31 October Saturday

സൗമ്യൻ, ഗ്രൂപ്പിന്‌ അതീതൻ

കെ ടി രാജീവ്‌Updated: Monday Sep 28, 2020


കോട്ടയം
കേരള കോൺഗ്രസിലെ സൗമ്യനും ലളിത ജീവിതത്തിനുടമയുമായ സി എഫ്‌ തോമസ്‌ ചങ്ങനാശേരി സ്വന്തം തട്ടകമാക്കിയത്‌ നാല്‌ പതിറ്റാണ്ട്‌. 1980ൽ എൽഡിഎഫ്‌ പാനലിൽനിന്നും മത്സരിച്ച്‌ ആദ്യവിജയം. പിന്നീട്‌ എട്ടുതവണ യുഡിഎഫിന്റെ ഭാഗമായിനിന്ന്‌ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. പിളർപ്പുകളുടെ ചരിത്രം സ്വന്തമായ കേരള കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാത്ത നേതാവായിരുന്നു സിഎഫ്‌. ‌ 

മന്ത്രിസ്ഥാനവും വിവിധ ഭാരവാഹിത്വവും വഹിക്കുമ്പോഴും കെ എം മാണിയുടെ വിശ്വസ്‌തൻ. എന്ത്‌ തീരുമാനം എടുക്കുമ്പോഴും സിഎഫിന്റെ  അഭിപ്രായങ്ങൾക്ക് മാണി വിലകൽപ്പിച്ചിരുന്നു. കേരള കോൺഗ്രസ്‌ സ്ഥാപക നേതാക്കളിലൊരാൾ. മാണിയുടെ മരണശേഷം പി ജെ ജോസഫുമായടുത്തു. സ്വന്തമായി അധികാരകേന്ദ്രം സ്ഥാപിക്കാൻ മെനക്കെട്ടില്ല. വലിയ വിവാദങ്ങൾക്കൊന്നും ഇടവരുത്താതെ  മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസിന്റെ പ്രധാന വക്താവായി പ്രവർത്തിച്ചു. പരസ്യ പ്രസ്‌താവനകൾ നടത്തി പാർടിയെ വിവാദങ്ങളിലേക്ക്‌ വലിച്ചിടാതെ അച്ചടക്കമുള്ള പൊതുപ്രവർത്തകനായി പലപ്പോഴും നിലകൊണ്ടു. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട വേദികളിൽ മാത്രം വെളിപ്പെടുത്താനും ശ്രദ്ധപുലർത്തി. 

അധ്യാപക ജീവിതത്തിൽനിന്ന്  കോൺഗ്രസിലൂടെയായിരുന്നു 1964ൽ കേരള കോൺഗ്രസിൽ എത്തിയത്‌. ജനങ്ങളുടെ പ്രശ്‌നങ്ങൾ വളരെ സൂക്ഷ്‌മമായി പഠിക്കാനും അത്‌ നിയമസഭയിൽ അവതരിപ്പിക്കാനും ജാഗ്രത പുലർത്തി.   നേതൃത്വയോഗങ്ങളും ചരൽക്കുന്ന് ക്യാമ്പും ഒന്നടങ്കം മുന്നണി മാറാൻ കെ എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും തൽക്കാലം എങ്ങും പോകാതെ സ്വതന്ത്രമായി നിൽക്കാൻ കെ എം മാണിയെ പ്രേരിപ്പിച്ചു. സാധാരണ യുഡിഎഫ്‌ ഭരണകാലത്ത്‌ അഴിമതി ആരോപണങ്ങളിൽ കുരുങ്ങുന്ന മന്ത്രിമാരിൽനിന്ന്‌ സി എഫ് വ്യത്യസ്തനായിരുന്നു. 

പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കാൻ ജോസ് പക്ഷം നീക്കം നടത്തിയപ്പോഴും സിഎഫിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ വിപ്പ്‌ പ്രശ്‌നത്തിൽ സിഎഫിനെ ഉൾപ്പെടുത്തിയില്ല. ദീർഘനാളത്തെ രാഷ്‌ട്രീയ പരിചയവും അനുഭവ സമ്പത്തുമുള്ള നേതാവിനെയാണ്‌ സിഎഫിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top