15 July Wednesday

കിപ്‌ചോഗി രചിക്കുന്ന കെനിയൻ ഗാഥ

എ എൻ രവീന്ദ്രദാസ്Updated: Thursday Nov 7, 2019

‘ഇന്ന്‌ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ്‌ ഞാൻ’.  ഒരു മനുഷ്യനും പരിമിതികളില്ല എന്ന സന്ദേശമാണ്‌ ഓരോരുത്തരുടെയും  മനസ്സിലേക്ക്‌ കുടിയേറുന്നത്‌. ഓസ്‌ട്രിയയിൽ വിയന്നയിലെ പ്രേറ്റർ പാർക്കിൽ രണ്ടു മണിക്കൂർ താഴെ സമയത്തിൽ ചരിത്രത്തിലാദ്യമായി മാരത്തൺ ഓട്ടം പൂർത്തിയാക്കിയ കെനിയയുടെ മുപ്പത്തിനാലുകാരൻ എലിയുഡ്‌ കിപ്‌ചോഗിയുടെ ഈ വാക്കുകൾ എല്ലാവരെയും ആഹ്ലാദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഒരു മണിക്കൂർ 59 മിനിറ്റ്‌ 40 സെക്കൻഡ്‌‐ ഒളിന്പിക്‌ മാരത്തൺ സ്വർണജേതാവും നിലവിലെ ലോക റെക്കോർഡുകാരനുമായ കിപ്‌ചോഗിയുടെ ചരിത്രമായ സമയരേഖയാണിത്‌. എന്നാൽ രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്റെ അംഗീകാരമില്ലാത്ത മത്സരമായതിനാൽ ഈ വിസ്‌മയസമയത്തിന്‌ റെക്കോർഡുപുസ്‌തകത്തിൽ ഇടം കിട്ടില്ല. 2018 സെപ്‌തംബർ 16ന്‌ കിപ്‌ചോഗി ബർലിനിൽ കുറിച്ച രണ്ടു മണിക്കൂർ 1.39 മിനിറ്റാണ്‌ ലോകറെക്കോഡ്‌. ലോകപ്രശസ്‌തമായ ബർലിൻ മാരത്തണിൽ കെനിയൻ ആധിപത്യം അധീശത്വമാക്കി മാറ്റിയ മഹാപ്രകടനത്തിലൂടെയാണ്‌ അന്ന്‌ കിപ്‌ചോഗി 2014ൽ ഇതേ വേദിയിൽ നാട്ടുകാരനായ ഡെന്നിസ്‌ കിമെറ്റോ സ്ഥാപിച്ച ലോകറെക്കോർഡ്‌ മാറ്റിയെഴുതിയത്‌.


 

വിയന്നയിൽ ആദ്യ അഞ്ച്‌ കി.മീ. 14.10 മിനിറ്റിൽ മറികടന്ന കിപ്‌ചോഗി 56.47 മിനിറ്റിൽ 20 കി.മീറ്ററും ഒരു മണിക്കൂർ 53.36 മിനിറ്റിൽ 40 കി.മീറ്ററും താണ്ടിയെത്തി. ഒടുവിൽ സമയസൂചിക ഒരു മണിക്കൂർ 59.40 മിനിറ്റിൽ പിടിച്ചുനിർത്തിയ കെനിയൻ താരം മാരത്തൺ ദൂരമായ 42.195 കി.മീ. ചരിത്രം കോറിയിട്ട തന്റെ നീണ്ട ചുവടുകൾക്കുള്ളിലാക്കി.

മാരത്തണിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന്‌ ഔദ്യോഗിക അംഗീകാരമില്ലെങ്കിലും ഇതുൾപ്പെടെ അര ഡസൻ മികച്ച സമയങ്ങളിൽ മൂന്നെണ്ണവും കിപ്‌ചോഗിക്ക്‌ അവകാശപ്പെട്ടതാണ്‌. ഈ വർഷം ഏപ്രിലിൽ ലണ്ടനിൽ കുറിച്ച 02:02.37 ആണ്‌ മികച്ച മൂന്നാമത്തെ സമയം. വിയന്നയിൽ മത്സരത്തിലുടനീളം കിലോമീറ്ററിന്‌ 2.5 മിനിറ്റിനടുത്ത്‌ ശരാശരി കാത്തുസൂക്ഷിച്ചുകൊണ്ടായിരുന്നു കിപ്‌ചോഗിയുടെ പ്രയാണം. ജീവിതത്തിൽ നമുക്ക്‌ കൽപിച്ചുപോരുന്ന പരിധികളെ മറികടന്നു മുന്നേറാൻ ഊർജദായകമാകുന്ന നിസ്‌തുലനേട്ടമാണ്‌ തന്റെ ശിഷ്യൻ വെട്ടിപ്പിടിച്ചതെന്ന്‌ പരിശീലകനായ പാട്രിക്‌ സാങ്‌ പറയുന്നു.

ഒളിന്പിക്‌സിലായാലും മറ്റു ചാന്പ്യൻഷിപ്പുകളിലായാലും മാരത്തൺ ഓട്ടം കായികശേഷിയുടെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും പരമമായ ഉരകല്ലായി കണക്കാക്കപ്പെടുന്നു. മാരത്തണിൽ വിജയം നേടിയവരുടെ പട്ടിക രസകരമാണ്‌. ആട്ടിടയൻ, ബേക്കറി പണിക്കാരൻ, കൽപ്പണിക്കാരൻ, കോമാളി, അംഗരക്ഷകൻ... ഇങ്ങനെ നീളുന്നതാണ്‌ ആ ജേതാക്കളുടെ നിര. എന്നാൽ 1964ലെ ടോക്കിയോ ഒളിന്പിക്‌സ്‌ മുതൽ മാരത്തണിന്റെ സുദീർഘമായ ചരിത്രത്തിലേക്ക്‌ ‘ഓടുന്നവരുടെ ദേശ’മെന്ന പുതിയ മേൽവിലാസത്തോടെ ഒരു രാജ്യം കയറിവന്നു. ആഫ്രിക്കൻ രാജ്യമായ കെനിയ. അവിടം മുതൽ മാരത്തൺ അടക്കമുള്ള ദീർഘദൂര മത്സരപാതയിൽ കെനിയക്കാരുടെ അനിഷേധ്യമായ ആധിപത്യം തുടരുന്നു. ഈ പന്തയങ്ങളിൽ കെനിയ നേടുന്നത്‌ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ മെഡലുകൾ. അവർക്ക്‌ വെല്ലുവിളിയുയർത്താൻ പോന്നവർ അയൽക്കാരായ എത്യോപ്യ മാത്രവും. ജീവിതായോധനത്തിനായി ദിവസവും ചെങ്കുത്തായ മലന്പാതകളും നിരപ്പില്ലാത്ത റോഡുകളും കിലോമീറ്ററുകളോളം താണ്ടേണ്ടിവരുന്ന കെനിയയിലെ ഗോത്രവിഭാഗക്കാർ ആർജിക്കുന്ന കായികസ്‌ഥൈ ര്യത്തിന്‌ പകരംവയ്‌ക്കാൻ മറ്റൊന്നിനുമാകില്ലെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അത്‌ ശരിയെന്ന്‌ അർഥശങ്കക്കിടയില്ലാത്തവിധം കെനിയയുടെ ഓട്ടക്കാർ സമർഥിക്കുകയും ചെയ്യുന്നു.
അക്കൂട്ടത്തിൽ മാരത്തൺ ഓട്ടത്തിന്‌ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും നിശ്‌ചയദാർഢ്യത്തിന്റെയും കായികക്ഷമതയുടെയും കരളുറപ്പിന്റെയും ജ്വലിക്കുന്ന മാതൃകയായി പുതിയ നിർവചനമെഴുതുകയാണ്‌ എലിയുഡ്‌ കിപ്‌ചോഗി. വിയന്നയിൽ രേഖപ്പെടുത്താതെ പോകുന്ന തന്റെ ലോകരേഖ ടോക്കിയോ ഒളിന്പിക്‌സിലൂടെ സാക്ഷാത്‌കരിക്കാനുള്ള പുറപ്പാടിലാണ്‌ ഈ ദീർഘദൂര പന്തയക്കാരൻ.


പ്രധാന വാർത്തകൾ
 Top