18 February Tuesday

ഒഴിവാക്കാം റോഡപകടങ്ങൾ

ഡോ. വിശ്വനാഥൻUpdated: Thursday Aug 8, 2019

2018ൽ കേരളത്തിലെ 40181 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവയിൽ 4303 പേർ മരിച്ചു. 45,458 പേർക്ക് പരുക്കു പറ്റി. അതായത് ദിവസവും ശരാശരി 110 അപകടങ്ങളിൽ 11 പേരിൽ കൂടുതൽ മരിക്കുന്നു, 125 പേർക്ക് പരുക്കുകൾ സംഭവിക്കുന്നു. ഒരു ദിവസം പതിനൊന്നു മരണം, എല്ലാ ദിവസവും.

അസ്ഥിരോഗ വിദഗ്ദ്ധർ ഏറ്റവുമധികം ചികിൽസിക്കുന്നത് റോഡപകട ഇരകളെയാണ് . വേറെ ഒന്നും ഇല്ലാഞ്ഞിട്ടല്ല. സന്ധി മാറ്റിവയ്ക്കൽ, നട്ടെല്ലിലെ അസുഖങ്ങൾ, സ്പോർട്ട്സ് മെഡിസിൻ, കൈപ്പത്തിയിലെ അസുഖങ്ങൾ, അസ്ഥിയിലെ കാൻസർ ഇതൊക്കെയുണ്ട്. എന്നാലും നമ്മുടെ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും റോഡപകടം ഒഴിഞ്ഞൊരു ഓപ്പറേഷൻ തീയേറ്ററില്ല. വാസ്തവത്തിൽ ഇത്രയധികം അപകടങ്ങൾ നമുക്ക് വേണോ?

മനുഷ്യശരീരമാണ്. പഴയ ഒരു മോഡൽ. പുതിയ വേർഷൻ ഇറങ്ങിയിട്ടില്ല. എഴുപതോ എൺപതോ കൊല്ലം ഇതും കൊണ്ട് നടന്നേ പറ്റൂ. എല്ലുകൾ കൂടാൻ സമയം വേണം. കൂടിയാലും ബലം കിട്ടാൻ പിന്നെയും വേണം സമയം. ഒടിഞ്ഞ എല്ലിന്റെ സമീപമുള്ള സന്ധികൾ പഴയതു പോലെ പ്രവർത്തിക്കാൻ താമസമെടുക്കും. സന്ധിക്കുള്ളിലാണ് ഒടിവ് എങ്കിൽ ഒരിക്കലും പഴയതു പോലെ ആയില്ലെന്നും വരാം.

ഇന്ന് ഒടിവുകളുടെ ചികിൽസ വളരെയേറെ പുരോഗമിച്ചു എന്നത് സത്യമാണ്. ആശുപത്രി പരസ്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കരുത്. 80 കിലോമീറ്റർ സ്പീഡിൽ പോകുന്ന ബൈക്കിൽ നിന്നും തെറിച്ചു വീണ് ഒടിയുന്ന അസ്ഥിയും സന്ധിയും പഴയതു പോലെ പ്രവർത്തിക്കില്ല. എല്ലിനു മാത്രമായിട്ടല്ല ക്ഷതം സംഭവിക്കുന്നത്. അതിനു ചുറ്റുമുള്ള മാംസപേശികൾ, സ്നായുക്കൾ, രക്തക്കുഴലുകൾ, ഞരമ്പുകൾ ഇവയ്ക്കൊക്കെ ക്ഷതമുണ്ടാകും. എല്ല് കൂടിചേർന്നാൽ മാത്രം പ്രവർത്തനം പൂർണ്ണമായി തിരികെ വരുന്നില്ല.

പരുക്കുകൾ പറ്റുന്നവരിൽ പലരും വികലാംഗരായി മാറുന്നു. തലയിലോ നട്ടെല്ലിലോ ഗുരുതര പരുക്ക് പറ്റിയാൽ കട്ടിലിൽ തന്നെ കിടക്കാം ശിഷ്‌ടകാലം. വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ച് എത്തിയാൽ എത്തി എന്ന ഗുരുതര സാധ്യത നിലനിൽക്കുകയാണ്. ഏതു പ്രളയത്തെക്കാൾ ഏതു നിപ്പയെക്കാൾ ഭീകരമായ ഒരു മഹാമാരി. നാഷണൽ ഹൈവേ എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ പ്രധാന നാട്ടുവഴിക്ക് ആകെ രണ്ട് ലെയ്നാണുള്ളത്. ഡിവൈഡർ പോലുമില്ല ഏറിയഭാഗത്തും. ഓരോ നൂറുകിലോമീറ്റർ യാത്രയുടെയിടയിൽ ചുരുങ്ങിയത് ഒരു വലിയ അപകടമെങ്കിലും കാണാൻ കഴിയും. പുതിയതായി നിർമ്മിക്കുന്ന റോഡുകൾ പോലും ഇത്തരത്തിലുള്ള മരണക്കെണികളാണ്. കാൽനടക്കാരുടെ കാര്യമാണ് ഏറ്റവും കഷ്ടം. നഗരങ്ങളിൽ പ്രധാനപാതകൾ മാറ്റിനിർത്തിയാൽ കാൽനടയാത്രക്കാർക്ക് നടപ്പാതയില്ല. ബൈക്കുകളുടെയും കാറുകളുടെയും തെരുവുനായ്ക്കളുടെയും ഇടയിലൂടെ നടപ്പ്. ഉള്ള നടപ്പാതകൾ തന്നെ പലതും സ്ലാബ് ഇളകി പാതാളത്തേക്കുള്ള കവാടങ്ങളായി പതിയിരിക്കുന്നു.  റോഡുകളുടെ ശോചനീയമായ അവസ്ഥ പൗരന്മാർ എന്ന നിലയ്ക്ക് നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത കാര്യമാണ്. പ്രാഥമികമായ സുരക്ഷിതത്വ ബോധം പോലും നാം റോഡിൽ മറക്കുന്നു.

മൊബൈൽ ഫോൺ കഴുത്തിനും തലയ്ക്കും ഇടക്ക് പിടിച്ച്, തലവെട്ടിച്ചു വച്ച് ബൈക്ക് ഓടിക്കുന്നവരെ കാണാത്ത ദിവസമില്ല. ഇത്ര പ്രധാനപ്പെട്ട എന്തു കാര്യമാണ് ഇവർ ബൈക്ക് ഓടിച്ചു കൊണ്ട് സംസാരിക്കുന്നത്?കുഞ്ഞുങ്ങളുടെ ചികിൽസാപിഴവ് ആരോപിച്ചാണ് എറ്റവുമധികം ആശുപത്രി ആക്രമണങ്ങൾ നാട്ടിലുണ്ടാകുന്നത്. മനസ്സിലാക്കാവുന്ന കാര്യമാണ്. കുട്ടികൾക്ക് വേണ്ടിയാണ് നമ്മിൽ പലരും ജീവിക്കുന്നത്, അവർക്കെന്തെങ്കിലും സംഭവിച്ചാൽ നമുക്ക് സഹിക്കാൻ കഴിയില്ല. എന്നാൽ കുട്ടികളെ റോഡിൽ നാം കൊണ്ടുനടക്കുന്നതോ? ബൈക്ക് യാത്ര അപകടമാണ്. ഹെൽമെറ്റ് കൃത്യമായ രീതിയിൽ ധരിക്കണം. സ്ത്രീകൾ പിറകിൽ യാത്ര ചെയ്യുമ്പോൾ കാലുകൾ രണ്ടു വശത്തേക്ക് വയ്ക്കണം. കുഞ്ഞുങ്ങളെ പെട്രോൾ ടാങ്കിൽ ഇരുത്തരുത്. ബൈക്കിൽ ഇരുന്നു കുട പിടിക്കരുത്. കാർ യാത്രയിലും കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

നല്ല റോഡ് സംസ്കാരം വെറുതെ ഉണ്ടാകില്ല. ചെറിയ പ്രായം തൊട്ടു പരിശീലിപ്പിക്കണം. സ്കൂളുകളിലാണ് തുടങ്ങേണ്ടത്.  ഭയം നല്ല അധ്യാപകനാണ്. നിയമം തെറ്റിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. ചെറിയ കുറ്റങ്ങൾക്ക് പിഴ കൂടാതെ തിരക്കുള്ള ആശുപത്രികളിലെ ഓർത്തോയും ന്യൂറോസർജറിയും വിഭാഗങ്ങളിൽ അറ്റണ്ടർ പണി ചെയ്യാൻ ഒന്നു രണ്ടാഴ്ച അയക്കുന്നത് വലിയ ഗുണം ചെയ്യുമെന്നാണ് ഞാൻ വിചാരിക്കുന്നത്.

ഡോ. വിശ്വനാഥൻ
കൺസൽട്ടന്റ്‌, ഓർത്തോപീഡിക്‌ സർജൻ, എസ്‌യുടി ഹോസ്‌പിറ്റൽ, പട്ടം

 


പ്രധാന വാർത്തകൾ
 Top