18 February Tuesday

അന്നും ഇന്നും ഒരേയൊരു ഉഷ

എ എൻ രവീന്ദ്രദാസ്Updated: Thursday Aug 8, 2019

1984 ആഗസ്‌ത്‌ എട്ട്‌. കാലം എത്ര വേഗമാണ്‌ കടന്നുപോകുന്നത്‌. രാജ്യത്തിന്റെ മൊത്തം ഒളിമ്പിക്‌ സ്വപ്‌നങ്ങൾക്ക്‌  ചിറകുമുളച്ചതും ഒരു സെക്കൻഡിന്റെ നൂറിലൊരംശത്തിൽ ആ സുവർണമോഹങ്ങൾ ചാമ്പലായതും ഓരോ ഇന്ത്യാക്കാരന്റെയും പ്രത്യേകിച്ച്‌ മലയാളികളുടെയെല്ലം ഓർമ്മചെപ്പിൽ മായാമുദ്രിതമായി കിടക്കുന്നു. അതേ, ഇന്നേക്ക്‌ 35 വർഷം മുമ്പായിരുന്നല്ലോ ഇന്ത്യയുടെ ഓരോ മണൽത്തരിക്കും സുപരിചിതയായ പിലാവുള്ളകണ്ടി തെക്കേതിൽ പൈതലിന്റെ മകൾ ഉഷ ലോകത്തിന്റെ നെറുകയിലേക്ക്‌ ഓടിക്കയറിയത്‌.

ഇന്ത്യൻ കായിക ചരിത്രത്തിലെ അനശ്വരമുഹൂർത്തമാണ്‌ 1984ലെ ശാന്തമായ ആഗസ്‌ത്‌ എട്ടിന്‌ ലൊസാഞ്ചൽസ്‌ മെമ്മോറിയൽ കൊളീസിയത്തിൽ ഉഷ വരച്ചിട്ടത്‌. ഒരു സെക്കൻഡിന്റെ നൂറിലൊരംശത്തിനു തോൽക്കുക. ഒളിമ്പിക്‌സിന്റെ ചതിക്കുഴികളിലാണ്‌ അന്നത്തെ ഇരുപതുകാരി വീണത്‌. അന്നേക്ക്‌ 24 വർഷം മുമ്പ്‌ ദക്ഷിണാഫ്രിക്കയുടെ മാൽക്കം സ്‌പെൻസറിനെതിരെ ഒരു സെക്കൻഡിന്റെ പത്തിലൊരംശത്തിന്‌ മിൽഖാസിങ്ങിലൂടെ ഇന്ത്യയ്‌ക്ക്‌ നഷ്ടപ്പെട്ട മെഡൽ ലൊസാഞ്ചൽസിൽ ഉഷയിലൂടെ വീണ്ടെടുക്കുമെന്ന മോഹമാണ്‌ വനിതകളുടെ 400 മീറ്റർ ഹർഡിൽസിന്റെ ഫൈനലിൽ പൊലിഞ്ഞത്‌.

400 മീറ്റർ ഹർഡിൽസിൽ ഹീറ്റ്‌സിൽനിന്ന്‌ സെമിയിലേക്ക്‌. പിന്നീട്‌ ഫൈനലിലേക്ക്‌. ഉഷയുടെ ഓട്ടത്തിന്‌ ഒരു ജൈത്രയാത്രയുടെ പരിവേഷമുണ്ടായിരുന്നു. ഹീറ്റ്‌സിൽ പത്താമത്തെ കടമ്പയ്‌ക്കുശേഷംതന്നെ പിന്നിലാക്കിയ അമേരിക്കയുടെ സ്വർണപ്രതീക്ഷയായ ജൂഡിബ്രൗണിന്‌ മധുരമായ മറുപടി നൽകിക്കൊണ്ടായിരുന്നു ഉഷ ഏഷ്യൻ റെക്കോർഡോടെ (55.54 സെക്കൻഡ്‌) ഓടിയെത്തിയത്‌. 55.97 ൽ ജൂഡിക്ക്‌ രണ്ടാം സ്ഥാനം. സെമിയിൽ മത്സരിച്ച 14 രാജ്യങ്ങളിൽനിന്നുള്ള 16 പേരിൽ ഉഷ മൂന്നാം സ്ഥാനത്തെത്തി.

ആഗസ്‌ത്‌ 8 ബുധനാഴ്‌ച വൈകിട്ട്‌ നടന്ന ഫൈനലിൽ 55.42 സെക്കൻഡ്‌ എന്ന തന്റെ ഏറ്റവും നല്ല സമയം കുറിച്ചെങ്കിലും 0.01 സെക്കൻഡിന്റെ വ്യത്യാസത്തിൽ ഉഷ നാലാം സ്ഥാനത്തെത്തി. നവാൽ എൽ മൗതവാക്കലിലൂടെ മൊറോക്കോ തങ്ങളുടെ ആദ്യ വനിതാ ഒളിമ്പിക്‌ തങ്കപ്പതക്കം നേടി. നവാൽ സ്വർണം ഉറപ്പിച്ച്‌ വളരെ മുന്നിലേക്ക്‌ നീങ്ങിയപ്പോൾ പിന്നെ മത്സരം ശരിക്കും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുവേണ്ടിയായി. ഉഷ തന്റെ എല്ലാ  ശക്തിയും ആവാഹിച്ച്‌ പൂർണ വേഗത്തിലെത്തിയെങ്കിലും ജൂഡിബ്രൗൺ ഗംഭീരമായ തിരിച്ചുവരവിലൂടെ രണ്ടാംസ്ഥാനം നേടി. റുമാനിയയുടെ ക്രിസ്‌റ്റ്യന കൊജാകരുവും ഉഷയും ഒരുമിച്ചാണ്‌ അവസാനവര കടന്നതെങ്കിലും ഫോട്ടോഫിനിഷിൽ ഉഷ പുറകിലായിപ്പോയി.

ആദ്യത്തെ മൂന്ന്‌ ഹർഡിലുകൾ കുറച്ചുകൂടി വേഗത്തിൽ കടക്കാൻ ഉഷ ശ്രമിച്ചിരുന്നെങ്കിൽ കഥ വ്യത്യസ്‌തമാകുമായിരുന്നു. അതേപോലെ പ്രതിയോഗികൾ ഫിനിഷിങ്‌ ലൈനിൽ തനിക്കൊപ്പം ഒരുപോലെ വരുമ്പോൾ പുറത്തെടുക്കേണ്ട അന്തിമമായ കുതിപ്പും ഉഷയിൽനിന്നുണ്ടായില്ല. ഭാഗ്യവും ശാസ്‌ത്രീയപരിശീലനത്തിന്റെ കുറവും തനിക്ക്‌ കിട്ടേണ്ടിയിരുന്ന ഒരു മെഡൽ ഇല്ലാതാക്കിയെങ്കിലും രണ്ട്‌ ദശാബ്ദത്തിലേറെക്കാലം മറ്റനേകം വേദികളിലെ മെഡൽനേട്ടത്തിലുടെ നമ്മുടെ കായികസ്വപ്‌നങ്ങളെ താലോലിച്ചുപോന്ന ഉഷ അമ്പത്തഞ്ചിന്റെ നിറവിലും അഭിമാനത്തിന്റെ ട്രാക്കിലാണ്‌. തനിക്ക്‌ കൈവരിക്കാനാവാത്ത നേട്ടങ്ങൾ ശിഷ്യരിലൂടെ വെട്ടിപ്പിടിക്കുകയെന്ന ലക്ഷ്യത്തിലേക്ക്‌ അവരെ പ്രാപ്‌തരാക്കാൻ പ്രതിജ്‌ഞാബദ്ധയാണ്‌ ഇന്ത്യയുടെ അത്‌ലറ്റിക്‌ റാണി.

1984ലെ ഉഷയുടെ പ്രകടനത്തിന്‌ ഒപ്പമെത്തുന്ന ഒരു പ്രകടനം മറ്റൊരു ഇന്ത്യൻ അത്‌ലറ്റിൽനിന്നും ഒളിമ്പിക്‌സ്‌ വേദിയിൽ ഇതുവരെ ഉണ്ടായിട്ടില്ല. 35 വർഷമായിട്ടും ഉഷ കുറിച്ച ആ ദേശീയ റെക്കൊർഡ്‌ അസ്‌പർശ്യമായി നിലകൊള്ളുന്നു. അത്‌ തനിക്ക്‌ ഒട്ടും സന്തോഷം പകരുന്നില്ലെന്ന്‌ ഉഷതന്നെ പറയുന്നു. ഏഷ്യൻ അത്‌ലറ്റിക്‌ മീറ്റിൽ ഇത്തവണ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ സരിത ഗെയ്‌ക്ക്‌വാദിന്റെ സമയം 57.22 സെക്കൻഡ്‌. ഉഷയുടെ കാലത്തേക്കാൾ ഇന്നത്തെ തലമുറയ്‌ക്ക്‌ എല്ലാ തലത്തിലും സൗകര്യങ്ങൾ കൂടിയിട്ടും അന്നത്തെ സുവർണ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കപ്പെടാതെ പോകുന്നു.


പ്രധാന വാർത്തകൾ
 Top