30 May Saturday

സോളാർ ഓർബിറ്റർ യാത്ര തുടങ്ങുന്നു

ദിലീപ്‌ മലയാലപ്പുഴUpdated: Thursday Feb 6, 2020


നാസയുടെയും യൂറോപ്യൻ സ്‌പെയ്‌സ്‌ ഏജൻസിയുടെയും സംയുക്ത ദൗത്യമായ സോളാർ ഓർബിറ്റർ യാത്ര തുടങ്ങുകയാണ്‌. ഏഴു വർഷം തുടർച്ചയായി സൂര്യനെപ്പറ്റി പഠിക്കാനും വിവരങ്ങൾ ശേഖരിക്കാനുമായാണ്‌ യാത്ര. ഫ്‌ളോറിഡയിലെ കേപ്‌ കനവലിൽ  തിങ്കളാഴ്‌ചയാണ്‌ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്‌. സൗരയൂഥത്തിന്റെ കാലാവസ്ഥയിലടക്കം സൂര്യന്റെ  ‘ഇടപെടീ’ലിനെ സോളാർ ഓർബിറ്റർ സൂക്ഷ്‌മമായി നിരീക്ഷിക്കും. സൂര്യന്റെ ആന്തരികപ്രവർത്തനങ്ങൾ, കാന്തികപ്രഭാവം, വിവിധ സൗരപ്രതിഭാസങ്ങൾ തുടങ്ങിയവയുടെ രഹസ്യങ്ങളിലേക്ക്‌ പേടകം മിഴിതുറക്കും. സൂര്യന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങളുടെ വ്യക്തമായ ആദ്യചിത്രങ്ങൾ ലഭ്യമാക്കും. ദീർഘ വൃത്താകൃതിയിലുള്ള പഥത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‌ ഒരുതവണ സൂര്യനെ ചുറ്റുന്നതിന്‌ 168 ദിവസം വേണ്ടിവരും.

സൂര്യന്‌ 26 ദശലക്ഷം കിലോമീറ്റർ അടുത്തുവരെ എത്തി ചിത്രങ്ങൾ എടുക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും കഴിയത്തക്ക രീതിയിലാണ്‌ പേടകത്തിന്റെ രൂപകൽപ്പന. തീവ്രമായ ചൂടും അതി ശൈത്യവും നേരിടുന്നതിനുള്ള പ്രത്യേക കവചവുമുണ്ട്‌. അൾട്രാവയലറ്റ്‌ രശ്‌മികളുടെ ആക്രമണങ്ങളിൽനിന്ന്‌ പേടകത്തിനുള്ളിലെ പരീക്ഷണ ഉപകരണങ്ങൾ പൂർണ സുരക്ഷിതമായിരിക്കും. ഉയർന്ന റെസല്യൂഷനിലുള്ള ദൂരദർശിനികളും ക്യാമറകളും സോളാർ ഓർബിറ്ററിൽ സജ്ജമാക്കിയിട്ടുണ്ട്‌. സോളാർ വിന്റ്‌ അനലൈസർ സ്യൂട്ട്‌, റേഡിയോ ആൻഡ്‌ പ്ലാസ്‌മ വേവ്‌സ്‌ സ്യൂട്ട്‌ എന്നിവയടക്കം പത്ത്‌ പരീക്ഷണ ഉപകരണമാണുള്ളത്.


പ്രധാന വാർത്തകൾ
 Top