22 January Tuesday

മഞ്ഞളിന് ആകര്‍ഷകമായ നിറം ലഭിക്കാന്‍

എം കെ പി മാവിലായിUpdated: Thursday Jan 4, 2018


മഞ്ഞള്‍ കഴിഞ്ഞ വേനലിലാദ്യം കൃഷിചെയ്തിട്ടുണ്ടെങ്കില്‍ വിളവെടുപ്പിനടുത്തിരിക്കും. കമ്പോളത്തില്‍ നല്ല വില ലഭിക്കാന്‍ മഞ്ഞള്‍ മനോഹരമായിത്തന്നെ സംസ്കരിച്ചെടുക്കണം. വിപണിയില്‍ കിട്ടുന്ന രീതിയില്‍ മഞ്ഞള്‍ പാകപ്പെടുത്തിയെടുക്കേണ്ട വിധം പലരും ഈ പംക്തിയില്‍ എഴുതിചോദിച്ചിട്ടുണ്ട്. മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുമ്പോള്‍ മൂപ്പെത്തിയെന്ന് അനുമാനിക്കാം. മഞ്ഞളിന്റെ സംസ്കരണത്തില്‍ വൃത്തിയാക്കല്‍, പുഴുങ്ങല്‍, പോളിഷിങ്, നിറംകൊടുക്കല്‍ എന്നിവയാണ് പ്രധാന പണികള്‍.

മഞ്ഞള്‍ വിളവെടുത്ത് പിള്ളകള്‍ വേര്‍തിരിച്ച് വൃത്തിയായി കഴുകി പ്രത്യേകം പുഴുങ്ങണം. വെള്ളം വാര്‍ന്നുപോകത്തക്കവിധം സുഷിരങ്ങളുള്ള പാത്രത്തില്‍ കഴുകിവൃത്തിയാക്കിയ മഞ്ഞളെടുത്ത് വലിയ പാത്രത്തില്‍ ഇറക്കിവയ്ക്കണം. ഈ പാത്രങ്ങള്‍ രണ്ടും ജിഐ അഥവാ എംഎസ് ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയവയാകണം.
മഞ്ഞള്‍ മൂടത്തക്കവിധത്തില്‍ വെള്ളമൊഴിച്ച് തിളപ്പിക്കണം. 100 ലിറ്റര്‍ വെള്ളത്തിന് 100 ഗ്രാം തോതില്‍ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നത് മഞ്ഞളിന് ആകര്‍ഷകമായ നിറം ലഭിക്കുന്നതിന് സഹായിക്കും.

മഞ്ഞള്‍ പാകത്തിന് വേവുമ്പോള്‍, ഈര്‍ക്കില്‍കൊണ്ട് കുത്തിയാല്‍ നിഷ്പ്രയാസം കഷണങ്ങളില്‍ക്കൂടി കടന്നുപോകും. വെന്തു കഴിഞ്ഞാല്‍ വൃത്തിയുള്ള തറയിലോ ഷീറ്റിലോ പായയിലോ കട്ടികുറച്ച് നിരത്തി ഉണക്കിയെടുക്കണം.

മഞ്ഞള്‍ വിളവെടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ പുഴുങ്ങി ഉണക്കണം. താമസിച്ച് പുഴുങ്ങുന്നതും കൂടുതല്‍ വേവുന്നതും മഞ്ഞളിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും. മഞ്ഞളിന്റെ പുറം കൂടുതല്‍ മിനുസമാക്കുന്നതിനും കൂടുതല്‍ നിറം ലഭിക്കുന്നതിനുമാണ് പോളിഷിങ് നടത്തുന്നത്. ഉണങ്ങിയ മഞ്ഞള്‍ കറങ്ങുന്ന വീപ്പകളിലിട്ടും കടുപ്പമുള്ള വസ്തുക്കളുമായി ഉരസിയും പോളിഷ്ചെയ്യാം. പോളിഷിങ്ങിനിടയില്‍ കൂടുതല്‍ ആകര്‍ഷണം ലഭിക്കുന്നതിനായി മഞ്ഞളിന് നിറം ചേര്‍ക്കാം. മഞ്ഞള്‍പ്പൊടി കുഴമ്പുപരുവത്തിലാക്കി മഞ്ഞളുമായി യോജിപ്പിച്ചെടുത്താല്‍ മതി. അപ്പോള്‍ അതീവ  ആകര്‍ഷകമായ മഞ്ഞള്‍ ലഭിക്കും. ഇതിന് മാര്‍ക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വിലയും ലഭിക്കും.

മഞ്ഞളിന്റെ മഹത്വം മനസ്സിലാക്കിയതുകൊണ്ടാവാം മിക്ക കറികളിലും ഒഴിച്ചുകൂടാനാവാത്ത കൂട്ടായി മാറി ഇന്ന് മഞ്ഞള്‍പ്പൊടി. ഒളിമങ്ങാത്ത മഞ്ഞയുടെ ചാരുത എന്നും സ്ത്രീസൌന്ദര്യത്തിന്റെ മാറ്റുകൂട്ടാന്‍ ഉപകരിച്ചിരുന്നു. വടക്കന്‍പാട്ടില്‍ മാതുക്കുട്ടിയുടെ സൌന്ദര്യം മുറിച്ച വയനാടന്‍ മഞ്ഞളിനോട് ഉപമിച്ച കവിഭാവന ഇന്നും പ്രസക്തമാണ്. മണ്ണിനടിയിലെ പൊന്നെന്ന് വിശേഷിപ്പിക്കുന്ന മഞ്ഞള്‍ അനാദികാലംമുതലേ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ നമ്മുടെ ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. സൌന്ദര്യവര്‍ധനവിനായാലും കറികളിലായാലും മരുന്നിനായാലും മഞ്ഞളിന്റെ ഉപയോഗം മറ്റേതൊരു വ്യഞ്ജനത്തെക്കാളുമേറെ വര്‍ധിച്ചുവരികയാണ്. മഞ്ഞളിന്റെ മലയാളപ്പെരുമ എടുത്തുകാട്ടുന്നതാണ് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ആലപ്പി മഞ്ഞളും വയനാടന്‍ മഞ്ഞളും.

(ലേഖകന്‍ വയനാട് എം എസ് സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ അഗ്രി. കണ്‍സള്‍ട്ടന്റാണ്)

പ്രധാന വാർത്തകൾ
 Top