28 February Friday

തോക്കിൻ മുനയിലെ പൊൻ താരകം

എ എൻ രവീന്ദ്രദാസ്Updated: Thursday Sep 5, 2019

ഇളവേനിൽ എന്ന വാക്കിന്‌ തമിഴിൽ വസന്തകാലമെന്നാണ്‌ അർഥം. ഷൂട്ടിങ്ങിൽ ഇന്ത്യൻ വസന്തത്തിന്റെ പൊൻപുലരിയായി ഉദിച്ചുയർന്ന ഇളവേനിൽ വാളറിവൻ എന്ന ഇരുപതുകാരി രാജ്യാന്തരതലത്തിൽ മെഡലുകളിലേക്ക്‌ കാഞ്ചി വലിക്കുകയാണ്‌. ഒടുവിൽ ഇതാ, ഐഎസ്‌എസ്‌എഫ്‌ ലോകകപ്പിൽ റിയോഡിജനിറോയിലെ ഒളിമ്പിക്‌ ഷൂട്ടിങ്‌ റേഞ്ചിൽ 10 മീറ്റർ എയർറൈഫിളിൽ സുവർണമുദ്രയോടെ ഇളവേനിൽ സീനിയർതലത്തിൽ തന്റെ അരങ്ങേറ്റം അവിസ്‌മരണീയമാക്കി.
ഇക്കഴിഞ്ഞ ജൂലൈയിൽ 20–-ാം വയസ്സിലേക്ക്‌ പ്രവേശിച്ച ഇളവേനിൽ സഹതാരം അഞ്‌ജും മൊഡ്‌ഗിലിനെയും ലോകകപ്പ്‌ ജേത്രിയായ ചൈനീസ്‌ തായ്‌പേയ്‌യുടെ യിങ്‌ഷിൻ ലിങിനെയും മറികടന്നാണ്‌ റിയോയിൽ രാജ്യത്തിന്‌ പുളകത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചത്‌. ഇതോടെ ലോകകപ്പ്‌ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയെന്ന ബഹുമതി ഈ തമിഴ്‌നാട്ടുകാരിക്കൊപ്പമായി. അഞ്‌ജലി ഭാഗവതും അപൂർവി ചന്ദേലയുമാണ്‌ ഈ നേട്ടത്തിൽ ഇളവേനിലിന്റെ മുൻഗാമികൾ.

ഇന്ത്യൻ ഷൂട്ടിങ്ങിൽ പുതിയ താരോദയമായി വിലയിരുത്തപ്പെടുന്ന ഇളവേനിലിന്‌ ജൂനിയർ വിഭാഗത്തിൽ (അണ്ടർ 21) ഒരു വർഷം കൂടി പങ്കെടുക്കാമെങ്കിലും നടപ്പുവർഷം ഇനി ജൂനിയറിൽ മത്സരങ്ങളില്ല. റിയോയിൽ എട്ട്‌ പേർ അണിനിരന്ന ഫൈനലിലെ 24 ഷോട്ടുകളുടെ പോരാട്ടത്തിലുടനീളം സ്ഥിരതയും കൃത്യതയും പുലർത്തിയ ഇളവേനിലിന്റെ കുറഞ്ഞ സ്‌കോർ 9.6 ആണ്‌. എന്നാൽ മറ്റെല്ലാ ഷോട്ടിലും 10.2നും 10.8നും ഇടയിൽ സ്‌കോർ ചെയ്യാനായി. 251.7 പോയിന്റോടെ സീനിയറിൽ അരങ്ങേറ്റത്തിൽതന്നെ സ്വർണവേട്ട നടത്തിയ ഇന്ത്യൻ താരത്തിനു പിന്നിൽ ബ്രിട്ടന്റെ സിയോനൈഡ്‌ മക്ലന്റോഷും (250.6), യിങ്‌ഷീൻലിങ്ങും (229.9) അടുത്ത രണ്ട്‌ സ്ഥാനങ്ങൾ നേടി.

 

മൂന്ന്‌ വർഷം മുമ്പ്‌ ഒളിമ്പിക്‌ മെഡലുകൾ തീരുമാനിക്കപ്പെട്ട റിയോയിലെ റേഞ്ചിൽ മത്സരിക്കാനിറങ്ങിയപ്പോൾ പരിഭ്രാന്തിയുണ്ടായെങ്കിലും ആത്മവിശ്വാസം കൈവിടാതെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെന്ന്‌ ഇളവേനിൽ പറയുന്നു. താൻ പരിശീലിക്കുന്ന ഗഗൻനരങ്‌ ഷൂട്ടിങ്ങ്‌ അക്കാദമിക്ക്‌ രാഷ്‌ട്രീയ ഖേൽ പ്രോത്സാഹന പുരസ്‌കാരം ലഭിച്ച ദിവസംതന്നെ ഈ നേട്ടം കൈവരിക്കാനായതിന്റെ സന്തോഷവും താരം പങ്കിടുന്നു. 2018ലും ഈ വർഷവും ജൂനിയർ ലോകകപ്പിൽ സ്വർണം നേടിയ ഇളവേനിലെ ഷൂട്ടിങ്ങ്‌ മികവുകൾ രാകിമിനുക്കി സീനിയർ തലത്തിലെ മെഡലിലേക്കെത്തിക്കുന്നതിൽ ഗഗൻനാരങ്‌ അക്കാദമിയിലെ പരിശീലനം വഴിത്തിരിവായെന്നുതന്നെ പറയാം.

ജൂനിയർ ലോകകപ്പിൽ മൂന്ന്‌ സ്വർണമെഡലുകൾ, ഏഷ്യൻ ഗൺ ചാമ്പ്യൻഷിപ്പിൽ സ്വർണം, ലോകചാമ്പ്യൻഷിപ്പിൽ ജൂനിയർ  വിഭാഗത്തിൽ വെള്ളി, ഇപ്പോഴിതാ സീനിയർ ലോകകപ്പിലും തങ്കത്തിളക്കം. അതേ, തമിഴ്‌നാട്ടിലെ കടലൂരിൽ ജനിച്ച ഈ പെൺകുട്ടി ഇന്ത്യൻ ഷൂട്ടിങ്ങിലെ പൊൻതാരകം തന്നെയാണ്‌. ജൂലൈയിൽ ഇറ്റലിയിലെ നാപ്പളിയിൽ നടന്ന യൂണിവേഴ്‌സ്യാഡിൽ എയർറൈഫിളിൽ വ്യക്തിഗത വെള്ളിമെഡലിലും ടീം വിഭാഗത്തിൽ വെങ്കലത്തിലുമെത്തിയ ഇളവേനിൽ തൊട്ടുപിന്നാലെ ജർമനിയിലെ  സുഹലിൽ അരങ്ങേറിയ ജൂനിയർ ലോകകപ്പിൽ വ്യക്തിഗത, ടീം ഇനങ്ങളിലായി ഇരട്ടസ്വർണത്തിലേക്കാണ്‌ നിറയൊഴിച്ചത്‌. അതാകട്ടെ ഈ താരത്തിന്റെ അവസാന ലോകകപ്പുമായി.

ഇളവേനിൽ തോക്ക്‌ കൈയിലെടുത്തതു മുതൽ പരിശീലക നേഹ ചൗഹാനും ട്രെയിനർ കൃതിക പാണ്ഡെയും ഒപ്പമുണ്ട്‌. ഇവർ നൽകുന്ന പരിശീലനവും  പ്രോത്സാഹനവുമാണ്‌ തന്നിലെ ഷൂട്ടറെ രാജ്യാന്തര തലത്തിലേക്കെത്തിച്ചതെന്ന്‌ ഇപ്പോൾ അഹമ്മദാബാദ്‌ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഭവാൻസ്‌ കോളേജിൽ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദ വിദ്യാർഥിനിയായ ഇളവേനിൽ പറയുന്നു.

റിയോയിൽ സ്വർണം നേടിയെങ്കിലും ടോക്കിയോ ഒളിമ്പിക്‌സിനുള്ള ക്വാട്ട സ്ഥാനം ഇളവേനിലിന്‌ ലഭിക്കില്ല. ഇന്ത്യയുടെ രണ്ട്‌ ക്വാട്ട സ്ഥാനങ്ങൾ അഞ്‌ജും മൊഡ്‌ഗലും അപൂർവി ചന്ദേലയും പങ്കിട്ടുകഴിഞ്ഞു. എന്നാൽ ഒളിമ്പിക്‌ യോഗ്യതക്കായി ഇളവേനിലിന്‌ ഇനിയും അവസരമുണ്ട്‌. ലോകചാമ്പ്യനാകാനും മെഡലുകൾ വാരിക്കൂട്ടാനുമുള്ള കഴിവും കരുത്തും അർപ്പണവുമുള്ള താരമാണ്‌ ഇളവേനിൽ എന്ന ഗഗൻനാരങ്ങിന്റെ വാക്കുകൾ യാഥാർഥ്യമാകട്ടെ...


പ്രധാന വാർത്തകൾ
 Top