25 May Saturday

മാഡൻ- ജൂലിയൻ ദോലനം: കാലാവസ്ഥയിലെ കാണാചരട്

ഡോ. ഗോപകുമാർ ചോലയിൽUpdated: Thursday Mar 7, 2019അന്തരീക്ഷതാപനം, മഴ, ആഗോള/പ്രാദേശിക കാലാവസ്ഥ എന്നിവയെ സ്വാധീനിക്കുന്ന അനവധി സമുദ്ര -അന്തരീക്ഷ പ്രതിഭാസങ്ങൾ ഇന്ന‌് ശാസ്ത്രസമൂഹത്തിനുമാത്രമല്ല, സാധാരണജനങ്ങൾക്കും പരിചിതമാണ്. എൽനിനോ (El Nino), ലാനിനാ ((La Nina), എൻസോ ((ENSO), ഐഒഡി ((IOD) അഥവാ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ, ഈക്വിനൂ ((EQUINOO) അഥവാ ഇക്വറ്റോറിയൽ ഇന്ത്യൻ ഓഷ്യൻ ഓസിലേഷൻ തുടങ്ങിയ പ്രതിഭാസങ്ങൾ ആഗോളകാലാവസ്ഥാ പ്രകൃതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പൊതുവെ ഒരവബോധം ഉണ്ടായിട്ടുണ്ട്. എന്നാൽ, അത്രത്തോളം അറിയപ്പെടാത്ത ഒരു അന്തരീക്ഷ-സമുദ്രമേഖലാ പ്രതിഭാസമാണ‌് മാഡൻ ജൂലിയൻ ദോലനം അഥവാ  എംജെഒ (Madden Julian Oscillation).

എന്താണ്‌ എംജെഒ?
താരതമ്യേന സ്ഥിരപ്രകൃതമുള്ള ‘എൻസോ' (ENSO)  പ്രതിഭാസത്തിൽനിന്ന് ഭിന്നമായി, പശ്ചിമദിശയിൽനിന്ന‌് പൂർവദിശയിലേക്ക‌് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മേഘങ്ങൾ, വർഷപാതം, കാറ്റുകൾ, മർദം എന്നിവ അടങ്ങുന്ന ഒരു വ്യൂഹത്തിന്റെ തരംഗരൂപത്തിലുള്ള അസ്ഥിര വ്യവസ്ഥയാണ‌് ഈ ദോലനം. ഉഷ്ണമേഖലാ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ഒരേ ഋതുവിനുള്ളിൽത്തന്നെ അനുഭവപ്പെടുന്ന കാലാവസ്ഥാവകഭേദങ്ങൾക്ക‌് ഹേതുവായ സുപ്രധാന ഘടകമാണ‌് എംജെഒ.  അന്തരീക്ഷപര്യയനവ്യൂഹം, ശക്തമായ സംവഹനപ്രക്രിയകൾ, മറ്റ‌് അസ്ഥിര അന്തരീക്ഷപ്രകൃതങ്ങൾ എന്നിവ ഇന്ത്യൻ മഹാസമുദ്രമേഖലയിൽനിന്ന് പസിഫിക‌് സമുദ്രമേഖലയിലേക്ക‌് മന്ദഗതിയിൽ നീങ്ങുന്ന അവസ്ഥയിലാണ‌് ദോലനം അനുഭവവേദ്യമാകുന്നത്. 

ഉഷ്ണമേഖലകളിലെ കാലാവസ്ഥാപ്രകൃതത്തിൽ നിർണായകസ്വാധീനം ഉളവാക്കാൻ ഈ പ്രതിഭാസത്തിന‌് കഴിവുണ്ട്. ഇന്ത്യൻ മഹാസമുദ്രം, പസിഫിക‌് സമുദ്രം എന്നിവയ‌്ക്കുമുകളിലൂടെ കിഴക്കോട്ടുനീങ്ങുന്ന മികച്ച മഴ ലഭിക്കുന്ന ഘട്ടം, അതിനെതുടർന്ന‌് ദുർബലമായി മഴ ലഭിക്കുന്ന മറ്റൊരു ഘട്ടം-; ഇതാണ‌് എംജെഒയുടെ സവിശേഷഘടന. വിരുദ്ധപ്രകൃതമുള്ള ഈ മഴസാഹചര്യങ്ങൾ സാധാരണഗതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിലാണ‌് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഭൂമധ്യരേഖയോട‌് ചേർന്നുകിടക്കുന്ന ഉഷ്ണമേഖലയിലൂടെ കിഴക്കോട്ട‌് മുന്നേറുംതോറും ഈ പ്രകൃതം കൂടുതൽ വ്യക്തതയാർജിക്കുകയും താരതമ്യേന കൂടുതൽ ചൂടേറിയ പശ്ചിമ പസിഫിക്, മധ്യപസിഫിക‌് എന്നിവിടങ്ങൾ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യുന്നു. എന്നാൽ, താരതമ്യേന തണുത്ത കിഴക്കൻ പസിഫിക‌് സമുദ്രമേഖലയിൽ എത്തിച്ചേരുമ്പോൾ മഴയുടെ വ്യതിരിക്തസ്വഭാവത്തിൽ മാറ്റംവരുമെങ്കിലും ഉഷ്ണമേഖലാപ്രദേശത്ത‌് സ്ഥിതിചെയ്യുന്ന അറ്റ‌്‌ലാന്റിക‌് സമുദ്രഭാഗങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലെത്തുമ്പോൾ വീണ്ടും വ്യതിരിക്തസ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. മഴയിലുണ്ടാകുന്ന വ്യതിയാനത്തോടൊപ്പംതന്നെ അന്തരീക്ഷത്തിലെ താഴ്ന്നതലങ്ങളിലും ഉയർന്നതലങ്ങളിലും ഉണ്ടാകുന്ന പര്യയനവ്യവസ്ഥകളിലും മാറ്റം സംഭവിക്കുന്നു. മേൽസാഹചര്യങ്ങൾ പൂർവാർധഗോളത്തിൽമാത്രം ഒതുങ്ങുന്നവയല്ല; മറിച്ച‌് ആഗോളതലത്തിൽ വ്യാപ്തിയുള്ളവയാണ്. ആഗോളതലത്തിൽ ഉഷ്ണമേഖലയിൽ അനുഭവപ്പെടുന്ന തരംഗിതരൂപത്തിലുള്ള ‘അന്തർ ഋതുകാലാവസ്ഥാവ്യതിചലനം’ എന്ന‌്  എംജെഒ ദോലനത്തെ വിശേഷിപ്പിക്കാം.

 

വർഷാവർഷം കാലവർഷമഴയിൽ അനുഭവപ്പെടുന്ന ഏറ്റക്കുറച്ചിലുകൾക്കും എംജെഒ കാരണമാകാറുണ്ട്.  ഉഷ്ണമേഖലയിലുണ്ടാകുന്ന പ്രധാന കാലാവസ്ഥാചാഞ്ചാട്ടങ്ങൾക്ക‌് കാരണം ഈ പ്രതിഭാസമാണ്.  അന്തരീക്ഷത്തിലെ ഉയർന്നതും താഴ്ന്നതുമായ വിതാനങ്ങളിൽ വീശുന്ന കാറ്റിന്റെ വേഗം–- ദിശ, മേഘസാന്നിധ്യം, വർഷപാതം, സമുദ്രോപരിതല താപനില, സമുദ്രോപരിതല ബാഷ്പീകരണം തുടങ്ങിയ അന്തരീക്ഷ - സമുദ്രപ്രക്രിയകളിൽ വ്യതിയാനങ്ങൾ ഉളവാക്കാൻ ഈ പ്രതിഭാസത്തിനാകും. 30 മുതൽ 60 ദിവസംവരെ ദൈർഘ്യമുള്ള ഈ വ്യൂഹത്തിന്റെ തരംഗിതസഞ്ചാരം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആവർത്തിച്ചുണ്ടാകുന്നതായി കാണപ്പെടുന്നു. ഭൂമധ്യരേഖാപ്രദേശങ്ങൾക്ക‌ു കുറുകെ നീങ്ങുന്ന ദോലനം ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം എന്നിവ ഉൾപ്പെടുന്ന മേഖലയിലാണ‌് കൂടുതൽ വ്യക്തമായി അനുഭവപ്പെടുന്നത്.  ഉഷ്ണമേഖലയിലൂടെ ഭൂമിക്കുകുറുകെ കിഴക്കോട്ട‌് ചരിക്കുന്ന ഈ വ്യൂഹം ശരാശരി 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ അതിന്റെ ആരംഭസ്ഥലത്തുതന്നെ തിരിച്ചെത്തുന്നു.

കാലാവസ്ഥയെ, പ്രാദേശിക കാലാവസ്ഥാപ്രകൃതവുമായി കൂട്ടിയിണക്കുന്നതിൽ എംജെഒയ‌്ക്ക‌് നിർണായക പങ്കുണ്ട്. എന്നാൽ, ഒരു പ്രത്യേക കാലാവസ്ഥയോ പ്രാദേശിക കാലാവസ്ഥാഭേദമോ ഉണ്ടാക്കുന്നതിൽ എംജെഒ കാരണമാകുന്നില്ല.  മാത്രമല്ല,  എല്ലാ കാലാവസ്ഥാവകഭേദങ്ങളും എംജെഒയുമായി ബന്ധമുള്ളവയായിരിക്കണം എന്നുമില്ല. പ്രാദേശിക കാലാവസ്ഥകൾ സൃഷ്ടിക്കുന്നതിൽ എംജെഒയുടെ പങ്ക‌് അതിന്റെ വിവിധഘട്ടങ്ങൾക്ക‌് അനുസൃതമാണ്.


പ്രധാന വാർത്തകൾ
 Top