11 August Thursday

ഈ ഹൃദയങ്ങളും തുടിക്കുന്നു; ജോയുടെ വിജയത്തിന്‌

ജയൻ ഇടയ്‌ക്കാട്‌Updated: Friday May 27, 2022


കൊല്ലം
തൃക്കാക്കരയിൽ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വിജയത്തിനായി തുടിക്കുന്നുണ്ട്‌ ഇങ്ങ്‌ പുനലൂരിലും രണ്ട്‌ ഹൃദയങ്ങൾ. പുനലൂർ കച്ചേരിറോഡ്‌ എസ്‌വി നിവാസിലെ വയോധികദമ്പതികളായ രാമചന്ദ്രൻപിള്ളയും ശശികലാദേവിയും ആ വിജയഭേരിക്കായി കാത്തിരിക്കുകയാണ്‌.

ഡോ. ജോ ജോസഫിന്റെ നന്മ 17 വർഷം മുമ്പ്‌ അറിഞ്ഞവരാണ്‌ ഈ ദമ്പതികൾ. 2005 എപ്രിൽ 18ന്‌ പുനലൂരിലെ  വീട്ടുമുറ്റത്ത്‌ എത്തിച്ച ആംബുലൻസിൽനിന്ന്‌ മകൻ ഡോ. അരുൺകുമാറിന്റെ ചേതനയറ്റ ശരീരം പുറത്തേക്കെടുക്കുമ്പോൾ മുന്നിലുണ്ടായിരുന്നു ജോ. ഒഡിഷയിലെ കട്ടക്കിൽനിന്ന്‌ വിമാനത്തിൽ ചെന്നൈയിലും തിരുവനന്തപുരത്തും പിന്നീട്‌ ആംബുലൻസിലും മൃതശരീരവും വഹിച്ച്‌ മൂന്നു ദിവസം യാത്രചെയ്‌താണ്‌ ജോ എത്തിയത്‌.

കട്ടക്‌ ഗവ. മെഡിക്കൽ കോളേജിൽ എംഡി പഠനം പൂർത്തിയാകുന്നതിന്റെ അവസാനനാളുകളിലാണ്‌ അരുൺകുമാർ ഒഡിഷ സ്വദേശിയുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. രണ്ടു പൊലീസുകാർ ചേർന്ന്‌ പിടികൂടിയ പ്രതിയെ ബൈക്കിൽ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോകും വഴി രക്ഷപെടാൻ വെടിയുതിർക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങിയ  അരുണിന്റെ നെഞ്ചിൽ വെടിയേറ്റു. കോളേജിന്‌ നൂറുമീറ്റർ അകലെയാണ്‌ സംഭവം.

ഡോ. ജോ ജോസഫ്‌, ഡോ. ജോബി, ഡോ. അരുൺകുമാർ എന്നിവർ കട്ടക്കിലെ താമസസ്ഥലത്ത്‌ (ഫയൽ ചിത്രം)

ഡോ. ജോ ജോസഫ്‌, ഡോ. ജോബി, ഡോ. അരുൺകുമാർ എന്നിവർ കട്ടക്കിലെ താമസസ്ഥലത്ത്‌ (ഫയൽ ചിത്രം)


 

ഉറ്റസുഹൃത്തുക്കളായ ഡോ. അരുൺകുമാർ, ഡോ. ജോ ജോസഫ്‌, ഡോ. ജോബി എന്നിവർ  കോളേജിനടുത്ത്‌ ഒരു മുറിലായിരുന്നു താമസം. ചങ്ങാതിയുടെ മരണം കൂട്ടുകാരുടെ ചങ്ക്‌ തകർത്തു. അന്നവിടെ മൊബൈൽ മോർച്ചറിയില്ല. ഭുവനേശ്വറിൽനിന്നും കട്ടക്കിൽനിന്നും ബോക്‌സിൽ ഐസ്‌ എത്തിച്ച്‌ രാത്രി മുഴുവൻ മൃതദേഹം സൂക്ഷിച്ചു. വിമാനത്തിൽ ചെന്നൈയിൽ എത്തിച്ച മൃതദേഹം പിറ്റേന്നാണ്‌ തിരുവനന്തപുരത്ത്‌ എത്തിക്കാനായത്‌. അവിടുന്ന്‌ ആംബുലൻസിൽ പുനലൂരിലേക്ക്‌ കൊണ്ടുവന്നു.

ആശയവിനിമയത്തിന്‌ ലാൻഡ്‌ഫോൺ മാത്രമാണ്‌ അന്നുണ്ടായിരുന്നത്‌. വീട്ടിലേക്കുള്ള അരുണിന്റെ ഫോൺകോളുകളിൽ കൂട്ടുകാരുടെ വിശേഷങ്ങളും നിറഞ്ഞു. എന്തിനും ഒപ്പം നിൽക്കുന്ന ജോയുടെ സന്മനസ്സ്‌ അരുണിന്റെ അച്ഛനമ്മമാർ അന്നേ തിരിച്ചറിഞ്ഞിരുന്നു. ജോയെ പോലുള്ളവരെയാണ്‌ നാടിന്‌ ആവശ്യമെന്ന്‌ ഇരുവരും പറയുന്നു.

മകൻ മരിച്ച ആഘാതത്തിൽനിന്ന്‌ ഇനിയും മുക്തരായിട്ടില്ല ഈ ദമ്പതികൾ. അരുണിന്റെ ഓർമകളുമായാണ്‌ ഭാര്യ ഡോ. ആരതിയുടെയും ജീവിതം. ഡോ. ജോ ഇപ്പോഴും ഈ കുടുംബവുമായി നല്ല ബന്ധം സൂക്ഷിക്കുന്നു. ‘ആദ്യവിമാനയാത്ര എല്ലാവർക്കും സന്തോഷം  പകരുകയാണ്‌ പതിവ്‌.  എന്നാൽ, എനിക്കത്‌ എല്ലാക്കാലത്തും വേദനിക്കുന്ന ഓർമയാണ്‌.  മറക്കാനാകില്ലൊരിക്കലും’–-സംഭവത്തെക്കുറിച്ച്‌ ഡോ. ജോ ജോസഫ്‌ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top