20 March Wednesday

നിർമ്മിക്കാം കൃത്രിമാവയവങ്ങൾ

ഡോ. സംഗീത ചേനംപുല്ലിUpdated: Thursday Feb 8, 2018


ചൈനയിലെ അഞ്ചു കുട്ടികള്‍ക്ക് ഇനി കുറേക്കൂടി വ്യക്തമായി ചുറ്റുപാടുകളെ കേട്ടറിയാം. ജന്മനാതന്നെ ഒരുവശത്തെ ചെവിക്കുട ഇല്ലാതെ ജനിച്ച ഇവര്‍ക്ക് ത്രീഡി പ്രിന്റിങ്, ടിഷ്യൂ എന്‍ജിനിയറിങ്, പ്ളാസ്റ്റിക്സര്‍ജറി തുടങ്ങിയ നൂതന ശാസ്ത്രസങ്കേതങ്ങള്‍ സംയോജിപ്പിച്ച്, അവരുടെ  പൂര്‍ണരൂപത്തിലുള്ള ചെവിക്കുടയ്ക്ക് സമാനമായ ചെവിക്കുട വച്ചുപിടിപ്പിക്കാന്‍കഴിഞ്ഞു.

ജന്മനാതന്നെ ചെവിക്കുട ഇല്ലാതിരിക്കുകയോ സ്വാഭാവിക വലുപ്പത്തെക്കാള്‍ ചെറുതായിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് മൈക്രോട്ടിയ. കേള്‍വിക്കുറവിന് മാത്രമല്ല, വൈരൂപ്യംമൂലം ഉണ്ടാകുന്ന  മാനസികപ്രശ്നങ്ങള്‍ക്കും ഈ അവസ്ഥ കാരണമാകുന്നു. എന്നാല്‍ ഇതിനൊക്കെ ശാശ്വതപരിഹാരമാണ് ഷാങ്ഹായ് ടിഷ്യൂ എന്‍ജിനിയറിങ് റിസര്‍ച്ച് കീ ലബോറട്ടറി, ഷാങ്ഹായ് പീപ്പിള്‍സ് ഹോസ്പിറ്റല്‍, ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്. എലികളില്‍ മുമ്പ് ഇത്തരം പഠനം നടന്നിട്ടുണ്ടെങ്കിലും മനുഷ്യനില്‍ ടിഷ്യു എന്‍ജിനിയറിങ് വഴി നിര്‍മിച്ച ചെവി വച്ചുപിടിപ്പിക്കുന്നത് ആദ്യമാണ്. ആരോഗ്യമുള്ള മറുവശത്തെ ചെവിക്കുടയോട് രൂപപരമായി സമാനമാണ് പുതുതായി വച്ചുപിടിപ്പിച്ച  ചെവിക്കുട എന്നാണ് രണ്ടരവര്‍ഷം നീണ്ട വിശദമായ പഠനം തെളിയിക്കുന്നത്. 

സിടി സ്കാന്‍ ഉപയോഗിച്ച് ആരോഗ്യമുള്ള ചെവിയുടെ ഘടന എല്ലാ വിശദാംശങ്ങളോടുംകൂടി പകര്‍ത്തിയെടുക്കുക എന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് ഇതിന്റെ ഡിജിറ്റല്‍ പ്രതിബിംബം രൂപപ്പെടുത്തുന്നു. ഈ ചിത്രത്തെ അടിസ്ഥാനമാക്കി തരുണാസ്ഥികോശങ്ങളെ വളര്‍ത്തിയെടുക്കാനാവശ്യമായ അച്ച്, ത്രീഡി പ്രിന്റ്  ചെയ്തെടുക്കുന്നു. ശരീരത്തില്‍ ലയിച്ചുചേരുന്ന പോളിലാക്ടിക് ആസിഡ്, പോളി ഗ്ളൈകോളിക് ആസിഡ് തുടങ്ങിയ പോളിമറുകള്‍ ഉരുക്കി ഈ അച്ചിന്റെ രൂപത്തില്‍ വാര്‍ത്തെടുക്കുന്നതാണ് അടുത്തഘട്ടം. പിന്നീട് രോഗിയുടെതന്നെ ചെവിക്കുടയില്‍നിന്ന് വേര്‍തിരിച്ചെടുത്ത തരുണാസ്ഥികോശങ്ങള്‍ ഈ പോളിമര്‍ഘടനയില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ചെവിയുടെ അതേ രൂപത്തില്‍ തരുണാസ്ഥികോശങ്ങളും, തൊലിയും രൂപപ്പെട്ടുകഴിയുമ്പോള്‍ ഇത് ചെറിയൊരു ശസ്ത്രക്രിയയിലൂടെ ശരീരത്തില്‍ ഘടിപ്പിക്കുന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ നിരീക്ഷണവും പഠനവും നടത്തുകയും ചെയ്യുന്നു. 30 മാസങ്ങള്‍ക്കുശേഷം ആരോഗ്യമുള്ള ചെവിക്കുടയുടെ അതേ രൂപത്തില്‍ വച്ചുപിടിപ്പിച്ച അവയവവും നിലനില്‍ക്കുന്നതായും ഉള്ളിലുള്ള പോളിമര്‍ ഭാഗം ഏതാണ്ട് വിഘടിച്ചുപോയതായും പഠനം തെളിയിക്കുന്നുണ്ട്. സ്ഥിരത നല്‍കിയ പോളിമര്‍ ഭാഗം വിഘടിച്ചുപോയെങ്കിലും രൂപവും ഘടനയും നിലനിര്‍ത്താന്‍ കഴിയുന്നുണ്ട് എന്നതും വിജയസൂചനയാണ്.

ടൈറ്റാനിയം കമ്പികൊണ്ടു നിര്‍മിച്ച കൃത്രിമ ചെവിക്കുടയോ, വാരിയെല്ലില്‍നിന്നെടുത്ത തരുണാസ്ഥിഭാഗമോ വച്ചുപിടിപ്പിക്കുന്നതായിരുന്നു നിലവിലെ രീതി. രൂപപരമായ പ്രശ്നങ്ങള്‍ മാത്രമല്ല, വച്ചുപിടിപ്പിച്ച അവയവത്തെ ശരീരം പുറംതള്ളാനുള്ള സാധ്യതയും കൂടുതലാണെന്നതായിരുന്നു ഇതിന്റെ പരിമിതികള്‍. എന്നാല്‍ യഥാര്‍ഥരൂപത്തില്‍തന്നെയുള്ള കൃത്രിമാവയവം നിര്‍മിക്കാമെന്നതാണ് പുതിയ രീതിയുടെ നേട്ടം. ശരീരത്തില്‍ അലിഞ്ഞുചേരുന്ന പോളിമറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യപ്രശ്നങ്ങളോ പുറംതള്ളാനുള്ള സാധ്യതയോ ഇല്ലാതാക്കാന്‍ കഴിയുകയും ചെയ്യുന്നു. തൊലിയുടെ പ്രത്യേകതയനുസരിച്ച് ശസ്ത്രക്രിയാരീതിയില്‍ ആവശ്യമായ വ്യതിയാനങ്ങള്‍ വരുത്താനും കഴിഞ്ഞിട്ടുണ്ട്.

അഞ്ചുവര്‍ഷംവരെ വിശദമായ പഠനം തുടരാനാണ് ഗവേഷകരുടെ തീരുമാനം. അടുത്തഘട്ടത്തില്‍ പോളിമര്‍ ഭാഗങ്ങള്‍ ഒഴിവാക്കി കോശഭാഗങ്ങള്‍ നേരിട്ടുതന്നെ അവയവമായി വളര്‍ത്തിയെടുക്കാനാകും ശ്രമം. തരുണാസ്ഥി ഭാഗങ്ങളും അത്തരം മറ്റ് അവയവങ്ങളും കൃത്രിമമായി നിര്‍മിച്ചെടുക്കാനുള്ള വലിയ സാധ്യതകള്‍ ഈ പരീക്ഷണം തുറന്നിടുന്നുണ്ട്.

പ്രധാന വാർത്തകൾ
 Top