവിലെ). അതിന‌് ഒരാഴ്ചമുമ്പ് ഏപ്രിൽ 25നും 26നും വൻ സംഭവങ്ങൾ റിപ്പോർട്ട‌് ചെയ്തിരുന്നു.

രണ്ട‌് ന്യൂട്രോൺ താരങ്ങൾ തമ്മിലിടിച്ച് ഒന്നായിത്തീർന്ന സംഭവമായിരുന്നു ഏപ്രിൽ 25ന‌് റിപ്പോർട്ട‌് ചെയ്യപ്പെട്ടത്. കിലോനോവ എന്നറിയപ്പെടുന്ന ഇത്തരം സ്ഫോടനങ്ങളിലൂടെയാണത്രേ സ്വർണം, പ്ലാറ്റിനം തുടങ്ങിയ മൂലകങ്ങൾ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെടുന്നത‌്. ഇതിനുമുമ്പേ 2017 ആഗസ‌്ത‌് 17ന് ഇത്തരത്തിലുള്ള ഒരു സംഭവം കണ്ടെത്തിയിരുന്നു. അന്ന് ഗുരുത്വതരംഗ നിലയങ്ങൾക്കു പുറമേ മറ്റു വിവിധതരം ദൂരദർശിനികളിലൂടെയും നിരീക്ഷണം സാധ്യമായി. ഏപ്രിൽ 25ന് ഈ സംഭവം കണ്ടെത്തിയ ഉടനെതന്നെ അക്കാര്യം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ അറിയിക്കുകയും നിരീക്ഷണശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ഷണികമായ സംഭവങ്ങൾ നിരീക്ഷിക്കാനുള്ള ഒബ്സർവേറ്ററികളുടെ ആഗോള സംരംഭമായ ‘ഗ്രോത്ത്' (Global Relay of Observatories Watching Transients Happen - GROWTH)  എന്ന പ്രോജക‌്ടിന്റെ ഭാഗമായി ഇതേസംബന്ധിച്ച വിവരങ്ങൾ ഉടനടി കൈമാറാനുള്ള സംവിധാനം നിലവിലുണ്ട്. ഇന്ത്യയിൽ ഹിമാലയത്തിൽ ഹാൻലെയിലുള്ള റോബോട്ടിക് ടെലിസ്കോപ്പും ഇതിന്റെ ഭാഗമാണ്. 24 മണിക്കൂറും നിരീക്ഷണം നടത്താൻ കഴിയുംവിധം ഭുമിയുടെ ചുറ്റുമായി നിലയുറപ്പിച്ചിട്ടുള്ള ടെലിസ്കോപ്പുകൾ ഇതിന്റെ കരുത്താണ്. 50 കോടി പ്രകാശവർഷം അകലെ നടന്ന ഈ സംഭവത്തിന്റെ സ്രോതസ്സ് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന നിരീക്ഷണ നിലയങ്ങളിലൊന്ന് സംഭവം നടക്കുന്ന സമയത്ത് പ്രവർത്തനക്ഷമമായിരുന്നില്ല എന്നതിനാൽ സംഭവത്തിന്റെ ദിശ നിർണയിക്കുന്നതിൽ കൃത്യത ഉണ്ടായില്ല എന്നതും പ്രശ്നമായി.

ഒബ്‌സർവേറ്ററിയുടെ  ഉൾഭാഗം

ഒബ്‌സർവേറ്ററിയുടെ ഉൾഭാഗം

അടുത്ത പ്രധാന സംഭവം തൊട്ടടുത്ത ദിവസം, അതായത‌് ഏപ്രിൽ 26നായിരുന്നു. കണ്ടെത്തിയത് ഗുരുത്വതരംഗങ്ങൾ തന്നെ. ഇത്തവണ സംഭവം നടന്നത് ഏകദേശം 120 കോടി പ്രകാശവർഷം അകലെയായിരുന്നു.  ഒരു തമോദ്വാരം സമീപസ്ഥമായ ഒരു ന്യൂട്രോൺ താരത്തെ അകത്താക്കിയപ്പോൾ പുറത്തുവന്ന ഗുരുത്വതരംഗങ്ങളെയാണ് നിരീക്ഷിച്ചത‌് എന്ന‌് കരുതുന്നു. അതു ശരിയെങ്കിൽ ആദ്യമായാണ് ഒരു തമോദ്വാര  ന്യൂട്രോൺതാര സംലയനം നമ്മുടെ ശ്രദ്ധയിൽ പെടുന്നത്. സംഭവം നടക്കുമ്പോൾ അമേരിക്കയിലും യൂറോപ്പിലും പകലായിരുന്നു. പക്ഷേ, ഇന്ത്യൻ സമയം രാത്രി 8.52 ആയിരുന്നു. ഗുരുത്വതരംഗ നിരീക്ഷണത്തിന് രാത്രിയോ പകലെന്നോ വ്യത്യാസമില്ലെങ്കിലും സാധാരണതരം പ്രകാശിക ദൂരദർശിനികൾക്ക് പകൽ മാത്രമേ നിരീക്ഷണം സാധ്യമാകൂ. ഇക്കാരണങ്ങളാൽ ആ സംഭവത്തെ സാധാരണ ടെലിസ്കോപ്പിലൂടെ കണ്ടെത്താനുള്ള ശ്രമം ഇന്ത്യയിലാണ് കേന്ദ്രീകരിച്ചത്. ഗുരുത്വതരംഗങ്ങളുടെ നിരീക്ഷണത്തിൽനിന്ന് സ്രോതസ്സിന്റെ ദിശ വ്യക്തമാകാതിരുന്നത്  നിരീക്ഷണങ്ങൾക്ക് തടസ്സമായി. അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ഒടുവിലത്തെ സംഭവം ഉണ്ടായത‌് ഇന്ത്യൻ സമയം മേയ് നാലിന് രാവിലെയാണ്. ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന കലണ്ടർ അനുസരിച്ച് അത് സംഭവിച്ചത‌് മൂന്നാം തീയതിയായിരുന്നു. രണ്ട‌് തമോദ്വാരങ്ങളുടെ സംലയനം വഴി ഉണ്ടായ ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതായിരുന്നു സംഭവം. 140 കോടി വർഷം മുമ്പുണ്ടായ മഹാസംലയനത്തിന്റെ അലകളാണ് അത്രതന്നെ പ്രകാശവർഷം ദൂരംതാണ്ടി ഭൂമിയിലെത്തിയത്. ഇത്തവണ യൂറോപ്പിലും അമേരിക്കയിലുമായി മൂന്ന് നിരീക്ഷണ നിലയങ്ങൾ ഇതിന്റെ സിഗ്നലുകൾ പിടിച്ചെടുത്തതിനാൽ സ്രോതസ്സിന്റെ ദിശ കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ കഴിഞ്ഞു. നിശാകാശത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമായ സിറിയസിനോട് (രുദ്രൻ) അടുത്ത ദിശയിൽനിന്നാണ് ഈ തരംഗങ്ങൾ വന്നിരിക്കുന്നത്. വിവിധയിനം ദൂരദർശിനികൾവഴി ലഭിച്ച ഡാറ്റയുടെ വിശകലനം നടന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരീക്ഷിക്കപ്പെട്ടത് പ്രപഞ്ചത്തെ ഇളക്കിമറിക്കുന്ന സംഭവങ്ങളാണ്. അത്തരം സംഭവങ്ങൾ മാത്രമാണ് നമ്മുടെ നിലയങ്ങൾക്ക് നിരീക്ഷിക്കാനാകുന്ന നിരക്കിൽ ഗുരുത്വതരംഗങ്ങൾ പുറത്തുവിടുന്നത്. ഈ നിലയങ്ങളിലെല്ലാം അടുത്തയിടെയായി നിരീക്ഷണ ഉപകരണങ്ങളുടെ സംവേദനക്ഷമത വർധിപ്പിച്ചിരുന്നു. അതിനെത്തുടർന്ന് കണ്ടെത്തലുകളുടെ മുന്നേറ്റം തന്നെയാണ്. ഇതിനിടയിൽ ഒരു പുത്തൻ ഗുരുത്വതരംഗ നിലയം മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

 


പ്രധാന വാർത്തകൾ
 Top