19 February Tuesday

തരിശ്ശിടങ്ങളിലെ പൂകൃഷി നല്ല വരുമാനമാര്‍ഗം

സോമു മലപ്പട്ടംUpdated: Thursday Feb 8, 2018

 
ഓരോ ദിവസവും കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് കേരളീയര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇതിന്റെ 10 ശതമാനംപോലും നമ്മുടെ സംസ്ഥാനത്ത് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. പൂകൃഷിക്ക് ആവശ്യമായ എല്ലാ സാഹചര്യവും കേരളത്തിലുണ്ടായിട്ടുകൂടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാനാണ് നാം ശ്രമിക്കുന്നത്.

തരിശ്ശുകിടക്കുന്ന ഭൂമിലും ഇടവിളയായും പൂ കൃഷിചെയ്യാം. അധ്വാനം താരതമ്യേന കുറവേ വേണ്ടൂ. പണച്ചെലവും കുറവാണ്. വരുമാനമാണെങ്കില്‍ ഉയര്‍ന്നതും. ഇത്തരമൊരു സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാല്‍ നല്ല നേട്ടമാകും ഫലം. കേരളത്തിന്റെ കാലാവസ്ഥയില്‍ ചെയ്യാവുന്ന ഒട്ടേറെ പൂകൃഷി ഇനങ്ങളുണ്ട്. ചെണ്ടുമല്ലി, ജമന്തി, മുല്ല, പിച്ചി തുടങ്ങിയവ ഇതിലുള്‍പ്പെടും.

ചെണ്ടുമല്ലി
മൂന്നുമാസംകൊണ്ട് വരുമാനം ലഭിക്കുന്ന കൃഷിയാണിത്. രണ്ടേക്കറില്‍നിന്ന് ശരാശരി 200 കിലോ പൂവ് ലഭിക്കും. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ കൃഷിചെയ്യാം.

ഇനങ്ങള്‍:
ആഫ്രിക്കന്‍ ചെണ്ടുമല്ലി, ഫ്രഞ്ച് ചെണ്ടുമല്ലി എന്നിങ്ങനെ രണ്ട് ഇനങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. ഓണക്കാല പൂകൃഷിക്ക് അനുയോജ്യം ആഫ്രിക്കനാണ്. മഞ്ഞ, ഓറഞ്ച്, സ്വര്‍ണ വര്‍ണം എന്നീ നിറങ്ങളില്‍ ഇതു കാണപ്പെടുന്നു. ഫ്രഞ്ച് മല്ലിക്ക് ഉയരം കുറവാണ്. നീണ്ട പൂക്കളാണ് ഉണ്ടാവുക.
ആഫ്രിക്കന്‍ ഇനങ്ങളില്‍ പൂസ, ബസന്തി, ഗൈന്ത, പൂസ നാരംഗി, ഗോള്‍ഡന്‍ യലോ, സണ്‍ ജയന്റ്, ഹണികോമ്പ് എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ യോജിച്ചവയാണ്.

നേഴ്സറി തയ്യാറാക്കല്‍
വിത്തുതറ തയ്യാറാക്കി മണലും ചാണകപ്പൊടിയും കലര്‍ത്തി പരുവപ്പെടുത്തണം. വിത്ത് നേര്‍മയായി പാകണം. വിത്തു പാകിയ ശേഷം മണലോ കമ്പോസ്റ്റേക തൂവണം. വെള്ളം നനയ്ക്കുമ്പോഴും നല്ല  ശ്രദ്ധ വേണം. തീരെ ഭാരംകുറഞ്ഞ ഇനങ്ങളായതിനാല്‍ വെള്ളം നനയ്ക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകാനിടയുണ്ട്. നാലോ അഞ്ചോ ദിവസംകൊണ്ട് തൈകള്‍ മുളയ്ക്കും.

കൃഷിയിടം ഒരുക്കല്‍
ഒരു സെന്റ് ഭൂമിയില്‍ 80-90 വരെ തൈ നടാം. ചാലുകളെടുത്ത് ജൈവവളം ചാലില്‍ ചേര്‍ത്തുവേണം നടാന്‍. രണ്ടടി അകലത്തില്‍ നടാം. നട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ചാലിലേക്ക് മണ്ണ് അല്‍പ്പം കൂട്ടിക്കൊടുക്കണം. ചെടി നട്ട് 10 ദിവസം ഇടവിട്ട് കോംപ്ളക്സ് വളങ്ങള്‍ നല്‍കണം. കൂട്ടത്തില്‍ ചാലിലേക്ക് മണ്ണ് കൂട്ടിക്കൊടുക്കുകയും ചാലുകള്‍ വരമ്പുകളായി മാറ്റുകയും വേണം. പറിച്ചുനട്ട് 20 ദിവസം കഴിയുമ്പോള്‍ തലപ്പ് നുള്ളിക്കളയണം. കൂടുതല്‍ ശിഖരങ്ങള്‍ വളരാന്‍വേണ്ടിയാണിത്. ചെടികള്‍ വളര്‍ന്ന് വീഴാതിരിക്കാന്‍ ഇരുപുറവൂം കമ്പുകളോ കയറോ വലിച്ചുകെട്ടി കെട്ടുന്നത് നല്ലതാണ്. തൈകള്‍ നട്ട് ഒന്നരമാസം കഴിയുമ്പോഴേക്കും പൂക്കള്‍ ഉണ്ടാവും. 45 ദിവസംവരെ പൂക്കളുണ്ടാവും.

വിത്തുകള്‍ ലഭിക്കുന്നവിധം
വിവിധ ഏജന്‍സികള്‍ ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ വിത്തുകള്‍ എത്തിച്ചുനല്‍കുന്നുണ്ട്. കൂടാതെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ വിത്തുവില്‍പ്പന കേന്ദ്രങ്ങളില്‍നിന്ന് ചെണ്ടുമല്ലി വിത്തുകള്‍ വിതരണംചെയ്യുന്നുണ്ട്.

മുല്ലക്കൃഷി
വരുമാനം നല്‍കുന്നതില്‍ മുല്ല കേമനാണ്. ഒരു ചെടിയില്‍നിന്ന് തുടര്‍ച്ചയായി 10 വര്‍ഷംവരെ വരുമാനം ലഭിക്കും. കുറഞ്ഞരീതിയിലുള്ള പരിചരണവും രോഗകീടബാധ തീരെ ഇല്ലാത്തതുമായ പൂകൃഷികളിലൊന്നാണ് മുല്ലക്കൃഷി. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിലാണ് ഇവ കൃഷിചെയ്യേണ്ടത്. നീര്‍വാര്‍ച്ചയുള്ള മണ്ണാവണം. മണല്‍മണ്ണാണ് ഏറ്റവും അനുയോജ്യം. മുല്ലയില്‍ പ്രധാനമായും രണ്ടിനങ്ങളുണ്ട്. ജാസ്മിനം മള്‍ട്ടിഫോറവും ജാസ്മിനം സാംബക്കും.

കസ്തൂരിമുല്ല, കുരുക്കത്തിമുല്ല എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നവ ജാസ്മിനം മള്‍ട്ടിഫോറം ഇനങ്ങളില്‍പ്പെട്ടവയാണ്. മുല്ല നടാന്‍ ഉദ്ദേശിക്കുന്ന ഭൂമി നന്നായി കിളച്ച് കളകള്‍ മാറ്റണം. ഒന്നരയടി ആഴവും നീളവും വീതിയുമുള്ള കുഴിയാണ് വേണ്ടത്. രണ്ട് കുഴി തമ്മില്‍ നാലടിയെങ്കിലും അകലം വേണം. കുഴികളില്‍ 15 കിലോ ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തുകൊടുക്കണം. മിശ്രിതം നന്നായി ഇളക്കിക്കൊടുക്കണം. മെയ്, ജൂണ്‍ ആണ് കൃഷിക്ക് ഉത്തമം. ചെടി നട്ട് മൂന്നുമാസം കഴിയുമ്പോള്‍ കോംപ്ളക്സ് വളങ്ങള്‍ നല്‍കണം. കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് ഇവയിലേതെങ്കിലും ഒന്ന് വെള്ളത്തില്‍ കുതിര്‍ത്ത് മൂന്നാലുദിവസം കഴിഞ്ഞ് ഒഴിച്ചുകൊടുക്കുന്നത് ചെടിവളര്‍ച്ചയെ നന്നായി പോഷിപ്പിക്കും.

കളകള്‍ യഥാസമയം മാറ്റണം. നട്ട് ആറുമാസത്തിനകം ചെടികള്‍ പൂവിടും. അതിനാല്‍ നട്ട് മൂന്നാംമാസമാവുമ്പോള്‍ ശിഖരങ്ങളുടെ തലപ്പ് നുള്ളിക്കളയണം.
ഒന്നാംഘട്ട പൂവിടല്‍ കഴിഞ്ഞാല്‍ ശിഖരങ്ങള്‍ കോതിമാറ്റണം. ഇതിനെയാണ് പ്രൂണിങ് എന്നു വിളിക്കുന്നത്. നിലത്തുനിന്ന് ഒന്നരയടി പൊക്കത്തിനുശേഷമുള്ള ശിഖരങ്ങള്‍ കോതിമാറ്റാം. പ്രൂണിങ് ചെയ്താല്‍ പുതിയ മുളകള്‍ ഉണ്ടാവുകയും പൂവിടാന്‍ തുടങ്ങുകയും ചെയ്യും. പൂവിടല്‍ ആരംഭിച്ചാല്‍ ചകിരിപ്പുക  തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിപ്പിക്കുന്നത് പൂമൊട്ടിന്റെ എണ്ണം കൂട്ടാന്‍ സഹായിക്കും.

പ്രധാന വാർത്തകൾ
 Top