24 March Sunday
മനുഷ്യന്റെയും കോഴിയുടെയും കോശങ്ങൾ അടങ്ങിയ ഭ്രൂണം

ചുരുൾ നിവരുന്നത് സംഘാടക കോശ രഹസ്യങ്ങൾ

സീമ ശ്രീലയംUpdated: Thursday Jun 7, 2018


കോഴിയുടെയും മനുഷ്യന്റെയും കോശങ്ങളടങ്ങിയ  ഭ്രൂണം സൃഷ്ടിക്കുക! അതിലൂടെ  മനുഷ്യഭ്രൂണ വികാസത്തിന്റെ ആദ്യഘട്ടങ്ങൾ ചുരുൾനിവർത്തുക !  ന്യൂയോർക്കിലെ റോക്‌ഫെല്ലർ സർവകലാശാലയിൽ ഡെവലപ്മെന്റൽ ബയോളജി ഗവേഷകനായ അലി ബ്രിവാൻലോയുടെ നേതൃത്വത്തിലായിരുന്നു ഈ ഗവേഷണം.

മനുഷ്യന്റെയും കോഴിയുടെയും കോശങ്ങൾ  കൂട്ടിക്കലർത്തി കിമേറ ഭ്രൂണം സൃഷ്ടിച്ച പരീക്ഷണം ഒരേസമയം കൗതുകവും വിവാദങ്ങളും ഉയർത്തിക്കഴിഞ്ഞു. വ്യത്യസ്ത ജനിതകപാരമ്പര്യമുള്ള ജീവികളിൽനിന്നുള്ള ജീവവസ്തുക്കൾ അടങ്ങിയ ജീവിയെയാണ്‌ കിമേറ എന്നു വിളിക്കുന്നത്.

ഭ്രൂണമായി മാറുന്നതിനിടയിൽ ഒരുകൂട്ടം കോശങ്ങൾക്ക് ആദ്യഘട്ടത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നതിന്റെ സൂക്ഷ്മതലങ്ങൾ ഇനിയും ചുരുൾ  നിവരേണ്ടതുണ്ട്. മനുഷ്യഭ്രൂണത്തിൽ ഏതൊക്കെ കോശങ്ങൾ ഏതൊക്കെ ഭാഗമായി മാറണമെന്നു തീരുമാനിക്കുന്ന ഓർഗനൈസർ  കോശങ്ങളെ, അതായത് സംഘാടക കോശങ്ങളെ ഇതാദ്യമായി നിരീക്ഷിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് റോക്‌ഫെല്ലർ ഗവേഷകർ.

പരീക്ഷണശാലയിൽ മനുഷ്യഭ്രൂണങ്ങൾ സൃഷ്ടിച്ച്‌ പരീക്ഷണത്തിന് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ  കണക്കിലെടുത്ത് മനുഷ്യഭ്രൂണങ്ങൾ നേരിട്ട്‌  ഉപയോഗിക്കാതെ കോഴിയുടെ ഭ്രൂണത്തിൽ മനുഷ്യന്റെ ഭ്രൂണവിത്തുകോശങ്ങൾ സന്നിവേശിപ്പിച്ച് നിരീക്ഷിക്കുകയായിരുന്നു ഗവേഷകർ. ശരീരത്തിലെ വിവിധ കലകളും അവയവങ്ങളുമായി മാറാൻകഴിവുള്ളവയാണ് ഭ്രൂണ വിത്തുകോശങ്ങൾ.

എന്താണ്‌ സംഘാടകകോശങ്ങൾ?
ഓർഗനൈസർ കോശങ്ങളെ (സംഘാടക കോശങ്ങൾ) 1924ൽതന്നെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരുന്നു. ഹാൻസ് പെമാൻ എന്ന ജർമൻ എംബ്രിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ സാലമാൻഡറുകളിൽ നടത്തിയ പരീക്ഷണമാണ് ഈ സംഘാടകകോശങ്ങളുടെ പ്രാധാന്യത്തിലേക്ക് വെളിച്ചംവീശിയത്. സ്പെമാനും  ഹിൽഡെ മാൻഗോൾഡും ചേർന്ന് ഒരു സാലമാൻഡർ ഭ്രൂണത്തിലെ ഓർഗനൈസർ കോശങ്ങളെ  മറ്റൊരു സ്പീഷിസ് സാലമാൻഡർ ഭ്രൂണത്തിലേക്ക് മാറ്റിവച്ചപ്പോൾ അവ സമീപകോശങ്ങളെ മസ്തിഷ്കകോശങ്ങളും നട്ടെല്ലിലെ കോശങ്ങളുമായി മാറാൻ പ്രേരിപ്പിക്കുന്നതായി കണ്ടെത്തി. പിന്നീട് വിവിധ സസ്തനികളിലും പക്ഷികളിലും ഉരഗങ്ങളിലുമൊക്കെ  ഭ്രൂണരൂപീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ  ഓർഗനൈസർ കോശങ്ങൾ എന്ന സൂപ്പർ സംഘാടകകോശങ്ങളെ കണ്ടെത്തി. ഇവയാണ് സമീപകോശങ്ങൾ ജീവിയുടെ മസ്തിഷ്കമായി മാറണോ നാഡീവ്യൂഹമായി മാറണോ എന്നൊക്കെ തീരുമാനിക്കുന്നത്. പക്ഷേ അപ്പോഴും മനുഷ്യഭ്രൂണ വികാസത്തിന്റെ ആദ്യഘട്ടത്തിൽ പ്രധാന പങ്കുവഹിക്കുന്ന സംഘാടകകോശങ്ങളെ തിരിച്ചറിയാൻ  ഗവേഷകർക്ക് സാധിച്ചിരുന്നില്ല. പരീക്ഷണാവശ്യത്തിന്‌ മനുഷ്യഭ്രൂണങ്ങൾ  14 ദിവസത്തിൽക്കൂടുതൽ ലാബിൽ വളർത്തുന്നതിന് യുഎസ് അടക്കം പല രാജ്യങ്ങളിലും നിരോധമുണ്ട്.  ഈ സമയപരിധിക്കുള്ളിൽ ഓർഗനൈസർ കോശങ്ങളുടെ  പ്രവർത്തനം നിരീക്ഷിക്കാൻ കഴിയില്ലെന്നതാണ് പരിമിതി. ഗർഭപാത്രത്തിനുള്ളിൽ ഭ്രൂണകോശങ്ങൾക്ക് എന്തു മാറ്റമാണ് സംഭവിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തേടുകയാണ് ഇത്തരം പരീക്ഷണങ്ങൾ.  

ബ്രിവാൻലോയുടെ  നേതൃത്വത്തിലുള്ള ഗവേഷകസംഘം രണ്ടുവർഷം മുമ്പ് മനുഷ്യഭ്രൂണങ്ങളെ പരീക്ഷണശാലയിൽ വളർത്തി നിരീക്ഷിച്ചെങ്കിലും ഓർഗനൈസർ കോശങ്ങളെ തിരിച്ചറിയാൻ സാധിച്ചില്ല. മനുഷ്യഭ്രൂണങ്ങൾ 14 ദിവസത്തിൽ കൂടുതൽ നിരീക്ഷിച്ചാലേ ഈ സംഘാടകകോശങ്ങളുടെ പ്രവർത്തനരഹസ്യങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ കഴിയൂ എന്നു മനസ്സിലാക്കിയ ഗവേഷകർ പുതിയ സാധ്യതകൾ തേടി. തുടർന്നുള്ള ഗവേഷണത്തിൽ  മനുഷ്യന്റെ ഭ്രൂണവിത്തുകോശങ്ങളെ പരീക്ഷണശാലയിലെ ഡിഷിൽ കൾചർചെയ്ത് അതിലേക്ക് വിവിധ വളർച്ചാഘടകങ്ങൾ ചേർത്ത് അവയെ ഭ്രൂണസമാന ഘടനകളായി വളർത്തിയെടുത്തു. അപ്പോൾ ഭ്രൂണവളർച്ചയുടെ ആദ്യ ഘട്ടത്തിലേതിനു സമാനമായ  വിവിധ കോശപാളികൾ രൂപംകൊള്ളുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.  മറ്റു സ്പീഷിസ്സുകളിലെ സംഘാടക കോശങ്ങളിലേതിനു സമാനമായ ജീനുകൾ ഇവയിലെ ഒരുകൂട്ടം കോശങ്ങളിൽ ഗവേഷകർ തിരിച്ചറിയുകയും ചെയ്തു.

പരീക്ഷണത്തിന്റെ അടുത്തപടിയായി പരീക്ഷണശാലയിൽ കൾചർ ചെയ്ത  ഭ്രൂണ വിത്തുകോശങ്ങൾ 12 മണിക്കൂർ വളർച്ചയുള്ള കോഴിഭ്രൂണത്തിലേക്ക് സന്നിവേശിപ്പിച്ചു.  ഈ സങ്കരഭ്രൂണത്തിന്റെ വളർച്ച നിരീക്ഷിച്ച ശാസ്ത്രജ്ഞർ അത്ഭുതപ്പെട്ടു. മനുഷ്യഭ്രൂണത്തിലെ സംഘാടകകോശങ്ങൾ കോഴിയുടെ കോശങ്ങളെ നിയന്ത്രിച്ച് രണ്ടാമതൊരു നാഡീവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു!  പലരും ആശങ്കപ്പെടുന്നതുപോലെ ഈ കിമേറിക് ഭ്രൂണത്തെ  ഒരു പൂർണജീവിയായി വളർത്തുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഗവേഷകർ പറയുന്നു.

സാധ്യതകൾ; പരിമിതികൾ
ഈ പരീക്ഷണം വിരൽചൂണ്ടുന്നത് പുതിയ സാധ്യതകളിലേക്കാണെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഭ്രൂണവികാസത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ ഏതൊക്കെയെന്ന്‌ കൃത്യമായി മനസ്സിലാക്കുന്നതിലൂടെ ഗർഭം അലസൽ, ജനിതക തകരാറുകൾ എന്നിവയ്ക്കൊക്കെ പരിഹാരം കണ്ടെത്താൻ സാധിക്കും. മനുഷ്യ കലകളെയും അവയവങ്ങളെയുമൊക്കെ പുനരുജ്ജീവിപ്പിക്കാനുള്ള റീജനറേറ്റീവ് മെഡിസിനിലെ ഗവേഷണങ്ങൾക്കും ഇത് പുതിയ ഊർജംപകരും.  ഒപ്പം മനുഷ്യഭ്രൂണങ്ങൾ ഇത്തരം ഗവേഷണങ്ങൾക്കായി ഉപയോഗിക്കുന്നതിലെ ധാർമിക, നൈതിക പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം. വിവിധ ജീവികളിൽ ഭ്രൂണവികാസത്തിന്റെ ആദ്യഘട്ടത്തിൽ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിലെ വ്യത്യാസങ്ങൾ താരതമ്യം ചെയ്യാനും ഇത്തരം പരീക്ഷണങ്ങൾ സഹായിക്കും.

മനുഷ്യഭ്രൂണത്തിൽ സംഘാടകകോശങ്ങൾ സമീപകോശങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ അതിസൂക്ഷ്മ ജനിതകതലങ്ങൾ ഇനിയും  കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഈ പരീക്ഷണത്തിൽ  മനുഷ്യഭ്രൂണങ്ങൾതന്നെ ഉപയോഗിക്കുന്നതിനു പകരമാകില്ല മറ്റൊന്നും എന്ന് ബ്രിവാൻലോ അഭിപ്രായപ്പെടുന്നു. ക്രിസ്പർ ജീൻ എഡിറ്റിങ് സങ്കേതം ഉപയോഗിച്ച് ഭ്രൂണസമാന ഘടനകളിൽ രോഗകാരണമാകുന്ന ഉൽപരിവർത്തനം വരുത്തി ഭ്രൂണവികാസത്തിന്റെ ആദ്യഘട്ടത്തിൽ അതിന്റെ സ്വാധീനം എന്തെന്നു പഠിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.

വിവാദങ്ങൾ വിട്ടൊഴിയുന്നില്ല
മനുഷ്യകോശങ്ങളും മറ്റു ജീവികളുടെ കോശങ്ങളും കൂട്ടിക്കലർത്തുന്ന പരീക്ഷണങ്ങൾ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. ഭിന്നജീവി സങ്കരങ്ങളായ കിമേറകളുടെ സൃഷ്ടി പ്രകൃതിനിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞർതന്നെ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവർഷം കലിഫോർണിയയിലെ സാക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സ്റ്റഡീസിലെ ഗവേഷകർ മനുഷ്യന്റെയും പന്നിയുടെയും കോശങ്ങൾ അടങ്ങുന്ന കിമേറ ഭ്രൂണത്തെ  സൃഷ്ടിച്ചതും വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. ലോകത്തിലെ പല ബയോ ടെക്നോളജി ലാബുകളിലും പ്രതീക്ഷകളും ആശങ്കകളും കൂടിക്കുഴയുന്ന ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ ഭിന്നജീവി സങ്കരങ്ങളായ കിമേറകളുടെ സൃഷ്ടിയല്ല , മറിച്ച്  ജീവന്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് വെളിച്ചംവീശുക, അവയവമാറ്റത്തിനുള്ള അവയവങ്ങൾ മറ്റു ജീവികളിൽ വളർത്തിയെടുത്ത് ലഭ്യമാക്കുക, ഗുരുതര ജനിതകരോഗങ്ങൾ ഭേദമാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക, റീജനറേറ്റീവ് മെഡിസിനിലും ജീൻ ചികിത്സയിലും പുതിയ സാധ്യതകളിലേക്ക് വെളിച്ചംവീശുക എന്നിവയാണ് ഇത്തരം പരീക്ഷണങ്ങളുടെ ലക്ഷ്യമെന്ന് ഈ രംഗത്തെ ഗവേഷകർ ഉറപ്പിച്ചുപറയുന്നു.

seemasreelayam@gmail.com

പ്രധാന വാർത്തകൾ
 Top