17 October Thursday

സദ്യ വിഭവസമൃദ്ധമാക്കാം

മലപ്പട്ടം പ്രഭാകരൻUpdated: Thursday Jul 4, 2019

‘ഓണത്തിന്‌ ഒരുമുറം പച്ചക്കറി’ എന്ന പദ്ധതി വൻ പ്രാധാന്യത്തോടെ നടപ്പാക്കുകയാണ്‌ സംസ്ഥാന ഗവൺമെന്റ്‌. ഓരോ കുടുംബവും  അവനവനാവശ്യമായ പച്ചക്കറി സ്വന്തമായി ഉൽപ്പാദിപ്പിക്കുകയും വിഷരഹിത പച്ചക്കറി ഉപയോഗം പോഷക ലഭ്യതക്കും രോഗപ്രതിരോധശേഷിക്കും പ്രയോജനപ്പെടുത്തുക എന്നതും ഇതിന്റെ പ്രധാനലക്ഷ്യമാണ്‌.

ഓണക്കാല പച്ചക്കറികൃഷിക്ക്‌   ഒരുങ്ങേണ്ടസമയമായി. നല്ല മുൻ ഒരുക്കങ്ങളും ശാസ്‌ത്രീയമായ സമീപനവും ചിട്ടയായി നടത്തണം. ഇതിന്‌ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ചുരുക്കി പറയുന്നു.

മണ്ണൊരുക്കൽ
‘മണ്ണ്‌ നന്നായാൽ തന്നെ വിള നന്നായി’ എന്ന വാക്ക്‌ ശ്രദ്ധിക്കുക. മഴക്കാലമായതിനാൽ നീർവാർച്ചാ സൗകര്യം അത്യാവശ്യമാണ്‌.  വളക്കൂറുള്ള മണ്ണാവണം. അൽപം കുറഞ്ഞ ഇടമാണെങ്കിൽ ജൈവവളം ചേർത്ത്‌ വളക്കൂറുണ്ടാക്കണം. സൂര്യപ്രകാശം  കിട്ടുന്ന ഇടമാവണം. നിലംകിളച്ച്‌ കട്ടയുടച്ച്‌ പരുവമാക്കുക. ഈ സമയം സെന്റിന്‌ 1 കി.ഗ്രാം കുമ്മായം ചേർ്ക്കണം.

നടീലിനായി  രണ്ടാമത്‌ നിലമൊരുക്കുമ്പോൾ സെന്റിന്‌ 8 കുട്ട ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്‌റ്റോ ചേർക്കാം.
ടെറസ്സിലും  വീട്ടുമുറ്റത്തും സൗകര്യമുള്ളവർക്ക്‌ ചെടിച്ചട്ടിയിലൊ ഗ്രോബാഗിലൊ പോട്ടിങ്‌ മിശ്രിതം (ജൈവവളം, മേൽമണ്ണ്‌, അൽപം മണൽ) നിറച്ച്‌ തയ്യാറാക്കാം.  വെള്ളം വാർന്നുപോകാൻ ദ്വാരം ഇടണം.   സാധാരണ മണ്ണിൽ കൃഷി ഇറക്കുമ്പോൾ തറ എടുത്ത്‌ വേണം നടാൻ. ഉയരം 15 ‐20  സെ. മീറ്റർ. വീതി ആവശ്യാനുസരണം.

അകലം
അടുത്തടുത്ത്‌  നട്ട്‌ പ്രശ്‌നം ഉണ്ടാക്കരുത്‌. നിശ്‌ചിത അകലം നൽകിയാലെ വളം, സൂര്യപ്രകാശം എന്നിവ യഥേഷ്‌ടം സ്വീകരിച്ച്‌ വളരുകയും  ഉൽപ്പാദനം കൂടുതൽ ഉണ്ടാവുകയും ചെയ്യൂ.
 

വിത്തും തൈകളും
അത്യുൽപാദന ശേഷിയുള്ള ഇനങ്ങൾ നടാം. മികച്ച നാടൻ ഇനങ്ങളെ പ്രോത്സാഹിപ്പിക്കണം. വിത്ത്‌ ഒരു ലിറ്റർ  വെള്ളത്തിൽ 20 ഗ്രാം സ്യുഡൊമോണസ്‌ എന്ന ജൈവകുമിൾനാശിനിയിൽ 15 മിനിട്ട്‌ മുക്കി  തണലിൽ ആറ്റിയ ശേഷം  നടണം.  മുളപ്പിച്ച തൈകൾ ഇന്ന്‌ കിട്ടാനുണ്ട്‌.  ‘പ്രോ ട്രെയിൽ കിട്ടുന്ന  വിശ്വസ്‌ത തൈകൾ   നടാം.  പ്രത്യേകിച്ചും  കുറ്റിച്ചെടിയായ വെണ്ട, വഴുതന, മുളക്‌, തക്കാളി തുടങ്ങിയവ.
 

പ്ലാൻ വേണം
കുറ്റിച്ചെടിയായ ഇനം ഒരിടത്ത്‌ , പന്തൽ ഇനം മറ്റൊരിടത്ത്‌, നിലത്തുപടരുന്നവ വേറെ.. ഇങ്ങനെ ക്രമീകരിച്ച്‌ നടണം. കൂടിക്കുഴയരുത്‌. വേലിയായി, കോവൽ പടർത്താം. വേലികന്പായി ഇലക്കറിച്ചെടി മധുരച്ചീര, മുരിങ്ങ എന്നിവ നടാം.
 

ജൈവവളം
രാസവളം പരമാവധി ഒഴിവാക്കുക. അറ്റകൈക്കുമാത്രം നിശ്‌ചിത അളവിൽ  ചെയ്യുക.

ജൈവവളം എന്തൊക്കെ
ചാണകപ്പൊടി, കമ്പോസ്‌റ്റ്‌വളം, കോഴിവളം, ആട്ടിൻകാട്ടം, കടല, വേപ്പ്‌ പിണ്ണാക്കുകൾ, പച്ച ചാണകം, ഗോമൂത്രലായനി, ബയോഗ്യാസ്‌സ്ലറി തുടങ്ങിയവ ഉപയോഗിക്കാം.
സ്വയം നിർമ്മിക്കാവുന്ന‐ ചാണകവും പിണ്ണാക്കും േചർത്ത്‌ പുളിപ്പിച്ച ലായനി ‘പഞ്ചഗവ്യം,  ഫിഷ്‌ അമിനൊആസിഡ്‌ ലായനി,  തുടങ്ങിയവ സ്വയം ഉണ്ടാക്കി  ഇടയ്‌ക്ക്‌ ചുവട്ടിൽ ചേർക്കാം.

ജീവാണുവളങ്ങൾ
പച്ചക്കറിയിൽ മൂലക സാന്നിദ്ധ്യത്തിനും രോഗ‐കീട പ്രതിരോധത്തിനും ജീവാണുവളപ്രയോഗം കൊണ്ട്‌  വലിയ നേട്ടമുണ്ട്‌. ട്രൈക്കൊഡർമ, റൈസോബിയം കൾച്ചർ, വാം(VAM) , ഫോസ്‌ഫറസ്‌,  ബാക്‌ടീരിയ കൾച്ചർ, പൊട്ടാഷ്‌ ബാക്ടീരിയകൾച്ചർ എന്നിവയൊക്കെ ഇന്ന്‌ പ്രചാരത്തിലുണ്ട്‌. (നിർദ്ദിഷ്‌ട രീതി പാക്കറ്റുകളിൽ വായിച്ചറിയാം)
 

രോഗകീട പ്രതിരോധം
രാസകീടനാശിനിയോ കുമിൾ നാശനിയോ വേണ്ട. നമുക്ക്‌ മറ്റ്‌ വിധത്തിൽ പ്രതിരോധിക്കാം.  രോഗം തടയാൻ ട്രൈക്കൊഡർമ വളത്തിൽ  ചേർത്തും  20 ഗ്രാം / 1 ലിറ്റർ വെള്ളത്തിൽ ലായനിയാക്കിയും ചുവട്ടിലും ഇല‐ തണ്ട്‌ ഭാഗങ്ങളിലും ഒഴിച്ച്‌ കൊടുക്കാം.

സ്യുഡൊമോണസ്‌ എന്ന മിത്രബാക്ടീരിയ 20 മി.ലി. 1 ലിറ്റർ വെള്ളത്തിൽ കലർത്തി ഒഴിച്ചും തളിച്ചും കൊടുക്കാം.  ഗോമൂത്രം  10 ഇരട്ടി വെള്ളം ചേർത്ത്‌ ചീരയിൽ ഉൾപ്പെടെ തളിക്കാം.  കുമിൾ രോഗം തടയാൻ‐ ബീവേറിയ ബാസിയാന മെറ്റാറൈസം, വർട്ടിസിലിയം തുടങ്ങിയ പ്രതിരോധ വസ്‌തുക്കൾ ഉപയോഗിക്കാം.

കീടങ്ങളെ തടയാൻ
തുളസി കെണി, മഞ്ഞകാർഡ്‌ കെണി, വേപ്പെണ്ണ ലായനി, മണ്ണെണ്ണ ലായനി, പുകയില കഷായം, വേപ്പധിഷ്‌ഠിത കീടനാശിനികൾ(ഉദാ: നീമ, നിബിഡിസിൻ, നീം ഗോൾഡ്‌) തുടങ്ങിയവ തളിക്കാം.

ഈ രീതിയിൽ ചിട്ടയായ പരിചരണവും ശ്രദ്ധയും ഉെണ്ടങ്കിൽ ഓണത്തിന്‌ സദ്യക്കാവശ്യമായ പച്ചക്കറികൾ നിങ്ങൾക്ക്‌ വീട്ടിൽതന്നെ ഉണ്ടാക്കാം.
 

 

 


പ്രധാന വാർത്തകൾ
 Top