20 April Saturday
ആശങ്കയുണർത്തി പുതിയ കണ്ടെത്തൽ

പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നും ഹരിതഗൃഹ വാതകങ്ങൾ

സീമ ശ്രീലയംUpdated: Thursday Sep 6, 2018


കരയും കടലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ചവറ്റുകുട്ടയായി മാറിയതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ. അതിനിടയിൽ കൂനിന്മേൽ കുരു എന്നു പറഞ്ഞതു പോലെ പുതിയ പ്രശ്നങ്ങൾ തലപൊക്കിക്കൊണ്ടിരിക്കുന്നു. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കിൽനിന്നും ആഗോള താപനത്തിനു കാരണമാവുന്ന ചില ഹരിതഗൃഹ വാതകങ്ങൾ (ഗ്രീൻ ഹൗസ് ഗ്യാസ്) പുറത്തുവരുന്നു എന്നാണ് പുതിയ പഠനങ്ങൾ അപായമണി മുഴക്കുന്നത്. മനോവയിലെ ഹവായ് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഓഷ്യൻ ആന്റ് എർത്ത് സയൻസ് ആന്റ് ടെക്നോളജിയിലെ  ഗവേഷകരാണ് ആശങ്കയുണർത്തുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

നൂറ്റാണ്ടുകളോളം പരിസ്ഥിതിയിൽ നാശമില്ലാതെ കിടക്കുന്ന പ്ലാസ്റ്റിക്കിൽനിന്നും പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ദോഷകരമാവുന്ന പല രാസവസ്തുക്കളും മണ്ണിലും ജലത്തിലും കലരുന്നുണ്ട്.എന്നാൽ നാമിങ്ങറിഞ്ഞതിലും വലുതാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ. നമ്മൾ സാധാരണ ഉപയോഗിച്ചു വലിച്ചെറിയുന്ന പല പ്ലാസ്റ്റിക് വസ്തുക്കളിൽനിന്നും  മീഥേൻ ,എഥിലീൻ (ഈഥീൻ) പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ഉൽസർജിക്കപ്പെടുന്നു എന്നാണ് ഹവായ് ഗവേഷകരുടെ കണ്ടെത്തൽ. തികച്ചും യാദൃശ്ചികമായിരുന്നു ഈ കണ്ടെത്തലെന്ന് ഗവേഷണത്തിൽ പ്രധാന പങ്കു വഹിച്ച സാറ ജീൻ റോയർ പറയുന്നു. സമുദ്രജലത്തിൽ നിന്നും സ്വാഭാവിക ജീർണ്ണിക്കൽ പോലുള്ള ജൈവ പ്രവർത്തനങ്ങളുടെ ഫലമായി ഉൽസർജിക്കപ്പെടുന്ന മീഥേൻ വാതകത്തിന്റെ അളവ് കണക്കാക്കുന്ന ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഈ വനിത. സമുദ്രത്തിൽ നിന്നും പരീക്ഷണത്തിനായി എടുത്ത സാമ്പിളുകൾ ഹൈ ഡെൻസിറ്റി പോളി എഥിലീൻ ബോട്ടിലുകളിലാണ് ശേഖരിച്ചു വച്ചിരുന്നത്. ഇതിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉൽസർജനം നിരീക്ഷിച്ച ഗവേഷകർ അമ്പരന്നു. സമുദ്രജലത്തിൽ നിന്നു ജൈവിക പ്രവർത്തനങ്ങളുടെ ഫലമായുള്ള  മീഥേൻ ഉൽസർജനത്തിന്റെ അളവിനെക്കാളും, പ്രതീക്ഷിത കണക്കിനെക്കാളുമൊക്കെ കൂടുതലായിരുന്നു അത്. അപ്പോഴാണ് സാമ്പിൾ എടുത്ത ബോട്ടിലിൽ നിന്നും വാതകം ഉൽസർജിക്കപ്പെടാനുള്ള സാധ്യതയിലേക്ക് ശ്രദ്ധ തിരിഞ്ഞത്. അതു ചെന്നെത്തിയതാവട്ടെ ആശങ്കയുണർത്തുന്ന കണ്ടെത്തലിലേക്കും.

തുടർന്ന് ഗവേഷകസംഘം നമ്മൾ നിത്യജീവിതത്തിൽ വൻ തോതിൽ ഉപയോഗിക്കുന്നതും ഉപയോഗശേഷം വലിച്ചെറിയുന്നതുമായ പ്ലാസ്റ്റിക്കുകൾ പഠനവിധേയമാക്കി.  പോളി കാർബണേറ്റ്, അക്രിലിക്, പോളി പ്രൊപ്പിലീൻ, പോളി എഥിലീൻ ടെറിഫ്താലേറ്റ്,  പോളിസ്റ്റൈറീൻ,  ഹൈ ഡെൻസിറ്റി പോളി എഥിലീൻ, ലോ ഡെൻസിറ്റി പോളി എഥിലീൻ എന്നീ പ്ലാസ്റ്റിക്കുകളിലാണ് ഒന്നര വർഷം പഠനങ്ങൾ നടത്തിയത്.  ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന കണ്ടെയ്നറുകളായും തുണിത്തരങ്ങളായും നിർമ്മാണ സാമഗ്രികളായും പ്ലാസ്റ്റിക് ബോട്ടിലുകൾ പോലുള്ള നിരവധി  ഉല്പന്നങ്ങളായും നിത്യജീവിതത്തിൽ പല തരത്തിൽ നമ്മൾ ഉപയോഗിക്കുന്നവയാണ് ഈ പ്ലാസ്റ്റിക്കുകൾ.  ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് പോളിത്തീൻ സഞ്ചികൾ തന്നെ.  പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂട്ടത്തിൽ   മീഥേൻ, എഥിലീൻ (ഈഥീൻ) എന്നീ ഹരിതഗൃഹ വാതകങ്ങളുടെ ഒരു പ്രധാന സ്രോതസ്സാണ് ഇവ.   ഈഥീൻ തന്മാത്രകളുടെ പോളിമറീകരണത്തിലൂടെയാണ് പോളിത്തീൻ അഥവാ പോളി എഥിലീൻ എന്ന പ്ലാസ്റ്റിക് ഉണ്ടാവുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉല്പാദനവും ഉപയോഗവും അടിയന്തരമായി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ഗവേഷണ റിപ്പോർട്ട് വിരൽചൂണ്ടുന്നതെന്ന് ഹാവായ് ഗവേഷകർ പറയുന്നു. പ്രതിവർഷം ലോകത്ത് 50000 കോടി പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് ഉപയോഗിക്കപ്പെടുന്നത്. അതുപോലെ ലോകത്ത് ഓരോ മിനിട്ടിലും ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ എണ്ണം പത്തുലക്ഷത്തോളമാണ്.

സമുദ്രങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ സൂര്യപ്രകാശമേൽക്കുമ്പോൾ അവയ്ക്ക് ഫോട്ടോ ഡീഗ്രഡേഷൻ സംഭവിക്കുകയും അതിന്റെ ഫലമായി മീഥേൻ, എഥിലീൻ വാതകങ്ങൾ പുറത്തുവരികയുമാണ് ചെയ്യുന്നത്.  സമുദ്രജലത്തിലും സമുദ്രജലത്തിനു പുറത്തും പ്ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉൽസർജനം ഗവേഷകർ നിരീക്ഷിച്ചു. അതുപോലെ സമുദ്രത്തിനു വെളിയിൽ ഈ സാമ്പിളിൽ നിന്നുള്ള വാതക നിർഗമനം സമുദ്രത്തിൽ ആയിരിക്കുമ്പോൾ ഉള്ളതിനെക്കാൾ കൂടുതലായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ സൂര്യപ്രകാശമേൽക്കുമ്പോൾ അവയിൽ സൂക്ഷ്മമായ നിരവധി വിള്ളലുകളും സുഷിരങ്ങളുമുണ്ടാവുകയും തൽഫലമായി പ്ലാസ്റ്റിക്കും സൂര്യപ്രകാശവും തമ്മിൽ സമ്പർക്കത്തിൽ വരുന്ന പ്രതല വിസ്തീർണ്ണം കൂടുകയും ചെയ്യും. ഇത് വാതക ഉൽസർജനത്തെ ത്വരിതപ്പെടുത്തും.

നിർമ്മിച്ച ഉടനെയുള്ള  ലോ ഡെൻസിറ്റി പോളി എഥിലീൻ തരികളിൽ നിന്നു ഹരിതഗൃഹവാതകങ്ങൾ പുറത്തുവരുന്നതായും ഗവേഷകർ കണ്ടെത്തി. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ 212 ദിവസം നിരീക്ഷിച്ചപ്പോൾ ഒടുവിൽ അതിൽ നിന്നു പുറത്തു വന്ന മീഥേൻ വാതകത്തിന്റെ അളവ് പരീക്ഷണത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതിനെക്കാൾ പല മടങ്ങ് കൂടുതലായിരുന്നു!  സമുദ്രങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളിലെ എൽ ഡി പി ഇ തരികളിൽ സൂര്യപ്രകാശമേൽക്കുമ്പോൾ അവയ്ക്ക് ഫോട്ടോ ഡീഗ്രഡേഷൻ (പ്രകാശിക വിഘടനം) സംഭവിക്കുകയും അതിന്റെ ഫലമായി ഹരിതഗൃഹ വാതകങ്ങൾ പുറത്തുവരികയും ചെയ്യുന്നുണ്ട്. ഈ ഫോട്ടോ ഡീഗ്രഡേഷൻ പ്രവർത്തനം ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ അത് സൂര്യപ്രകാശത്തിന്റെ അസാന്നിധ്യത്തിലും തുടരും.സമുദ്രങ്ങളിൽ ഇത്തിരിക്കുഞ്ഞു മൈക്രോപ്ലാസ്റ്റിക്കുകളും ഹരിതഗൃഹവാതകങ്ങളുടെ സ്രോതസ്സാവുന്നുണ്ടെന്ന് ഹാവായ് ഗവേഷകർ പറയുന്നു.

ഒരു പെട്രോകെമിക്കൽ ആണ് പ്ലാസ്റ്റിക്.പ്ലാസ്റ്റിക് നിർമ്മാണ സമയത്തും പുന:ചംക്രമണ സമയത്തും പ്ലാസ്റ്റിക് കത്തിക്കുമ്പോഴും പ്ലാസ്റ്റിക് വ്യവസായത്തിൽ  ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോഴുമൊക്കെ ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ എത്തിച്ചേരുന്നുണ്ട്. എന്നാൽ പുതിയ കണ്ടെത്തലിന്റെ വെളിച്ചത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഉൽസർജിക്കപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളും അത് ആഗോളതാപനത്തിൽ വഹിക്കുന്ന പങ്കും സംബന്ധിച്ച വിവരങ്ങൾ ഇനിയങ്ങോട്ട് കണക്കിലെടുക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഹരിതഗൃഹ വാതകങ്ങൾ ഉൽസർജിക്കപ്പെടുന്നു എന്ന് തെളിഞ്ഞെങ്കിലും ഇതിന്റെ കൃത്യമായ അളവെത്ര, ആഗോളതാപനത്തിൽ പ്ലാസ്റ്റിക്കിൽ നിന്നു പുറത്തുവരുന്ന  ഹരിതഗൃഹ വാതകങ്ങളുടെ പങ്ക് എത്രമാത്രമാണ് എന്നതിന്റെയൊക്കെ വ്യക്തമായ ചിത്രം ഇനിയും ചുരുൾ നിവരാനിരിക്കുന്നതേയുള്ളൂ. അതുപോലെ ആഗോളതലത്തിൽ മീഥേൻ , എഥിലീൻ ചംക്രമണവും പ്ലാസ്റ്റിക്കുകളിൽ നിന്നുള്ള ഉൽസർജനം കൂടി ഉൾപ്പെടുത്തി പഠിക്കേണ്ടതുണ്ട്.

ചെറിയ അളവ് പ്ലാസ്റ്റിക്കിൽ നിന്നുള്ള ഹരിതഗൃഹ വാതകത്തിന്റെ തോത് ചെറുതാണെങ്കിലും പ്ലാസ്റ്റിക് ഉല്പാദനവും ഉപഭോഗവും കൂടുന്നതനുസരിച്ച് പരിസ്ഥിതിയിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കിന്റെ അളവും വൻ തോതിൽ കൂടിക്കൊണ്ടേയിരിക്കുന്നു .അപ്പോൾ അവയിൽ നിന്നുള്ള വാതക ഉൽസർജനവും നിർണ്ണായകമാവുമെന്ന് ഗവേഷകസംഘത്തിൽ ഉൾപ്പെട്ട ഡേവിഡ് കാൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ആകെ ഉല്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിനെക്കാൾ കൂടുതലാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഉല്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിന്റെ അളവ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ പ്ലാസ്റ്റിക്കിന്റെ ഉല്പാദനം 23 ലക്ഷം ടൺ ആയിരുന്നെങ്കിൽ ഇന്നത് 4480 ലക്ഷം ടൺ ആണ്. പ്ലാസ്റ്റിക് ഉല്പന്നങ്ങളിൽ നാല്പതു മുതൽ അമ്പത് ശതമാനം വരെ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നവയുമാണ്. പസിഫിക് സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് എന്നു വിളിക്കുന്ന ഭാഗത്തിന്റെ വിസ്തീർണ്ണം പതിനാറു ലക്ഷം ചതുരശ്ര കിലോമീറ്റർ വരും.

ആഗോളതാപനത്തിനു കാരണമാവുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് അന്തരീക്ഷത്തിൽ കഴിഞ്ഞ എട്ടു ലക്ഷം വർഷങ്ങളിലെ റെക്കോഡ് തോതിൽ എത്തിക്കഴിഞ്ഞു. മറ്റൊരു ഹരിതഗൃഹ വാതകമായ മീഥേനിന്റെ അളവും അന്തരീക്ഷത്തിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതാപനത്തിന്റെ ഫലമായ  കാലാവസ്ഥാവ്യതിയാനങ്ങളും സമുദ്രജലവിതാനം ഉയരലും കരയിലെയും സമുദ്രത്തിലെയും ആവാസവ്യവസ്ഥകളുടെ നാശവും  ഒക്കെ വരാനിരിക്കുന്ന വല്ലാത്ത കാലത്തിലേക്കാണ് വിരൽചൂണ്ടുന്നത്.  കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ലോകമെങ്ങും വരൾച്ചയുടെയും പ്രളയത്തിന്റെയും കൊടുങ്കാറ്റുകളുടെയും  ജൈവ വൈവിധ്യ നാശത്തിന്റെയുമൊക്കെ തീവ്രത കൂട്ടിക്കൊണ്ടേയിരിക്കുന്നു.

ഓരോ വർഷവും ചൂടിന്റെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ച് കടന്നുപോവുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ സ്രോതസ്സുകൾ  സംബന്ധിച്ച് ഇനിയും വിശദമായ പഠനങ്ങൾ അത്യാവശ്യമാണ്. കരയിലും കടലിലും വൻ തോതിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പുറത്തുവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് കൃത്യമായി കണക്കാക്കുക എന്നതാണ് ഗവേഷകസംഘത്തിന്റെ അടുത്ത ലക്ഷ്യം. അതോടെ താപവർധനവിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭ്യമാവും.


പ്രധാന വാർത്തകൾ
 Top